” ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല അച്ചോ ”
പറയുമ്പോൾ തോമാച്ചന്റെ ശബ്ദം ഇടറിയിരുന്നു . എങ്ങനെ നോക്കി വളർത്തിയ ചെറുക്കാനാ. ഇപ്പോൾ ആകെ നശിച്ചു പോയിരിക്കുന്നു .
എല്ലാം കേട്ട് ഫാദർ പോൾസൺ തേലക്കാട്ടിനും വ്യസനമായി. ടൗണിൽ പള്ളി വക കോളേജിൽ ജോമോനെ ബിരുദ പഠനത്തിന് ചേർക്കാനായിരുന്നു തോമാച്ഛനിഷ്ട്ടം. അതാകുമ്പോൾ എന്നും കൊച്ചു ജോമോനെ കാണുകയെങ്കിലും ചെയ്യാം. പിന്നെ അവന്റെ വേദപഠന ക്ലാസ് മുടങ്ങുകയുമില്ല. എന്നാൽ , ജോമോനു എഞ്ചിനിയറിംഗിനു ചേരാനായിരുന്നു താല്പര്യം . ഫാദർ പോൾസൺ ജോമോന്റെ മനസറിഞ്ഞ് ഏറെ നിര്ബന്ധിച്ചാണ് കുറെ അകലെയുള്ള ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജിൽ ചേർത്തത് . അവിടെയുള്ള ഹോസ്റ്റലിൽ അവൻ താമസമുറപ്പിക്കുകയും ചെയ്തു.
” അന്യ ജില്ലയിൽ ജോമോനെ ഇത്ര അകലെ വിട്ടു പഠിപ്പിക്കണോ?”
?”
തോമാച്ചന് ഒട്ടും താത്പര്യമില്ലായിരുന്നു തോമാച്ചന്റെ ഒരേയൊരു മകനായ ജോസിന്റെ ആകപ്പാടെയുള്ള കൊച്ചാണ് ജോമോൻ. അനു ആറു വയസുള്ളപ്പോൾ ജോമോന്റെ പപ്പാ ജോസും മമ്മ ജെസിയും മരണപ്പെട്ടു.
വയസാംകാലത്ത് താൻ ഒറ്റക്കാകാതിരിക്കാൻ തന്നെ നോക്കി പരിപാലിക്കാൻ കർത്താവ് ജോമോന്റെ പ്രാണനെ ഭൂമിയിൽ ഇട്ടേച്ചു പോകുകയായിരുന്നു എന്നാണു തോമാച്ചന്റെ വിശ്വാസം.
ഇടവകയിൽ ജോമോനെ പോലെ ഭക്തിയുള്ള കുട്ടി വേറെ ഉണ്ടായിരുന്നില്ല. മയക്കുമരുന്നിലും മറ്റും കുപ്രസിദ്ധമായ നഗരത്തിൽ പഠനത്തിനയക്കുവാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല . പക്ഷെ യേശുവിനും മറിയത്തിനും മുന്നിൽ ഏറെ നേരം മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തിയിരുന്ന ജോമോൻ എങ്ങനെയാണ് ഇങ്ങനെ അധഃപതിച്ചത്?
