ഒരു തുളളിക്കായി

balcony

കാലത്ത് എണീറ്റയുടനെത്തന്നെ പല്ലുകൂടി തേക്കാണ്ട് ഒരിത്തിരി ശുദ്ധവായു കിട്ടുന്നതിനായി ഫ്ലാറ്റിലെ ബാല്‍ക്കണിയില് വന്നു നില്ക്കയാണ് ഞാൻ. കണി കണ്ടതോ ജലക്ഷാമം കാരണം എവിടുന്നോ വെളളം കൊണ്ടുവന്നു വിതരണം ചെയ്യുന്ന ടാങ്കർലോറിയേയും കാത്ത് മെയിൻഗേറ്റിന്റെ ഒരറ്റത്തായി രൂപം കൊണ്ട നീണ്ട ക്യൂവിനെയാണ്. നൂറ്റമ്പത് ഫ്ലാറ്റുകളുളള ഈ റോസ് ഗാർഡൻ അപ്പാർട്ട്മെൻറ്റ്സിലെ ഓരോ ഫ്ലാറ്റിൽ നിന്നും ഒരംഗമെങ്കിലും ആ ക്യൂവിൽ നില്പുണ്ടാകും. ഒന്നെങ്കിൽ അച്ഛൻ അല്ലെങ്കിൽ അമ്മ അതുമല്ലേൽ മുതിർന്ന സന്താനം. ആദ്യം ബിൽഡിങ്ങിലെ വാട്ടർടാങ്കിൽ പുറത്ത് നിന്ന് കൊണ്ടുവന്ന വെളളം സംഭരിച്ച് വെക്കാനായിരുന്നു ശ്രമം. അത്രയും വെളളം എവിടെ നിന്നും കിട്ടാനില്ലാതായതോടെ അസോസിയേഷന്റെ തീരുമാനമനുസരിച്ച് ക്യൂ സിസ്റ്റം നിലവിൽ വന്നു. ഒരു കുടുംബത്തിന് ഒരു ദിവസം പരമാവധി നാല്പത് ലിറ്റർ വെളളമാണ് വിതരണം ചെയ്യുക.

ക്യൂവിൽ മുന്നിൽ തന്നെ നില്പുണ്ട് എന്റെ ശ്രീമതിയും. ഈ ഫ്ലാറ്റിൽ താമസം തുടങ്ങ്യേപിന്നെ, മുറ്റമില്ല, കാറ്റും വെളിച്ചവും കടക്കുന്നില്ല, സൊറ പറഞ്ഞിരിക്കാൻ അയൽവക്കകാരാരേയും കിട്ടുന്നില്ല ഇങ്ങനെ നൂറ് പരാതികളായിരുന്നു എന്നും അവൾക്ക്. കുട്ടനാട്ടിലെ ഉരുൾനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന അവൾക്ക് സിറ്റീലെ ബിസീ സംസ്ക്കാരത്തോട് ഒട്ടും പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. “നിനക്കപ്പം വൈകുന്നേരാവുമ്പോ കുട്ടികളുടെ പ്ലേ ഏരിയയിൽ പോയി ഇരുന്നൂടെ. അവിടെ ഏതെങ്കിലും അമ്മമാര്ണ്ടാകുമല്ലോ കൂട്ടിന്.”

“അവിടെയതിന് കൊച്ച്ങ്ങള് മാത്രേ വരാറുള്ള ചേട്ടാ. ഇവിടത്തെ കൊച്ചമ്മമാരിക്കൊക്കെ സൊറ പറഞ്ഞിരിക്കാൻ എവിടെയാ നേരം. എത്ര പരിചയമുളളവരാണേലും കണ്ടാൽ ഒന്ന് ചിരിക്കും കൂടിവന്നാൽ ഒരു ഹായ് പറയും അത്രതന്നെ. ”

