ഒരു കന്യാകുമാരി കനവ്

kanyaku

അന്നു രാവിലെ ബസ് പുറപ്പെട്ടപ്പോള്‍ പതിവുപോലെ അനിലേട്ടന്‍ എല്ലാവരോടുമായി പറഞ്ഞു.

” ഇന്ന് ട്രിപ്പ് അടിപൊളിയാക്കണം. വിചാരിച്ച എല്ലാ പോയിന്റിലും എത്തിപ്പെടണം. മാക്സിമം എഞ്ചോയ് ചെയ്യണം. അതായത് സൂര്യാസ്തമനം, സൂര്യോദയം, വിവേകനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ, കന്യാകുമാരി ദേവീക്ഷേത്രം, പത്മനാഭസ്വാമി കൊട്ടാരം എന്നിവ നിര്‍ബന്ധമായും അനുഭവിച്ചറിയണം”

പക്ഷെ അപ്രതീക്ഷിതമായ ട്രാഫിക് ജാം മൂലം നിറയെ തടസങ്ങള്‍. ഡ്രൈവര്‍ കിണഞ്ഞു ശ്രമിച്ചിട്ടും സൂര്യാസ്തമയത്തിനു മുന്‍പ് കന്യാകുമാരിയില്‍ എത്തിയില്ല. സരസനായാ ശ്രീമാന്‍ കുമാര്‍ജി കമന്റ് പാസാക്കി.

” സൂര്യാസ്തമയം എന്നും സ്നേഹതീരത്തു കാണുന്നതല്ലേ? പക്ഷെ സൂര്യോദയം കാണണമെങ്കില്‍ ഇവിടെ തന്നെ വരണം”

ഉള്ളിലുള്ള മുറു മുറുപ്പ് പുറത്തു കാണിക്കാതെ എല്ലാവരും ശാന്തരായി. രാത്രി ഭക്ഷണത്തിനു ശേഷം അവനവനു കിട്ടിയ റൂമില്‍ നാളത്തെ സൂര്യോദയം ആസ്വദിക്കുന്ന കാഴ്ച മനസില്‍ കണ്ട് ഉറങ്ങാന്‍ കിടന്നു. അതിനിടയില്‍ രാവിലെ 6.05 നാണ് ഉദയം അതിനാല്‍ 5.30 ഉണര്‍ന്ന് ഉദയം കാണാന്‍ റെഡിയായിരിക്കണം. അനിലേട്ടന്റെ ഉച്ചത്തിലുള്ള സ്വരം എല്ലാവരും തലയാട്ടി സമ്മതിച്ചു.

5.30 അലാറം കേട്ട് ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഉദയം കാണാന്‍ റെഡിയായി. അപ്പോള്‍ ഒരു തര്‍ക്കം – താമസിക്കുന്ന ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാല്‍ ഉദയം വ്യക്തമായി കാണാം. അതല്ല ബീച്ചില്‍ പോയാല്‍ സൂര്യനെ അടുത്തു കാണാം. അവസാനം അനിലേട്ടന്റെ റൂളിങ്ങിനു മുമ്പില്‍ എല്ലാവരും നിശബ്ദരായി. ബീച്ചില്‍ പോയി തന്നെ സൂര്യോദയം വ്യക്തമായി ആസ്വദിക്കാം.

അങ്ങനെ കൊച്ചു കൊച്ചു ഗ്രൂപ്പുകളായി ബീച്ചിലേക്കു യാത്ര തിരിച്ചു. ഞാനും കൃഷ്ണന്‍ കുട്ടിയും ഭാര്യ സീതയും അമ്മയും ഒരു ഗ്രൂപ്പില്‍. മറ്റുള്ളവര്‍ കൊച്ചു ഗ്രൂപ്പുകളിലായി രസം പറഞ്ഞുകൊണ്ട് നടക്കുന്നു. അവിടേക്കുളള വഴി ടൈല്‍ പാകി മനോഹരമാക്കിയിട്ടുണ്ട്. ഒരു വശത്ത് സന്ദര്‍ശകര്‍ക്ക് ഇരുന്ന് കടല്‍ കണ്ട് ആസ്വദിക്കാന്‍ പഴയ വഞ്ചികള്‍ മറിച്ച് ഇരിപ്പിടമാക്കി വരിവരിയായി വച്ചിട്ടുണ്ട്. ഒരു മൂലയില്‍ എത്തിയപ്പോള്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു.

