അങ്ങനെ കുറേ നാളായിട്ടുള്ള ഒരാഗ്രഹം പൂവണിയുവാൻ പോവുകയാണ്.
ടാസ്മാനിയ ” ടാസ്സി” എന്ന് ആസ്ട്രേലിയക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ദ്വീപിലേക്കുള്ള യാത്ര…
മെൽബണിൽനിന്നു “ജെറ്റ്സ്റ്റാർ” വിമാനം താഴ്‌ന്ന് ഹൊബാർട്ടിൽ ഇറങ്ങാറായപ്പോൾ വിമാനത്തിന്റെജനാലയിൽക്കൂടി താഴേയ്ക്ക് നോക്കി. നിറയെ മലനിരകളും നീല നിറമാർന്ന ജലാശയങ്ങളും – മനം കവരുന്നകാഴ്ച്ച.
എയർപ്പോർട്ടിൽ ഇറങ്ങി , പെട്ടികൾ എടുത്ത് ഞങ്ങൾ വാടകക്ക് വാഹനം പറഞ്ഞു വച്ചിരുന്ന റെന്റൽ കാർ ഏജൻസിയിൽ എത്തി, അത്യാവശ്യം വേണ്ടനടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഞങ്ങളുടെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലം അവർ പറഞ്ഞു തന്നു, നേരെ അവിടേയ്ക്ക്. ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ കാർ കണ്ടുപിടിച്ചു. താക്കോൽ അതിനുള്ളിൽ തന്നെവച്ചിട്ടുണ്ടായിരുന്നൂ. ഹോൾഡൻ (equinox) കാറായിരുന്നു അത്.
ആ വാഹനംസ്റ്റാർട്ട് ചെയ്യാൻ താക്കോൽ ഇട്ട് തിരിക്കണ്ട, സ്റ്റോപ്പ് സ്റ്റാർട്ട് ബട്ടൺ അമർത്തിയാൽ മതി. പക്ഷെ, താക്കോൽ കാറിനുള്ളിൽ തന്നെ എവിടെയെങ്കിലും ഉണ്ടായിരിക്കണം. ഈ കാറിന്റെ ഹാൻഡ് ബ്രേക്കും എനിക്ക് പുതുമയുള്ളതായിരുന്നു. ഹാൻഡിൽ ഒന്നും ഇല്ല, ഒരു സ്വിച്ച് മുകളിലേയ്ക്കോ താഴേയ്ക്കോ മാറ്റിയാൽ മതി.
നേരെ “sand bay” സാന്റ് ബെയിലുള്ള മോട്ടലിലേയ്ക്ക്.
ടാസ്മാനിയയെക്കുറിച്ചും ഹൊബാർട്ടിനെ ക്കുറിച്ചും ചില വിവരങ്ങൾ പറയാം.
ആസ്ട്രേലിയയിലെ ഏറ്റവുംചെറിയതും ദ്വീപ് ആയിട്ടുള്ളതുമായ സംസ്ഥാനമാണു ടാസ്മാനിയ.ബാസ്സ് കടലിടുക്ക് ടാസ്മാനിയായെ ആസ്ട്രേലിയൻ വൻ കരയിൽനിന്നു വിഭജിച്ചിരിക്കുന്നു.
1642- ൽ ഏബൽ ടാസ്മാൻ എന്ന ഡച്ച് നാവികൻ ഈദ്വീപിന്റെ പടിഞ്ഞാറേ തീരം വഴി പോകുകയും ദ്വീപിനു അന്നത്തെ ഗവർണ്ണറുടെ പേരു ചേർത്ത് ” van Diemen’s Land” എന്ന പേരു നിർദ്ദേശിക്കുകയും ചെയ്തു.
1856- ൽ ദ്വീപിന്റെ പേര് ടാസ്മാനിയ എന്ന് പുനർന്നാമകരണം ചെയ്യപ്പെട്ടു. “ഹൊബാർട്ട്” ആണു ടാസ്മാനിയയുടെ തലസ്ഥാനം, കൂടാതെആസ്ട്രേലിയയിലെഏറ്റവും പഴക്കമേറിയ രണ്ടാമത്തെ തലസ്ഥാനനഗരവുമാണു (ഏറ്റവും പഴക്കമേറിയത് സിഡ്നി). ഹൊബാർട്ട് നഗരത്തിന്റെ ജനസംഖ്യ ഏകദേശം 220,000 ആണു.
വിമാനത്താവളത്തിൽനിന്നു മോട്ടലിലേയ്ക്ക് പോകുന്ന വഴിയിൽ ഡെർവെന്റ് നദിയുടെ കുറുകേയുള്ള ടാസ്മാൻ പാലം. ആ പാലത്തിൽക്കൂടി പോകുമ്പോൾ ധാരാളം പായ്ക്കപ്പലുകൾ നദിയിൽ നങ്കൂരമിട്ടിരിക്കുന്നത് കണ്ടു. CBD (Central Business District – മുഖ്യ വ്യവസായ കേന്ദ്രം) , വാർഫ് ഒക്കെ കടന്ന് ഞങ്ങൾ മോട്ടലിൽ എത്തി. മുറിയിൽ എത്തിയ ഉടനെ തന്നെ കടുപ്പത്തിൽ ഒരു ചായ. മോട്ടൽ മുറിയിൽ ചായ, കാപ്പി എന്നിവ ഉണ്ടാക്കാനുള്ളവയും, ഫ്രിഡ്ജ്, മൈക്രൊവേവ് അവൻ, കെറ്റിൽ, ബ്രഡ് റ്റോസ്റ്റർ, പാത്രങ്ങൾ- തുടങ്ങി ചെറിയൊരുഅടുക്കളയ്ക്കു വേണ്ട സാധനങ്ങൾ സാധാരണ ഉണ്ടാകും.
