പണ്ടേറേക്കാലം പഠിപ്പിച്ച ആ പഴയ വിദ്യാലയം ശതാബ്ദി ആഘോഷിക്കുന്നു. തപാലില്‍ കിട്ടിയ നോട്ടീസ് ദിവാകരന്‍ മാഷ് ഒന്നല്ല ഒരു പാട് പ്രാവശ്യം വായിച്ചു. ഇപ്രാവശ്യം പോകണം. പഴയവരില്‍ പലരും വരും. കാണണം സൗഹൃദം പുതുക്കി അതുമിതും പറഞ്ഞിരിക്കണം. പിന്നെ പ്രശസ്തിയിലേക്കുയരുന്ന ആ വിദ്യാലയം നേടിക്കൊണ്ടിരിക്കുന്ന പെരുമകളുടെ പുതിയ ശില്പ്പികളെ പരിചയപ്പെടണം.
പതിവിലും നേരത്തെ എഴുന്നേറ്റു ” നീയും പോരുന്നോ?”
” നിങ്ങള്‍ക്കെന്താ മാഷേ നൊസ്സുണ്ടോ? ഈ വയ്യാത്ത കാലത്ത് ഇത്രയും ദൂരം താണ്ടി പോകാന്‍ ?”
ഭര്യയുടെ എതിര്‍പ്പിനു ചെവികൊടുക്കാതെ മാഷിറങ്ങി.
പാടവരമ്പ് നടന്ന് നടന്ന് കടത്തിറങ്ങി ഉത്സാഹത്തോടെ ഒരു യാത്ര.
” ദിവാകരന്‍ മാഷേ എങ്ങോട്ടോ ഇത്ര തിടുക്കത്തില്‍?”
പഠിപ്പിച്ച സ്കൂളിലേക്കെന്ന് മതിമറന്ന് തോണിക്കാരനോട് മറുവാക്ക് ചൊല്ലി കടവിലെ പടികള്‍ കയറി സ്റ്റാന്‍ഡില്‍ നിന്ന് ടൗണീലേക്ക് ബസ് പിടിച്ചു.
സ്കൂള്‍ പടിക്കല്‍ ബസിറങ്ങി മാഷ് നിന്നേടത്ത് നിന്നു. റോഡ് കടക്കാന്‍ പറ്റുന്നില്ല. വാഹനങ്ങള്‍ നിറഞ്ഞു പായുന്നു. പണ്ട് ഇത്രയും തിരക്കില്ലായിരുന്നു വാഹനങ്ങളുടേ വരവ് വകവയ്ക്കാതെ റോഡ് കടന്നു.
” ഇതേ വഴിയുള്ളു കടക്കാന്‍ ഭാഗ്യോല്ലേ ഇടിച്ച് തെറിപ്പിച്ചൂന്നും വരും”
കൈ പിടിച്ച് കടത്തിയാള്‍ പറഞ്ഞു. വിദ്യാലയത്തിന്റെ പ്രൗഡി കൂടിയിരിക്കുന്നു. മാഷ് വിദ്യാലയത്തിന്റെ ദൂരക്കാഴ്ച ആസ്വദിച്ചു. അങ്കണത്തില്‍ കൊടി പാറുന്നു. തോരണങ്ങള്‍ കാറ്റിലുലയുന്നു. സമ്മേളന പന്തലില്‍ ജനസഞ്ചയം.
മൈതാനിയില്‍ ആള്‍ക്കൂട്ടത്തിലൂടെ നടന്ന് ആകെയൊന്നു നോക്കിക്കണ്ടു. മാവ് നിന്നിടത്ത് മൂന്നു നിലകളൂള്ള പുതിയ കെട്ടിടം. സ്കൂള്‍ ബസുകള്‍, ഗെയിമിനുള്ള കോര്‍ട്ടുകള്‍, സ്മാര്‍ട്ട് ക്ലാസുകള്‍, പച്ചക്കറി കൃഷിയും വാഴത്തോപ്പും പൂത്തുലഞ്ഞു നില്ക്കുന്നു. അന്നത്തെ ആ ഇലഞ്ഞിമരം.
