ഒരു സാമൂഹ്യസേവകൻ്റെ  വിലാപങ്ങൾ .

 

 

 

 

 

 

 

വിരസമായ ഒരു ദിവസത്തിന്റെ അവസാനം വെറുതെ സോഷ്യൽ മീഡിയയിൽ പഴയ സുഹൃത്തുക്കളെ തിരയുകയായിരുന്നു അയാൾ . സോഷ്യൽ മീഡിയയിൽ എം. രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനും കുറെ അധികം ഫോളവേഴ്‌സും ഉള്ള ആളുമാണ് കഥാനായകൻ. കടുത്ത രജനികാന്ത് ആരാധകനായ രാജൻ മാത്യു, എം. രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനായി.

സോഷ്യൻ മീഡിയയിലെ തിരച്ചിലിനിടയിൽ ഒരു ഫോട്ടോ കണ്ണിൽ ഉടക്കി. നല്ല പരിചയം തോന്നുന്നു, അയാൾ സ്വയം പറഞ്ഞു.

“അത് ജോസഫ് അല്ലെ? അതെ, അത് ജോസഫ് തന്നെ”.

വിശദമായി പ്രൊഫൈൽ പരിശോധിച്ചു അത് ജോസഫ് തന്നെയാണ് എന്ന് ഉറപ്പിച്ചു. ഫ്രണ്ട് റിക്വസ്റ് അയക്കണമോ എന്ന് അയാൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ പ്രൊഫൈലിൽ പച്ച വിളക്ക് കത്തിക്കിടക്കുന്നതു അയാൾ കണ്ടുപിടിച്ചു. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നവർ, എങ്ങനെയോ രണ്ടു വഴിക്ക് പിരിഞ്ഞുപോയി. ഏതായാലും ജോസഫിനെക്കുറിച്ചു് കൂടുതൽ അറിയാനുള്ള മോഹം വർദ്ധിച്ചു വന്നപ്പോൾ മെസ്സേജ് അയച്ചു…

“ജോസഫ് അല്ലെ?”

“അതെ”, നിമിഷങ്ങൾക്കകം മറുപടി വന്നു.

“എന്നെ ഓർമ്മിക്കുന്നുണ്ടോ? ഞാൻ രാജൻ മാത്യു.”

“ശരിക്കും പിടികിട്ടിയില്ല, ആരാ?”

“ഞാൻ….നമ്മൾ ഒന്നിച്ചു ജോലി ചെയ്തിരുന്നത് ഓർമ്മിക്കുന്നില്ലേ? ഇരുപതു വർഷങ്ങൾക്ക് മുൻപ്, ബാംഗ്ലൂരിൽ.”

“സോറി, ആദ്യം മനസ്സിലായില്ല കേട്ടോ. എങ്കിലും ഒരു സംശയം തോന്നിയിരുന്നു,..സുഖമല്ലേ?”

“ടൈപ്പ് ചെയ്യുന്നത് ബോറടിയാണ്. മെസഞ്ചറിൽ വരൂ”

“ക്ഷമിക്കണേ, ഇവിടെ സൗകര്യങ്ങൾ കുറവാണ്..മൊബൈൽ കൊച്ചുമോൾ എടുത്തുകൊണ്ടുപോയി കളിക്കുകയാണ്.”

ജോസഫ് രജനികാന്ത് എന്ന രാജൻ മാത്യുവിന്റെ സഹപ്രവർത്തകൻ ആയിരുന്നു. നാലു വർഷം ഒന്നിച്ചു ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതാണ്.. വളരെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. അവിചാരിതമായി ഉണ്ടായ ചില സംഭവങ്ങൾ അവന്റെ ജീവിതം തകിടം മറിച്ചു.

അവനെക്കൂടാതെ ഒരു ജീവിതമില്ല എന്ന് പറഞ്ഞു നടന്നിരുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ കടുത്ത മാനസിക സംഘർഷത്തിലായ അവൻ ആരോടും മിണ്ടാതെ തന്നിലേക്ക് ഒതുങ്ങി.
ഡിപ്രഷന് അടിപെട്ട ജോസഫ് ജോലിസ്ഥലത്ത് തുടർച്ചയായി വരാതെ ആയി, അങ്ങനെ അവന് ജോലി നഷ്ട്ടപ്പെട്ടു.

