രാവിലെ അത് പലപ്പോഴും പതിവുള്ളതാണ് .ധൃതി പിടിച്ച് ഇറങ്ങാൻ നേരമാകും ആരുടെയെങ്കിലും ആഗമനം.പലവിധ പിരിവുകാരാകാം.കല്യാണം വിളികാരാകാം.ആരായാലും അന്നത്തെ ദിവസം ഓഫീസിലേക്ക് പോകാൻ ട്രെയിൻ കിട്ടി ല്ല എന്നുറപ്പ്.റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള ബസ് പിടിക്കാനുള്ള സമയമനുസരിച്ചാണ് മറ്റു കാര്യങ്ങളൊക്കെ ക്രമീകരിച്ചു വെച്ചിരിക്കുന്നത്.വരുന്നയാൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എന്റെ സമയവും ക്രമവുമൊന്നും അവർക്കറിയേണ്ട കാര്യമില്ലല്ലോ?പിന്നെയും അതറിയാവുന്നത് പ്രിയതമയ്ക്കാണ്.അതു കൊണ്ട് തന്നെ അവൾ എപ്പോഴും പറയും.’’എത്ര സമയമുണ്ടെങ്കിലും ആ മുഹൂർത്തമാകുമ്പോൾ മാത്രമേ ഇറങ്ങാവൂ.’’
അപ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ്.ഏതോ പിരിവിന്റെ ഉൽഘാടനമാണെന്ന് തോന്നുന്നു.ഏതായാലും ഇനി അവരെ കണ്ടിട്ട് പോകാമെന്ന് വിചാരിച്ച് കാത്തിരുന്നു.കുറച്ചു നേരമായിട്ടും ആഗതരെ അകത്തേക്ക്കണ്ടില്ല.ഇതെവിടെപ്പോയി?ഇനി അകത്തേക്ക് കയറാതെ സ്ഥലം വിട്ടോ..തിരക്കി പുറത്തു ചെന്നപ്പോഴാണ് വന്നവരിൽ രണ്ടു പേർ പച്ചക്കറിത്തോട്ടവും ചെടികളും നോക്കുന്നു.ഒരാൾ ചെടികൾ നനക്കുന്നു.എനിക്ക് ഒന്നും പിടി കിട്ടിയില്ല.ഇനി തൊഴിലുറപ്പ് തൊഴിലാളികൾ വല്ലതുമാണോ?വേഷം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.അവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ജനങ്ങളെ കാണാനുമില്ല.അവരെങ്ങോട്ടാണ് പോയത്..ഞാൻ അങ്ങുമിങ്ങും നോക്കി.
അടുക്കളയിൽ നിന്നും ഉയർന്നു കേൾക്കുന്ന സംസാരം ശ്രദ്ധിച്ചത് അപ്പോഴാണ്.’’നിങ്ങളെന്താണീ കാണിക്കുന്നത്.ഭക്ഷണമൊക്കെ ഞാനുണ്ടാക്കിക്കൊള്ളാം.’’ അത് എന്നും കേൾക്കുന്ന പ്രിയതമയുടെ ശബ്ദം തന്നെ.’’അങ്ങനെ പറഞ്ഞാൽ പറ്റില്ല.ഇന്ന് ഭക്ഷണം ഞങ്ങളുണ്ടാക്കും’’ വന്നവരിൽ ആരുടെയോ ശബ്ദമാണെന്ന് തോന്നുന്നു.’’നമുക്കിന്ന് പുട്ടുണ്ടാക്കിയാലോ’’വേറൊരു സ്ത്രീശബ്ദം.പറഞ്ഞു തീരും മുമ്പ് പ്രിയതമയുടെ ശബ്ദം ഉയർന്നു.’’എന്റെ ഈശ്വരാ..’’. ഇത്രയും ഉച്ചത്തിൽ അവൾ ഈശ്വരനെ വിളിക്കാൻ കാര്യമുണ്ട്,പുട്ടിന്റെ പേരിൽ ഇന്നലെയും വഴക്ക് നടന്നിരുന്നു.
‘’നിങ്ങൾക്ക് പുട്ടിന്റെ വില അറിയാത്തതു കൊണ്ടാണ്.എത്രയോ ആണുങ്ങളാണ് ഞങ്ങൾക്ക് പുട്ട് മതിയെന്നും പറഞ്ഞ് നടക്കുന്നതെന്നറിയാമോ..’’ അവൾ പുട്ടിന്റെ മാഹാത്മ്യങ്ങൾ നിരത്തി. ‘’കഴിഞ്ഞ ദിവസം ‘’പെൺമണി’’ മാസികയിൽ ഒരു സിനിമാ താരം എഴുതിയത് വായിച്ചില്ലേ..’’എന്റെ ജീവിതത്തിൽ പുട്ട് വരുത്തിയ മാറ്റം’’
‘’സിനിമാതാരങ്ങൾക്ക് അങ്ങനെ പലതും എഴുതിവിടാം.അവരെപ്പോഴെങ്കിലും വീട്ടിലുണ്ടായിട്ട് വേണ്ടേ പുട്ട് തിന്നാൻ..’’