ചായ കുടിച്ചു കഴിഞ്ഞ ഉടനെ തന്നെ ഞങ്ങൾ Mt Wellington/ Kunanyi ലേയ്ക്ക് പുറപ്പെട്ടു. ഹൊബാർട്ടിലെ ഏറ്റവും പൊക്കമുള്ള സ്ഥലമാണു ഈ വെല്ലിംഗ്ടൺ മല. മുകളിൽ ചെന്നാൽ 360 ഡിഗ്രിയിൽ കാണാവുന്ന കാഴ്ച്ചകൾഅതീവ മനോഹരം.
മുകളിലേക്ക് കയറുമ്പോൾ ഇടയ്ക്ക് ഒന്നു രണ്ടു സ്ഥലങ്ങളിൽ നിർത്തി കാഴ്ച്ച കണ്ട് ആസ്വദിച്ചായിരുന്നു യാത്ര. സമുദ്ര നിരപ്പിൽനിന്നു 1271 മീറ്റർ ഉയരത്തിലുള്ള ഈ മലയുടെ മുകളിലേയ്ക്ക്‌എത്തുവാൻ 21 കി.മീ. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുണ്ട്. മലമുകളിലേയ്ക്ക് പോകുന്ന വഴിയിലുംആൾത്താമസമുണ്ട്‌രണ്ട് വശങ്ങളിലും നിറയെമരങ്ങൾ! പൈൻ, യൂക്കാലിപ്റ്റസ്, പിന്നെ പേരറിയാത്ത പലയിനങ്ങളുള്ള കാട്.
കുറച്ചു മുന്നോട്ടു പോയപ്പോൾ
നിറയെ പാറക്കല്ലുകളും പാറക്കെട്ടുകളും കണ്ടു. അവിടവിടെ കാണുന്ന വൃക്ഷങ്ങളിൽ ഇലകൾ ഉണ്ടായിരുന്നില്ല. ഏറ്റവും മുകളിൽ നല്ല കാറ്റും തണുപ്പും. താൽപ്പര്യവും ആരോഗ്യവും ഉള്ളവർക്ക് മലമുകളിലേയ്ക്ക് നടന്നു കയറുവാനുള്ള വഴികളും ഉണ്ട്.
“Pinnacle observation shelter” വേനൽക്കാലത്ത് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയും , ശീത കാലത്ത് രാവിലെ 8 മണി മുതൽ വൈകുന്നേരം 4.30 വരേയും തുറന്നിരിക്കും. ഇവിടേയ്ക്കുള്ള പ്രവേശനം സൗജന്യമാണു.
വെല്ലിംഗ്ടൺ മലയുടെ മുകളിൽനിന്നുള്ള അതിമനോഹരങ്ങളായ കാഴ്ച്ചകൾ -താഴെ ജലാശയങ്ങൾ, കെട്ടിടങ്ങൾ, മൈതാനങ്ങൾ, ദൂരെയുള്ള മലനിരകൾ- കണ്ട് ആസ്വദിച്ച ശേഷം ഞങ്ങൾ റോയൽ ടാസ്മാനിയൻബൊട്ടാണിക്കൽ ഗാർഡനിലേക്ക് പോയി.
ഗാർഡന്റെ പിന്നിലത്തെ ഗേറ്റിന്റെ മുന്നിലാണ് ‘GPS’ ഞങ്ങളെകൊണ്ടെത്തിച്ചത്. വേഗം ചെറിയ ഗേറ്റിലൂടെ ഉള്ളിൽ കടന്നു, ഇടതു വശത്തുള്ള ജാപ്പനീസ് ഗാർഡനിൽ നിന്നുംചിലർ നടന്ന് പോകുന്നതും കണ്ടു. കൂടാതെ കുറച്ചു ഹൈസ്കൂൾ കുട്ടികളും അവിടെ ഉണ്ടായിരുന്നു.
ഉള്ളിൽ കയറി നോട്ടീസ്‌ബോർഡ് നോക്കിയപ്പോഴാണു 6.30 മണി വരെ മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരിക്കയുള്ളൂ എന്നറിഞ്ഞത്. കുറച്ചു ദൂരംനടന്നിട്ടു തിരിച്ചു ഗേറ്റിലൂടെ പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. ഞങ്ങൾ വെളിയിലിറങ്ങി നിൽക്കുമ്പോൾ തന്നെ ഗാർഡന്റെ സ്റ്റാഫ് ഗേറ്റ് പൂട്ടുകയും ചെയ്തു. ഗാർഡന്റെ ഉള്ളിൽ നടന്ന് വളരെ ദൂരം പോകാതെ തിരിച്ചിറങ്ങിയത് നന്നായിഎന്ന് ഞങ്ങൾ പറയുകയും ചെയ്തു.
