ഏതാണ്ട് പത്ത് നാല്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
“പിതാരക്ഷതി കൌമാരേ
ഭര്‍ത്താരക്ഷതി യൌവ്വനേ
പുത്രോരക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രി സ്വാതന്ത്ര്യമര്‍ഹതി”
എന്‍റെ ആറാം ക്ലാസ്സിലെ മലയാള പാഠപുസ്തകം ഉറക്കെ വായിച്ചു പഠിക്കുകയായിരുന്നു ഞാന്‍. അതുകേട്ട് ഊറിയൂറി ചിരിക്കുകയാണ് എന്‍റെ ഇരട്ട സഹോദരന്‍ ഹംസ.
“യ്യീയെന്തടാ ചിരിക്ക്ന്നെ” ആ ചിരി എനിക്കൊട്ടും പിടിച്ചില്ല.
“ശരിക്കും വായിച്ചു പഠിച്ചോടീ, യ്യീയൊക്കെ അന്ഭവിക്കേണ്ടത് തന്നെല്ലേ”
“ഞാനയിന് സ്ത്രീ ആയിട്ടില്ലല്ലോ. ഇപ്പം ഞാനൊര് പെങ്കുട്ടി മാത്രല്ലേ”
ഒരു പെണ്‍കുട്ടി സ്ത്രീയായി മാറുന്നതിന് അധിക കാലതാമസമൊന്നും വേണ്ടിവരില്ല എന്നതു അതു പറയുമ്പോള്‍ എനിക്കറിയില്ലായിരുന്നു. ഞാനും ഹംസയും ഒരുമ്മായുടെ വയറ്റില്‍ ഒരേ സമയത്ത് ഒരുമിച്ച് കിടന്ന്‍ ഒരുമിച്ച് തന്നെ പുറത്തേക്ക് വന്നവരാണെങ്കിലും അതിന്‍റേതായ ഐക്യമോ സാമ്യതയോ ഒന്നും ഞങ്ങള്‍ തമ്മിലും ഇല്ല ഞങ്ങള്ടെ സ്വഭാവങ്ങള്‍ തമ്മിലും ഇല്ല. രൂപം കൊണ്ട് അവനാണും ഞാന്‍ പെണ്ണും ആയിരുന്നെങ്കിലും സ്വഭാവം വെച്ചു നോക്കുമ്പോള്‍ ഞാനാണ് ആണ്. ഓടാനും ചാടാനും സൈക്കിളോട്ടാനും മരം കയറാനും ഒക്കെ അവനെക്കാള്‍ കേമത്തരം എനിക്കായിരുന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന കര്ണന്‍ മാഷ് എന്നെ ‘മരംകേറി’ന്നാ വിളിച്ചിര്ന്നെ തന്നെ. ഒരുദിവസം മാഷ് ക്ലാസ്സില് ഞങ്ങളോരോരുത്തരോടായി വലുതാവുമ്പം ആരാകാനാണ് ആഗ്രഹമെന്ന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് പൊലീസായാ മതിയെന്ന്‍. അപ്പോ മാഷ് പറയ്യ്യാ നിന്നെ പോലത്തെ മരംകേറിക്ക് അതു തന്നെയാ പറ്റിയ പണീന്ന്‍. ഞാന്‍ വെറുതെ പറഞ്ഞതല്ല പൊലീസാവണംന്ന്‍. എന്‍റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു ഒരു ഐ.പി.എസ് ഓഫീസറാവുക എന്നത്. അല്ല ജീവിതലക്ഷ്യം തന്നെയായിരുന്നു. ഇന്നലെ കൂടി പോലീസ് ഓഫീസറുടെ വേഷത്തില്‍ നില്‍ക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടിരുന്നു. അന്നു വൈകീട്ട് വീട്ടിലെത്തിയുടനെ ഹംസ ചിരിച്ചു കൊണ്ട് ഉമ്മാനോട് പറഞ്ഞു.
“ഉമ്മാ, ഇന്ന്‍ മാഷ് ചോദിച്ചപ്പം ഇവള് പറയ്യ്യാ ഇവള്‍ക്ക് വല്താവുമ്പം പോലീസാവണംന്ന്‍.” അതും പറഞ്ഞ് അവനെന്നെ കളിയാക്കി ചിരിക്കുകയായിരുന്നു.
