ഒഴിഞ്ഞ കള്ളികൾ

 

 

 

 

 

 

ബോധനശാസ്ത്രത്തിന്റെ
അടരുകളിൽ
ഇനിയുമൊരു പാഠം
തിരയുകയാണ് ഞാനും.
നെഞ്ചോരം
അരിച്ചു നടക്കുന്നുണ്ട്
കുട്ടിച്ചിരിയുടെ കുഞ്ഞുറുമ്പുകൾ!

തല പെരുക്കുന്നു.
തൊടാനാകാതെ തലോടാനാകാതെ
ചിരി കാണാതെ കൂടെ ചിരിക്കാതെ
ചലനചിത്രങ്ങളായി
മാറിയവർക്ക്!
കുറുമ്പിന്റെ തലവേദനയില്ലാതെ
തല പെരുക്കുന്നു!

നാവിൻതുമ്പിലെ
ബഹുത്തര ചോദ്യങ്ങൾ
ഒറ്റപ്പെട്ട ഉത്തരങ്ങളിൽ
വരണ്ടുകിടക്കുന്നു.
കുഞ്ഞിചർച്ചകളും
സംവാദങ്ങളുമില്ലാതെ,
ഉൾപ്രേരണകൾ
ഉദ്ദീപിപ്പിക്കപ്പെടാതെ,
പ്രശ്നസന്ദർഭങ്ങൾ-
ക്കരങ്ങൊരുക്കാതെ
ചിന്തകളില്ലാതെ,
അസന്തുലിതമാകാതെ,
സംശയങ്ങളില്ലാതെ,
വിജ്ഞാനശകലങ്ങളെ
പെറ്റിടാതെ,
ചുരത്താനാകാതെ
വിങ്ങുന്ന
ചുവരുകളും ഇടനാഴികളും
ഉറക്കം വകഞ്ഞുമാറ്റി
പ്രദർശിപ്പിക്കപ്പെടുന്നു.

കുഞ്ഞിക്കലമ്പലുകൾ
രേഖപ്പെടുത്താനാകാതെ
ഒഴിഞ്ഞ കള്ളികളിൽ
ആസ്വാദ്യപരമോ സൃഷ്ടിപരമോ
ആയതൊന്നും കാണാതെ
പകലുകൾ കുടുങ്ങികിടന്നു..
പൂർത്തിയാകാത്തൊരു
വൃത്തം കറങ്ങിക്കറങ്ങി
ഇത്തിരിക്കോളങ്ങളിൽ
വിടരുന്നൊരെന്റെ
മുപ്പത്തഞ്ചു
കുടമുല്ലച്ചിരികളോർത്ത്
രാത്രികളും!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here