ഒറ്റപ്പെടലിൻ ശീതക്കുടിലിൽ
ഓർമ്മവാതം കോച്ചിപ്പിടിക്കെ
ചോദ്യചിഹ്നമായ്, ശേഷിച്ചിടും
സദ്യയിലയിലെ കറിവേപ്പിലയായ്
പട്ടിണി മോന്തിക്കഴിഞ്ഞ കാലം
പഴന്തുണിമേനിയിൽ ഒട്ടിപ്പിടിക്കെ
വാക്കുകൾ കോർത്തു വിയർത്തു
വിറക്കിലും മെച്ചമോടോർമ്മയിൽ
പിഞ്ചിനായിഞ്ചപോൽ ചതഞ്ഞ്
കാച്ചിക്കുറുക്കുവാനൂറ്റിപ്പിഴിഞ്ഞ്
ജീവിതമേറ്റം ഓടിക്കിതച്ചിട്ടുമേറെ
വാത്സല്യം കുഴച്ചുരുട്ടിയോരുരുളകൾ
പൊള്ളുംലാവ തിളപ്പൂ നെഞ്ചിൽ, നിന്ദ
തിളച്ച വറ്റിനു വായ് പൊത്തിനിൽക്കെ
കണ്ണീർ മഷിയാലൊപ്പിട്ട ഭാഗപത്രമേറ്റും
ചിന്തയിൽ പൂരം ചെന്തീക്കാവടിയാട്ടം.
സ്വാർത്ഥത വിഴുങ്ങിയ ആർത്തികൾ
മണ്ണും എട്ടണക്കാശും എണ്ണിപ്പകുത്ത്
പഴി പറഞ്ഞവർ പടിയടച്ചവർ പലവഴി
പിണ്ഡമടക്കിപ്പിരിയുന്നുറ്റബന്ധങ്ങൾ
ഓർമ്മക്കുണ്ഡത്തിലെരിയും ദണ്ണങ്ങൾ
കർമ്മകാണ്ഡ പിഴവെന്നോർത്തിരിക്കെ
പേറ്റിക്കൊഴിച്ചിട്ട പാഴ്‌മുറം നോവിന്നുപ്പ്
നുണഞ്ഞു മടുത്ത സങ്കടക്കാറ്റിൻചിറകടി
ഗതകാലസ്മൃതിവീഥിയിൽ സംഭ്രമം
ഗദ്ഗദം കുടിച്ചാറ്റുന്നാത്‌മ നൊമ്പരം
വറ്റാത്ത സ്നേഹത്തിൻ മിഴിവിളക്ക്
മാനം മറന്നും മാളം തേടി ഉഴറുന്നു.
അനാഥത്വത്തിൻ മരുഭൂമിയിൽ
അൻപെഴും വാക്കില്ല, വറ്റില്ല
മൗനം നട്ടുച്ച പേറുന്ന ഹൃത്തടം
നാവറക്കപ്പെട്ടവളുടെ വിലാപം
പട്ടണം വിട്ടെന്റെ മക്കൾ വരും
പട്ടിണി മാറ്റി കൊണ്ടു പോകും
കണ്ടു കൊതി തീരാത്ത കിനാവ്
കണ്ടു കണ്ടങ്ങുറങ്ങട്ടെ ഞാൻ.