“എന്തടാനിക്ക് പോലീസായാല്‍”
“ഹും പോലീസ്പോലും. പെണ്ണ്ങ്ങളല്ലേ പോലീസാവ്‌ന്നെ” അതു കേട്ടപ്പോള്‍ അവന്‍റെ ചിരിയില്‍ ഉമ്മയും പങ്കുചേര്‍ന്നു.
നാട്ടില് സകല കുരുത്തക്കേടുകള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് ഞങ്ങളായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും ഹംസയും മാത്രമല്ല, കിഴക്കേവീട്ടിലെ ആതിര, അവള്ടെ വല്യച്ഛന്‍റെ മോന്‍ അപ്പു, വടക്കേവീട്ടിലെ തോമസ്, രണ്ടു വീടുകള്‍ക്കപ്പുറം താമസിക്കുന്ന സല്‍മാന്‍, സനല്‍ എന്നിവരുമുണ്ടായിരുന്നു ഞങ്ങള്ടെ കൂട്ടത്തില്‍. ഞങ്ങളൊരുമിച്ചാണ് എന്നും സ്ക്കൂളിലേക്ക് പോകുന്നതും വരുന്നതും. ആ പോക്കുവരവ് നല്ല രസമായിരുന്നു. പോകും വഴിക്ക് പുറത്താരേയും കാണാത്ത പുരയിടങ്ങളില്‍ കയറി മാങ്ങയ്ക്ക് കല്ലെറിയുക. വീഴുന്ന മാങ്ങയും പുളിയും പെറുക്കിയെട്ത്ത് സ്ക്കൂളിനട്ത്തുള്ള തോട്ടിന്‍റെ കരയില്‍ പോയി വട്ടമിരുന്ന് തിന്നുക. ഇതൊക്കെയായിരുന്നു ഞങ്ങള്ടെ പ്രധാന കലാപരിപാടികള്‍. ഒരോണക്കാലത്ത് ഞങ്ങളെല്ലാരും ചേര്‍ന്ന്‍ തുമ്പ നുള്ളാന്‍ പോയി മടങ്ങിവര്ന്ന സമയത്താണ് അപ്പുറത്തെ വീട്ടിലെ ആമിനതാത്ത ഉമ്മാനോട് പറയുന്നത് കേട്ടത്.
“അല്ല കദീജാ, ഈയ്യെന്താ ഈ പെങ്കുട്ടിയെ ഇങ്ങ്നെ കയറൂരി ബ്ട്ടിരിക്ക്ന്നെ, നോക്കിയേ, ഓള്‍ക്ക് മാറൊക്കെ വരാന്‍ തുടങ്ങി. ഇപ്പടുത്ത് പ്രായപൂര്‍ത്തിയാകും. എനിയോളെ അങ്ങനെ ആങ്കുട്ട്യോളെക്കൂട്ട് ഊര് തെണ്ടാനൊന്നും വിടണ്ട കേട്ടോ”
എന്തായീ പ്രായപൂര്‍ത്തിയാകാന്ന്‍ വെച്ചാല്.ഇന്നാള് പുറംപണിക്കു വരുന്ന നാണിതള്ളയും പറയുന്നത് കേട്ടു അവരുടെ കൊച്ചുമോക്ക് പ്രായപൂര്‍ത്തിയായെന്ന്‍. ഉമ്മാനോടു ചോദിച്ചാലോ അല്ലേ വേണ്ട. എനിക്കെന്തായാലും ആ സംശയം അധികനാള്‍ മനസ്സിലിട്ടു കൊണ്ടു നടക്കേണ്ടി വന്നില്ല. എന്നിലെ പെണ്‍കുട്ടിയെ സ്ത്രീയാക്കി മാറ്റിക്കൊണ്ട് ഞാനുമൊരു സ്ത്രീയായെന്ന്‍ എന്നെയും മറ്റുള്ളോരെയും അറിയിച്ചുകൊണ്ട് പെട്ടെന്നൊരു ദിവസം എന്‍റെ ജീവിതത്തിലേക്കും ചുവപ്പ് കടന്നുവന്നു. ഒരു പെണ്‍കുട്ടിയുടെ ആദ്യത്തെ മരണം. അവള്ടെ സ്വാതന്ത്ര്യത്തിന്‍റെ മരണം. കളിച്ചു ചിരിച്ച് പാറിപറന്നു നടന്നിരുന്ന ഒരു ചിത്രശലഭം കൈപ്പിടിയിലൊതുങ്ങിയ പോലെ എന്‍റെ കാലിന്മേല്‍ പാരതന്ത്ര്യത്തിന്‍റേയും നിയന്ത്രണങ്ങളുടെയും ചങ്ങല വന്നു വീണു.അന്നു രാത്രി ഉപ്പ ഉമ്മാനോടു പറയുന്നതു കേട്ടു.