ഗാർഡൻ അടച്ചതുകൊണ്ട് ഇനി എന്ത്? എന്നു ആലോചിച്ചു. ഡിസംബർ മാസം, ഇവിടെ വേനൽക്കാലമായതുകൊണ്ട് രാത്രി 9 മണി വരെ വെളിച്ചം ഉണ്ടാകും. ഇപ്പോൾ സമയം ആറരയെ ആയിട്ടുള്ളു. പെട്ടെന്ന് “റിച്ച്മൻഡ്” എന്ന സ്ഥലത്തേയ്ക്ക് വിട്ടാലോ എന്നൊരാലോചന, പിന്നെ വൈകിയില്ല, ടാസ്മാൻ പാലം കടന്ന് നേരെ റിച്ച്മൻഡിയ്ക്ക്.
ഒരു പഴയ ടൗൺ ആണു റിച്ച്മൻഡ്. ധാരാളം പൈതൃക കെട്ടിടങ്ങൾ ഉണ്ട് ഇവിടെ,1820- കളിൽ നിർമ്മിച്ചവഉൾപ്പെടെയുള്ളവ. ഹൊബാർട്ടിൽ നിന്നും ഇവിടേയ്ക്ക് വരാൻ 20 മിനിട്ടു സമയം മതി. ഇവിടത്തെ ഏറ്റവും പുരാതനവും പ്രാധാന്യമേറിയതുമായ ഒരു ചരിത്ര സ്മാരകമാണു റിച്ച്മണ്ട് പാലം.
1820- കളിൽ ബ്രിട്ടണിൽനിന്നു നാടു കടത്തപ്പെട്ട കുറ്റവാളികളാൽ നിർമ്മിക്കപ്പെട്ടതാണു ആസ്റ്റ്രേലിയയിലെ ഏറ്റവും പുരാതനമായ ഈ പാലം. റിച്ച്മണ്ടിൽ ഞങ്ങൾ ഒന്നു വെറുതെ കറങ്ങിയതേയുള്ളു. തിരിച്ച് ഹൊബാർട്ടിലേയ്ക്ക്, ഡേവി സ്ട്രീറ്റിൽതിരിഞ്ഞ്, ഹണ്ടർ സ്ട്രീറ്റിൽ കൂടി വാർഫിലേയ്ക്ക് വന്നു. വാർഫിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ എൻട്രി പാസ്സ്‌ഉള്ളവർക്കു മാത്രമെ പ്രവേശനം ഉള്ളു. സൗകര്യമായൊരിടത്ത് വാഹനം പാർക്ക് ചെയ്തിട്ട് ഞങ്ങൾ അവിടെ ഇറങ്ങി നടന്നു.
യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയുടെ ഒരു വിഭാഗം പ്രവർത്തിക്കുന്ന മനോഹരമായൊരുകെട്ടിടം ഉണ്ട് അവിടെ. കൂടാതെ അനേകം റസ്റ്റോറന്റ്കളും. ധാരാളം ബോട്ടുകളും പായ്ക്കപ്പലുകളും അവിടെനങ്കൂരമിട്ടിട്ടുണ്ട്. കൂട്ടത്തിൽ ടാസ്മാനിയയിലെ പോലീസ് വകുപ്പിന്റെ ഒരു ബോട്ടും അവിടെ കണ്ടു.
അടുത്തുള്ള സാലമാങ്ക മാർക്കറ്റ്, ടാസ്മാനിയയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ആയിട്ടുള്ള ചന്തയാണു- 300 – ൽ അധികം സ്റ്റാളുകളിലായി പല വിധ സാധനങ്ങൾ അവിടെ വിൽക്കാൻ വെച്ചിരിക്കുന്നത് കാണാം.
വാർഫിൽനിന്നു ഞങ്ങൾ ” ബാറ്ററി പോയിന്റ്” എന്ന സ്ഥലത്തേക്ക് പോയി. ഹൊബാർട്ടിലെ ഏറ്റവും പഴയപ്രദേശങ്ങളിൽ ഒന്നാണിത്. ചെറിയ കോട്ടേജുകളും, കഫേകളും, കൊളോണിയൽ കെട്ടിടങ്ങളും ഉള്ള ഒരിടം.
ഇരുട്ടായിത്തുടങ്ങിയതോടെ ഞങ്ങൾ തിരിച്ചു മോട്ടൽ മുറിയിലേയ്ക്ക് വന്നു. ഒരു ചായ കുടിക്കുന്നതിനിടയിൽ പിറ്റേദിവസം പോകേണ്ട “പോർട്ട് ആർതർ” എന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചു. ഓൺലൈനിൽ “historic sitetour” നു ബുക്ക് ചെയ്യുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിൽ ചെറിയ നിരാശയോടെ , പിന്നെ ഡിന്നർ കഴിച്ച് കിടന്നുറങ്ങി.