1
ഒഴിവിന്റെ മിഴിവിൽ
എന്തെടുക്കാൻ
എന്ത് കൊടുക്കാൻ.
2
ഒഴിവുകാലത്തു പോലും
ഒഴിവിനെക്കുറിച്ച്
ഓർക്കുന്നില്ല,
കാലം ഒഴിഞ്ഞു പോകുന്നുമില്ല.
3
ഊർജ്ജസ്വലവും
തിളങ്ങുന്നതുമായ
ഒരൊഴിവിനെ
നീ സ്വപ്നം കാണുന്നു
ഉണരുമ്പോൾ പക്ഷെ
ഉണർവ്വിനെ
ഒഴിവിൽ
കുഴിച്ചു മൂടുന്നതെന്തിന്
4
ആകാശം- നീലച്ചായത്തിൽ
മുക്കിയെടുത്ത
ഒരൊഴിവാണെങ്കിൽ
മണ്ണ്- പച്ചയിലും ചുവപ്പിലും
മുക്കിയ മറ്റൊരൊഴിവ്
ആര് സ്വീകരിച്ചില്ലെങ്കിലും
ഒഴിവ് ഉറ്റബന്ധുവെപ്പോലെ
നമ്മെ സ്വീകരിക്കും
5
ഒഴിവിനെ മായ്ക്കാൻ
മരണത്തിനു കഴിയുമൊ
ജനനത്തിന് ഒഴിവിനെ
നിറയ്ക്കാൻ കഴിയുമൊ
6
ഒഴിവിനെ ഒഴിവാക്കുക
അസാദ്ധ്യം
തെല്ലിട ഒഴിഞ്ഞു
മാറുമ്പോൾ പോലും
ഒരൊഴിയാബാധയായി
ഒഴിവ് കൂടെ കാണും
7
ഒഴിവ്
എന്തിന്റെ
നിറവിന്റെ
കിഴിവിന്റെ
ത്രസിപ്പിന്റെ
മിഴിവിന്റെ
പിഴവിന്റെ
മാരിവില്ലിന്റെ…
8
ഒഴിവിൽ നിന്ന്
ഒഴിവ് ഒഴിവിലേക്ക്
പകർന്നിടുമ്പോൾ
കുറയുന്നുമില്ല
കൂടുന്നുമില്ലൊഴിവെന്നതേ
പൂർണ്ണസത്യം
9
ഒഴിവിന്റെ തൃക്കണ്ണെരിയുന്നു
ഒഴിവിന്റെ ഗഹനാന്ധകാരത്തിൽ
ഒഴിവിന്റെയൊഴിവായിപ്പടരാം രമിക്കാം പണിതിടാമീ നരകത്തിൽ സ്വർഗ്ഗം!
Click this button or press Ctrl+G to toggle between Malayalam and English