ജോമോൻ പോലീസ് കസ്റ്റഡിയിലാണ് . പതിനെട്ടു വയസു കഴിഞ്ഞതിനാൽ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ വിട്ടയക്കുവാൻ പറ്റില്ല. ഫാദർ പോൾസൺ ഏറെ കെഞ്ചിയിട്ടാണ് ജോമോനെ കേസിൽ നിന്നും ഒഴിവാക്കിയത്
മയക്കുമരുന്ന് ഉപയോഗിച്ച് ഗതാഗത തടസമുണ്ടാക്കിയതിനാണ് നഗരത്തിലെ എഞ്ചിനിയറിംഗ് കോളേജിൽ പഠിച്ചിരുന്ന നാല് വിദ്യാർത്ഥികളെ പോലിസ് പിടി കൂട്ടുന്നത്. അതിൽ തന്നെ ഒന്ന് ഒരു പെൺകുട്ടിയായിരുന്നു. കേസ് ആകുമെന്ന് വന്നപ്പോൾ പെൺകുട്ടി തരം മാറി. മറ്റു മൂന്നു പേരും തന്നെ ബലമായി പിടിച്ച് കൊണ്ട് വന്നതാണെന്നും ബലമായി തന്നെ മയക്കുമരുന്ന് കുത്തിവെയ്ജ്ക്കുകയായിരുന്നെന്നും ആയിരുന്നു അവളുടെ മൊഴി. പ്രത്യക്ഷത്തിൽ അത് കളവാണെന്ന് തെളിഞ്ഞെങ്കിലും വിഷം സ്ത്രീ പീഡനമായതിനാൽ സൂപ്രണ്ട് വന്നിട്ട് തീരുമാനിക്കാം എന്നായിരുന്നു ഇൻസ്പക്ടറുടെ തീരുമാനം.
പെൺകുട്ടിയുടെ പിതാവ് കേസും വയ്യാവേലിയും വേണ്ടായെന്ന് പറഞ്ഞതിനാൽ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നത് മാത്രമായി മൂന്നു ആൺ കുട്ടികളിൽ കേസ് ചുരുങ്ങി.
കൈവശം കാര്യമായി ഡ്രഗ്സ് ഇല്ലാതിരുന്നതിനാൽ വലിയ പ്രശ്നങ്ങളൊന്നും കുട്ടികളുടെ പേരിൽ ഉണ്ടായിരുന്നില്ല. ഇനി ജോമോന്റെ കാര്യത്തിൽ ഇടപെടാൻ താനില്ല എന്ന് തോമാച്ചൻ തീർത്തു പറഞ്ഞു.
എങ്കിൽ ജോമോനെ താൻ ഏറ്റെടുത്തു നോക്കും എന്ന ഫാദർ തറപ്പിച്ചു പറഞ്ഞു . ഫാദർ പക്ഷെ തോമാച്ചനെ ശകാരിച്ചതേയില്ല. ആ വൃദ്ധൻ അത്രയും മടുത്തു പോയിരുന്നു. കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും തോമാച്ചൻ കൊച്ചുമകനെ കണ്ടു. അവന്റെ പരിരക്ഷക്കായി തോമാച്ചൻ ഉപവാസം അനുഷ്ടിച്ചു.
എഞ്ചിനിയറിംഗ് കോളേജിൽ ചേർക്കാൻ നിർബന്ധിച്ചത് താനാണ്. അവന്റെ ഇഷ്ടപ്രകാരം സമൂഹത്തിനു ഏറെ ഉപകരിക്കുന്ന ഒരു എഞ്ചിനിയറാകുക എന്നേ ഫാദർ വിചാരിച്ചിരുന്നുള്ളു. ഒരു ദുഷ്പേരും അന്നേവരെ കേൾപ്പിക്കാതെ ആൺ കുട്ടികളുടേതായ ഒരു വികൃതിയും കാണിക്കാത്ത ജോമോനെ ഒരു ദുഷ്ട ശക്തിക്കും വഴി തെറ്റിക്കാൻ പറ്റില്ല എന്നായിരുന്നു ഫാദറിന്റെ വിശ്വാസം .
എന്നാൽ ആറുമാസം കഴിഞ്ഞപ്പോഴേക്കും ജോമോൻ അടിമുടി മാറിയിരുന്നു. വീക്കെന്റിൽ നാട്ടിലെത്തിയിട്ടും പള്ളിയിൽ വരാൻ കൂട്ടാക്കാഞ്ഞതിൽ തുടങ്ങിയിരുന്നു ആ പരിണാമം .
