വഴിവിട്ടവൻ എന്നും തനിച്ചായിരുന്നു . ഞങ്ങൾ ടാറിട്ട റോഡിലൂടെ സ്‌കൂളിലേക്ക് നടക്കുമ്പോൾ അവൻ മാത്രം മറ്റേതോ വഴികളിൽകൂടിയായിരുന്നു വന്നിരുന്നത് . ഇടവഴികളിലെവിടെയോ അപ്രത്യക്ഷമാവുകയും ബെല്ലടിക്കുന്നതിനു തൊട്ടുമുമ്പ് ക്ലാസിലെത്തുകയും ചെയ്തിരുന്നു. അവൻ്റെ കുപ്പായത്തിൽ ചെറിയ മുള്ളുകൾ പറ്റിപ്പിടിച്ചിട്ടുണ്ടാവും അപ്പോൾ . തെങ്ങു ചെത്തുകാരനായ അവന്റപ്പനാണ് ഒരു ദിവസം ഞങ്ങളോട് പറഞ്ഞത് ” അവൻ വഴിവിട്ടവനാ “. മേനോൻ സാറിന്റെ വീട്ടിൽ പുറം പണിക്കു നിന്നിരുന്ന അവൻ്റെ ‘അമ്മ ലക്ഷ്മിയമ്മയോടു പറയുന്നത് ശ്രീദേവിയും കേട്ടതാണ്. അങ്ങനെ അവൻ വഴിവിട്ടവൻ എന്ന പേരിലേക്ക് മാറുകയായിരുന്നു പതിയെ. അതിൽ അവനു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല . കൊളുത്തു പൊട്ടിയ നിക്കറിന്റെ തലപ്പുകൾ കൂട്ടിക്കെട്ടിയിട്ട് അവൻ ചിരിക്കും. ഒരു വല്ലാത്ത ചിരി. അങ്ങനെ അവനൊരു വഴിയിലും ഞങ്ങൾ മറ്റൊരു വഴിയിലുമായി ഞങ്ങളുടെ യാത്രകൾ തുടർന്നു.
ചോരയൊലിപ്പിക്കുന്ന പാദവുമായിട്ടാണ് ഒരു ദിവസം അവൻ എത്തിയത്. ഏതോ പച്ചില മുറിവിൽ തേച്ചു പിടിപ്പിച്ചിരുന്നു
“എന്റെ വഴിയിലൂടെ പോകുമ്പോൾ ഇതൊക്കെ ഉണ്ടാവും ”
കുപ്പായത്തിലെ മണ്ണ് തട്ടിക്കളയുമ്പോൾ അവൻ പറഞ്ഞു. അന്നവന്റെ പുസ്തക സഞ്ചിയിൽ കുറെ കാട്ടു പഴങ്ങൾ ഉണ്ടായിരുന്നു. അത് ഞങ്ങൾക്കായി അവൻ നീട്ടി . ഒന്നാമത്തെ ബെഞ്ചിലിരുന്നവർ അത് നിരസിച്ചു. ചിലർ മടിയോടെ വാങ്ങി,എന്നാൽ ആർത്തിയോടെ കഴിച്ചു. കഴിക്കാത്തവർ സ്വല്പം അസൂയയോടെ അവരെ നോക്കി .
രുചിയുള്ള ആ പഴങ്ങൾക്കായി അവന്റെ പിറകെ പോകാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും മുള്ളുകളെയും, വഴിവിട്ടവൻ എന്ന പേരിനെയും ഭയന്ന് ഞങ്ങളാരും അവന്റെ വഴിയേ പോയില്ല . ഒരിക്കൽപോലും അവൻ ഞങ്ങളെയാരെയും വിളിക്കുകയും ഉണ്ടായില്ല .
ആ പഴം കഴിച്ച ഞങ്ങളിലൊരുവൻ ഛർദിയും വയറിളക്കവുമായി ഹോസ്പിറ്റലിൽ ആവുകയും ആ രക്ഷാകർത്താവിന്റെ പരാതിയിന്മേൽ ഹെഡ്മാസ്റ്ററുടെ വക അവനു ചൂരൽകഷായം കിട്ടുകയും ചെയ്തു .
