ഞാനൊരു പൂവായിരുന്നു
ചേലും ചന്തവും
ഗന്ധവും തേനുമുള്ള
ഒരു മോഹന പുഷ്പം
ഒരു വ്യാഴവട്ടക്കാലം
ഞാന്‍ വിടര്‍ന്ന്
പടര്‍ന്ന് ഇരുളില്‍ വിലസി
ആ വിലാസം കൊണ്ടല്ലയോ
ഞാനുമെന്റെ മക്കളും
വയറിനെ അടക്കിയതും
ആമാശയം നിറച്ചതും
നാടുവിട്ടുപോയ
മക്കളുടെ തന്തയാകട്ടെ
എവിടെയോ എന്തോ!
അയാള്‍ക്കു മുമ്പേ
എനിക്കൊരു
പ്രേമുകനുണ്ടായിരുന്നു.
ഒരന്യമത പ്രേമുകന്‍
ആ മതങ്ങളാകട്ടെ
പ്രണയത്തെ ചുട്ടുകരിച്ചു
അങ്ങിനെയല്ലൊ
ഒന്നായിരുന്ന ഞങ്ങള്‍
രണ്ടായി വഴി പിരിഞ്ഞത്.
അങ്ങനെയല്ലോ
പ്രണയം തോറ്റമ്പിയതും
മതങ്ങള്‍ വിജയക്കൊടി
പാറിച്ചതും
ഞാനൊരു പൂവായിരുന്നു
ചേലും ചന്തവും
ഗന്ധവും തേനുമുള്ള
ഒരു മോഹന പുഷ്പം.
പിന്നെപ്പിന്നെ
കൊഴിഞ്ഞുപോയ്
എന്നിതളുകള്‍
ചേലും ചന്തവും
ഗന്ധവും തേനും
എല്ലാമേ പൊയ്‌പ്പോയ്!
കാമുകവൃന്ദങ്ങള്‍ക്ക്
ഒന്നുമേ വേണ്ട
പക്ഷെ മക്കള്‍ക്കിനി
എല്ലാമേ വേണം
വില്ക്കാന്‍ ആകെ-
യുണ്ടായിരുന്ന ശരീരം
ഇനി വാങ്ങാനാളില്ല.
ഞാനുമെന്‍ മക്കളും
നരകത്തീയ്യില്‍
വെന്തെരിയുമ്പോള്‍,
അവനെന്നെ
തേടി വന്നു
പണ്ട് മതങ്ങളുടെ
പേരില്‍
എന്നില്‍ നിന്ന്
ആട്ടിപ്പായിക്കപ്പെട്ട
എന്‍ പ്രിയ പ്രേമുകന്‍!
അവന്‍ വന്നു പറഞ്ഞു
നിന്റെ പൂവിതള്‍കള്‍
പുഴുക്കള്‍ കരണ്ടു
തീര്‍ത്തെന്നറിഞ്ഞു.
നീയും നിന്റെ മക്കളും
അഗതികളായ് ഭവിച്ചെന്നറിഞ്ഞു
പുഴുവരിക്കാത്ത നിന്റെ
മനമെനിക്ക് തന്നാലും
പുഴുവരിച്ച നിന്റെ
മേനി നമുക്ക്
പ്രേമതൈലം പുരട്ടി
മൃദുലമാക്കാം..!