അപ്രതീക്ഷിതമായി വീടിനു മുന്നില്‍ ഒരു വെള്ളകാര്‍ വന്നു നിന്നപ്പോള്‍ വരാന്തയില്‍ നിലത്തു കുത്തിയിരിക്കുകയായിരുന്നു രമണി. മെലിഞ്ഞുണങ്ങിയ കൈകള്‍ക്കുള്ളില്‍ പൂഴ്ത്തി വച്ചിരുന്ന തല ഉയര്‍ത്തി നിസ്സംഗതയോടെ ദൂരേയ്ക്ക് നോക്കി. ഇടിഞ്ഞു നിലംപൊത്തി കിടന്നിരുന്ന മതിലുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വെളുത്ത് സുമുഖനായ ഒരു യുവാവ് നടന്നു വരുന്നു!?
യുവാവ് വരാന്തയില്‍ കയറിയപ്പോള്‍ രമണി ആയാസപ്പെട്ട് എഴുന്നേറ്റു. എണ്ണമയമില്ലാതെ, വികൃതമായി പാറിപ്പറന്നു കിടന്നിരുന്ന തലമുടി ഒതുക്കിവച്ചു.
“…ആരാ..?..മനസ്സിലായില്ലല്ലോ..?”
രമണിയുടെ ചോദ്യത്തിനുത്തരമായി യുവാവ് അവരെ ദീര്‍ഘനേരം നോക്കിനിന്നു. നെടുവീര്‍പ്പിട്ടു.
“ചേച്ചിക്കെന്നെ മനസ്സിലായില്ല..അല്ലേ..?…ഇത് ഞാനാ….ബഷീര്‍.. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരും കാണാതെ അടുത്തിരുത്തി വയര്‍ നിറയേ ചോറും കറീം വിളമ്പിത്തന്നിരുന്നില്ലേ ഈ ചേച്ചി എനിക്ക്..?…എല്ലാരും “കള്ളന്‍” എന്ന് വിളിച്ചപ്പോഴും അതൊന്നും വിശ്വസിക്കാതെ എന്നെ കൂടുതല്‍ സ്നേഹിക്കുകയല്ലേ ഈ ചേച്ചി ചെയ്തത്?…ആ ബഷീറാ ചേച്ചീ ഈ ഞാന്‍..”
“…ആ പഴയ ബഷീറാണോ ഇത്..!?…നിന്നെ എനിക്ക് മനസ്സിലായില്ല കേട്ടോ!”
“പണ്ടു പന്ത്രണ്ടാം വയസ്സില്‍ വീട് വിട്ടുപോയ ഞാന്‍ എവിടെല്ലാം അലഞ്ഞു നടന്നു. അവസാനം മുംബയിലെത്തി. സ്വന്തമായി ബിസ്സിനസ്സ് ചെയ്തു കാശുണ്ടാക്കി. അനുജത്തി റസിയയെ കെട്ടിച്ചുവിടാനുള്ള പണവുമായിട്ടാണ് ഞാനീ നാട്ടില്‍ തിരിച്ചെത്തിയത്…പക്ഷെ ഞെട്ടിക്കുന്ന ദുരന്തവാര്ത്തകളാണ് ഞാന്‍ കേട്ടത്…റസിയയെ അരോ ഒരുത്തന്‍ ചതിച്ചു ഗര്‍ഭിണിയാക്കി കടന്നു കളഞ്ഞു. ആ ദു:ഖത്താല്‍ അവള്‍ ആത്‍മഹത്യ ചെയ്തു. പിന്നീട് ബാപ്പയും മയ്യത്തായി. ഇപ്പൊ വീട്ടില്‍ ഉമ്മ ഒരു മാനസികരോഗിയെപ്പോലെ കഴിയുന്നു…”
“സാരമില്ല ബഷീറെ.. ഇത് ജീവിതമല്ലേ..? ദു:ഖങ്ങളൊക്കെ നാം സഹിച്ചേ പറ്റൂ..?”
