പ്രളയത്തിൻ ഘോരമാമട്ടഹാസ-
ങ്ങളല്ലോ മുഴങ്ങുന്നതരികിലെന്നാളും
മണൽക്കാറ്റിൻ ചൂളംവിളികളല്ലോ
മുരളുന്നതിവിടോരോ വിളിപ്പാടിലും
കരൾ കൊത്തിപ്പറിക്കുവാനവർ
ചിരിച്ചു യന്ത്രക്കൈകൾ നീട്ടീടവെ
മാഞ്ഞു പോകയാണെന്റെയാ
മരതക കാന്തികളൊക്കെയും
എല്ലിലൊട്ടിയ പച്ചമാംസം മെല്ലെ
കഴുകുകൾ പേർത്തെടുക്കവേ,
മറയുകയാണെൻ ബോധതലങ്ങളി-
ലുറയുന്ന, നല്ലൊരിന്നലെകളെല്ലാം
നെറ്റിയിൽ, പാദങ്ങളിൽ, നാഭിയി-
ലുദകത്തിന്നുപ്പുവെള്ളം പടരവേ,
കാണുന്നു ഞാനകക്കൺകളിൽ
മണൽ പഴുത്തൊരൂഷരഭൂമികൾ
കടൽ കടന്നു വരുവതെന്നു നീ വെൺ-
മഴുവൊന്നു വീണ്ടും തോളിലേന്തി?
കാത്തിരിക്കുന്നു ഞാൻ താതാ, നീ
കേൾക്കുമോയെന്റെയീയാർത്തനാദം?
പുനർജ്ജനിയല്ലെനിക്കു വേണ്ടൂ നിൻ
പിറക്കാതെ പോയൊരു മകളാകണം!
തിരികെയെൻ മാതൃഗർഭച്ചൂടുപറ്റി,
പിറവിയില്ലാതെ ചുരുണ്ടു കിടക്കണം!
മതിയിവിടത്തെ യന്ത്രപ്പുലരികൾ
മതി, വിഷം തുപ്പും പകലുകളന്തികൾ!
മതിയെനിക്കിവരതിരു കീറിമുറിച്ചിട്ട
കൊതി പടർത്തും മാംസശരീരവും!
മഴുവെറിഞ്ഞു വിളിക്കുകെന്നെ നീ-
യാഴമറ്റൊരു സാഗരമൊന്നിതിൽ!
മഴുവെറിഞ്ഞു നീയാഴ്ത്തുകെന്നെ-
യാഴി തന്നനന്തമാമേകാന്തനിദ്രയിൽ!
Click this button or press Ctrl+G to toggle between Malayalam and English