ഒരു വിലാപം

 

folkartwarli1

 

 

അപ്പുമണി സ്വാമികളുടെ അവതാരത്തോടെയാണ് ഭഗവതിക്ഷേത്രത്തില്‍ അനക്കമുണ്ടായിത്തുടങ്ങിയത്. സ്വാമികളെ ദര്‍ശിക്കാനെത്തുന്നവരില്‍ കുറച്ചുപേരെങ്കിലും മാര്‍ഗമദ്ധ്യേയുള്ള ക്ഷേത്രത്തിലും ഒന്നെത്തിനോക്കുമായിരുന്നു. ആശ്രമത്തിലേക്കുള്ള യാത്രയില്‍ ഒരു വിശ്രമത്താവളമായി ക്ഷേത്രത്തെ കണ്ടിരുന്നവരും വിരളമായിരുന്നില്ല. ക്ഷേത്രാങ്കണത്തിലെ അരയാലിന്‍ ചുവട്ടില്‍ ഒന്നിരുന്നിട്ടുപോകുന്നത് പലരും പതിവാക്കിയിരുന്നു.

ഭഗവതിക്കു നല്ലകാലം വന്നുവെന്നാണ് ഒരിക്കല്‍ പൂജാരിതന്നെ അഭിപ്രായപ്പെട്ടത്.

ഗ്രാമത്തിലെ അരപ്പട്ടിണിക്കാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് പരാതിയും പരിഭവങ്ങളും മാത്രമേ ഭഗവതിയുടെ മുന്നില്‍ സമര്‍പ്പിക്കാനുണ്ടായിരുന്നുള്ളു. പ്രമാണിമാരാവട്ടെ ഭഗവതിയെ തിരിഞ്ഞുനോക്കിയതുമില്ല.

പുറംദേശക്കാര്‍ വന്നുതുടങ്ങിയതോടയാണ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിന് അര്‍ത്ഥമുണ്ടായിത്തുടങ്ങിയത്. സേലത്തില്‍ നിന്നെത്തിയ ഒരു തമിഴന്‍ നൂറ്റൊന്നു രൂപ താലത്തിലിട്ടപ്പോള്‍ പൂജാരിക്കത് ആദ്യത്തെ അനുഭവമായിരുന്നു.

അപ്പുമണിസ്വാമികളുടെ കല്പനകിട്ടാന്‍ ക്ഷേത്രത്തില്‍ നേര്‍ച്ചകള്‍ നേരുന്നതും പൂജകള്‍ നടത്തുന്നതും പതിവായിത്തുടങ്ങിയതോടെ പൂജാരിയുടെ ദാരിദ്ര്യത്തിനും അറുതിവന്നു.

അപ്പുമണി സ്വാമികളുടെ കല്പന കിട്ടാതെ നിരാശപ്പെട്ടു മടങ്ങുന്നവര്‍ ക്ഷേത്രത്തില്‍ കയറി സങ്കടമുണര്‍ത്തിക്കുന്നത് പതിവായികല്പന കിട്ടിയവരാവട്ടെ ആ സന്തോഷത്തില്‍ ഭഗവതിയ്ക്കും വല്ലതും കൊടുത്തിട്ടുപോകുമായിരുന്നു.

ചുരുക്കത്തില്‍ ഭഗവതിക്കുള്ള എണ്ണയും തിരിയും പൂജാരിക്കുള്ള അന്നവും അപ്പുമണിസ്വാമികളുടെ ഭക്തന്മാരിലൂടെ ഉറപ്പായി. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിഞ്ഞിരുന്ന പൂജാരി സ്വന്തമായൊരു വീടുവെച്ചു.

അപ്പുമണിസ്വാമിളുടെ അപ്രതീക്ഷിതമായ വേര്‍പാട് എല്ലാം തകിടം മറിച്ചു.

“എന്നാലും എന്റെ ഭഗവതീ, നീ തച്ചുടച്ചത് നിന്റെതന്നെ കഞ്ഞിക്കലമാണല്ലോ.”

മരണവാര്‍ത്തയറിഞ്ഞപ്പോള്‍ പൂജാരി നെഞ്ചത്തുകൈവെച്ചു വിലപിച്ചു. ആ വിലാപം ഒറ്റപ്പെട്ടതായിരുന്നില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English