” ഇവിടെ വഞ്ചിപ്പുറത്ത് ഇരുന്നാല്‍ ഉദയം വ്യക്തമായി കാണാം. തിരക്കും കുറവാണ്. എതിര്‍ വശത്ത് ശക്തമായ കടല്‍ അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒന്നിക്കുന്ന കാഴ്ച. ദൂരെ കടലില്‍ വിവേകാനന്ദപ്പാറ തലയുയര്‍ത്തി നില്ക്കുന്നു. തൊട്ടകലെ തിരുവള്ളുവരുടെ പ്രതിമയും കാണാം.

ചില കുസൃതിപ്പിള്ളേര്‍ അതുമിതും പറഞ്ഞ് കലപില ശബ്ദത്തില്‍ ഒച്ചവയ്ക്കുന്നു. ഓടിക്കയറിയും വഞ്ചിയില്‍ നിന്ന് ഇറങ്ങുകയും ചെയ്യുന്നു. തിരമാലകള്‍ ഇല്ലെന്നു തന്നെ പറയാം. നേരിയ ഇരമ്പല്‍ ഒരു സംഗീതം പോലെ കേള്‍ക്കാം പിറലിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ഉയര്‍ന്നു. എല്ലാവരും കടലിലേക്കു നോക്കി നില്പ്പാണ്.

സൂര്യന്‍ ഉണക്കമുണര്‍ന്ന് തന്റെ വെള്ളപ്പുതപ്പില്‍ നിന്നും തങ്കരശ്മികളുമായി ഉയര്‍ത്തെഴുന്നേല്ക്കുന്നതു കാണാന്‍ അകലെ കടല്പ്പാലത്തിലേക്കു നോക്കിപ്പോള്‍ ശ്രീമതിയും മറ്റു കൂട്ടുകാരുമായി സൊറ പറഞ്ഞ് പൊട്ടിച്ചിരിച്ചു നീങ്ങുന്നു.

കൃഷ്ണന്‍കുട്ടിയുടെ ഭാര്യ സീത പറഞ്ഞു. കൃഷ്ണേട്ടാ നമുക്ക് അപ്പുറത്തു നിന്നാല്‍ ഉദയം കാണാം. അപ്പോള്‍ കൃഷ്ണന്‍കുട്ടി എന്നോടു പറഞ്ഞു. ഞങ്ങള്‍ അവിടേക്കു മാറി നില്ക്കുകയാണ്. പക്ഷെ നിങ്ങള്‍ ഇവിടെ നില്ക്കണം. തിരിച്ചു പോകുമ്പോള്‍ ഒന്നിച്ചു പോകാം. അല്ലെങ്കില്‍ കൂട്ടം തെറ്റും. ശരി സമ്മതിച്ചു അങ്ങനെ എന്നെ തനിച്ചാക്കി അവര്‍ കുറച്ചു ദൂരത്തേക്കു മാറി നിന്നു.

ഞാന്‍ കവിഭാവനകളിലൂടെ മനസില്‍ ചിത്രം വരച്ചു. തെളിഞ്ഞ ആകാശം ശാന്തമായ കടല്‍ ഹൃദയം കവരുന്ന കടല്‍ക്കാറ്റ്. തനിച്ചിരിക്കയാണെങ്കില്‍ മെഡിറ്റേഷനു പറ്റിയ അന്തരീക്ഷം. അങ്ങിനെ ഓരോന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ പിറകില്‍ നിന്നൊരു കിളിനാദം. തിരിഞ്ഞു നോക്കി.

” ഹായ് ” ജീന്‍സും ടീഷര്‍ട്ടുമിട്ട ഒരു കൊച്ചു സുന്ദരി കൈകാണിക്കുന്നു.

” ഹായ്” ഞാനും കൈ കാണിച്ചു.