“എനി പയേപോലെ ഓളെയങ്ങ്നെ കണ്ണീക്കണ്ട ചെക്കമ്മാരോടൊപ്പം ഊര് തെണ്ടാനും കളിക്കാനുയൊന്നും വിടണ്ട. ആളോള് വല്ലതും പറഞ്ഞ്ണ്ടാക്കും. ഉസ്ക്കൂളിലേക്ക് എനി നടന്ന്‍ പോണ്ടാന്ന്‍ പറ. ഞമ്മള് രാവിലെ കച്ചോടത്തിന് പോമ്പം കാറില്‍ കൊണ്ടോയിയാക്കികോളാം. വൈന്നേരം അഥവാ ഞമ്മക്ക് നേരം കിട്ടീല്ലേലും ആ ഡ്രൈവറ്ചെക്കന്‍ ചെന്ന്‍ കൂട്ടിക്കൊണ്ട് വന്നോളും.” അങ്ങനെ ഉപ്പാന്‍റെ വെള്ള അംബാസിഡര്‍ കാറിലായി പിന്നെ എന്‍റേയും ഹംസാന്‍റേയും സ്ക്കൂളിലേക്കുള്ള യാത്ര. സ്ക്കൂളിന്‍റെ പടിക്കല്‍ കാറില്‍ ചെന്നിറങ്ങുമ്പോള്‍ ആദ്യമെനിക്കൊരു ഗമയൊക്കെ തോന്നിയിരുന്നു. ഇന്നത്തെ പോലെയല്ലല്ലോ അന്ന്‍ കാറുള്ള വീടുകള്‍ വളരെ അപൂര്‍വ്വമല്ലേ. പക്ഷേ പിന്നെയെനിക്ക് മനസ്സിലായി എന്‍റെ കാലിന്മേല്‍ വീണ പാരതന്ത്ര്യത്തിന്‍റെ ചങ്ങല കൂടുതല്‍ മുറുകിവരുന്നതിന്‍റെ ആദ്യപടിയാണ് ആ കാര്‍ യാത്രയെന്ന്‍. ഹംസയ്ക്ക് അങ്ങനെ തോന്നാന്‍ തരമില്ല കാരണം സ്ക്കൂള്‍ വിട്ട് വീട്ടില് എത്തിയയുടനെ പുസ്തകങ്ങള്‍ ഒരു ഭാഗത്തേക്ക് എറിഞ്ഞ് കുപ്പായംപോലും മാറാതെ അവന്‍ കളിക്കാന്‍ ഓടുമായിരുന്നു. എനിക്കതു പറ്റിയിരുന്നില്ല. ഋതുമതിയായതില്‍ പിന്നെ കളിക്കാനും കറങ്ങിനടക്കാനുമൊന്നും ഉമ്മ എന്നെ വിടാറില്ല. അവന്‍ പുറത്തു പോയി കളിക്കുന്നു.ഞാനോ വീട്ടിലിരുന്ന്‍ ചെറിയ ചെറിയ വീട്ടുജോലികളില്‍ ഉമ്മായെ സഹായിക്കുന്നു. കുട്ടിത്തം വിട്ടുമാറുന്നതിനു മുന്‍പേ യുവത്വത്തിന്‍ തടങ്കലിലടയ്ക്കപ്പെട്ടപോലെയാണ് എനിക്കു തോന്നിയത്. കാലം കുറച്ചു കഴിഞ്ഞു. ഞാനും ഹംസയും പത്താം ക്ലാസ് പാസായി. ടൌണിലെ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. അപ്പോഴേക്കും ഉപ്പാന്‍റെ കച്ചോടവും ആരോഗ്യവുമെല്ലാം