പുഴയെന്നപേരിൽ പുളകംകൊണ്ടനാൾ
ഓർമ്മകളില്ലിന്നും അലകളടിക്കുന്നു.
അലകളിലാടിയുലയുവാൻ ഇലയോരാത്തോണികൾ
തോണിയിലേറിയക്കരെ പോകാനിന്നിലൊരാത്മാവും.
പുഴ തഴുകിയ തീരവും തുഴ തഴുകിയ ഓളവും
അലിഞ്ഞങ്ങുപോയ് ഓരോകാലത്തിലും.
ഇനിയും പുഴയെന്ന പേര് ചൊല്ലി വിളിക്കുമോ!
ഒഴുകാതെ ഉഴലുന്ന എന്നെ ഇനിയും പുഴയെന്ന പേര്
ചൊല്ലി വിളിക്കുമോ നിങ്ങളെന്നെ!
നേർവഴിയൊഴുകിയ നാഴിക മറന്നു ഞാൻ.
ഇന്നു ഞാനൊഴുകുന്നുചിലനേരങ്ങളിലിടത്തോട്ടും
ചിലനേരങ്ങളിലതു വലത്തോട്ടും ചിലപ്പോളത്-
ഗതിയറിയാതെങ്ങോട്ടോ!
ഇന്നു ഞാൻ ഒഴുകാനറിയാതുഴലുന്ന
അഴുക്കുചാലെന്നപോൽ
നിശബ്ദമായ് മരണത്തിലേക്കൊഴുകുന്നു.
ഒഴുകുവാനൊരുവഴി കേഴുന്നു ഞാനിന്ന്.
ഒരുനാൾ എന്നിലിറങ്ങി ശുദ്ധമായിരുന്ന നീ,
ഈനാൾ എന്നിലേക്കെറിയുന്നു അശുദ്ധിയുടെ ഭാണ്ഡങ്ങൾ.
ഭാണ്ഡത്തിൻ ഭാരംതാങ്ങിയെങ്കിലും ഒഴുകുവാനൊരു വഴി!
മൗനമായി ഒഴുകുന്നെനെ തടയുവാനാകാം .
മണ്ണോട് ചേർക്കാനാകാം, ഞാനൊരു കണിക മാത്രം.
കൈവഴികൾ ഒന്നായി ഒരിക്കൽ വന്നടുക്കും
പ്രവാഹത്തേ തടയുവാനാകില്ല,
കാലമേ നീ എന്നിൽ തീർത്ത
വിജയകൊടികൾക്കുംചില്ലു കൊട്ടാരങ്ങൾക്കും.