”ഹായ്” അവള്‍ അടുത്തു വന്നു. യാര്‍ഡ് ലി പൗഡറിന്റെ മാദകഗന്ധം. മുടി ബോബ് ചെയ്തിരിക്കുന്നു. തുടുത്ത മുഖത്തില്‍ തിളങ്ങുന്ന കണ്ണുകള്‍. ലിപ്സ്റ്റിക്കിട്ട ചുണ്ടുകളില്‍ ആരേയും ആകര്‍ഷിക്കുന്ന മന്ദഹാസം. ഞാനവളെയൊന്നു സൂക്ഷിച്ചു നോക്കി. ടീ ഷര്‍ട്ടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന യവ്വനം. ആകാര സൗഷ്ഠവം വിളീച്ചറിയിക്കുന്ന ഇറുകിയ വസ്തങ്ങള്‍. അവള്‍ കുശലം പറയുകയാണ്.

” ദിസ് ഈസ് എ വെരി നൈസ് പ്ലേസ്. ഐ ഹാവ് നെവര്‍ സീന്‍ സച്ച് എ ബ്യൂട്ടി ഫുള്‍ പ്ലേസ്. ഇന്‍ മൈ ലൈഫ്”

ഞാനും വിട്ടുകൊടുത്തില്ല.

”യാ യാ നൈസ് പ്ലേസ്. വെരി ബ്യൂട്ടിഫുള്‍ ലൈക്ക് യൂ” ഞാനൊന്ന് കണ്ണിറുക്കി. അവളുടെ കണ്ണൂകളില്‍ നോക്കി ഒരു കുസൃതിച്ചിരി.

പ്രശംസയില്‍ വീഴാത്ത ഒരൊറ്റപ്പെണ്ണും ഈ ഭൂലോകത്തിലില്ല. എന്റെ സുഹൃത്ത്
പ്രേംദാസ് പറഞ്ഞതെത്ര ശരി. ഈ സമയം ഞാനൊന്നു നാലുപാടും കണ്ണോടിച്ചു. ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ – അവള്‍ ഒരു കള്ളച്ചിരിയോടെ.

” ആര്‍ യു ലുക്കിംഗ് ഫോര്‍ സംബഡി? ക്യാന്‍ യൂ ഐ ഹെല്‍പ്പ് യൂ” അവള്‍ ഒന്നു കൂടി എന്നോടൂ ചേര്‍ന്നു നിന്നു. എനിക്കവളുടെ ഉദ്ദേശ്യം പെട്ടന്നു പിടി കിട്ടി. അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു.

” നോ… നോ ഐ ആം ലുക്കിംഗ് ഫോര്‍ മൈ വൈഫ്. ഷി ഈ സംവെയര്‍ ഹിയര്‍”

” അയാം സോറി ബൈ ബൈ ഹാവ് എ നൈസ് ഡേ” ഇതും പറഞ്ഞ് അവള്‍ തിരക്കിലൂടെ നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷയായി. ആറു മണീയായി സൂര്യന്‍ ഉദിച്ചു വരാത്തതില്‍ പലര്‍ക്കും അമര്‍ഷം ചിലര്‍ തീയേറ്ററിലേപ്പോലെ കൂകി വിളിക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം സൂര്യന്റെ പൊന്‍കിരീടം ഉയര്‍ന്നു വന്നു. കൂക്കിവിളികള്‍ മാറി. അനുമോദന വിളികള്‍ ഉയരാന്‍ തുടങ്ങി. തങ്കരശ്മികളുമായി സൂര്യന്‍ കുറെശെ ഉയര്‍ന്നു പൂര്‍ണ്ണം രൂപം പ്രാപിച്ചു. എല്ലാവരും ആ മനോഹര ദൃശ്യം അനുഭവിച്ചറിഞ്ഞതിന്റെ ആത്മ നിര്‍വൃതിയില്‍ ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും ഊര്‍ജ്ജം നല്കുന്നവനേ അങ്ങേക്ക് കോടി പ്രണാമം.