ഫാദറിനെ കണ്ടാൽ കാണാത്ത പോലെ അവൻ മുഖം തിരിച്ചു കടന്നു പോയി . തോമാച്ചനെ അവൻ ഒട്ടും ബഹുമാനിക്കാതെയായി. പല ദിവസങ്ങളിലും ജോമോൻ രാത്രി ഏറെ വൈകിയാണ് വീട്ടിൽ വന്നിരുന്നത് എന്നറിഞ്ഞപ്പോൾ ഫാദറിന്റെ മനസ് പിടഞ്ഞു . ഒരിക്കൽ അനിഷ്ട്ടം പ്രകടിപ്പിച്ച തോമാച്ചനോട് ” പോയി തന്റെ പാട് നോക്ക് കിളവാ എന്നെ ഉപദേശിച്ച് നേരെയാക്കാൻ താൻ എന്റെ തന്തയൊന്നുമല്ലല്ലോ” എന്നുവരെ കൂട്ടുകാരുടെ മുമ്പിൽ വെച്ച് ജോമോൻ ദേഷ്യപ്പെടുകയുണ്ടായി.
അന്യ ജില്ലയിൽ ചുംബനസമരത്തിൽ ഏർപ്പെട്ടു എന്നതിന്റെ പേരിൽ തുടങ്ങുന്നു ജോമോന്റെ പേരിലുള്ള കളങ്കം .അന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ജോമോനും കൂട്ടാളികളും രക്ഷിതാക്കളുടെ മാപ്പപേക്ഷ യുടെ പേരിൽ ഒരു താക്കീതിൽ ഒതുങ്ങുകയായിരുന്നു . എന്നാൽ കോളേജിന് നിത്യ തലവേദനയായിത്തീർന്നു ഈ കുട്ടികൾ. ജോമോന്റെ പേരിൽ ഏറെ നാണം കെട്ട ട്ട തോമാച്ചനെന്ന വൃദ്ധൻ അന്നേ ജോമോനെ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു.
എന്നാൽ വൈദികനായ തനിക്ക് അതിനു വയ്യ ഫാദർ വിചാരിച്ചു . നാളെ തന്നെ സൂപ്രണ്ടിനെ ചെന്ന് കാണണം. വലിയ പിതാവിന്റെ ശുപാർശയുള്ളതുകൊണ്ട് ജോമോനെ കസ്റ്റഡിയിൽ നിന്നും വിട്ടു കിട്ടുക പ്രയാസമില്ല. മയക്കുമരുന്ന് പ്രയോഗത്തിൽ നിന്നും എന്തെങ്കിലും പാർശ്വഫലം ഉണ്ടായിട്ടുണ്ടെങ്കിൽ സഭയുടെ ഏതെങ്കിലും റീ എഡിഷൻ സെന്ററിൽ ജോമോനെ ചികിത്സിക്കണം
ഏറെ പ്രാർത്ഥനകൾക്ക് ശേഷം ഫാദർ ഉറങ്ങാൻ കിടന്നു.
സുഖകരമായ ഉറക്കത്തിൽ ഫാദർ ഒരു സ്വപ്നം കണ്ടു . രണ്ട് കുട്ടികൾ കളിച്ചു ചിരിച്ചു ഓടി വരുന്നു ഫാദറിന്റെ മുന്നിലൂടെയാണ് അവർ ഓടുന്നത് ആ രണ്ട് ആൺകുട്ടികളും കൈകോർത്തു പിടിച്ചിരിക്കുന്നു . വളരെ പ്രാചീനമായ വെളുത്ത വസ്ത്രം ആണ് അതിൽ ഒരാൺകുട്ടി കുട്ടി ധരിച്ചിരിക്കുന്നത്. മറ്റേ ആൺകുട്ടിയുടെ വേഷം ഇപ്പോഴത്തെ ആൺകുട്ടികളുടെതും.