“…ചേച്ചിയുടെ ദു:ഖങ്ങളെല്ലാം ഞാനറിഞ്ഞു. രോഗം വന്നു അമ്മ മരിച്ചതും, പിന്നാലെ ആകസ്മികമായ അച്ചന്റെ മരണവും. അച്ചന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട പിന്നീട് ചേച്ചിയുടെ ഭര്‍ത്താവ് ഏറ്റെടുത്തു നടത്തിയതും. ന്നെ അദ്ദേഹത്തിന്റെ മരണവും….അല്ലാ..ചേച്ചിയുടെ കുട്ടികള്‍ എവിടെ..?”
“കളിക്കുകയാവും..ഞാന്‍ വിളിച്ചോണ്ട് വരാം..”
രമണി പുറത്തേക്കു പോയപ്പോള്‍ ബഷീര്‍ ആ വീടിന്റെ ദയനീയാവസ്ഥ ശ്രദ്ധിക്കുകയായിരുന്നു. തകര്‍ന്നടിഞ്ഞ മനസ്സ് പോലെ മേല്‍ക്കൂര അവിടവിടെ പഴകി ദ്രവിച്ചു ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു! ഓടുകള്‍ പലതും പൊട്ടിത്തകര്‍ന്നിരിക്കുന്നു. ആ വിടവുകളില്‍ കൂടി ആകാശം കാണാം. ജനാലകളും കതകുകളും ദ്രവിച്ചു തുടങ്ങി. ചേച്ചിയുടെ മനസ്സിനും വീടിനും ഒരേ അവസ്ഥ..!?
മെലിഞ്ഞു വിളറിയ രണ്ടു പെണ്‍കുട്ടികള്‍ ചേച്ചിക്കൊപ്പം നടന്നു വന്നു. പഴകി മുഷിഞ്ഞ വസ്ത്രങ്ങള്‍! ബഷീര്‍ രണ്ടു പൊതികള്‍ കുട്ടികള്‍ക്ക് കൊടുത്തു. പോതികള്‍ അമ്മയെ ഏല്‍പ്പിച്ചു അവര്‍ വീണ്ടും കളിക്കാനോടി.
“ചേച്ചി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ഞാനറിഞ്ഞു. മെയിന്‍ റോഡില്‍ അച്ഛന്റെ വക നാല്മുറിക്കട ഇപ്പോഴും ചേച്ചിക്കവകാശപ്പെട്ടതാണല്ലോ? പലചരക്കുകട നടത്തിക്കൊണ്ടിരുന്ന മുറി ഇപ്പോഴും അടച്ചിട്ടിരിക്കുന്നു! ബാക്കി മൂന്ന് മുറിക്കാരും ചേച്ചിയുടെ ഭര്‍ത്താവ് മരിച്ച ശേഷം വാടകയും തരുന്നില്ല അല്ലെ? ഞാനവരെ കണ്ടു സംസാരിച്ചു. അല്‍പ്പം ഭീക്ഷണിയും മുഴക്കീട്ടുണ്ട്.. ഏതായാലും അടുത്ത മാസം മുതല്‍ അവര്‍ വാടക തരാമെന്നു ഏറ്റിട്ടുണ്ട്. ആ വാടക കിട്ടിയാല്‍പ്പോലും ജീവിക്കാന്‍ പറ്റില്ലല്ലോ ചേച്ചീ? കുട്ടികള്‍ക്ക് നല്ല ആഹാരം കൊടുക്കണം. വസ്ത്രം വേണം. അവരെ പഠിപ്പിക്കണം…ഞാനൊരു കാര്യം പറയാം. അടച്ചിട്ടിരിക്കുന്ന ആ മുറി തുറന്നു ചേച്ചി ഒരു പലചരക്കുകട തുടങ്ങണം. അതിനുള്ള ധൈര്യം ചേച്ചി വീണ്ടെടുക്കണം. ഇങ്ങനെ ഇരുന്നാല്‍ പറ്റില്ല. എന്റെ പെങ്ങളെ കെട്ടിക്കാന്‍ കൊണ്ടുവന്ന പണം ചേച്ചിക്ക് വേണ്ടി ചെലവഴിക്കാനാ എന്റെ തീരുമാനം. നാളെത്തന്നെ കട തുടുങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഞാനേര്‍പ്പാട് ചെയ്യാം. അടുത്ത ആഴ്ച തന്നെ കട തുടങ്ങണം. പിന്നെ ചേച്ചി ഇത് വച്ചോളൂ. ഇതില്‍ കുറച്ചു രൂപയുണ്ട്. ഇതുകൊണ്ട് ഈ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണം. ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം. ദാ ഇതാണ് എന്റെ ഫോണ്‍ നമ്പര്‍.. അടുത്ത മാസം തന്നെ ഞാന്‍ മടങ്ങിപ്പോകും. കൂടെ ഉമ്മയേയും കൊണ്ടുപോകും.. പോകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഞാന്‍ വരാം.. ഞാനിറങ്ങട്ടെ ചേച്ചീ…?”