ഇടനാഴിയിലൂടെ ഏറെ നേരം നടന്നു. ക്ലാസ് മുറികള്‍ കയറിയിറങ്ങി. സ്റ്റാഫ് റൂമില്‍ അതിഥികള്‍ക്ക് ചായ സല്ക്കരിക്കുന്ന തിരക്ക്. ചുമരിലെ ഫ്രയിം ചെയ്ത ഫോട്ടകളില്‍ സതീര്‍ത്ഥ്യരുടെ മന്ദഹസിക്കുന്ന മുഖങ്ങള്‍. വിരമിച്ചവര്‍ വിരമിച്ചവരില്‍ മണ്മറഞ്ഞു പോയവരുടേയും ഓര്‍മ്മചിത്രങ്ങള്‍.
ഓരോ ഫ്രയിമും ഒരു ജീവിതമാണ്. ഒരു ആയുഷ്ക്കാലത്തെ കര്‍മ്മനിരതവും സംഭവബഹുലവുമായ സുവര്ണ്ണകാലത്തിന്റെ ഓര്‍മ്മകളുടെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങള്‍.
ഒരു ഫ്രയിമില്‍ സുബ്ബലക്ഷ്മി ടീച്ചറുടെ മന്ദഹസിക്കുന്ന മുഖം. ജീവന്‍ തുടിക്കുന്ന ചിത്രം. കാര്‍ത്തികേയന്‍ മാഷ് വരച്ചത്. സഹപ്രവര്‍ത്തക മാത്രമല്ല അനുജനോടെന്നപോലെ കരുതലുണ്ടായിരുന്നു. ഏഴുവയസിനു മൂപ്പുണ്ട് ശരിക്കും ചേച്ചി. പാട്ടും നൃത്തവും ഒക്കെയുണ്ട്. കലാപരിപാടികള്‍ക്ക് കുട്ടികളെ ഒരുക്കുന്നത് ടീച്ചറാണ്. ഒരു സഹായിയായി താനും.
അന്നൊരു രാത്രിയിലൊരു വാര്‍ഷികാഘോഷം. തിരുവാതിരകളി അരങ്ങില്‍. പിന്നണിയില്‍ പാടുന്നത് ടീച്ചര്‍. മൈക്ക് താഴെ വീണൂ. പിന്നാലെ ടീച്ചര്‍ കുമ്പിട്ടു. മൈക്ക് എടുക്കനെന്ന് തോന്നിച്ചത് . വശം ചരിഞ്ഞ് നിലത്ത് കിടന്നു. നിശ്ചലം യവനിക വീണു.
ആ വാനമ്പാടി ജീവിതത്തിന്റെ യവനികക്കപ്പുറത്ത് മറഞ്ഞു.
സുബ്ബലക്ഷ്മി ടീച്ചറുടെ ചിതത്തിനു മുന്നില്‍ നിന്ന് ദിവാകരന്‍ മാഷ് നൊമ്പരങ്ങള്‍ പറഞ്ഞു.
” പഴയ ആള്‍ക്കാരൊക്കെ വരുമോ?” ഒരു അധ്യാപികയോടു ചോദിച്ചു.
”വരും റിട്ടയര്‍ ചെയ്ത സാറാണല്ലേ? ചായ എടുക്കട്ടെ സാര്‍”
” പി.എസ്.സി ഉണ്ടോ സാര്‍?”
” ആ ടീച്ചറുദ്ദേശിച്ചത് ഇപ്പോഴത്തെ അസുഖങ്ങള്‍ പ്രഷറും ഷുഗറും കൊളസ്ട്രോളും ”
ആ തമാശ സ്റ്റാഫ് റൂമില്‍ ചിരി പടര്‍ത്തി.
” എല്ലാമുണ്ട് എങ്കിലും എടുത്തോ സ്കൂളില്‍ നിന്നൊരു ചായ”
പക്ഷെ ചായയെത്തും മുമ്പേ മുഖ്യമന്ത്രിയെത്തിയെന്ന അറിയിപ്പെത്തി.