ഒന്നും മിണ്ടാതെ കണ്ണുകൾ ഇടതുകുപ്പായക്കയ്യിൽ തുടച്ചുകൊണ്ടവൻ
അവസാനത്തെ ബെഞ്ചിൽ തല താഴ്ത്തി ഇരുന്നു . പഴം കഴിച്ച ഞങ്ങൾ ആറു പേരും അന്ന് മുഴുവനും നിരീക്ഷണത്തിലായിരുന്നു . എന്നാൽ വൈകുന്നേരം ആശുപത്രിയിലായത് ഹൈസ്‌കൂൾ ക്‌ളാസിൽ പഠിക്കുന്ന അവന്റെ ചേച്ചിയായിരുന്നു .പിന്നീട് അവന്റെ അമ്മയും .
തലേ ദിവസം പട്ടണത്തിൽ സിനിമക്ക് പോയി വരുമ്പോൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നുവത്രേ. അതോടെ നിരീക്ഷണ ക്യാമറ കണ്ണുകളിൽ നിന്ന് രക്ഷപെട്ട ഞങ്ങൾ ടാറിട്ട വഴിയിലൂടെയും തല താഴ്ത്തിക്കൊണ്ട് വഴിവിട്ടവൻ
അവന്റെ വഴിയിലൂടെയും വീട്ടിലേക്കു നടന്നു .
അപ്പു നായരുടെ മകൻ വീട് വച്ചതും ബാക്കിയുള്ള സ്ഥലം നിരയായി മുറിച്ചു വിറ്റതും നടുവിലൂടെ റോഡ് വന്നതും പെട്ടെന്നായിരുന്നു. കാട്
മൂടിക്കിടന്നിരുന്ന ആ ഇരുൾമൂടിയ സ്ഥലമാകെ വെളുത്തു തുടുത്തു. മുറിച്ചു മാറ്റപ്പെട്ട വൃക്ഷങ്ങളിൽ പലതും വാതിലുകളും ജനലുകളുമായി രൂപാന്തരപ്പെട്ടു. അവയിൽ കഴിവുകെട്ടവർ അടുക്കളയിൽ വെന്തു മരിച്ചു. കിളിക്കൂടുകളും പൊട്ടിയ മുട്ടകളും പെറുക്കിയത് നാരായണേട്ടനായിരുന്നു. മുട്ടയ്ക്ക് മുകളിൽ കാവലിരുന്ന ഒരു പക്ഷി നാരായണേട്ടനെ കൊത്തിയതും ആ ദേഷ്യത്തിൽ അതിനെ തല്ലിക്കൊന്നതും നാരായണേട്ടൻ രസകരമായി വിവരിച്ചു തന്നു. അതിൽ ഒരു മുട്ട പൊട്ടി പക്ഷിക്കുഞ്ഞു വെളിയിൽ വരാൻ തുടങ്ങുകയായിരുന്നുവത്രെ. ആ കിളിക്കൂടുകളിൽ ചിലത് കയ്യിലെടുത്തുകൊണ്ട് വഴി വിട്ടവൻ ഒന്നും മിണ്ടാതെ വീട്ടിലേക്കു പോയി. അവന്റെ ഓലമേഞ്ഞ വീടിന്റെ മുകളിലും തൊടിയിലെ മരങ്ങളിലും കൂടുകൾ പ്രത്യക്ഷപ്പെട്ടു .
വഴിവിട്ടവന്റെ യാത്രയിൽ ഒരു ഭാഗം അതോടെ നഷ്ടമാവുകയായിരുന്നു. പിന്നീടവൻ മറ്റു ചില വഴികളിലൂടെ അപ്രത്യക്ഷനാവാൻ തുടങ്ങി. റോഡ് വന്നതോടെ ഞങ്ങളെല്ലാം ആ വഴിയിലൂടെ ആയി സ്‌കൂളിലേക്കുള്ള പോക്ക്. അവൻ്റെ സാമ്രാജ്യം കുറഞ്ഞു തുടങ്ങുന്നത് തെല്ലൊരു സന്തോഷത്തോടെ ഞങ്ങൾ അറിഞ്ഞു .
ഹൈസ്‌കൂൾ ക്‌ളാസ്സുകളിലേക്കു കടന്നിരുന്നു ഞങ്ങൾ.
