വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി പ്രവാസി ദോഹ ഏർപ്പെടുത്തിയ 24-ാം പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് നൽകും. 50,000 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻനായർ പുരസ്കാരം സമ്മാനിക്കും.
പുരസ്കാരജേതാവിന്റെ നാട്ടിൽനിന്ന് പഠനത്തിൽ മികവുകാണിക്കുന്ന വിദ്യാർഥിക്ക് പ്രൊഫ. എം.എൻ. വിജയൻ സ്മാരക എൻഡോവ്‌മെന്റായ 15,000 രൂപയും വിതരണം ചെയ്യും. ഖത്തറിലെ പ്രവാസി മലയാളികളുടെ കലാസാംസ്കാരിക സംഘടനയാണ് പ്രവാസി ദോഹ. പത്രസമ്മേളനത്തിൽ പ്രവാസി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബാബു മേത്തർ, പി. ഷംസുദ്ദീൻ, കെ. അബ്ദുൾ റസാക്ക് എന്നിവർ പങ്കെടുത്തു.