പ്രാചീന വസ്ത്രം ധരിച്ച ആൺകുട്ടി മറ്റേ ആൺകുട്ടിയുടെ കരം ഗ്രഹിച്ച് മുന്നോട്ടു പൊയ് കൊണ്ടിരുന്നു . അവരുടെ ചുറ്റും പല വർണ്ണ പൂമ്പാറ്റകൾ പാറിക്കളിച്ച് കൊണ്ടിരുന്നു . വെയിൽ പോലും ഇളം ചൂടുള്ള നിശ്വാസം കൈകൊണ്ടിരിക്കുന്നു.
ഈ സമയം വിചിത്ര രൂപത്തിലുള്ള ഒരു ജീവി അവർക്കരികിലൂടെ ഇഴഞ്ഞു പോയി. പഴയകാല വസ്ത്രം ധരിച്ചിരുന്ന കുട്ടിയുടെ കൈവിട്ട മറ്റേ ആൺകുട്ടി ആ വിചിത്ര ജെന്തുവിന് പിറകെ ഓടിപ്പോയി . ഫാദറിന് ആ ആൺകുട്ടിയെ തടയണം എന്ന് തോന്നി. എന്തെന്നാൽ ആ ആൺകുട്ടിക്ക് ജോമോന്റെ മുഖമായിരുന്നു. തിരിഞ്ഞു നിന്ന പ്രാചീന വസ്ത്രധാരിയായ കുട്ടിയുടെ കണ്ണ് നിറഞ്ഞിരുന്നു . ജോമോന്റെ പിറകെ ഓടണോ അതോ കകണ്ണ് നിറഞ്ഞു നിൽക്കുന്ന ആൺകുട്ടിയെ ആശ്വസിപ്പിക്കണോ എന്ന് നിശ്ചയിക്കാനാകാതെ സ്വപ്നലോകത്ത് ഫാദർ കുഴങ്ങി നിന്നു . പിന്നെ ഏറെ ആലോചനകൾക്കു ശേഷം ആ കണ്ണ് നിറഞ്ഞ കുട്ടിയുടെ അടുത്തേക്ക് ഫാദർ നടന്നു ചെന്ന് ആ കണ്ണുകൾ അരുമയോടെ തുടച്ചു കൊടുത്തു. അപ്പോൾ ആ കുട്ടിയുടെ മുഖം തെളിഞ്ഞു . ആ മുഖം ഉണ്ണിയേശുവിന്റേതാണല്ലോ എന്ന ഫാദർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു . ആ ബാലൻ ഫാദറിന്റെ ചെവിയിൽ മൊഴിഞ്ഞു.
” പേടിക്കേണ്ട , ജോമോൻ എനിക്കുള്ളവൻ! അവൻ എന്നിലേക്ക് തന്നെ മടങ്ങി വരും എനിക്ക് വേണ്ടി ഫാദർ അവനെ പരിപാലിക്കുക”!
സ്വപ്നം മുറിഞ്ഞു പോയി. പുലരിമുഖം തുടുത്തിരുന്നു.
സമയം ഒഴുകുന്നപോലെ തോന്നി . വിചാരിച്ച്തടസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരു അഡ്വേക്കേറ്റിനെ ഏർപ്പാട് ചെയ്തിരുന്നെങ്കിലും ജോമോനെ വിട്ട് തരുന്നതിൽ ഒരു നിയമതടസവും ഇല്ലെന്നു സുപ്രണ്ട് തീർത്തു പറഞ്ഞു .അത്രയെളുപ്പം അവനെ വിട്ടു കിട്ടുമെന്ന് ഫാദർ കരുതിയില്ല എങ്കിലും ഇൻസ്പെക്ടറുടെ ‘ ധർമ്മ ശൗര്യത്തിന്റെ’ ക്ഷതങ്ങൾ ജോമോന്റെ ശരീരത്തിൽ തെളിഞ്ഞു കാണാമായിരുന്നു
കസ്റ്റഡിയിൽ നിന്നും വിട്ടു കിട്ടിയ ജോമോനെ ആദ്യം പ്രഗത്ഭനായൊരു ഫിസിഷ്യനെ കാണിക്കുകയായിരുന്നു ചെയ്തത്. ചെക്കപ്പിന് ശേഷം ഡോക്ടർ പറഞ്ഞു.
