ഇനി പിരിയാൻ വഴികളില്ല
ഇത് പിരിഞ്ഞെത്തിയ വഴിയാണ്.
സന്ധ്യമയങ്ങും വരെ
ജീവനുണ്ടെന്ന് ബോധ്യപ്പെടുത്താൻ
നീ സ്വയം നടക്കേണ്ട വഴിയാണ്.
രാവിലെയും വൈകിട്ടും
പൊതികളിലായിവരുന്ന
ഓർമ്മകൾ കൊണ്ട്
വിരക്തമായ ഉദരത്തിന്റെ
പശിയടക്കാം.
സ്തുതി പാടിയ നാക്കിൽ നിന്നും
അടക്കം പറയുന്ന വാക്കുകൾ
കാറ്റിലൂടെ ഒഴുകി
ചെവികളിലെത്തുന്നതും കാത്തിരിക്കാം.
നീ കുഴിച്ചിട്ട ചെടികൾ
നിനക്കായ് തണലൊരുക്കുന്നതും
കാത്തിരിക്കാം.
ഇത് ഒറ്റയടിപ്പാതയാണ്.
വന്ന വഴിയിലേക്ക്
കാലചക്രത്തെ തിരിച്ച് കറക്കി
പിച്ചവെച്ച് നടക്കേണ്ട വഴിയാണ്.