അവൻ്റെ തൊടിയിൽ ആ കാട്ടുപഴങ്ങൾ ഉണ്ടാവാൻ തുടങ്ങി എന്ന് അവൻ്റെ അയൽവാസിയായ രാജേഷ് ഒരു ദിവസം ക്‌ളാസിൽ പറഞ്ഞത്. ആ പഴങ്ങൾ പിന്നീട് ഞങ്ങൾ കഴിച്ചിരുന്നില്ല (രണ്ടോ മൂന്നോ തവണ അവൻ അവ ക്ലാസ്സിൽ കൊണ്ടുവന്നിരുന്നു ). ആ കൂടുകളിൽ പക്ഷികളും ഉണ്ടത്രേ. വീടിനു മുന്നിൽ തുറന്നു വച്ച മൺപാത്രങ്ങളിൽ എപ്പോഴും വെള്ളം ഉണ്ടായിരിക്കും. അവയിൽ വെള്ളം നിറച്ചിട്ടേ അവൻ ക്‌ളാസിൽ വരാറുള്ളൂ . അവൻ ക്ലാസ്സിൽ ഞങ്ങളോട് സംസാരിക്കുന്നതിൽ കൂടുതൽ ഇപ്പോൾ ആ പക്ഷികളോടാണത്രെ സംസാരിക്കാറുള്ളത്. രാജേഷ് തന്നെയാണാ രഹസ്യം ക്ലാസ്സിൽ പറഞ്ഞത്.
ഞങ്ങളുടെ സ്‌കൂൾ ജീവിതം കഴിയാൻ കുറച്ചു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അവന്റച്ഛൻ തെങ്ങിൽ നിന്ന് വീണു ചത്തത്.
മരിച്ചത് എന്നാണ് പറയേണ്ടിയിരുന്നതെങ്കിലും പരമ്പരാഗതമായി ഞങ്ങളുടെ ഗ്രാമം അങ്ങനെയാണ് പറയാറുള്ളത്. അങ്ങനെ പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം തെങ്ങു ചെത്തുകാരനും ചത്തുപോകുകയാണുണ്ടായത്. വീട്ടു വളപ്പിൽ കുഴിച്ചുമൂടിയപ്പോൾ പക്ഷികൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി ,അവന്റമ്മ അലമുറയിട്ടു .
അവനാകട്ടെ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ .
നാട്ടിലെ ഏക തെങ്ങുകയറ്റക്കാരന്റെ വിയോഗം ബാധിച്ചത് പരമു നായരെയും സുലൈമാൻ ഹാജിയെയുമാണ്. അവരുടെ തെങ്ങുകളിൽ തേങ്ങകൾ പെരുകി . ഉണങ്ങിയവ ആഘോഷപൂർവം താഴേക്ക് പതിച്ചു .
മടല് തലയിൽ വീണ് പണിക്കാരി ആശുപത്രിയിലായി. തെങ്ങു കയറാൻ പഠിക്കാത്തതിന് നാട്ടിലെ മുതലാളിമാർ വഴിവിട്ടവനെ വഴക്കു പറഞ്ഞു. അവൻ തല താഴ്ത്തിനിന്നു.
ഞങ്ങൾ കോളേജിൽ പോകാനായി ബസ് കാത്തു നിൽക്കുമ്പോൾ അവൻ ഇടവഴിയിലൂടെ മറയുന്നത് കാണാമായിരുന്നു. ഇപ്പോൾ അവൻ ആരോടും ഒട്ടും സംസാരിക്കാതെയായി . അവന്റെ താടിയും മുടിയും വളരാൻ തുടങ്ങിയിരുന്നു. കരുവാളിച്ച മുഖവും ചെമ്പൻ താടിയും മുടിയും അവനെ മറ്റേതോ മനുഷ്യനെ പോലെ തോന്നിച്ചു . ” ഇവനിപ്പോഴും പരിണാമം സംഭവിച്ചിട്ടില്ലെടാ ” ദീപു പറഞ്ഞത് കേട്ട് ഞങ്ങളെല്ലാരും പൊട്ടിച്ചിരിച്ചു . മണ്ണിന്റെ നിറമുള്ള മുണ്ടും കുപ്പായവും തോളത്തൊരു തോർത്തുമായി അവൻ ഇരുളിലേക്ക് നടന്നു നീങ്ങുന്നത് ഞങ്ങൾ നോക്കി നിന്നു.
