ഒറ്റപ്പെടലിന്റെ കറുത്ത മൗനത്തിൽ
കാർമേഘംമൂടിയ കറുത്തവാവും തോറ്റുപോയി.
ഏകാന്തത പോലും എന്നിലേക്ക് ഓടിയെത്തുന്നു
ഏകാന്തമായൊന്നിരിക്കുവാൻ…
കാതോരം മൂളിയ മൗനത്തിൻ സംഗീതം
കേള്‍ക്കാനില്ലെന്നു വിലപിച്ചു
മയങ്ങുന്നു കർണ്ണങ്ങൾ.
അശ്രുകണങ്ങൾക്കില്ലൊരു വർണങ്ങളെങ്കിലും
ഒരു തുള്ളി കണ്ണുനീർ കാണുവാൻ വെമ്പുന്നു
ബാഷ്പങ്ങൾ വറ്റി വരണ്ടൊരെൻ നയനങ്ങളും.
വിധിയുടെ മാറിൽ മയങ്ങികിടക്കുവാൻ
വിധിയെ കാത്തു മയങ്ങുന്നു
ജന്മാന്തര മോക്ഷം തേടി ജന്മങ്ങൾ താണ്ടുന്ന
മനുഷ്യനെന്ന ഈ ജന്മവും…