“അല്ലാ…ഞാനൊരു കാര്യം മറന്നു…ബഷീറിനു ചായ…”
“വേണ്ട ചേച്ചീ..ചേച്ചീടെ ഈ സ്നേഹം മാത്രം മതി എനിക്ക്..”
ബഷീര്‍ പടികടന്നു നേരെ കാറിനടുത്തേയ്ക്ക് നടന്നു. കാറ് ദൃഷ്ടിയില്‍ നിന്ന് മെല്ലെ മെല്ലെ മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ രമണിയുടെ മുന്നിലൂടെ ഒരു മെലിഞ്ഞ ബാലന്‍ നടന്നു വരികയായിരുന്നു…..
അവന്‍ വീടിനു ചുറ്റും അവിടവിടെ വീണുകിടന്നിരുന്ന കുപ്പികളും പ്ലാസ്റ്റിക് ഡപ്പികളും പാട്ടകളുമൊക്കെ തിരഞ്ഞു പെറുക്കി കൂട്ടിവയ്ക്കുന്നതിനിടയില്‍ തലയുയര്‍ത്തി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കും. ആരുമില്ലെന്ന് കണ്ടാല്‍ വീണ്ടും തന്റെ ജോലി തുടരും. ആരുടെയെങ്കിലും തലവെട്ടം കണ്ടാല്‍ ഉടന്‍ ജോലി നിര്‍ത്തി തല ചൊറിഞ്ഞ്–
“ഞാനിതൊക്കെ പെറുക്കി എടുത്തോട്ടേ..?”
“..ങ്ങാ.. ശരി..പെട്ടെന്ന് സ്ഥലം വിട്ടോണം..”
പാവം പയ്യന്‍ തല ചൊറിഞ്ഞുകൊണ്ട് പിന്‍വാങ്ങും. പെറുക്കിക്കൂട്ടിയതൊക്കെ ചാക്കിലാക്കി പേടിച്ചു സ്ഥലം വിടും.
ഇടനാഴിയുടെ അഴികള്‍ക്കിടയിലൂടെ രമണി ആ ബാലനെ ശ്രദ്ധിക്കുമായിരുന്നു. ഒരിക്കല്‍ പറമ്പില്‍ പെറുക്കിനടക്കുമ്പോള്‍ രമണി അവനെ മാടി വിളിച്ചു. അവന്‍ പേടിച്ചു വിറച്ചു പതുക്കെ അടുത്ത് വന്നു.
“നിന്റെ പേരെന്താ?”
“…ബഷീര്‍..”
“നിനക്കാരൊക്കെയുണ്ട്?”
“ഉമ്മ..ബാപ്പ..പിന്നെ അനിയത്തി റസിയ..”
“ബഷീര്‍ പഠിക്കുന്നില്ലേ?”
“ഇല്ല ചേച്ചീ..അഞ്ചാം ക്ലാസ് വരെ പഠിച്ചു… പിന്നെ വീട്ടിലെ ബുദ്ധിമുട്ട് കാരണം ഈ തോഴിലിനിറങ്ങി..”
“ബാപ്പയ്ക്കെന്താ തൊഴില്‍?”
