ഒരു ഉഷസ്സുകൂടി ഉദിച്ചിരുന്നെങ്കില്‍

sun

 

ജീവിതപുലരി തന്‍ നൈര്‍മ്മല്യത്തില്‍

നിന്‍റെ ഗ്രന്ഥങ്ങളിലൂടെ, നീ പറഞ്ഞു തന്നതൊക്കെയും

അത്രയ്ക്കങ്ങ് മനസ്സിലായില്ലെങ്കിലും

നിന്നെ ഞാന്‍ ആദരിച്ചിരുന്നു,അനുസരിച്ചിരുന്നു

അരുതാത്തതെന്തേലും ചെയ്യുകയാണേല്‍

നീ കാണുന്നുണ്ടെന്ന ഒരുള്‍ഭയം

എന്നുള്ളില്‍ നിലകൊണ്ടിരുന്നു

നിന്നെ ആരേലും നിന്ദിക്കയാണേല്‍

അരുതെന്നു ഞാന്‍ പറഞ്ഞിരുന്നു

എന്നാല്‍ വാഴ്വിന്‍ നട്ടുച്ചയ്ക്ക്

വെയിലു തിളച്ചു തുടങ്ങിയപ്പോളതിന്‍

ചൂടേറ്റെന്‍റെ ചോരയും തിളച്ചുമറിഞ്ഞു

എന്‍റെ സിരകളില്‍ ദുര നുരഞ്ഞുപതഞ്ഞു

എന്നുള്ളില്‍ ഞാനെന്നഭാവം

അതിന്‍ കൊടിമരത്തില്‍ കയറിനിന്നു

അപ്പോഴേക്കും നീ പറഞ്ഞുതന്നതൊക്കെയും

വ്യക്തമായി മനസ്സിലാക്കിയിരുന്നെങ്കിലും

അതൊക്കെയും ഹൃദിസ്ഥമാക്കിയിരുന്നെങ്കിലും

ഒന്നുമേ ഞാനത്ര വകവെച്ചില്ല

നീയാണു പരമസത്യം എന്ന കാര്യം

ഞാന്‍ ബോധപൂര്‍വ്വം മറന്നു

നഗ്നപാദനായി ശൂന്യകരങ്ങളുമായി

നശ്വരമാമീ ലോകത്തുനിന്നു തനിയെ

മറ്റൊരു ലോകത്തേക്ക് യാത്ര പോകേണ്ടതാണെന്നും

അവിടെ എനിക്കു കൂട്ടായി

നീയെന്നോട് ചെയ്യാന്‍ പറഞ്ഞതു മാത്രമേ

കാണുള്ളൂവെന്നും ഞാന്‍ ഓര്‍ത്തില്ല

അരുതാത്തതൊക്കെയും നീ

കാണുന്നുണ്ടെന്നറിയാമായിരുന്നിട്ടും

യാതൊരു മടിയുമില്ലാതെ ചെയ്തുകൂട്ടി

മാര്‍ഗ്ഗമേതെന്നുനോക്കാതെ

ലക്ഷ്യത്തിലേക്കു ഞാന്‍ കുതിച്ചു

അതില്‍ നോവുന്നതാര്‍ക്കെന്നു

അറിയാനൊട്ടു ശ്രമിച്ചുമില്ല

എന്‍ പാപപുസ്തകത്തിന്‍ പേജുകള്‍ നിറഞ്ഞു

നിന്നെ ഞാന്‍ നിന്ദിക്കുകയും തള്ളി പറയുകയും വരെ ചെയ്തു

അതരുതെന്നു പറഞ്ഞവരെയും പരിഹസിച്ചു

ഒടുവില്‍ ജീവിതാന്തിയില്‍

അന്ത്യയാത്രയ്ക്ക് സമയമായെന്നു

മനസ്സു പറയുമ്പോഴന്ന്‍

നേടിയ അറിവുകളൊക്കെയും തിരിച്ചറിവുകളാകുന്നു

ചെയ്തുകൂട്ടിയതൊക്കെയും എന്തിനുവേണ്ടി

എന്ന ഉത്തരം കിട്ടാത്ത ചോദ്യമന്ന്‍

ഞാന്‍ എന്നോട് തന്നെ ചോദിച്ചേക്കാം

ശാശ്വതമാം ലോകത്തേക്കു നീ വിളിക്കുന്ന

ദിവസത്തെ ഭയത്തോടെ കാത്തിരിക്കുമ്പോള്‍

അന്നൊരു പക്ഷേ ഞാന്‍ ആഗ്രഹിച്ചേക്കാം

നിന്നെയറിഞ്ഞനുസരിച്ചു ജീവിക്കുവാന്‍

ഒരു ഉഷസ്സുകൂടി ഉദിച്ചിരുന്നെങ്കില്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here