ക്ഷയിച്ചുതുടങ്ങിയിരുന്നു. കച്ചോടത്തിലെ പ്രശ്നങ്ങള്‍ കാരണം വീടിനു പിന്നിലായിയുണ്ടായിരുന്ന ഒന്നര ഏക്കര്‍ പുരയിടവും കാറും എല്ലാം വില്ക്കേണ്ടി വന്നു. ടൌണിലെ കോളേജിലേക്ക് എന്നും എനിക്ക് കൂട്ടുവരാന്‍ ഉപ്പാനെ ആരോഗ്യം അനുവദിക്കാതെയായി. അതുകൊണ്ട് പിന്നെ എന്‍റെ ബോഡീഗാര്‍ഡിന്‍റെ ചുമതല ഹംസയെയാണ് ഉപ്പ ഏല്‍പ്പിച്ചത്. കോളേജില്‍ പോകുന്നതും വരുന്നതും എന്‍റെ കൂടെ തന്നെയായിരിക്കണം. എന്‍റെ മേലെ എപ്പോഴും ഒരു കണ്ണ്‍ വേണം. നോക്കുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ എന്നെ ആരേലും ശല്യപ്പെടുത്തിയാല്‍ അവനിട്ട് രണ്ടെണ്ണം കൊടുക്കണം. ഇതൊക്കെയായിരുന്നു ഉപ്പാന്‍റെ നിബന്ധനകള്‍. അതോടെ ഹംസ ശരിക്കും കഷ്ടത്തിലായി. കൂട്ടുകാരൊത്ത് കറങ്ങി നടക്കാനോ കോളേജ് ജീവിതം ശരിക്കൊന്നാസ്വദിക്കാനോ അവന് പറ്റാതായി. അതുകൊണ്ടായിരിക്കാം എന്നെ കെട്ടിച്ചയക്കാന്‍ ഉപ്പാനേയും ഉമ്മാനേയും കാള്‍ തിടുക്കം അവനായിരുന്നു. ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോഴായിരുന്നു എന്‍റെ കല്യാണം. അഷ്‌റഫ്‌ക്കാന്‍റെ കല്യാണാലോചന വന്നപ്പോള്‍ അതില്‍ വലിയ അപാകതയൊന്നും ഞാന്‍ കണ്ടില്ല. കോളേജ് അദ്ധ്യാപകന്‍, കാണാന്‍ സുന്ദരന്‍, വീട്ടിലാണേല്‍ അത്യാവശ്യം സമ്പത്തൂണ്ട്. വിദ്യാഭ്യാസമുള്ളയാളായതു കൊണ്ട് ഞാന്‍ തുടര്‍ന്നു പഠിക്കുന്നതിനോ ജോലിക്കു പോകുന്നതിനോ എതിര് നില്‍ക്കില്ല എന്നു ഞാന്‍ കരുതി. എന്‍റെ ജീവിതത്തില്‍ വസന്തം വന്നൂന്ന്‍ ഞാന്‍ അഹങ്കരിച്ചു.പക്ഷേ കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എനിക്ക് മനസ്സിലായി , ഏതൊരു പെണ്ണിനെയും പോലെ വിവാഹം എനിക്കും രണ്ടാമത്തെ മരണമായിരുന്നെന്ന്‍. എന്‍റെ ചിന്തകളുടെ, കാഴ്ചപ്പാടുകളുടെ, സ്വപ്നങ്ങളുടെ മരണം.