എന്തായാലും ഇപ്പോൾ അവൾ വളരെ ഹാപ്പിയാണ്. വെളളക്ഷാമം രൂക്ഷമായേപിന്നെ അവൾക്കിവിടെ ഒത്തിരി സുഹൃത്തുക്കളുണ്ട്. ആ ക്യൂവിൽ പോയി നിൽക്കാൻ അവൾക്ക് ഭയങ്കര ഉത്സാഹമാണ്. സുഹൃത്തുക്കളോടൊക്കെ സൊറ പറഞ്ഞ് നില്ക്കയും ചെയ്യാം. അത്രയും നേരം ഇവിടത്തെ അടുക്കളേലെ പെടാപാടീന്ന് മാറി നില്ക്കയും ചെയ്യാം. അവൾ വെളളവുമായി വരുന്നതുവരെ അടുക്കളേടെ ഇൻചാർജ്ജ് മൂത്തമോൾ അനിതയ്ക്കാണ്. എത്ര തിരക്കുളളവർക്കും വെളളം ഒരു അത്യാവശ്യ ഘടകമാണല്ലോ. അതിനായി കാത്തുകെട്ടി നില്ക്കുമ്പോൾ മുഷിച്ചല് മാറ്റാനെങ്കിലും ആളുകൾ അങ്ങോട്ടുമിങ്ങോട്ടു സംസാരിക്കും ചിലർക്ക് പരസ്പരം സംസാരിക്കുന്നതും ഒരു ബോറടിയാണ്. അങ്ങനെയുളളവർ കാലിബക്കറ്റിനോടൊപ്പം മൊബൈലും കൂടെ കൊണ്ട് പോകും. എന്നിട്ട് ആബക്കറ്റ് കമിഴ്ത്തിവെച്ച് പാതിചന്തിവെച്ചതിലിരുന്ന് ചാറ്റ് ചെയ്യും.

വിളിപ്പേരുളള 9 ബിയിലെ അർജ്ജുൻ ക്യൂവിൽ നിന്നുകൊണ്ട് വ്യായാമം ചെയ്യുന്നു. കണ്ടാൽ ഏതോ അന്യ ഗ്രഹത്തിൽ നിന്നും വന്നതാന്ന് തോന്നുന്ന, ഡാൻസും പാട്ടും കളളും കഞ്ചാവുമായി നടക്കുന്ന, DJ സംഘത്തിൽ പെട്ട 7 ഇ യിലെ പഞ്ചവർണതലയന്മാരും ഉണ്ട്. കുളിയും നനയുമൊന്നും അവറ്റകൾക്ക് പറഞ്ഞിട്ടില്ലേലും മറ്റു പ്രാഥമിക കാര്യങ്ങൾക്കും വെള്ളം ആവശ്യമാണല്ലോ.

പുറത്താരോ കോളിംഗ്ബെല്ലടിക്കുന്നു. പത്രക്കാരനാണ് പത്രം കൈയ്യിലെടുത്ത് നിവർത്തിയപ്പോൾ എനിക്കൊരാശ. ചൂടുളള വാർത്തകൾക്കൊപ്പം ഒരു ചൂടുചായ കൂടി കിട്ടിയിരുന്നെങ്കിൽ. ഒരു നിവൃത്തിയുമില്ല. ചായ ഉണ്ടാക്കാനും വെള്ളം വേണമല്ലോ. ഭാര്യ വെളളവുമായി എത്തിയപ്പോൾ എനിക്ക് പെട്ടെന്നൊരു ഉന്മേഷവും ഉത്സാഹവും കൈവന്നപോലെ. വേഗം നോക്കട്ടെ 8.45 ആകുമ്പോഴേക്കെങ്കിലും വീട്ടിൽ നിന്നിറങ്ങണം. അല്ലേല് പത്താം നിലയിൽ നിന്ന് കോണിപ്പടി വഴി താഴെയിറങ്ങേണ്ടിവരും. രാവിലെ 8 മണി തൊട്ട് 9 മണി വരെയേ ലിഫ്റ്റ് ഓണാക്കിയിടുകയുളളൂ. സേവ് എനർജി അതുതന്നെ കാര്യം.

