പതിമൂന്ന് കടൽകാക്കകളുടെ ഉപമ: ഒരു വായനാനുഭവം

 

പി എഫ് മാത്യൂസിന്റെ പതിമൂന്ന് കടൽകാക്കകളുടെ ഉപമ എന്ന പുസ്തകത്തിന് സുലത അജയ് എന്ന വയനക്കാരിയുടെ കുറിപ്പ് വായിക്കാം:

ഈ പുസ്തകം വായിക്കാതിരുന്നെങ്കിൽ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചില കഥകൾ ഞാൻ വായിക്കാതെ പോകുമായിരുന്നു. പി എഫ് മാത്യൂസ് എഴുതിയ മനോഹരമായ കഥകളുടെ സമാഹാരമാണ് ‘പതിമൂന്ന് കടൽകാക്കകളുടെ ഉപമ’. ഉപയോഗിക്കുന്ന ഒരു വാക്ക് പോലും പതിരായി പോകുന്നില്ല എന്നത് അദ്ദേഹത്തിന്റെ കഥാഖ്യാനത്തെ എത്രത്തോളം ആകർഷകവും ഉദാത്തവും ആക്കുന്നു എന്ന് ഈ കഥകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാകും. ഭൂമിയിലെ വെളിച്ചമില്ലാത്ത ഇടങ്ങളിൽ ഏകാന്തതയുടെ നീറ്റലും നോവും അനുഭവിച്ച് മരണത്തിന്റെ കാഴ്ചക്കാരാകാൻ വിധിക്കപ്പെട്ട ചില മനുഷ്യജന്മങ്ങളുടെ ജീവിതമാണ് കഥാകാരൻ മിക്ക കഥകളിലും വരച്ചിടുന്നത്. ഏകാന്തതയും മരണവും ഇരുട്ടും ഏതാണ്ടെല്ലാ കഥകളിലും പശ്ചാത്തലമായി വരുന്നുണ്ട്. കഥാകൃത്ത് ഇന്നോളം എഴുതിയിട്ടുള്ള കഥകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 17 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
പുസ്തകത്തിന്റെ പേരിന് ആധാരമായ പതിമൂന്ന് കടൽകാക്കകളുടെ ഉപമ’ എന്ന കഥ മാജിക്കൽ റിയലിസത്തിന്റെ സാന്നിധ്യം കൊണ്ട് തന്നെ, മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള എക്കാലത്തെയും അതിമനോഹരമായ കഥകളിൽ ഒന്നായി മാറുന്നു.
സൗന്ദര്യത്തിന്റെ പെരുന്നാളു പോലെയുള്ള റബേക്കയുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളാണ് ഈ കഥയിൽ അദ്ദേഹം പകർത്തിവെക്കുന്നത്. റബേക്ക- കരിയും മെഴുക്കും പുരളാതെ കാറൽസ്മാൻ നാടകത്തിലെ അഞ്ജേലിക്കാ റാണിയെ പോലെ വാഴാൻ കൊതിച്ചവൾ. ഒന്നിനും കൊള്ളാത്ത മടിയനും നിർഗുണനുമായ മർസലീഞ്ഞ് എന്ന മുക്കുവന്റെ ഭാര്യയായി അയാളുടെ കാട്ടാളസന്തതികളുടെ അമ്മയായി മീനിന്റെ ഉളുമ്പുനാറ്റമുള്ള കടപ്പുറത്തെ കുടിലിൽ കഴിയേണ്ടി വരുന്നവൾ. വയറ് കടലിനേക്കാൾ ഉച്ചത്തിൽ ഇരമ്പിതുടങ്ങിയപ്പോഴാണ് എന്നും കടലിൽ പോയി വെറും കൈയോടെ തിരിച്ചുവരുന്ന മർസലീഞ്ഞിനെ പ്രാകികൊണ്ട് അവൾ ബ്രിട്ടീഷ് സായ്പ്പുമാരുടെ അടുക്കളയിൽ ബട്ലർ പണിക്കിറങ്ങിയത്. ചെന്നുപെട്ടതോ കപ്പിത്താൻ ബംഗ്ലാവിലെ നാഥനായ ആൻഡ്രു വാഡിംഗ്ടൺന്റെ മകനും ചെറുപ്പക്കാരനും കാമാതുരനുമായ ലെസ്ലി വാഡിംഗ്ടൺന്റെ മുന്നിലും. കൊച്ചിയിലെ ചൂട് താങ്ങാനാകാതെ ബ്രിട്ടനിലേക്ക് മടക്കത്തീയതി കുറിച്ചുനിന്ന ലെസ്ലി റബേക്കയുടെ കണ്ണുകളിൽ മാഞ്ചസ്റ്ററിലെ ഡിസംബർ മഞ്ഞ് പെയ്യുന്നത് കണ്ടു. പിന്നെ താമസമുണ്ടായില്ല. റബേക്ക ബട്ലർ സംഘത്തിന്റെ റാണിയായി അവരോധിക്കപ്പെട്ടു. സൗന്ദര്യം കൊണ്ട് നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന തിരിച്ചറിവിൽ കപ്പിത്താൻ ബംഗ്ലാവിലെ സുഖസൗകര്യങ്ങളിൽ അഭിരമിച്ച റബേക്ക ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുന്ന ഖദർധാരികളെ മനസ്സാ വെറുത്തു പോയി. ഇന്ത്യ വിടേണ്ടിവന്നാലും കപ്പിത്താൻ ബംഗ്ലാവിന്റെ ഒന്നാംപതിപ്പായ മാഞ്ചസ്റ്ററിലെ ബംഗ്ലാവിലും അവൾ കൂടെയുണ്ടാകുമെന്ന ലെസ്ലിയുടെ വാക്കിന്റെ ഉറപ്പിൽ മർസലീഞ്ഞിനെയും മക്കളെയും അവസാനമായി കാണാൻപോയ റബേക്കയ്ക്ക് കടൽച്ചൂരും ഉളുമ്പുമണവുമുള്ള കുടിലും തീൻമേശമര്യാദകളറിയാത്ത ‘നരഭോജി കാപ്പിരി’കളായ സ്വന്തം മക്കളും വെറുക്കപ്പെടേണ്ടവരായി മാറിക്കഴിഞ്ഞിരുന്നു. സായുവിന്റെ ബംഗ്ലാവിലെ ആധുനിക ചിട്ടവട്ടങ്ങളിൽ മുങ്ങിനിവർന്ന് അടിമുടി പരിഷ്ക്കരിക്കപ്പെട്ട റബേക്കയെ അംഗീകരിക്കാൻ അവർക്കും കഴിയുന്നില്ല. ‘തള്ളക്കിവിടെ പറ്റില്ലെങ്കിൽ സായൂന്റ കാലിന്റേടേലോട്ട് പൊയ്ക്കോട്ടാ’ എന്ന് തുറന്നടിക്കാനും ഒരുത്തൻ തയ്യാറായി. അപമാനത്താലും ദേഷ്യത്താലും പുകഞ്ഞ് വീട് വിട്ടിറങ്ങി ബംഗ്ലാവിലെത്തുന്ന റബേക്കയെ വരവേറ്റത് ആമത്താഴിട്ടു പൂട്ടിയ ബംഗ്ലാവിന്റെ കൂറ്റൻ ഗേറ്റാണ്. നിരാശയും സങ്കടവും അപമാനവും മൂലം തകർന്നുപോയ റബേക്കയുടെ അടിവയറ്റിൽ അപ്പോഴേക്കും കോളനിവാഴ്ചയുടെ തിരുശേഷിപ്പ് തിടംവെച്ചു തുടങ്ങിയിരുന്നു. മീൻനാറുന്ന മർസലീഞ്ഞിന്റെ നെഞ്ചിൽതന്നെ അഭയം തേടിയ അവൾ 5 മാസം കഴിഞ്ഞപ്പോൾ ചെമ്പൻമുടിയും വെള്ളത്തൊലിയും പൂച്ചകണ്ണുകളുമുള്ള ഒരാൺകുഞ്ഞിനെ പെറ്റു. ആൻഡ്രു ലെസ്ലി വാഡിംഗ്ടൺ. കൊളോണിയലിസത്തിന്റെ തേച്ചാലും കുളിച്ചാലും മായാത്ത ബാക്കിപത്രങ്ങൾ ശരീരത്തിൽ ചുമന്ന് പാണ്ടൻസായുവെന്ന പരിഹാസപ്പേരിൽ കടപ്പുറത്തെ കുട്ടികൾക്ക് പറുദീസാക്കഥകൾ ചൊല്ലികൊടുത്ത് അവൻ കാലംപോക്കി. പറുദീസാക്കഥകൾ അത്യന്തം വിരസമായി തോന്നിയപ്പോഴാണ് ആൻഡ്രു സ്വന്തം കഥ തന്നെ കുട്ടികളോട് പറഞ്ഞത്. ആൻഡ്രുവിന്റെ ആത്മകഥാകഥനം കേട്ട് കുട്ടികൾ കോട്ടുവായിടാൻ തുടങ്ങി. യുക്തിഭദ്രമായ സംഭവങ്ങളിൽ നിന്നും ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നും വിട്ടുനിൽക്കാത്ത കഥ എത്ര വിരസവും പാഴുമാണെന്ന് ആൻഡ്രു തിരിച്ചറിയുന്ന നിമിഷം മുതൽ മാജിക്കൽ റിയലിസം അതിന്റെ മാന്ത്രികപ്പീലി വിരിച്ചാടുന്ന മധുരമനോജ്ഞമായ കാഴ്ച കാണാം. തലേന്ന് പഠിച്ച മാന്ത്രികവിദ്യ പ്രയോഗിച്ച് പതിമൂന്ന് കുട്ടികളെയും അവൻ കടൽകാക്കകളായി മാറ്റുന്നു. കാക്കകൾ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങി അനേകം വൃത്തങ്ങൾ ചമയ്ക്കുകയും പുറങ്കടലിലേക്ക് പറക്കാൻ തുടങ്ങുകയും ചെയ്തു. സന്ധ്യയ്ക്ക് കുട്ടികളെ തിരക്കിയെത്തുന്ന കാരണവന്മാരോട് ആൻഡ്രു ചില ബൈബിൾ വചനങ്ങൾ ഉരുവിടുകയും കടലിനു മുകളിലുള്ള ആകാശത്തേക്ക് നോക്കുകയും ചെയ്തു. സായുവിനെ അനുകരിച്ച് അവരും ആകാശത്തേക്ക് നോക്കി. പതിമൂന്ന് കടൽകാക്കകൾ അവരുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി. അവരെ അനുകരിച്ച് അറിയാതെ ഞാനും ആകാശത്തേക്ക് നോക്കിപ്പോയത് എന്റെ കുറ്റമാണോ….?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English