പിന്നീട് അവനെ കാണാനോ ബന്ധപ്പെടുവാനോ കഴിഞ്ഞില്ല.
ഒരു പുതിയ ജോലി കിട്ടി പോകുന്ന സമയത്ത് ജോസഫിനോട് പറയണം എന്ന് വിചാരിച്ചു് അവനെ അന്വേഷിച്ചു. പക്ഷെ, അവൻ ആ കാലങ്ങളിൽ എവിടെയാണ് എന്നുപോലും അറിഞ്ഞുകൂടായിരുന്നു.

കാലക്രമേണ മനസ്സിലെ അവന്റെ ചിത്രം മങ്ങി വിസ്‌മൃതിയിലായി.
ഇപ്പോൾ യാദൃശ്ചികമായി അവനെ സോഷ്യൽ മീഡിയ വഴി കണ്ടുമുട്ടിയിരിക്കുന്നു. അല്പം സ്നേഹവും സഹതാപവും ആകട്ടെ എന്നു കരുതി എഴുതി.

‘ പ്രിയ കൂട്ടുകാരാ, നീ എവിടെയാണെന്നും നിൻറെ ചുറ്റുപാടുകൾ എന്താണെന്നും എനിക്കറിഞ്ഞുകൂടായിരുന്നു.. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളുടെ അകലമുണ്ടെങ്കിലും നീ ഇന്നും എന്റെ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയിട്ടില്ല. നിന്നെ കാണാൻ എന്തുകൊണ്ടോ ഒരാഗ്രഹം. സ്നേഹപൂർവ്വം..’

അല്പസമയത്തെക്ക് ഒരു നിശബ്ദത അവരുടെ ഇടയിൽ തങ്ങിനിന്നു. ജോസഫ് ഒന്നും എഴുതിയില്ല.

എങ്കിലും അല്പസമയത്തിന് ശേഷം അവന്റെ മറുപടി വന്നു..

“ഞാൻ എന്താണ് എഴുതേണ്ടത് എന്ന് എനിക്കറിയില്ല. ഭാര്യ രണ്ടു വർഷങ്ങൾക്ക് മുൻപ് മരിച്ചു. അവളുടെ ചികിത്സക്കായി വീട് പണയം വച്ച് ബാങ്ക് ലോൺ എടുത്തിരുന്നു. എല്ലാം ശരിയായി വന്നതാണ്. എന്നാൽ പെട്ടന്ന് ഒരു ദിവസം അവൾ പോയി. ഇപ്പോൾ മകൾക്ക് ബ്ലഡ് ക്യാൻസറിന് ചികിത്സയിലാണ്. സുഹൃത്തുക്കളുടെ സഹായംകൊണ്ട് തട്ടി മുട്ടി പോകുകയായിരുന്നു. അതുകൊണ്ട് ആരെയും,വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു .എന്തിന് മറ്റുള്ളവരെ ഇതിനെല്ലാം ഇടയിൽ വലിച്ചിഴക്കണം? ഈ ചിന്തകൊണ്ട് ആരുമായും ബന്ധപ്പെടാറില്ല.”

“അപ്പോൾ ജോലി?”

“ജോലിക്ക് കൃത്യമായി പോകാൻ കഴിയുന്നില്ല. മകളുടെ ചികിത്സയുടെ ഇടയിൽ രണ്ടും കൂടി കൊണ്ടുപോകാൻ വിഷമം ആണ്.കൂടാതെ തിരിച്ചടവ് മുടങ്ങിയതുകൊണ്ട് ബാങ്കിൽനിന്നും ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്..ഇല്ല എല്ലാം എഴുതി നിന്റെ മനസ്സ് കലുഷിതമാക്കുന്നില്ല..നിനക്ക് സുഖമല്ലേ?”

“പിന്നെ എന്ത് സംഭവിച്ചു?”