ലിഫ്റ്റിറങ്ങി വരാന്തയിലൂടെ മുൻവശത്തേക്ക് നടക്കുമ്പോൾ കണ്ടു. കേരളത്തിലെ പുഴകളെപ്പോലെ തന്നെ വറ്റിവരണ്ട് കിടക്കുകയാണ് സ്വിമ്മിങ്ങ്പൂളും. സ്കൂളിലേക്ക് പോകാനിറങ്ങിയ മൂന്നാല് കുട്ടികൾ നിരാശയോടെ സ്വിമ്മിങ്ങ്പൂളിലേക്ക് തന്നെ ഉറ്റുനോക്കി നില്പുണ്ട്. വല്ല മാന്ത്രികവിദ്യയിലൂടെയും വെളളം കയറുന്നുണ്ടോന്ന് നോക്കുകയായിരിക്കും. റോഡിലേക്കിറങ്ങിയപ്പോൾ ഞാൻ തിരിഞ്ഞുനിന്ന് റോസ്ഗാർഡൻ അപ്പാർട്ട്മെൻറ്റ്സിനെ ഒന്നു നോക്കി. ഭീമമായ തുക കൊടുത്തു ഫ്ലാറ്റ് സ്വന്തമാക്കിയവർ, എന്നും ഉയരങ്ങളെ മാത്രം ആഗ്രഹിച്ചിരുന്നവർ, അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഇപ്പോൾ ഒരു കിണറിന്റെ താഴ്ചയോളം താണുപോയിരിക്കുന്നു.

അന്നു വൈകീട്ട് ഞാൻ ഓഫീസിൽ നിന്നും തിരിച്ചെത്തുമ്പോൾ പ്ലേ ഏരിയയ്ക്ക് അടുത്തുളള സിമന്റ് ബഞ്ചിലിരുന്ന് കാറ്റ് കൊളളുകയാണ് മേനോൻച്ചേട്ടൻ. ആ ബിൽഡിങ്ങിലെ ഏറ്റവും മുതിര്‍ന്ന പൗരൻ. അദ്ദേഹത്തിന് ഏതാണ്ട് പത്തെൺപത്തഞ്ച് വയസ്സ് കാണുമായിരിക്കും. ബിൽഡിങ്ങിരിക്കുന്നയീ സ്ഥലംപണ്ട് മേനോൻച്ചേട്ടന്റേതായിരുന്നു. പണ്ടിതൊരു മൊട്ടക്കുന്നായിരുന്നു പോലും. മേനോൻച്ചേട്ടൻ അതിടിച്ച് നിരത്തി ലവലാക്കി പൊന്നിൻവിലയ്ക്ക് റോസ്ഗാർഡൻ ബിൽഡേർസിനു വിറ്റതാണ്. മേനോൻച്ചേട്ടൻ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനായിരുന്നു. പത്തിരുപത് സ്ഥാപനങ്ങളൊക്കെ സ്വന്തമായി ഉണ്ടായിര്ന്നതാ. ആ സ്ഥാപനങ്ങൾക്കായി മക്കള് തമ്മിൽ തല്ലും വഴക്കും മൂത്തപ്പോൾ തന്റെ ബിസിനസ്സ് സാമ്രാജ്യം മുഴുവൻ മക്കൾ നാല് പേര്‍ക്കും തുല്യമായി വീതിച്ചു കൊടുത്ത ശേഷം നാലെണ്ണത്തിനേയും മേനോൻച്ചേട്ടനെടുത്ത വീട്ടിൽ നിന്നും പുറത്താക്കി. പിന്നെ ഭാര്യയും അദ്ദേഹവും മാത്രമായി ആ വീട്ടില് താമസം. ഒടുവിൽ ഭാര്യയും മരിച്ചപ്പോൾ ആ വീടും പറമ്പും വിറ്റ് ഇവിടെയീ ഫ്ലാറ്റും വാങ്ങി ബാക്കി കാശ് ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശ വാങ്ങി സ്വസ്ഥമായി ജീവിക്കുകയാണ് ഇന്നാ പല്ലു കൊഴിഞ്ഞ സിംഹം.