പോകുന്നതും വരുന്നതും അഷ്റഫ്ക്കാന്‍റെ കൂടെ പഠിക്കുന്നുണ്ടേല്‍ അയാള്‍ പഠിപ്പിക്കുന്ന കോളേജില്‍ ആയൊരു നിബന്ധനയില്‍ എന്തോ ഒരു ഭാഗ്യത്തിന് അവരെന്നെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു. അതിനായി ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കോളേജില്‍ നിന്നും ടി.സി വാങ്ങി അയാള്‍ പഠിപ്പിക്കുന്ന കോളേജില്‍ ചേര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ കല്യാണത്തിനു ശേഷം എന്‍റെ ബോഡിഗാര്‍ഡിന്‍റെ ചുമതല അഷ്‌റഫ്‌ക്ക ഏറ്റെടുത്തു. ഭര്‍ത്താ രക്ഷതി യൌവ്വനേ എന്നല്ലേ. ഡിഗ്രി കഴിഞ്ഞതോടെ പുറം ലോകവുമായി എനിക്കാകെയുണ്ടായിരുന്ന ബന്ധവും അറ്റു പോയതുപോലെയാണ് എനിക്കു തോന്നിയത്. വിവാഹശേഷം എന്‍റെ കാലിലെ നിയന്ത്രണങ്ങളുടെ ചങ്ങല കൂടുതല്‍ കൂടുതല്‍ മുറുകി വരികയാണ് ഉണ്ടായത്. അഷ്റഫ്ക്കാന്‍റെ വീട്ടുകാര്‍ എന്‍റെ വീട്ടുകാരേക്കാളും യാഥാസ്ഥിതികര്‍ ആയിരുന്നു. പെണ്ണുങ്ങള്‍ ഉമ്മറത്ത് ഇരിക്കാന്‍ പാടില്ല, ഉറക്കെ സംസാരിക്കാന്‍ പാടില്ല., ആണ്‍കൂട്ടില്ലാതെ എവിടേക്കും പോകാന്‍ പാടില്ല.പുരുഷസഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ പാടില്ല എന്തൊക്കെ നിയന്ത്രണങ്ങളായിരുന്നു. ആ നിയന്ത്രണങ്ങള്‍ക്കിടയില്‍പ്പെട്ട് എന്‍റെ സിവില്‍ സര്‍വ്വീസ് സ്വപ്നം വാടി തളര്‍ന്നു കരിഞ്ഞുണങ്ങുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ എനിക്കായുള്ളൂ. പുറമെ നിന്ന്‍ നോക്കി കാണുന്ന ഒരാള്‍ക്ക് എന്‍റെ ജീവിതം ആനന്ദകരമായി തോന്നുമെങ്കിലും എനിക്കതങ്ങനെ ആയിരുന്നില്ല. അത് ചിലപ്പോള്‍ എന്‍റെ കാഴ്ചപ്പാടിന്‍റെ കുഴപ്പം കൊണ്ടായിരിക്കാം. ജീവിതത്തില്‍ വളരെ വിചിത്രമായ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും വെച്ചു പുലര്‍ത്തുന്ന ഒരാളായിരുന്നു എന്‍റെ ഭര്‍ത്താവ്. അയാള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം പലപ്പോഴും എനിക്കൊട്ടും യോജിക്കാന്‍ പറ്റാത്തവ ആയിരുന്നു. സിംഹത്തിന്‍റെ അടുത്തകപ്പെട്ട മാന്‍കിടാവിനെ പോലെ പേടിച്ചു വിറച്ചാണ് അയാള്‍ക്കു മുന്‍പില്‍ ഞാന്‍ നിന്നിരുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ ഞാനുമ്മാനോട് എന്‍റെ എല്ലാ സങ്കടങ്ങളും തുറന്നു പറഞ്ഞു . എല്ലാം കേട്ടു കഴിഞ്ഞ് എന്‍റെ തോളില്‍ തട്ടികൊണ്ട് ഉമ്മ പറഞ്ഞു.