തിരക്കിന്റെ ഉറുമ്പിന്‍ കൂടിളകി. ചായക്കു കാത്തിരിക്കാതെ മാഷ് പുറത്തിറങ്ങി. നിറഞ്ഞ് കഴിഞ്ഞിരുന്ന സദസ്സില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ഒരേ ഒരു കസേരയില്‍ മാഷ് തിടുക്കത്തില്‍ ഇരുന്നു. വേദിയില്‍ ആള്‍പ്പൊക്കമുള്ള നിലവിളക്ക്. ചിത്രപ്പണികളുള്ള കസേരകള്‍. മുഖ്യമന്ത്രിയേയും വിശിഷ്ട അതിഥികളേയും കാത്ത് ഒഴിഞ്ഞു കിടക്കുന്നു.
ഒരു വാളണ്ടിയര്‍ മാഷിനടുത്ത് വന്നു.
” ഇത് വി ഐ പി കസേരയാണ് ആളെത്തി ഒഴിഞ്ഞു തരണം”
ആരൊക്കെയോ നടന്നു വരുന്നുണ്ട്. മാഷ് തിടുക്കത്തില്‍ കസേരയില്‍ നിന്നെഴുന്നേറ്റു. വി ഐ പി ക്ക് റിസര്‍വു ചെയ്ത കസേരയില്‍ ഇരുന്ന് പോയതോര്‍ത്ത് മാഷ് പരിതപിച്ചു. എഴുന്നേറ്റ് നിന്ന് ക്സേരയിലൊന്ന് നോക്കി ” Senior – Scinentist – NASA- എന്നെഴുതി വെച്ചിരിക്കുന്നു. അത് കാണാതെയാണല്ലോ ഇരുന്നത്!
വി ഐ പി അടുത്തെത്തി മാഷ് ആഗതനെ നോക്കി അഭിവാദ്യം ചെയ്തു.
‘ അറിയാതെ ഇരുന്നു പോയതാണ് ക്ഷമിക്കണം ‘
വെളൂത്ത വസ്ത്രമണിഞ്ഞ സുമുഖനായ മാഷിനെ നോക്കി യുവാവ് മന്ദഹസിച്ചതേ ഉള്ളു. പിന്നെ മാഷിന്റെ മുഖത്തേക്ക് ഒരു നിമിഷം ഉറ്റു നോക്കി. തിരിച്ചറിവിന്റെ പ്രകാശ കിരണങ്ങള്‍ ആ യുവശാസ്ത്രജ്ഞന്റെ കണ്ണൂകളില്‍ തിളങ്ങി. അത്യാഹ്ലാദത്തോടെ ആ യുവാവ് മാഷിന്റെ കരങ്ങള്‍ സ്പര്‍ശിച്ചു.
” ദിവാകരന്‍ മാഷല്ലേ?എന്നെ ഫിസിക്സ് പഠിപ്പിച്ച മാഷ്?”’
മാഷ് ചിരിച്ചു.
” എസ് എസ് എല്‍ സിക്ക് ഫിസിക്സില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയപ്പോള്‍ സാര്‍ എനിക്കൊരു പുസ്തകം സമ്മാനം തന്നു. ആ പുസ്തകത്തില്‍ സാര്‍ എഴുതിയിരുന്നു രാധാകൃഷ്ണന്‍ സയന്റിസ്റ്റാകുമെന്ന് . ഓര്‍ക്കുന്നോ മാഷേ?”
” ഇപ്പോള്‍ മനസിലായി എന്‍. രാധാകൃഷ്ണന്‍ അല്ലേ?”
” അതെ മാഷേ ” അദ്ദേഹം മാഷിന്റെ പാദങ്ങളില്‍ തൊട്ട് നമസ്ക്കരിച്ചു.
”സാര്‍ ഇവിടെയിരിക്കു. സാറാണ് ശരിക്കും സയന്റിസ്റ്റ് അതെ എന്നെ കണ്ടെത്തിയത്.”
നാസയിലെ സീനിയര്‍ സയന്റിസ്റ്റിനായി ഒഴിച്ചിട്ട കസേരയില്‍ സാറിനെ ആദരപൂര്‍വം ഇരുത്തി ശിഷ്യന്‍ അരുകില്‍ നിന്നു.
എം എന്‍ സന്തോഷ്
കടപ്പാട് – കൈരളി സായാഹ്ന മാസിക
Click this button or press Ctrl+G to toggle between Malayalam and English