പിറ്റേന്നുകാലത്ത് പതിവുപോലെ ബാൽക്കണിയിൽ നില്ക്കുകയാണ് ഞാൻ. ഇന്ന് ക്യൂവിനിച്ചിരി നീളം കൂടുതലുണ്ടോ. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു വൃദ്ധൻ നടത്തം മതിയാക്കി മെയിൻഗേറ്റിന്റടുത്തു കയറിനിന്ന് ക്യൂവിലേക്കു നോക്കി പരിഹസിച്ചു ചിരിക്കുന്നു. അയാള്‍ക്കേതാണ്ട് മേനോൻച്ചേട്ടന്റെ പ്രായം കാണും. ആരാണ് അയാൾ. അയാളുടെ ഭാവങ്ങളും നോട്ടവുമെല്ലാം നിങ്ങൾക്കീ ഗതി തന്നെ വരണം എന്ന് ക്യൂവിൽ നില്ക്കുന്നവരോട് പറയുന്ന പോലെ. ക്യൂവിൽ നില്ക്കുന്നവരും അയാളെ കണ്ടിരുന്നുവെങ്കിലും ആരും അതത്ര കാര്യമായി എടുത്തിരുന്നില്ലെന്ന് തോന്നുന്നു. പിറ്റേന്നും ആ വൃദ്ധൻ വന്ന് ക്യൂവിലേക്കു നോക്കി ചിരിക്കുന്നുണ്ടായാരുന്നു. ഗതികെട്ട് ക്യൂ നില്ക്കുന്നവർക്ക് അതത്ര രസിച്ചില്ല. മാത്യുച്ചായനും അർജ്ജുനും മഹേഷും എല്ലാം ചേർന്ന് അയാളെ ശരിക്കൊന്ന് വിരട്ടി വിട്ടു. അന്നു വൈകീട്ട് ഞാൻ ഓഫീസിൽ നിന്നും കുറച്ച് നേരത്തേയിറങ്ങി. റോസ്ഗാർഡനിലെത്തുമ്പോൾ ഇന്നും ആ സിമന്റ് ബഞ്ചിലിരിക്കുന്നുണ്ട് മേനോൻച്ചേട്ടൻ. ഞാൻ വാച്ചിൽ നോക്കി. 5.15 ആവുന്നതേയുളളൂ. വൈകുന്നേരം 5 തൊട്ട് 6.30 വരെയാണ് ലിഫ്റ്റ് ഓണാക്കിയിടുക. ഇനിയും സമയമുണ്ട്. കുറച്ച്നേരം ഇവിടെ മേനോൻച്ചേട്ടന്റടുത്ത് സംസാരിച്ചിരിക്കാം. ഞാനും മേനോൻച്ചേട്ടനും ജലക്ഷാമത്തെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. വെളളവും വൈദ്യുതിയും ലുബ്ധം പിടിച്ച് ജീവിക്കേണ്ട ഗതിക്കേടിനെക്കുറിച്ച് മേനോൻച്ചേട്ടൻ പറഞ്ഞു.

“എല്ലാം മനുഷ്യൻ തന്നെ അവന്റെ അത്യാർത്തി കൊണ്ട് വരുത്തി വെച്ചതല്ലേ” ഞാൻ പറഞ്ഞതുകേട്ടപ്പോൾ മേനോൻച്ചേട്ടൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. അപ്പോഴതാ മെയിൻഗേറ്റിന്റടുത്തു നില്ക്കുന്നു രാവിലെ കണ്ടയാ വൃദ്ധൻ. അയാളെ കണ്ടതും മേനോൻച്ചേട്ടന്റ്റെ മുഖം വിവർണ്ണമായി. അയാൾ ഞങ്ങളുടെ അടുത്തേക്കാണല്ലോ നടന്നുവരുന്നത് ഈശ്വരാ. എന്തായിരിക്കും അയാളുടെ ഉദ്ദേശം. അയാൾ മേനോൻച്ചേട്ടനോടായി ചോദിച്ചു.

” എന്താ, മൊതലാളി, വെളളമില്ലയല്ലേ, ഇങ്ങനൊരു അവസ്ഥ വന്നുചേരുമെന്ന് പത്തിരുപത് വർഷം മുമ്പേ ഞാൻ മുൻകൂട്ടി പറഞ്ഞപ്പോൾ അന്ന് നിങ്ങളൊക്കെ പറഞ്ഞ് എനിക്ക് ഭ്രാന്താണെന്ന്. അന്ന് ഞാനടക്കമുളള പരിസ്ഥിതി വാദികൾ നിന്നെപ്പോലെയുളള മൊതലാളിമാരോട് കേണപേക്ഷിച്ച് പറഞ്ഞതല്ലേ കാടുവെട്ടി നശിപ്പിക്കല്ലേ, കുന്നിടിച്ച് നിരത്തല്ലേ എന്നൊക്കെ. അതിന്റെയൊക്കെ തിക്തഫലങ്ങൾ ഒരു കാലത്ത് നമ്മളല്ലെങ്കിൽ നമ്മുടെ മക്കളനുഭവിക്കേണ്ടി വരുമെന്ന്. അന്നതാരും ചെവികൊണ്ടില്ല. ഇപ്പോയെന്തായി. അനുഭവിച്ചോ, നന്നായി അനുഭവിച്ചോ” അയാളുടെ പ്രസംഗം കേട്ടപ്പോൾ അല്പം നീരസത്തോടെ ഞാൻ ചോദിച്ചു. “അല്ല, സാറിന്റെ വീട്ടില് വെളളമുണ്ടോ”.