“എന്ത് സംഭവിക്കാൻ ? ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു. നാളെ അവർ ജപ്തി നടപ്പാക്കാൻ വരും എന്നറിയിച്ചിരിക്കുന്നു. എനിക്ക് ഒന്നും എഴുതാൻ തോന്നുന്നില്ല..നമ്മൾക്ക് പിന്നെ കാണാം.”അവൻ പോയി.

അയാൾക്ക് വിഷമം തോന്നി. സഹായിക്കാമായിരുന്നു. പക്ഷെ ഒന്നും പറയാതെ ജോസഫ് പോയികഴിഞ്ഞിരുന്നു.

ആരാണെങ്കിലും തകർന്നു പോകും..അവൻ ഒന്നും കാര്യമായി പറഞ്ഞുമില്ല. വലിയ അഭിമാനിയാണ്.

എന്തു ചെയ്യാനാണ്?അവന്റെ വിവരങ്ങൾ വിശദമായി കിട്ടിയിരുന്നു എങ്കിൽ സഹായിക്കാൻ കഴിയുമായിരുന്നു.

അര മണിക്കൂർ കഴിഞ്ഞു കാണും അവന്റെ പ്രൊഫൈലിൽ പ
ച്ച വിളക്ക് തെളിഞ്ഞു. അവൻ വന്നു.

“ക്ഷമിക്കണം, സഹിക്കാൻ കഴിയുന്നില്ല. എല്ലാം നിന്നോട് പറഞ്ഞു വിഷമിപ്പിക്കാൻ മനസ്സ് വന്നില്ല.”

ജോസഫ് എന്നും അങ്ങിനെ ആയിരുന്നു. മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യും. സ്വന്തം കാര്യം നോക്കാറില്ല.

“നാളെ എന്ത് ചെയ്യും?”

“ഒരു സുഹൃത് തല്ക്കാലം അവന്റെ വീട്ടിൽ താമസിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു മാർഗ്ഗം കാണാതിരിക്കില്ല.”

“ബാങ്കിൽ എത്ര അടയ്ക്കണം?”

“അയ്യോ അത് വലിയ തുകയാണ് . എട്ടുലക്ഷം രൂപ അടയ്ക്കണം.”

“അത്രയും തുക നാട്ടിലെ എന്റെ അക്കൗണ്ടിൽ കാണില്ല. അടുത്ത ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. അപ്പോൾ വരെ പിടിച്ചു നിൽക്കാൻ സാധിക്കുമോ?”

“എല്ലാ അവധിയും തെറ്റിയതാണ്. സാരമില്ല. വരുന്നതു പോലെ വരട്ടെ”
.
“എന്റെ നാട്ടിലെ അക്കൗണ്ടിൽ ഒരു അഞ്ചു ലക്ഷം രൂപ കാണും. അത് മതിയാകില്ലല്ലോ”
.
“പകുതി പൈസ അടച്ചാൽ വീണ്ടും ലോൺ അഡ്ജസ്റ്റ് ചെയ്യാം എന്ന് ബാങ്കിൽ നിന്നും പറഞ്ഞിരുന്നു..എന്തു ചെയ്യാനാണ്? സാരമില്ല. വരുന്ന പോലെ വരട്ടെ.”

“ഞാൻ ഒരു അഞ്ചുലക്ഷം രൂപ അയച്ചുതരാം .വേണമെങ്കിൽ ഞാൻ ബാങ്കിൽ വിളിച്ചുപറയാം ”

“വേണ്ട, നിനക്ക് ബുദ്ധിമുട്ടാകും. ഞാൻ എവിടെ നിന്ന് അത് തിരിച്ചു തരാനാണ് ?”

” അക്കൗണ്ട് നമ്പർ തരൂ .ഞാൻ നാട്ടിൽ വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം.”

“അയ്യോ വേണ്ട. തന്റെ സന്മനസ്സിന് നന്ദി. ഞാൻ പോകുന്നു.”

“ജോസഫ്, നിൽക്കൂ ഞാൻ പറയുന്നത് കേൾക്കൂ. അക്കൗണ്ട് നമ്പർ തന്നാൽ ഇപ്പോൾ തന്നെ പൈസ അയക്കാം. ബാക്കി നാട്ടിൽ വരുമ്പോൾ നോക്കാം”

“വേണ്ട സുഹൃത്തേ, എന്റെ വിഷമങ്ങൾ എന്നോടു കൂടി അവസാനിക്കട്ടെ. ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം.”

