ഉറക്കം
ഒരു പുതപ്പായിരുന്നെങ്കിൽ!
ആ പുതപ്പ് കണ്ണിൻ മീതെ വലിച്ചിട്ട്
തലയിണയിൽ തല ചേർത്ത്
തിരശീലപ്പാളികൾ അടുപ്പിച്ച് കോർത്തു
ഉദിപ്പവന്റെ വിരൽവെളിച്ചങ്ങൾ മറച്ചിട്ട്
ഒരു പഞ്ഞിമിട്ടായി കണക്കെ സുഖസുഷുപ്തി… നൊട്ടി നുണഞ്ഞു ………
ഉറക്കം
ഒരു മേഘക്കീറായിരുന്നെങ്കിൽ
സൂര്യന് ചുറ്റും…… ആകാശം നീളെ….
പരത്തി വിരിച്ചു
ഉദയമൊരു കണിക പിന്നോട്ട് വലിച്ചു
ആ നിമിഷം ആവോളം സുഖിച്ച് ……….
ഭൂമിയായി അതിൻ്റെ ചൂടനുഭവിച്ചു
ഉഷ്ണിച്ചു ഉഷ്ണിച്ചു
ആ മേഘത്തിൽ നിന്ന് ചോരുന്ന നനവ്
മലമടക്കുകളിൽ, മരമുടികളിൽ
ഏറ്റുവാങ്ങി നനഞ്ഞു കുളിച്ചു
വേനലിൽ കരിഞ്ഞു പോയ പാടങ്ങളിൽ
വിണ്ടു കീറിയ മണ്ണിൻ പാളികളിൽ
പുതുയൗവനവസന്തം വിരിയിക്കാൻ തയ്യാറെടുത്ത് ……
മുളച്ചു പൊന്തും പുൽനാമ്പുകളിൽ
ഇക്കിളിയിട്ടൊഴുകുന്ന നീർചാലുകളിൽ
പരൽമീനുകൾ നീന്തുമ്പോൾ
പായാരമോതി പറക്കും നീർപ്പറവകൾക്ക്
മുങ്ങിത്തപ്പി അന്നാന്നു പള്ള നിറയ്ക്കുവാൻ
ചുള്ളിക്കമ്പിൻ മീതെ ചിറകില്ലാ
വിരിയാക്കണ്ണുകളുമായി കാത്തിരിക്കും
വരുംതലമുറക്കൊക്കിൽ ചേർത്ത് വയ്ക്കും
ചേർത്ത് പിടിക്കും