“ഇറച്ചിവെട്ടു..”
“റസിയ പഠിക്കുന്നുണ്ടോ?”
“ഇല്ല ചേച്ചീ..ഞങ്ങള് പാവങ്ങളാ..ബാപ്പയ്ക്ക് കിട്ടുന്ന കാശു കൊണ്ട് ഒരു നേരം വല്ലോം വയ്ക്കാനേ തികയൂ..ഞാനീ പണിക്കിറങ്ങിയപ്പോ ഒരു നേരം കൂടി വയ്മെക്കാന്നായി..”
“ബഷീര്‍ രാവിലെ എന്താ കഴിച്ചേ..?”
“…ഒന്നും കഴിച്ചില്ല ചേച്ചീ..ഒരു ഗ്ലാസ് കട്ടന്‍ കാപ്പി കുടിച്ചോണ്ടാ ഞാനിറങ്ങിയത്..”
രമണി അടുക്കളയിലേക്കോടി. മടങ്ങിവന്ന് –
“ബഷീര്‍ ഇത് കഴിച്ചോളൂ..”
ഒരു പാത്രത്തില്‍ കുറച്ചു ദോശയും ചമ്മന്തിയും. പാവം ബഷീര്‍ വിശപ്പുകൊണ്ട് അതെല്ലാം വാരിവലിച്ചു തിന്നു. അവര്‍ക്കിടയില്‍ ഒരു സൗഹൃദം വളരുകയായിരുന്നു.
പിന്ന്ട് പലപ്പോഴും ബഷീര്‍ ഇടനാഴിയുടെ അഴികളിലെത്തും. രമണിയോടു വിശേഷങ്ങള്‍ പറയും. ആഹാരം കഴിക്കും.
ഒരിക്കല്‍ അച്ഛന്‍ ഇത് കണ്ടുപിടിച്ചു.
“അശ്രീകരങ്ങള്…തരം കിട്ടയാല്‍ കയ്യില്‍ കിട്ടുന്ന വിലപിടിച്ചതൊക്കെ ഇവറ്റകള്‍ എടുത്തോണ്ട് പോകും..പോടാ..ഇനി ഇവിടെ കണ്ടുപോകരുത്…”
അച്ഛന്‍ അവനെ ആട്ടിഓടിച്ചു. പാവം ചാക്കുകെട്ടുമെടുത്ത് ഓടി രക്ഷപെട്ടു. പിന്നീട് അച്ചന്‍ വീട്ടിലില്ലെന്നു ബോധ്യപ്പെട്ടാലേ അവന്‍ വന്നിരുന്നുള്ളൂ. ഒളിച്ചും പാത്തും എത്തുന്ന അവനു പലഹാരമോ ഊണോ കൊടുക്കാന്‍ രമണി മറക്കാറില്ല.
ഒരിക്കലവന്‍ പറഞ്ഞു: “ഈ തോഴിലിനിനി ഞാനില്ല ചേച്ചീ….എല്ലാരും എന്നെ കള്ളനെന്നാ വിളിക്കുന്നേ…ഞാന്‍ കള്ളനാണോ ചേച്ചീ..? എന്നെ ദൂരെ കണ്ടാല്‍ പോലും എല്ലാരും ആട്ടി ഓടിക്കും. ഒരു അറപ്പുള്ള ജീവിയെപ്പോലാ എല്ലാരും എന്നെ കാണുന്നേ…ചേച്ചി മാത്രം എന്നെ സ്നേഹിക്കുന്നു…ചേച്ചീ..ഞാനിവിടം വിട്ടു പോകയാണ്…ദൂരെ എവിടെങ്കിലും പോയി മറ്റെന്തെങ്കിലും തൊഴില് ചെയ്തു ജീവിക്കണം. ഞാന്‍ പോണു ചേച്ചീ..”
ആ ബഷീറാണ് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മുന്നില്‍ ഒരു രക്ഷകനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നന്ദി ബഷീറേ…നിനക്ക് ഒരുപാട് നന്ദി……
Click this button or press Ctrl+G to toggle between Malayalam and English