ഞങ്ങളുടെ യാത്രകൾ ബസിലും പിന്നീട് ബൈക്കുകളിലും ആയി തുടർന്നു. പതിയെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് നഗരത്തിലുള്ള ഓരോന്നായി വരാൻ തുടങ്ങി. സുലൈമാൻ ഹാജിയുടെ മകൻ ഷോപ്പിംഗ് കോംപ്ലക്സ് പണിതതോടെയാണ് നഗരം വിരുന്നെത്താൻ തുടങ്ങിയത്. മുതലാളിമാരുടെ മക്കളെല്ലാം എ സി റെസ്റ്റോറന്റുകളും തിയേറ്ററുകളും പണിയാൻ തുടങ്ങി. എങ്ങുനിന്നോ എത്തിയ ചില മുതലാളിമാർ ഹോസ്പിറ്റൽ സമുച്ചയം പണിതതോടെ അവയ്ക്കു ചുറ്റും കച്ചവടങ്ങളായി. ഞങ്ങളുടെ പഠനം നഗരങ്ങളിലേക്കും അവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്കും ഒഴുകി. തെങ്ങും പുരയിടവും വിറ്റു കൊണ്ട് ഞങ്ങളുടെ തലമുറ ഫ്ളാറ്റുകളിലേക്കു ചേക്കേറി.
വർഷങ്ങൾക്കു ശേഷമാണു ഞാൻ നാട്ടിലെത്തുന്നത് .വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ വൈദ്യ പഠന സർട്ടിഫിക്കറ്റുമായി .
അച്ഛന്റെ മരണം അറിയിച്ചപ്പോൾ വരാനായില്ലെങ്കിലും സുമേഷിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി ഭംഗിയായി നടത്തി അതിന്റെ വീഡിയോ അയച്ചു തന്നിരുന്നു . ദീപുവും ഹരിലാലും എൻജിനീയർമാർ ആയപ്പോൾ ആദിൽ ബിസിനസ് മാനേജ്‌മന്റ് പഠനത്തിന് ശേഷം നാട്ടിൽ ഫ്ലാറ്റുകൾ പണിയുന്ന കമ്പനിയിലാണ് .ഞങ്ങൾ ചേർന്നാണ് നാട്ടിലെ ആ ബഹുനില കെട്ടിടത്തിലെ ഭൂരിഭാഗം ഫ്ലാറ്റുകളും വാങ്ങിയത് . വർഷങ്ങൾക്കു ശേഷം ഒരുമിച്ചു കൂടുക എന്ന വാട്സ് ആപ് സന്ദേശമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത് .
ഏഴാമത്തെ നിലയിലാണ് ഫ്ലാറ്റ് .വർഷങ്ങൾക്കു ശേഷം ഗ്രാമത്തിലെത്തിയപ്പോൾ ഏതോ നഗരത്തിലെത്തിയ പ്രതീതിയാണ് അനുഭവപ്പെട്ടത്. ചുറ്റിനും ഫ്ലാറ്റുകളും മറ്റു കെട്ടിടങ്ങളും ഉയർന്നു നിൽക്കുന്നു .വെള്ളത്തിന് പകരം ശീതള പാനീയത്തിന്റെ വലിയ ക്യാൻ ആണ് എത്തിയത് .വെള്ളം ഇപ്പോൾ ആരും കുടിക്കാറില്ലത്രേ .
കിട്ടാൻ വലിയ പാടാണ്.മോൻ ബാൽക്കണിയിൽ നിന്നും ബൈനോക്കുലർ വഴി നഗരം വീക്ഷിക്കുകയായിരുന്നു .പെട്ടെന്നവൻ വിളിച്ചു പറഞ്ഞു
” dad something is there ,”
ബൈനോക്കുലർ വാങ്ങി നോക്കിയപ്പോൾ ഒരിടം മാത്രം ഇരുണ്ടിരിക്കുന്നു. ബാക്കി ഭാഗങ്ങളെല്ലാം വ്യക്തമായി കാണാം .അവിടെ മാത്രം ഒരിരുട്ട് . ബാൽകണിയുടെ ഗ്ലാസ്സ് മാറ്റിയപ്പോൾ വെയിൽ ശക്തമായി മുഖത്തടിക്കുന്നു. നാട്ടിലെ വെയില് പോലും ഇപ്പോൾ ഗൾഫു രാജ്യങ്ങളുമായി കിടപിടിക്കുന്നു എന്ന കാര്യം അഭിമാനത്തോടെ ഓർത്തു .
