ഒരു തിരിഞ്ഞുനോട്ടം

 

 

 

 

ഉത്തരം കിട്ടാ ചോദ്യങ്ങളൊന്നൊന്നായ്
വന്നൊത്തിരി കുത്തിനോവിച്ചപ്പോഴും
പട്ടിണി കൊടികുത്തിയ വഞ്ചിയിൽ
പടവാളൊരുക്കി തുഴഞ്ഞ കാലം
കൂരിരുൾ ചൂണ്ടുന്ന വിജനപാത
തേടിയ തീരം താണ്ടിയ ദൂരങ്ങൾ
സമുദ്രം നീന്തിക്കടന്ന പുലരികൾ
മരുപ്പച്ചകൾ തേടിയലഞ്ഞ ഉച്ചകൾ
സങ്കടക്കാടെരിഞ്ഞ സന്‌ധ്യകൾ
മുൻജന്മ സുകൃതക്ഷയ ചെപ്പിലടച്ച്
പങ്കപ്പാടിൻ പായ തെറുത്തു വച്ച്
ചങ്കിലെ ചോരയാൽ കളം വരച്ച്
കടവുകളേറെ വാശിപ്പങ്കായമൂന്നി
മുമ്പേ നടന്നവർക്കൊപ്പമെത്തി
പള്ളിക്കുടത്തിണ്ണയിൽ പങ്കിട്ട
പൊതിച്ചോറിൻ വാസനസ്മരണകൾ
ഓർമ്മപ്പാതയിൽ പാഥേയമായ്
ഒളിയിട്ടു നോക്കുന്ന സൗഹൃദപ്പറമ്പിലെ
ചക്കര വാക്കിൻ മധുരം നുണഞ്ഞ്
നഷ്ടബോധഭാണ്ഡം ഇറക്കിവച്ച്
കഷ്ടപാദുകങ്ങൾ അഴിച്ചു വച്ച്
വേരു മുറിയാ പോരിൻ നാൾവഴികൾ
നേരിന്റെ നീർച്ചാലിൽ തൊട്ടറിഞ്ഞ
സ്റ്റേഹത്തിൻ സ്പന്ദനം ഊർജ്ജമായ്
ചാരിതാർത്ഥ്യ വിളക്കിൻ ചുവട്ടിലിരുന്നിന്ന്
തഴമ്പിൽ മാഞ്ഞ ഭാഗ്യരേഖകൾ കണ്ടു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here