ഓസ്ക്കറിൽ നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലൂയി ചാവോയുടെ നൊമാഡ്ലാൻഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ചനടി എന്നിവയടക്കം മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ്ലാൻഡ് നേടിയത്. ഓസ്ക്കറിൽ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയായിരിക്കുയാണ് ക്ലൂയി ചാവോ.
ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിൻസ് മികച്ച നടനായി. ആറു തവണ നോമിനേഷൻ ലഭിച്ച ഹോപ്കിൻസ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്കാരം നേടുന്നത്. 1992ൽ ദി സൈലൻസ് ഓഫ് ദി ലാമ്പിലെ അഭിനയത്തിനായിരുന്നു ഇതുമുൻപ് പുരസ്കാരം ലഭിച്ചത്.
റിസ് അഹമ്മദ്, ചാഡ്വിക് ബോസ്മാൻ, ഗാരി ഓൾഡ്മാൻ, സ്റ്റീവൻ യ്യൂൻ എന്നിവരെ മറികടന്നാണ് ഇക്കുറി ഹോപ്കിൻസ് മികച്ച നടനായത്.
നൊമാഡ്ലാൻഡിലെ ഫേണിനെ അന്വശ്വരയാക്കിയ ഫ്രാൻസെസ് മെക്ഡോർമൻഡ് മികച്ച നടിയായി. മികച്ച നടിക്കുളള മെക്ഡോർമൻഡിന്റെ മൂന്നാമത്തെ ഓസ്ക്കറാണിത്. 1997ൽ ഫാർഗോ, 2018ൽ ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൂറി എന്നിവയ്ക്കായിരുന്നു ഇതിന് മുൻപ് പുരസ്കാരം ലഭിച്ചത്. മൊത്തം ഏഴ് തവണ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
വയോള ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, കാരി മള്ളിഗൻ എന്നിവരെയാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിന്റെ മത്സരത്തിൽ മക്ഡോർമൻഡ് മറികടന്നത്.
ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ദക്ഷിണ കൊറിയൻ നടയിയാ യൂ ജുങ് യൂങ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയൻ അഭിനേതാവ് ഓസ്ക്കർ പുരസ്കാരം നേടുന്നത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം അനഥർ റൗണ്ട് സ്വന്തമാക്കി.