വൈകുന്നേരം സുമേഷിന്റെ റൂമിലിരുന്നായിരുന്നു പിറ്റേ ദിവസത്തെ മീറ്റിംഗിനെ കുറിച്ചുള്ള ചർച്ച . പഠിച്ച സ്‌കൂൾ നിന്നിരുന്ന സ്ഥലത്തിപ്പോൾ ഒരു മെഡിക്കൽ കോളേജ് ആണ് .ഒടുവിൽ സ്ഥലവും മറ്റു കാര്യങ്ങളും ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിച്ചു ,അവർക്കുള്ള ചെക്കുകളും ഒപ്പിട്ടു കൊടുത്തു കഴിഞ്ഞപ്പോഴാണ് പങ്കെടുക്കാത്തവരെ കുറിച്ചുള്ള ചർച്ചകൾ വന്നത്. ആന്മേരി അമേരിക്കയിൽ ആയതിനാൽ വരാൻ കഴിയില്ല എന്നറിയിച്ചിരുന്നു.നാലു വർഷം മുമ്പ് കിഡ്‌നി പ്രോബ്ലം മുഖേന മരണമടഞ്ഞ അജാസിനെ സങ്കടത്തോടെ ഓർത്തു .
ഒടുവിലാരോ പറഞ്ഞ പേരാണ് വഴിവിട്ടവൻറെ .എല്ലാരും ചിരിച്ചു
അവനിപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ കാട്ടിലൂടെ എങ്ങാനും പോയോ . നാട്ടിലുണ്ടായിരുന്ന ആരോ പറഞ്ഞാണ് അവന്റെ ‘അമ്മ ആരുടെയോ കൂടെ പോയതും പിന്നീട് മിക്ക സമയത്തും വീട്ടിലും അവന്റെ വഴികളിലുമായി ആരോടും മിണ്ടാതെ നടക്കുകയുമായിരുന്നു എന്നത് .
മദ്യം സിരകളിൽ നിറയുന്നതിനനുസരിച്ചു ഞങ്ങളുടെ ചിരിയുടെ ശബ്ദം ഉയർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അലാറം ശബ്ദിച്ചപ്പോൾ സുമേഷ് വാണിങ് തന്നു . ഇതിലും കൂടുതൽ ഒച്ച വെക്കാൻ ഫ്ലാറ്റിൽ പറ്റില്ലത്രേ . അതിന്റെ ലിമിറ്റ് ആണീ വാർണിങ് ബെൽ . ഇനിയും ഒച്ച വെച്ചാൽ ഉടമസ്ഥന് ഫൈൻ അടക്കേണ്ടി വരുമെന്നും പറഞ്ഞു . തമാശ ഇടയ്ക്കു വെച്ച് നിർത്തേണ്ടി വന്ന ഇച്ഛാഭംഗത്തോടെ ഞങ്ങൾ പിരിഞ്ഞു .
പിറ്റേ ദിവസം മക്കളെ കൂട്ടി ഗ്രാമം കാണാനിറങ്ങി. സ്‌കൂൾ വഴിയെല്ലാം നാലുവരിപ്പാതയായി മാറിയിരിക്കുന്നു .ഇരുവശവും ഫ്ലാറ്റുകളും ആഡംബര ബംഗ്ലാവുകളും. കുട്ടികളുടെ പാർക്കായിരിക്കുന്നത് പണ്ട് ഞങ്ങൾ പന്തുകളിച്ചിരുന്ന ഗ്രൗണ്ടായിരുന്നു. ആൽമരം നിന്നിരുന്ന സ്ഥാനത്തിപ്പോൾ ഒരു വലിയ മാൾ വന്നിരിക്കുന്നു. അതിലെ ചൂതാട്ട കേന്ദ്രം ഇന്ന് ഈ നാടിനെ പ്രശസ്തിയിലേക്കുയർത്തിയിരിക്കുന്നു .
