”പണം വേണ്ടതിലധികം നല്‍കുന്നു എന്നതിന്റെ പേരില്‍ തങ്ങളുടെ കക്ഷികളെ അവര്‍ ക്രിമിനലുകളോ, അല്ലാത്തവരോ എന്നുള്ള സാമാന്യ ബുദ്ധി മാറ്റി വച്ച് രക്ഷ ചെയ്യുവാന്‍ ഏതറ്റം വരെയും പോകാന്‍ നമ്മുടെ അഡ്വേക്കേറ്റുമാര്‍ തയാറാകുന്ന കാലമാണ് . സ്വാഭാവികമായും പക്കാ ക്രിമിനലുകള്‍ പണം വാരിയെറിഞ്ഞ് നിരപരാധികളായും , ചിലപ്പോഴൊക്കെ നിരപരാധികള്‍ അപരാധികളായും മാറ്റപ്പെടുന്ന ഒരു ദുരവസ്ഥ നിലവില്‍ നമ്മുടെ രാജ്യത്തുണ്ട്.
ഇത് പ്രതീകാത്മകമായി കണ്ണു മൂടിക്കെട്ടിയ നീതി ദേവതയുടെ കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിനു സമാനമായ നിന്ദ്യതയാണ് . പണമേറെ കൈവശമുണ്ട് എന്നതിന്റെ മാത്രം ബലത്തില്‍ ഏത് വന്‍ കുറ്റവാളികളെയും ശിക്ഷയില്‍ ഇളവു നേടുന്നത് എത്ര വലിയ സാമൂഹിക ദുരന്തമാണ്. ( പണമില്ലാത്ത ക്രിമിനലുകള്‍ക്ക് ഈ സൗഭാഗ്യം ലഭിക്കുന്നുമില്ല )
നിയമദൃഷ്ട്യായും പൗരരെ പണാടിസ്ഥാനത്തില്‍ രണ്ടു തട്ടാക്കി ഗണിക്കുന്നു എന്ന സാമൂഹ്യ ദുരന്തവും ഇവിടെ സംദൃശ്യം. പണക്കൊതിയില്‍ അഡ്വേക്കേറ്റുമാര്‍ ക്രിമിനല്‍ വ്യക്തിത്വങ്ങളെയും നിയമവ്യവസ്ഥയേയും നിരപരാധികളാക്കി വെള്ള പൂശുന്നു എന്നതാണ് പരിതാപകരമായ അവസ്ഥ .
കൊടും ക്രിമിനല്‍ കുറ്റാരോപിതരുടെ കേസുകള്‍ വാദിക്കാനുള്ള നിക്ഷിപ്താവകാശം പബ്ലീക് പ്രൊസിക്യൂട്ടര്‍മാര്‍ക്ക് മാത്രം പതിച്ചു നല്‍കുകയാണ് ഈ സാഹചര്യത്തില്‍ കരണീയം.
നിലവില്‍ സ്വന്തം കേസു വാദിക്കാന്‍ പണശേഷി ഇല്ലാത്തവര്‍ക്കേ പബ്ലീക് പ്രൊസിക്യൂട്ടര്‍മാരെ സമീപിക്കാനൊക്കു. എന്നാല്‍ കുറെയധികം അഡ്വേക്കേറ്റുമാരുടെ പണക്കൊതിയിന്‍ മേല്‍ വലിയ ക്രിമിനല്‍ കുറ്റം ചെയ്തവരെ കുറ്റവിമുക്തരാക്കപ്പെടുന്നു എന്ന സാമൂഹ്യ ദുരന്തം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പണബലമുള്ള ക്രിമിനല്‍ കുറ്റാരോപിതര്‍ക്കും തങ്ങളുടെ ഭാഗം സമര്‍ത്ഥിക്കാന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരെ ചുമതലപ്പെടുത്തും വിധം നിയമവ്യവസ്ഥകള്‍ വ്യതിയാനപ്പെടുത്താവുന്നതേ ഉള്ളു.
ഇവിടേയും വിവേചനാധികാരം ഉപയോഗപ്പെടുത്തലാണ് ഉചിതം. ധനശേഷി ഏറെയുള്ള ക്രിമിനലുകളുടെ കേസ് വാദത്തിന് അവരില്‍ നിന്ന് തക്കതായ പ്രതിഫലം ഊടാക്കാവുന്നതുമാണ്.
അവ്വിധം ‘ കഴുത്തറുപ്പന്‍’ സ്വകാര്യ അന്യായങ്ങളിലൂടെ കൂടുതല്‍ പണം കരസ്ഥമാക്കി ‘ ദുര്‍വാദം ‘ നടത്തി വിജയം വരിക്കുന്ന പല അഡ്വേക്കേറ്റുമാരുടേയും ദു:സാമര്‍ത്ഥ്യം വലിയൊരളവ് ഇല്ലാതാക്കാനും , തദ്വാരാ നല്ലൊരു നിയമ സംസ്ക്കാരം നമ്മുടെ രാജ്യത്ത് സൃഷ്ടിക്കാനും സാധിക്കും. ( അക്ഷരാര്‍ത്ഥത്തില്‍ ‘ കള്ളനു കഞ്ഞി വച്ചു കൊടുക്കുന്നവരാണ് ‘ മേല്‍ ചൊന്ന അഡ്വേക്കേറ്റുമാര്‍!’)
ആയതിനു വേണ്ട നടപടി ക്രമങ്ങള്‍ ( ബില്ലുകള്‍) പ്രാബല്യം വരുത്തേണ്ടത് ഉത്തമ ജനാധിപത്യ ഗവണ്മെന്റുകളുടെ ധാര്‍മ്മികോത്തരവാദിത്തമാണെന്നും, ആയത് ശ്രദ്ധയില്‍ പെടുത്താന്‍ ആവശ്യമായ ധാര്‍മ്മിക ബോധ്യം ഏതൊരു സാമാന്യ പൗരനും ഉണ്ടാകേണ്ടതാണെന്നുമുള്ള ഉത്തമചിന്തയാല്‍ ഈ വാദം സമാപ്തം !”