പാര്‍വതി ടീച്ചര്‍ പ്രധാന അധ്യാപികയായി ചാര്‍ജ്ജെടുത്ത ശേഷം വിളിച്ചു ചേര്‍ത്ത സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ തറപ്പിച്ചു പറയുകയുണ്ടായി. എല്ലാവരും നിര്‍ബന്ധമായി ടീച്ചിംഗ് നോട്ട് എഴുതണം, പഠനോപകരണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
പുത്തനച്ചിയെ ചൂലുമായി പുരപ്പുറത്തേക്കു കാണുമ്പോഴുണ്ടാകുന്ന കൗതുകത്തോടെ എല്ലാവരും അതുകേട്ട് തലകുലുക്കുകയും ചിരിയടക്കാന്‍ പാടുപെടുകയും ചെയ്തു.
പിറ്റേന്ന് വിക്രമന്‍ മാഷ് ഒരു സഞ്ചി നിറയെ പഠനോപകരണങ്ങളുമായാണ് സ്കൂളില്‍ എത്തിയത് മാഷ് ടീച്ചിംഗ് നോട്ടും എഴുതിയിട്ടുണ്ട്.
പാര്‍വതി ടീച്ചര്‍ക്ക് സന്തോഷമായി. തന്റെ വാക്കിന് വില കല്പ്പിക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ. മറ്റുള്ള മൂരാച്ചികള്‍ ഈ ചെറുപ്പക്കാരനെ കണ്ടു പഠിക്കട്ടെ.
ടീച്ചിംഗ് നോട്ടും സഞ്ചിനിറയെ പഠനോപകരണങ്ങളുമായി വിക്രമന്‍ മാഷ് ക്ലാസിലേക്കു ചെന്നു. മാഷുടെ ക്ലാസു കാണാന്‍ മറ്റു ജോലികള്‍ മാറ്റി വച്ച് പാര്‍വതി ടീച്ചറും പിറകെ ചെന്നു.
ഔപചാരികതകള്‍ക്കു ശേഷം വിക്രമന്‍ മാഷ് ടീച്ചിംഗ് നോട്ട് തുറന്നു വച്ചു. തുടര്‍ന്ന് ബ്ലാക്ക് ബോര്‍ഡില്‍ ‘ സിന്ധു നദീതട സംസ്ക്കാരം ‘ എന്നെഴുതി അടിവരയിട്ടു. ഇന്നത്തെ വിഷയം ഇതാണ്.
കുട്ടികള്‍ തലുകുലുക്കി. അവരുടെ ശ്രദ്ധ മുഴുവനും മാഷ് കൊണ്ടു വന്ന സഞ്ചിയിലാണ്. കുട്ടികളുടെ ആകാംക്ഷക്കു അറുതി വരുത്തിക്കൊണ്ട് വിക്രമന്‍ മാഷ് സഞ്ചിയില്‍ നിന്നും പഠനോപകരണങ്ങള്‍ ഓരോന്നോയി പുറത്തെടുത്ത് മേശപ്പുറത്തു വച്ചു. ആദ്യം എടുത്തു വച്ചത് ഒരു ചുവന്ന കാറാണ്. കാറിനു പിറകെ കപ്പല്‍, തുടര്‍ന്ന് ഹെലികോപ്റ്ററും വിമാനവും ( ഇതെല്ലാം മാഷ് പാലക്കാടുള്ള പേരുകേട്ട ഒരു ഗിഫ്റ്റ് ഹൗസില്‍ നിന്നും മക്കള്‍ക്കു വേണ്ടി പൊന്നും വിലക്കു വാങ്ങിയതാണ്. ) സഞ്ചിയില്‍ നിന്നും അവസാനമായി പുറത്തു വന്നത് രണ്ടു തോക്കുകളാണ്. ഒന്നു വലുത് ഒന്നു ചെറുത്. കുട്ടികള്‍ അപ്പോള്‍ കൂട്ടത്തോടെ കയ്യടിച്ചു.
അയ്യായിരം വര്‍ഷം പഴക്കമുള്ള സിന്ധു നദീതട സംസ്ക്കാരം പഠിപ്പിക്കാന്‍ കൊണ്ടു വന്നിട്ടുള്ള പഠനോപകരണങ്ങള്‍ കണ്ട് പാര്‍വതി ടീച്ചര്‍ മിഴിച്ചിരിക്കെ വിക്രമന്‍ മാഷ് തന്റെ കര്‍ത്ത വൃത്തിയിലേക്കു കടന്നു.
” കുട്ടികളേ , നിങ്ങള്‍ക്കറിയാം ഈ മേശപ്പുറത്തിരിക്കുന്നത് എന്തൊക്കെയാണെന്ന് . എന്നാല്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സിന്ധു നദീതടസംസ്ക്കാരത്തിന്റെ കാലത്ത് ഇതു പോലുള്ള കാറോ കപ്പലോ വിമാനമോ തോക്കോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അറിയുക ”
അപ്പോഴേക്കും മാഷ് സ്റ്റാഫ് റൂമിലേക്കു പറഞ്ഞു വിട്ട പയ്യന്‍ ഒരു റേഡിയോയുമായി കടന്നു വന്നു.
” നോക്കൂ, ഇതെന്താണ്?” റേഡിയോ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാഷ് ചോദിച്ചു. കുട്ടികള്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു.
” അതെ , ഇതാണ് റേഡിയോ. അന്നത്തെ കാലത്ത് ഇങ്ങനെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല കേട്ടോ”
പാര്‍വതി ടീച്ചര്‍ ഒരു ഭ്രാന്തിയേപ്പോലെ ഓഫീസ് മുറിയിലേക്കു ചെന്നതും കൂട്ടമണിയടിച്ച് സ്കൂള്‍ വിട്ടതുമൊക്കെ പിന്നത്തെ കഥ.
അതിനു ശേഷം ടീച്ചര്‍ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. മൂന്നാലുമാസക്കാലം മൂകാംബികയില്‍ ചെന്ന് ഭജനമിരുന്നെന്നും പിന്നീട് രണ്ടു എരുമകളെ വാങ്ങി ഉപജീവമാര്‍ഗം കണ്ടെത്തിയെന്നുമൊക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്.
Click this button or press Ctrl+G to toggle between Malayalam and English