തെളിഞ്ഞ കാഴ്ചകൾ പിന്നിട്ടുകൊണ്ടിരിക്കെ ഇടതുവശത്തെവിടെയോ ഇരുൾ മൂടിയിരിക്കുന്നു. ഇന്നലെ ബൈനോക്കുലറിൽ കണ്ട കാഴ്ച തന്നെ .അങ്ങോട്ടുള്ള വഴിപോലും തെളിച്ചമുള്ളതല്ല. കാറു വഴിയരികിൽ പാർക്ക് ചെയ്തു പുറത്തിറങ്ങി . മൊബൈൽ ശബ്ദമുണ്ടാക്കുന്നു പാർക്കിങ് സ്ഥലം അല്ലാത്തതിനാൽ നല്ലൊരു തുക നഗര സഭ ഫൈൻ ഈടാക്കിയത് അക്കൗണ്ടിൽ നിന്നും പോയതാണ് മെസ്സേജ്
കുറച്ചു ദൂരം പിന്നിടുമ്പോൾ വഴിയിൽ ഇതുവരെ കാണാത്ത കാഴ്ചകൾ..
പൊടിമണ്ണ് നിറഞ്ഞ സ്ഥലം ,ചെറുതും വലുതുമായ വൃക്ഷങ്ങൾ . അവയിൽ കൂടു കൂട്ടിയിരിക്കുന്ന പക്ഷികളുടെ ശബ്ദം . ഷൂവിൽ പറ്റിയ മണ്ണ് അത്ഭുദത്തോടെ നോക്കിക്കൊണ്ടു മകൻ കൂടെ വന്നു . ഇലകൾ നിറഞ്ഞിരിക്കുന്നു അവിടമാകെ .ഒഴുകി വരുന്ന ചെറിയ നീർച്ചാൽ .
ഇതവന്റെ വീട് തന്നെ .പണ്ടും ഇതുവഴി വന്നിരുന്നെങ്കിലും ഇവിടെ കയറിയിട്ടുണ്ടായിരുന്നില്ല .കാട്ടു പഴങ്ങൾ വീണു കിടക്കുന്നുണ്ടായിരുന്നു .അവ അണ്ണാൻ ഭക്ഷിക്കുന്നത് മക്കൾ കൗതുകത്തോടെ നോക്കി നിന്നു. പെട്ടെന്നാണ് നാലുകാലിൽ ഒരു രൂപം ചാടി വീണത് .മേലാസകലം രോമങ്ങൾ നിറഞ്ഞിരുന്നു . മുഖമാകെ രോമം മൂടിയിട്ടു കാണാൻ കഴിയുമായിരുന്നില്ല .കുട്ടികൾ ഭയന്ന് കരയാൻ തുടങ്ങി .അണ്ണാനോട് അതിന്റെ ഭാഷയിൽ എന്തോ പറഞ്ഞിട്ട് ആ മരത്തിൽ കയറാൻ തുടങ്ങി ,കാട്ടു പഴങ്ങളുമായിട്ടാണ് ഇറങ്ങി വന്നത്.കുട്ടികൾക്ക് നേരെ നീട്ടിയെങ്കിലും അവർ കരച്ചിൽ തുടരുകയാണുണ്ടായത് . ആ രൂപം തല താഴ്ത്തി നിന്നു..പിന്നീട്
പതിയെ ഞങ്ങൾ വന്ന വഴിയിലൂടെ നടക്കാൻ തുടങ്ങി .നരച്ച കുപ്പായത്തിന്റെ കൈകൾ ശരീരത്തിൽ എവിടെയോ ഒട്ടി നിൽക്കുന്നത് കാണാമായിരുന്നു .ആ ഇടതു കുപ്പായക്കൈ കൊണ്ട് മുഖം തുടച്ചുകൊണ്ട് അവൻ ആ വഴിയിലൂടെ ചാടി ചാടി നീങ്ങി …
അവന്റെ വഴിയിലൂടെ …
അവൻ പോകുന്നിടമാകെ ഇരുൾ നിറയാൻ തുടങ്ങിയിരുന്നു അപ്പോൾ
ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ വഴികളും അവനും ഇരുട്ടിലേക്ക് മറയുമ്പോൾ ഞാൻ കാണാതെ ആ കാട്ടു പഴം കഴിക്കാൻ തുടങ്ങുകയായിരുന്നു മകൻ