“ഇല്ല, എന്റെ വീട്ടിലെ കിണറും വറ്റിയിരിക്കയാ. അതെങ്ങനെയാ ഇവനെപോലുളള മൊതലാളിമാര് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ചെയ്തു കൂട്ടിയതിന്റ്റെ ഫലങ്ങൾ ഇന്നു ഞങ്ങളെ പോലുളള പാവങ്ങളും അനുഭവിക്കയല്ലേ. നോക്കിക്കോ, പണ്ടൊക്കെ സ്വത്തിനും പണത്തിനും പെണ്ണിനും വേണ്ടിയൊക്കെയായിരുന്നു ആളുകള് അങ്ങോട്ടുമിങ്ങോട്ടും കലഹിച്ചിരുന്നെ. എന്നാൽ സമീപഭാവിയിൽ ഒരു തുളളി വെളളത്തിനായി പണത്തിനും ആർഭാടത്തിനും യാതൊരു കുറവുമില്ലാത്ത പരിഷ്കൃത സമൂഹം പോലും പരസ്പരം പോരടിക്കുന്നത് നമ്മുക്ക് കാണാം.

ഇയാളെന്തൊക്കെയാണീ പറയുന്നത്. ആരാണിയാൾ. എനിക്കൊന്നും മനസ്സിലായില്ല. അയാൾ പോയി കഴിഞ്ഞപ്പോൾ ഞാൻ മേനോൻച്ചേട്ടനോട് ചോദിച്ചു. “ചേട്ടനറിയുമോ അയാളെ”.

“ങ്ഹാ, പത്തിരുപത് വർഷങ്ങൾക്കുമുമ്പ് ഞാനിവിട്ത്തെ കുന്നൊക്കെ ഇടിച്ചുനിരത്തി പ്ലോട്ട് ലവലാക്കുന്ന സമയത്ത് അതിനെതിരെ അയാളുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ സമരം ചെയ്തിരുന്നു. പക്ഷേ എന്റെ പണത്തിന്റെയും സ്വാധീനത്തിന്റെയും പിൻബലത്തിൽ ആ സമരം തേഞ്ഞുമാഞ്ഞു പോയി. അയാള് പറഞ്ഞത് ശരിയാ എന്നെപോലെയുളള ഒര് വിഭാഗം അത്യാർത്തി ഉളളവർ ചെയ്തു കൂട്ടിയത് ഒരും തെറ്റും ചെയ്യാത്ത പാവങ്ങൾക്കുകൂടി ശാപമായി തീർന്നിരിക്കയാ”.

ദിവസങ്ങൾ കുറച്ചു കടന്നുപോയി. വെളളത്തിനായുളള ഈ കാത്തുകെട്ടി നില്പ് എല്ലാവർക്കും മടുത്തു. എന്റെ ഭാര്യക്ക് പോലും. ഇപ്പോൾ ഞങ്ങളുടെ ഫ്ലാറ്റിനെ പ്രതിനിധീകരിച്ച് ഞാനാണ് ക്യൂവിൽ നില്ക്കാറ്.

ഒരു ദിവസം ഏറ്റവും വൈകിയെത്തിയ മാത്യുച്ചായൻ ക്യൂവിൽ ഇടയ്ക്ക് കയറി നിന്നത് ചെറിയ സംഘർഷത്തിനിടയാക്കി. സിസിലിച്ചേട്ടത്തിയും മാത്യുച്ചായനും ഒന്നും രണ്ടും പറഞ്ഞു വഴക്കായി. കലിമൂത്ത സിസിലിച്ചേട്ടത്തി മണ്ണ് വാരിയെടുത്ത് മാത്യുച്ചായന്റെ ദേഹത്തേക്കെറിഞ്ഞു. അതോടെ പ്രശ്നം കൂടുതൽ വഷളായി. ഇതെല്ലാം കണ്ടു നിന്ന എനിക്ക് അന്നാ വൃദ്ധൻ പറഞ്ഞ വാക്കുകളാണ് ഓർമ്മവന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here