മഴയ്‌ക്കൊരു കഥ പറയാനുണ്ട്
അത് വിതനിലത്തിലെ അസുരവിത്തിനോടായിരിക്കുമോ
മകം നക്ഷത്രത്തിന് ഒരു കഥ പറയാനുണ്ട്
അത് പൊന്നു കൊണ്ട് ഇരുളിന് മിനുക്കു പണി ചെയ്യുന്ന മിന്നാമിനുങ്ങിനോടായിരിക്കുമോ
ഇടിയ്ക്കൊരു കഥ പറയാനുണ്ട്
അത് ഇടിവെട്ടിപ്പൂവിനോടായിരിക്കുമോ
ഇടതുകണ്ണിനൊരു കഥ പറയാനുണ്ട്
അത് വലതു കണ്ണിനോടായിരിക്കുമോ
ചുവരിനൊരു കഥ പറയാനുണ്ട്
അത് തുറക്കാത്ത വാതിലിനോടായിരിക്കുമോ
ചിത്രത്തിനൊരു കഥ പറയാനുണ്ട്
അത് മാസ്റ്റർപീസ് വരച്ച സംതൃപ്തിയോടെ
സ്വയം മരണം വരിച്ച ചിത്രകാരനോടായിരിക്കുമോ
കാറ്റിനൊരു കഥ പറയാനുണ്ട്
അത് കാമുകൻ തേച്ചിട്ട ഫേസ്ബുക് കാമുകിയോടായിരിക്കുമോ
കാറ്റാടിമരത്തിനു ഒരു കഥ പറയാനുണ്ട്
അത് കടൽത്തീരത്തെ ഞണ്ടുകളോടായിരിക്കുമോ
ബുദ്ധനൊരു കഥ പറയാനുണ്ട്
അത് പ്രച്ഛന്ന ബുദ്ധന്മാരോടായിരിക്കുമോ
ദൈവത്തിനൊരു കഥ പറയാനുണ്ട്
അത് മുപ്പത്തിയാറു പൂർണ്ണചന്ദ്രന്മാരെ കണ്ട
കുഞ്ഞുങ്ങളോടായിരിക്കുമോ