” വലിയ മർദ്ദനം ഏറ്റിട്ടുണ്ട് ജോമോന് . എന്നാൽ ആന്തരിക ക്ഷതങ്ങളൊന്നും തന്നെ കാണാനില്ല. എനിക്കിനിയും വിശ്വസിക്കാനാകുന്നില്ല ഇത്രയധികം ശാരീരികക്ഷതത്തിന്റെ അടയാളങ്ങൾ പേറുന്ന ഇവന്റെ ശരീരം ഒട്ടും ഉൾക്ഷതമേൽക്കാതെ ?…… ! വണ്ടർഫുൾ , ഗോഡ് ഷുഡ് ബ്ലേസ് യുവർ ചൈൽഡ് ”
ഫാദറിന്റെ മനോമുകുരത്തിൽ അന്നേരം ഒരു കുഞ്ഞുമുഖം തെളിഞ്ഞു വന്നു. ആ മുഖത്തു രക്തക്കണ്ണീർ ഒലിച്ചിറങ്ങിയതിന്റെ പാടുണ്ടായിരുന്നു. ആ ചുണ്ടുകളിൽ തെളിഞ്ഞുവന്നിരുന്ന പുഞ്ചിരിയിൽ വേദനയുടെ ലാഞ്ചന പക്ഷെ ഒട്ടും ഉണ്ടായിരുന്നില്ല . ഫാദർ ജോമോനെയും കൊണ്ട് പള്ളിമേടയിലേക്കു മടങ്ങിയെത്തിയപ്പോൾ അവിടെ അവരുടെ വരവും കാത്ത് തോമാച്ചൻ നിൽപ്പുണ്ടായിരുന്നു . കാറിൽ നിന്നിറങ്ങിയപാടെ ജോമോൻ തോമാച്ചന്റെ അടുത്തേക്കോടി മുട്ടുകുത്തി ആ വൃദ്ധന്റെ കാൽ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. കൊച്ചുമകനെ പിടിച്ചെഴുന്നേല്പിച്ച് ഒന്ന് പുണർന്നതിനു ശേഷം അവനെ മാറ്റി നിർത്തി തോമാച്ചൻ പറഞ്ഞു .
” ഫാദർ , ഇന്നലെ രാത്രി ഏറെ വൈകിയാണ് ഞാനുറങ്ങിയത് . ഉറക്കത്തിൽ അപൂർവ്വ ശോഭയുള്ള ഒരാൺകു ട്ടി എന്റെ മുന്നിൽ വന്നു . ആ കുട്ടി തെളിഞ്ഞ ഭാഷയിൽ എന്നോട് പറഞ്ഞു .
” നിന്റെ കൊച്ചുമകൻ, അവൻ ഏറെ വഴിതെറ്റി സഞ്ചരിച്ചു . പക്ഷെ ഇപ്പോഴവൻ ഏറെ പശ്ചാത്തപിക്കുന്നു . നീ അവനെ സ്വീകരിക്കണം അവന്റെ കുറ്റബോധം ഞാൻ ഏറ്റെടുത്തിരിക്കുന്നു . സംശയമുണ്ടെങ്കിൽ എന്റെ മുഖത്തേക്ക് നോക്ക് !”
ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ആ കവിളിലൂടെ ധാരയായി രക്തം ഒഴുകുന്നു .തുടക്കാനാഞ്ഞ എന്റെ കൈകളിൽ ആ രക്തത്തുള്ളികൾ ഇറ്റു വീണു. ഞാനറിയാതെ ഞാനതു മണത്തു . ആ രക്തത്തിനു എന്റെ ജോമോന്റെ മണമായിരുന്നു . പിന്നെ കാലത്ത് എണീറ്റയുടനെ ആരോ കൈപിടിച്ചെന്നെ ഇവിടേക്കെത്തിക്കുകയായിരുന്നു ” തോമാച്ചൻ കണ്ണീരൊപ്പി.