“ജോസഫ്…”

അൽപസമയം അവൻ നിശ്ശബ്ദനായി. എങ്കിലും അവന്റെ പ്രൊഫൈലിലെ പച്ച വെളിച്ചം അണഞ്ഞില്ല.

വീണ്ടും നിർബ്ബന്ധിച്ചപ്പോൾ അവൻ അക്കൗണ്ട് നമ്പർ അയച്ചു തന്നു.
ഞാൻ പറഞ്ഞു.

“ഒരു മണിക്കൂറിനകം ക്യാഷ് എത്തും. ഇപ്പോൾ തന്നെ അയക്കും .”

“ശരി”

പ്രൊഫൈലിലെ ആ പച്ചവെളിച്ചം അണയാതെ രണ്ടുദിവസം കത്തിനിന്നു.

അയാൾ അവന്റെ മറുപടിക്കായി കാത്തു.

രണ്ട് ദിവസം കഴിഞ്ഞു.

കാത്തിരുപ്പ് നീണ്ടുപോയപ്പോൾ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. എന്തോ സംഭവിച്ചിട്ടുണ്ട് എന്നു മനസ്സ് പറഞ്ഞുതുടങ്ങി.

പിന്നെ, അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പച്ചവെളിച്ചം അണഞ്ഞു. ജോസഫിന്റെ പ്രൊഫൈലും കാണാനില്ല.

ബാങ്കിൽ വിളിച്ചു നോക്കിയപ്പോൾ ക്യാഷ് എത്തി ഒരു മണിക്കൂറിനകം അത് പിൻവലിച്ചിരിക്കുന്നു എന്ന വിവരം കിട്ടി.
നാട്ടിലെത്തി, ജോസഫിൻറെ അഡ്രസ് കണ്ടുപിടിച്ചു അന്വേഷിച്ചു ചെന്നു.

ജോസഫ് മരിച്ചിട്ടു വർഷങ്ങൾ അഞ്ചു കഴിഞ്ഞിരുന്നു.

വിശദമായി പോലീസിൽ ഒരു കംപ്ലയിൻറ് എഴുതിക്കൊടുത്തു. എല്ലാം കേട്ടതിനുശേഷം ഓഫീസർ പറഞ്ഞു.

“എന്നാലും നിങ്ങൾക്ക് മൂന്നുലക്ഷം രൂപ ലാഭം കിട്ടിയില്ലേ?”

“അതെങ്ങനെ?”

“നിങ്ങൾ എട്ടു ലക്ഷം രൂപ കൊടുക്കാൻ തയ്യാറായിരുന്നു, ശരിയല്ലേ?”

“അതെ,”

“നിങ്ങൾ കൊടുത്തത് അഞ്ചുലക്ഷം രൂപ മാത്രം. നിങ്ങൾക്ക് ലാഭം മൂന്നുലക്ഷം:”

അയാൾക്ക് കോമഡി പറയാം. കാശ് പോയത് അയാളുടേതല്ലല്ലോ.
രണ്ടാഴ്ച കഴിഞ്ഞു പോയി ഒന്നും സംഭവിച്ചില്ല.

ഒരു പാവപ്പെട്ടവന്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം വന്നത് അയാൾ വായിച്ചുനോക്കി. ഒരപകടത്തിൽ അയാളുടെ നട്ടെല്ല് മൂന്നായി ഒടിഞ്ഞുപോയിരിക്കുന്നു. എന്തെങ്കിലും സഹായം ചെയ്യണം.
പാവം മനുഷ്യൻ, നട്ടെല്ല് ഇല്ലങ്കിലും കംപ്യൂട്ടറിന്റെ മുൻപിൽ മണിക്കൂറുകളോളം ഇരുന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ അയാൾ എത്ര കഷ്ട്ടപ്പെട്ടു കാണും എന്നോർത്തപ്പോൾ എം. രജനികാന്ത് എന്ന സാമൂഹ്യപ്രവർത്തകനിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English