“മോളേ, ഒക്കെ സഹിക്കേണ്ടവരാ ഞമ്മള് പെണ്ണുങ്ങള്. ജീവിതാവുമ്പം ചെലതൊക്കെ ഞമ്മള് കണ്ടില്ലാ കേട്ടില്ലാന്ന്‍ വെക്കേണ്ടി വരും. മോളെ, ഇന്‍റെ കുടുംബത്തിന്‍റെ സന്തോഷത്തിന്‍റെ താക്കോല്‍ എപ്പോഴും ഇന്‍റെ കൈയ്യിലാ ഉള്ളത്. അതെപ്പോഴും യ്യീ ഓര്‍ക്കണം. ഞമ്മള് പെണ്ണുങ്ങള് എത്രത്തോളം സഹിക്കുന്നോ അതിനനുസരിച്ചിരിക്കും നമ്മുടെ കുടുംബത്തിന്‍റെ സമാധാനം. ഈയൊന്നാലോയിച്ച് നോക്കിയേ,ഇന്നാട്ടില് എത്രയോ ആണുങ്ങള് കുടുംബം നോക്കാണ്ട്, പണിക്കൊന്നും പോകാണ്ട് ഒര്ത്തരവാദിത്വവുമില്ലാതെ തെണ്ടിതിരിഞ്ഞ് നടക്ക്ന്ന്ണ്ട്. ഓന് അങ്ങനെയൊന്നും ചെയ്യ്‌ന്നില്ലല്ലോ. പണിയെട്ത്ത് ഇനിക്ക് ഉണ്ണാനും ഉടുക്കാനും കൊണ്ട്തര്ന്നില്ല്യേ. അത് തന്നെ വല്യ കാര്യേല്ലേ. അപ്പം ഓന് പറയ്യ്ന്നതൊക്കെ അന്സരിച്ച് ഓന് വേണ്ടതൊക്കെ ചെയ്ത്കൊട്ത്ത് ഈയ്യും സമാധാനത്തോടെ ജീവിക്ക അത്രതന്നെ.” ഉമ്മാന്‍റെ മറുപടി കേട്ടപ്പോള്‍ ഞാനാകെ തളര്‍ന്നു പോയി. പിന്നീട് ഒരിക്കലും ഞാനാരോടും എന്‍റെ സങ്കടങ്ങളും പരാതിയൊന്നും പറയാന്‍ പോയിട്ടില്ല. ദുഃഖങ്ങളൊക്കെ മനസ്സിലൊരു കോണില്‍ ഒളിപ്പിച്ചുവെച്ച് കപടചിരി ചിരിച്ചു കാണിക്കാന്‍ ഞാനും പഠിച്ചു കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എന്‍റെ പ്രസരിപ്പും ഉന്മേഷവും തന്‍റേടവുമെല്ലാം ചോര്‍ന്നുപോയി ഞാനൊരു ജീവനുള്ള പാവപോലെ ആയിതീര്‍ന്നിരിക്കുന്നു. തീര്‍ത്തും ഒരബലയായത് പോലെ. സ്ത്രീകളാരും അബലകളായി ജനിക്കുന്നതല്ല. വിധിയെന്നോ സാഹചര്യമെന്നോ സമൂഹമെന്നോ വിളിക്കുന്നവ അവരെ അബലകളാക്കി തീര്‍ക്കുന്നതാണ്.
ഒരുമ്മയാകാന്‍ ഞാന്‍ മാനസികമായി ഒട്ടും തയ്യാറെടുത്തിട്ടുണ്ടായിരുന്നില്ല.
എന്നിട്ടു കൂടി അധികം താമസിയാതെ ഞാനൊരാണ്‍കുഞ്ഞിനു ജന്മംനല്‍കി. പിന്നീടങ്ങോട്ടുള്ള കുറച്ചു കാലങ്ങള്‍ ഞാന്‍ പ്രസവിക്കാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു. അടുപ്പിച്ചടുപ്പിച്ചുള്ള നാല് പ്രസവങ്ങള്‍ അതും നാല് ആണ്‍കുഞ്ഞുങ്ങള്‍. നാല് കുഞ്ഞുങ്ങളുടെ ഉമ്മയായതോടെ എനിക്കൊന്ന്‍ സങ്കടപ്പെട്ടിരിക്കാന്‍ പോലും നേരമില്ലാതായി. ഞാനെന്നെ മറന്നു എന്‍റെ സങ്കടങ്ങളെ മറന്നു സ്വപ്നങ്ങളെ മറന്നു. മറന്നുവെന്നല്ല പറയേണ്ടത് എന്നിലെ മാതൃത്വം എന്നുള്ളില്‍ നിന്നും അതൊക്കെയും തൂത്തെറിഞ്ഞു പകരം മക്കളോടുള്ള സ്നേഹവും വാത്സല്യവും മാത്രം നിറച്ചു. പിന്നെയെല്ലാ അമ്മമാരേയും പോലെ സ്വപ്നങ്ങളെല്ലാം മക്കളിലൂടെ നിറവേറ്റാമെന്ന്‍ പ്രതീക്ഷിച്ച് മക്കളെ വളര്‍ത്തി. അങ്ങനെ ഒരനുസരണയുള്ള ഭാര്യയായി സ്നേഹമുള്ള ഉമ്മയായി ഞാന്‍ ജീവിച്ചു. അല്ല എന്നിലൂടെ മറ്റുള്ളോരെ ജീവിപ്പിച്ചു. ഇന്ന്‍, കോളേജ് അദ്ധ്യാപകനായിരുന്ന എന്‍റെ ഭര്‍ത്താവ് വളര്‍ന്നു വലുതായി ഒരു കോളേജ് പ്രിന്‍സിപ്പലായി. മക്കളും വളര്‍ന്നു വലുതായി ഓരോ നിലയിലെത്തി. ഞാന്‍ മാത്രം വളര്‍ച്ച മുരടിച്ച ഒരു പാഴ്മരമായി ഇവിടെയിങ്ങനെ. എന്നിലൂടെ പടര്‍ന്നു കയറി പന്തലിച്ചു വളര്‍ന്നു വലുതായവര്‍ക്കു വളര്‍ച്ച മുരടിച്ച ഈ ചാഞ്ഞ മരത്തെ ഒന്നു താങ്ങിനിര്‍ത്താനോ തിരിഞ്ഞു നോക്കാനോ നേരമില്ല. ഒരുപാട് സങ്കടം തോന്നീട്ടുള്ള നാളുകളായിരുന്നു അവ. ഇത്രയുംകാലം ഈ ലോകത്തുണ്ടായിരുന്നിട്ടും എനിക്ക് എവിടെയും ഒരു മുദ്ര പോലും പതിപ്പിക്കാന്‍ സാധിക്കാതെപോയതിലുള്ള നഷ്ടബോധത്തിന്‍റെ നാളുകള്‍. ജീവിതത്തെ അത്രത്തോളം വെറുത്തിരുന്നു അന്നൊക്കെ. പക്ഷേ ഇപ്പോള്‍ മാറാരോഗത്തിനടിമപ്പെട്ട് മരണത്തിന്‍റെ സമയവും സന്ദര്‍ഭവും ഏതാണ്ട് കുറിക്കപ്പെട്ട ഈ നിമിഷങ്ങളില്‍ ജീവിക്കുവാന്‍ അതിയായ കൊതി തോന്നുന്നു. മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത വിധം ജീവിതത്തോട് അടങ്ങാത്ത ആസക്തി തോന്നുന്നു.
കണ്ണു തുറന്നു നോക്കുമ്പോള്‍ തിരക്കുകളെല്ലാം ഒഴിവാക്കി എന്‍റെ ചുറ്റിലും നില്‍ക്കുന്നു ഭര്‍ത്താവും മക്കളും എവിടെ നിന്നോ കടം കൊണ്ട സങ്കടവുമായി സഹതാപം അറിയിക്കാന്‍ വന്നെത്തിയ ചില ബന്ധുക്കളും.എനിക്കേറ്റവും ദേഷ്യം തോന്നീട്ട്ള്ള ഒരു കാര്യമാണ് ഒരാള്‍ക്ക് ഒരു ദുരിതം വരുമ്പോള്‍ സഹതാപം പ്രകടിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് അത് വന്നില്ലല്ലോ എന്നാശ്വസിക്കുകയല്ലേ ചെയ്യുന്നത്. ദുഃഖാര്‍ത്തരാണ് ഭര്‍ത്താവും മക്കളും. ആ ദുഃഖം യഥാര്‍ത്ഥത്തില്‍ ഉള്ളതോ അതോ അഭിനയമോ. യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കില്‍ അവരെന്നെ സ്നേഹിച്ചിരുന്നു എന്നല്ലേ അതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ വല്ലപ്പോഴുമെങ്കിലും അവരെന്നെ അറിയാനും മനസ്സിലാക്കാനും ശ്രമിച്ചേനെ. ഒരാളോട് നമ്മള്‍ സ്നേഹം പ്രകടിപ്പിക്കേണ്ടത് അയാള്‍ മരണത്തെ കാത്തുകിടക്കുമ്പോഴല്ല. മറിച്ച് ആ സ്നേഹം മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്ന അയാളുടെ നല്ല നാളുകളിലാണ്. അല്ലെങ്കില്‍ ജീവിതത്തെ വിട്ട് മരണത്തെ പുല്‍കാന്‍ നില്ക്കുന്ന അയാളുടെയുള്ളില്‍ ജീവിതത്തോടുള്ള കൊതി വീണ്ടും ജനിപ്പിച്ച് അയാളെ കൂടുതല്‍ സങ്കടപ്പെടുത്താനേ അതുപകരിക്കയുള്ളൂ. അഷ്റഫ്ക്കാന്‍റെ മുഖത്തുള്ള ദുഃഖം യഥാര്‍ത്ഥത്തിലുള്ളത് ആണെന്ന് തോന്നുന്നു. അതെന്നോടുള്ള സ്നേഹം കൊണ്ടൊന്നുമായിരിക്കില്ല. ഞാനീ ലോകത്തൂന്ന്‍ പോയാല്‍ ഏറ്റവും കൂടുതല്‍ വിഷമങ്ങള്‍ അനുഭവിക്കേണ്ടി വരിക അദ്ദേഹമാണല്ലോ. ഈ പ്രായത്തില്‍ തനിയെ ജീവിക്കുക എന്നു പറയുന്നത് ദുഷ്ക്കരം തന്നെ. അല്ലേലും ഈ സ്നേഹം നിര്‍ണ്ണയിക്കപ്പെടുന്നത്, ഒരാളെ കൊണ്ട് നമ്മുക്കുള്ള ലാഭനഷ്ടങ്ങളുടെ കണക്കെടുത്ത് അതിനനുസരിച്ചാണല്ലോ. മക്കള്‍ തിരക്കുകളെല്ലാം വിട്ട് എന്‍റടുത്തു വന്നു നില്‍ക്കുന്നതിന്‍റെ മനശ്ശാസ്ത്രം എന്താവോ. മാതാപിതാക്കളുടെ അവസാന നാളുകളില്‍ അവരുടെയടുത്ത് ഉണ്ടായിരിക്കുക എന്നത് മക്കളുടെ ഉത്തരവാദിത്വമാണല്ലോ. ആ ഉത്തരവാദിത്വം നിറവേറ്റാനായില്ലെങ്കില്‍ അതു മക്കളുടെ പിന്നീടുള്ള സ്വസ്ഥ ജീവിതത്തില്‍ കുറ്റബോധത്തിന്‍റെ കരിനിഴല്‍ പടര്‍ത്തിയാലോ എന്നു ഭയന്നായിരിക്കും.
എന്തായാലും മരണം പടിവാതില്‍ക്കല്‍ വന്നു നില്ക്കുംപോലെ. അല്ലെങ്കില്‍ത്തന്നെ ഇനിയെന്താ മരിക്കാനുള്ളത്. ഒരു പെണ്ണ്‍ ഋതുമതിയായാല്‍ തന്നെ അവളുടെ സ്വാതന്ത്ര്യവും ചലനങ്ങളും മരിക്കുന്നു. വിവാഹിതയാവുന്നതോടെ അവളുടെ സ്വപ്നങ്ങളും ചിന്തകളും വ്യക്തിത്വവും മരിക്കുന്നു. ആസന്നമായിരിക്കുന്ന മരണത്തിന്‍റെ ഈ മൂന്നാം ഘട്ടത്തില്‍ ഇനിയാകെ പാതിമറഞ്ഞ ബോധവും ഒരിറ്റുജീവനും മാത്രമേ അറ്റുപോകാന്‍ ബാക്കിയുള്ളൂ. മരണത്തിന്‍റെ ഈ മൂന്നാംഘട്ടം എന്നില്‍ ശേഷിപ്പുള്ള ജീവന്‍റെ ഒരിറ്റുവെളിച്ചത്തെ കൂടി അണയ്ക്കുന്നതിനു മുന്‍പ് ഒരിത്തിരി ദിവസങ്ങളെങ്കിലും എനിക്കു ഞാനായി ഞാനെന്ന വ്യക്തിയായി ജീവിക്കുവാന്‍ കിട്ടിയിരുന്നെങ്കില്‍…….