ഇത് തന്നെയായിരുന്നല്ലോ തന്റെയും അനുഭവമെന്ന് ഫാദർ ആശ്ചര്യപ്പെട്ടു. ഇനി ജോമോനെ ആഎഞ്ചിനിയറിംഗ് കോളേജിൽ പഠിപ്പിക്കില്ല എന്ന് തന്നെ തോമാച്ചൻ തീരുമാനിച്ചു . എന്നാൽ എല്ലാം ജോമോന്റെ തീരുമാനത്തിന് വിട്ടു കൊടുക്കുകയായിരുന്നു.
” ജോമോൻ പറയു ..!” ഫാദർ ജോമോന് നേർക്ക് തിരിഞ്ഞു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ജോമോൻ പറഞ്ഞു.
” ഫാദർ എനിക്ക് ഞാൻ പഠിച്ച കോളേജിൽ തന്നെ തുടർന്ന് പഠിക്കണം. അവിടെ വച്ചുതന്നെ എനിക്ക് കോഴ്സ് പൂർത്തിയാക്കണം. പിന്നെ തെറ്റായ വഴിക്കു പോകുന്ന എല്ലാവരെയും എനിക്ക് നന്മയിലേക്ക് കൊണ്ടുവരണം. അവിടെ ഒരു സന്മാർഗപ്രസ്ഥാനം രൂപീകരിക്കണം. ഇപ്പോൾ അവിടെയുള്ളത് അക്രമത്തിലൂന്നിയ പ്രവർത്തി ക്കുന്ന പൊളിറ്റിക്കൽ സംഘടനകൾ മാത്രമാണ്. മദ്യത്തിലും മയക്കുമരുന്നിലും മറ്റനാസ്യബന്ധങ്ങളിലും കുരുങ്ങി പോകുന്ന കുട്ടികളെ എങ്ങനെയും നമുക്ക് രക്ഷിക്കണം . പറയു ഫാദർ അങ്ങ് എന്റെ കൂടെ നിൽക്കില്ല ?”
ജോമോന്റെ കണ്ണീരരുവികൾ ഒലിച്ചിറങ്ങുന്ന മുഖത്തേക്ക് ഫാദർ നോക്കിനിന്നു . അന്നേരം ഉണ്ണിയേശുവിന്റെ ചിത്രം തിളങ്ങുന്നത് തോമാച്ചൻ കണ്ടു .
” ഫാദർ …!” ഒരു നിലവിളിയോടെ തോമാച്ചൻ ഫാദറിനെ തൊട്ടുവിളിച്ചു . ഫാദർ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം ! രൂപത്തിൽ നിന്നും രണ്ട് കൈകൾ നീണ്ടുവരുന്നു .ഏറെ കാരുണ്യത്തോടെ സ്നേഹത്തോടെ ആ കൈകൾ ജോമോന്റെ കണ്ണീർ തുടക്കുന്നു. ജോമോന്റെ ചുണ്ടുകൾക്കിടയിൽ മന്ദസ്മിതത്തിന്റെ ഒരു സൂര്യൻ ഉദിക്കുന്നു ദൈവരാജ്യം മണ്ണിൽ സമാഗതമാകുന്നത് ഇങ്ങനെയാണല്ലോ എന്ന് ഫാദർ ഓർത്തു .
അന്നേരം തിരുരൂപത്തിന് മുന്നിൽ എരിഞ്ഞ് നിന്നിരുന്ന മെഴുകുതിരിക്ക് ചുറ്റും പരന്ന് കിടന്നിരുന്ന ഇരുൾ നിഴൽ അപ്പോൾ പൂർണ്ണമായും വറ്റിതീർന്നിരുന്നു.