ഒരു മൊന്ത വെള്ളവും ചെറുപ്പക്കാരും

 

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു ‘ തിരഞ്ഞെടുപ്പുകളിൽ നാം സ്ഥിരമായി കേൾക്കാറുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നതാണോ അങ്ങനെ പരസ്യം പറയുന്നവർ ഉദ്ദേശിക്കുന്നത് ? തീർച്ചയായും അല്ല. ഇന്ത്യയെന്ന രാജ്യം മികവാർന്ന ജനാധിപത്യ ഭരണക്രമത്തിലൂടെ മുന്നേറി രാജ്യത്തെ ജനങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും നിറഞ്ഞൊരു ജീവിതം ഒരുക്കിയിരിക്കുന്നു എന്നാണ്.

ഇനി നമുക്ക് രണ്ടു കാഴ്ചകൾ കാണാം.

ഒന്നാമത്തെ കാഴ്ച്ച :

അല്പകാലമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ താമസിച്ചിട്ടുള്ളവർ സ്ഥിരമായി കാണുന്നൊരു കാഴ്ചയാണിത് : രാവിലെയും വൈകുന്നേരങ്ങളിലും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ നല്ലൊരു വിഭാഗം ആളുകൾ ഒരു പ്ലാസ്റ്റിക് കുപ്പിയിലോ മഗ്ഗിലോ വെള്ളവുമായി അടുത്ത കുറ്റിക്കാട്ടിലേക്ക് പോകുന്നത്.

രണ്ടാമത്തെ കാഴ്ച :

രണ്ടാമത്തെ കാഴ്ച്ച കേരളത്തിൽ തന്നെയാണ്. നമ്മുടെ ചെറുപ്പക്കാരൊക്കെ വിദേശരാജ്യങ്ങളിക്ക് ചേക്കേറാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ച്ച; അങ്ങനെ ചെന്നുപറ്റിയവർ ആ രാജ്യങ്ങളിൽ തന്നെ തുടർജീവിതം സാധ്യമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന കാഴ്ച്ച.

എന്തു കൊണ്ട് ഈ കാഴ്ച്ചകളെന്നു നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ. ഉത്തരം ലളിതം. നമ്മുടെ നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം വളരെ ദുർബലമാണ്.

ഇന്ത്യയെന്ന രാജ്യം രൂപപ്പെട്ടിട്ട് സുദീർഘമായ 75 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. രാജ്യവികസനത്തിനായി വേണ്ടതെല്ലാം ഇവിടെയുണ്ട് — കഴിവുറ്റതും അച്ചടക്കമുള്ളതുമായൊരു ജനത; ധാരാളം പ്രകൃതിവിഭവങ്ങൾ…

പിന്നെന്തേ നമ്മൾ ഇപ്പോഴും ദരിദ്രരാഷ്ട്രമായി തുടരുന്നു. ഇപ്പോഴും ആളുകൾ കുറ്റിക്കാടുകളിലേക്ക് വരിയായി പോകുന്നു; ചെറുപ്പക്കാർ കൂട്ടമായി മറ്റു നാടുകളിലേയ്ക്ക് ചേക്കേറുന്നു. ഇങ്ങോട്ട് മടങ്ങി വരാൻ വിമുഖത കാണിക്കുന്നു?

ഉത്തരം ലളിതം. 75 സുദീർഘ വർഷങ്ങളായി നമ്മൾ തിരഞ്ഞെടുത്തു വിട്ടവരിൽ ഭൂരിപക്ഷത്തിനും രാജ്യപുരോഗതിയിലും നന്മയിലും ഉപരി സ്വന്തം കാര്യങ്ങളിലായിരുന്നു താല്പര്യം.

ഒരു രാജ്യത്തെ ഡെമോക്രസി തിരഞ്ഞെടുപ്പ് കൊണ്ടുമാത്രം പൂർണമാകുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്തെ ജനങ്ങളോടും – ജുഡീഷ്യറിയോടും ഭരണനിർവഹണ സംവിധാനങ്ങളോടും തോളോട് തോൾ ചേർന്നു രാജ്യപുരോഗതിക്കും ക്ഷേമത്തിനുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചെങ്കിലെ അതുണ്ടാവൂ.

തിരഞ്ഞെടുപ്പടുക്കുമ്പോൾ സീറ്റ് തരപ്പെടുത്താൻ എന്തൊരു തിക്കിത്തിരക്കാണ്. എന്തേ നമ്മെ സേവിക്കാൻ ഇവരൊക്കെ ഇത്ര തിക്കിത്തിരക്കുന്നു. അതിനുള്ള ഉത്തരവും ലളിതം. നമ്മെ സേവിക്കാനല്ല, അവരവരെ തന്നെ സേവിക്കാനുള്ള തിക്കിത്തിരക്കാണത്.

അതുകൊണ്ട് നമ്മുടെ ഡെമോക്രസി മൂല്യമേറിയതാണെന്നും വോട്ടുകൾ വിലയേറിയതാണെന്നും (അവർക്ക് ) കേൾക്കുമ്പോൾ ഒരു മൊന്ത വെള്ളം കൊണ്ടു എങ്ങനെ വൃത്തിയായി കഴുകാനാവുമെന്നും ചെറുപ്പക്കാരൊക്കെ നാടുവിട്ടാൽ വയസ്സാകുമ്പോൾ നമ്മുടെ കാര്യം എന്താവും എന്നും കൂടി ഓർക്കണം.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here