അങ്ങനെ പുട്ടിനെച്ചൊല്ലി ഇന്നലെ ഗംഭീരമായ ഒരു വഴക്ക് കഴിഞ്ഞിരിക്കുമ്പോഴാണ് അതിഥികളുടെ പുട്ടുണ്ടാക്കൽ ഓഫർ.പ്രിയതമ ഒച്ച വെച്ചില്ലെങ്കിലല്ലേ അത്ഭുതം..ഏതായാലും പൂന്തോട്ട പരിപാലനവും പുട്ട് നിർമ്മാണവുമൊക്കെ കഴിഞ്ഞ് എല്ലാവരും പൂമുഖത്തേക്ക് വന്നു.ഞങ്ങളുടെ ആകാംക്ഷ കണ്ടാകാം വന്നവരിലൊരാൾ പറഞ്ഞു.’’ഞങ്ങൾ പരിചയപ്പെടുത്താൻ മറന്നു.അടുത്തുള്ള സ്കൂളിലെ അദ്ധ്യാപകരാണ്.കുട്ടികളുടെ വീടുകളിൽ പോയി അവരുമായും വീട്ടുകാരുമായും കൂടുതൽ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയതാണ്.’’
അപ്പോൾ അതാണ് കാര്യം.സ്ക്കൂളുകളുടെ ഡിവിഷൻ പോകാതിരിക്കാനും അതുവഴി ജോലി പോകാതിരിക്കാനുമായി അധ്യാപകർ പുതിയ പുതിയ ഓഫറുകളുമായി ഇറങ്ങിയിരിക്കുന്നു എന്ന് പത്രത്തിൽ വായിച്ചിരുന്നു.യൂണിഫോം,കുട,ചെരിപ്പ്,തുടങ്ങി വാഹനസൗകര്യം വരെ തരാൻ റെഡിയായി അധ്യാപകർ രംഗത്ത് വന്നിരിക്കുന്നു,നിങ്ങൾ കുട്ടികളെ അവരുടെ സ്ക്കൂളിലേക്ക് വിട്ടു കൊടുത്താൽ മാത്രം മതി.
‘’സാറിന്റെ മക്കളെ ഞങ്ങളുടെ സ്കൂളിൽ തന്നെ ചേർക്കണം.എല്ലാ ചിലവുകളും ഞങ്ങൾ തന്നെ തരും’’ അധ്യാപകരിലൊരാൾ പറഞ്ഞു.’’ഏതായാലും ഒന്നാലോചിക്കട്ടെ…’’ ഞാനൊരു മുൻകൂർ ജാമ്യമെടുത്തു.
‘’താമസിയാതെ തന്നെ പറയണം.വേറെ വല്ല സ്ക്കൂളുകാരും വരികയാണെങ്കിൽ സാറ് അവരുടെ ഓഫറിലൊന്നും കേറി വീണേക്കരുത്’’ മറ്റൊരു അധ്യാപകൻമുന്നറിയിപ്പ് നൽകി.
‘’സുമതി ടീച്ചറെ,സാറിന്റെ പൊതി അങ്ങോട്ട് കൊടുക്ക്.’’ അധ്യാപകന്റെ നിർദ്ദേശ പ്രകാരം ടീച്ചർ രണ്ടു പൊതികളെടുത്ത് ഒന്ന് എനിക്കും ഒന്ന് ഭാര്യക്കും കൊടുത്തു.ഒന്നിൽ മുണ്ടും മറ്റേതിൽ സാരിയുമാണ്. ‘’ചേച്ചീ സാറിനോടൊന്ന് പറഞ്ഞേക്കണേ’’ സാരി കൊടുക്കുമ്പോൾ ടീച്ചർ ഒന്നോർമ്മപെടുത്തി.’’ശരി സാറേ ഞങ്ങൾ ഇറങ്ങട്ടെ,വേറെയും വീടുകളിൽ കയറാനുണ്ട്.’’ അവർ യാത്ര പറഞ്ഞിറങ്ങി.
അധ്യാപകരായി ജോലി സ്ഥിരപ്പെടാൻ എന്തെല്ലാം പെടാപ്പാടുകളാണ്.പണ്ടൊക്കെ അധ്യാപകരെ തിരക്കി ദക്ഷിണയും കാഴ്ച്ചയുമായി കുട്ടികളാണ് ഓടിയിരുന്നത്.ഇപ്പോൾ കുട്ടികളെ തിരക്കി ഓഫറുകളും മുണ്ടും ഷർട്ടുമായി അധ്യാപകരാണ് ഓടുന്നത്.അവർ പോയ പുറകെ വേറെ സ്കൂളുകാരാരെങ്കിലു, കയറി വരുന്നുണ്ടോ എന്ന് പേടിച്ച് നോക്കുമ്പോഴാണ് ആ പാട്ട് കേട്ടത്..’’പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.’’ ഫോണിന്റെ റിംഗ് ടോണായിരുന്നു..ഏതായാലും അനുയോജ്യമായ ഗാനം..സ്കൂളുകളിൽ ക്ളാസുകൾ തുടങ്ങുന്നത് വരെ ഈ ഗാനം തന്നെ മൊബൈലിൽ കിടക്കട്ടെ..