ഇനി മടക്കയാത്രയാണ്. കൃഷ്ണന്‍കുട്ടിയും കുടുംബവും എന്നോടു ചേര്‍ന്നു. അതിനിടയില്‍ എവിടെ നിന്നെന്നറിയാതെ ജനക്കൂട്ടം ഞങ്ങളോടൂ ചേര്‍ന്നു. അപ്പോഴാണ് അറിയുന്നത് ഇത്രയധികം ആള്‍ക്കാര്‍ ഇവിടെ ഉദയം കാണാനായി എത്തിയിരുന്നു എന്ന്. വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവര്‍ വിഭിന്ന മതക്കാര്‍ എല്ലാവര്‍ക്കും ലഷ്യസ്ഥാനങ്ങളിലെത്തിച്ചേരാനുള്ള തിടുക്കമാണ്. ഞങ്ങള്‍ മുന്നോട്ടു നടപ്പാതയിലൂടേ നടന്നു. ഒരു ചെറിയ കയറ്റമാണ്. അവിടെ ജനങ്ങള്‍ തിങ്ങി നിറഞ്ഞൊഴുകുകയാണ്. ഈ കയറ്റം കഴിഞ്ഞാൊരു ജംഗ്ഷനിലെത്താം. അവിടെ നിന്നും ഇടത്തോട്ട് ദേവീക്ഷേത്രത്തിലേക്ക് പോകാം. വലത്തോട്ട് ബോട്ട് ജട്ടിയിലേക്കുള്ള ക്യൂ ആണ്. ബോട്ട് കയറി വേണം വിവേകാനന്ദപ്പാറയില്‍ പോകാന്‍ നേരെ പോയാല്‍ ഹോട്ടലുകളീലേക്കുള്ള വഴിയില്‍ എത്തിച്ചേരാം.

ഞങ്ങള്‍ ഈ കയറ്റങ്ളുടെ തുടക്കത്തില്‍ എത്തി. വളരെ സാവധാനത്തിലേ നീങ്ങുന്നുള്ളൂ. ഒരു സ്റ്റെപ്പ് മുകളീലേക്ക് വെക്കാന്‍ ഒരു മിനിറ്റെങ്കിലും എടുക്കും. എല്ലാവരും ക്ഷമയോടേ അരിച്ചരിച്ച് നീങ്ങുകയാണ് ഇതിനിടയില്‍ പാതയുടെ ഇടതു വശത്തു നിന്നും ഒരു ബഹളം. കുറച്ചു ചെറുപ്പക്കാര്‍ ഒരാളുടെ കൈ അടുത്ത ആള്‍ പിടിച്ച് ഒരു ചങ്ങലയായി മുകളീലേക്കു വലിച്ചു കയറ്റുകയാണ്. അടിയിലെ ഊശാന്‍താടീക്കാരന്‍ ഒരു പെണ്‍കുട്ടിയെ കൈ പിടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.
”കമോണ്‍ യാര്‍ ഹോള്‍ഡ് മൈ ഹാന്റ്. ഓകേ വെല്‍ഡണ്‍” അവള്‍ അയാളുടെ കൈ പിടിച്ച് മുകളില്‍ എത്തി. അപ്പോള്‍ അവളുടേ ബോബ് ചെയ്ത മുടിയും തുടുത്ത മുഖത്തെ തിളങ്ങുന്ന കണ്ണുകളും ശ്രദ്ധയില്‍ പെട്ടത്. ഓ ഇതവളാണ്. ഒരു നിമിഷം ഞാന്‍ വാ പൊളിച്ചിരുന്നു പോയി.’ അണ്ടി’ പോയ അണ്ണാനേപ്പോലെ.

ഊശാന്‍ താടിയെ ഞാന്‍ ഒന്നു കൂടി നോക്കി. നെയ്മര്‍ സ്റ്റൈല്‍ മുടി. ഫ്രഞ്ചു താടി. സ്ലീവ്ലസ് ബനിയന്‍. രോമാവൃതമായ മാറില്‍ കല്ലുമാല. ബലിഷ്ടമായ കൈകള്‍. അവള്‍ അയാളുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുകയാണ് എന്നെ കണ്ടതേ ഇല്ല.

മനസില്‍ അവനെ പ്രാകി. മുന്തിരിങ്ങ പുളിക്കുമെന്ന് പറഞ്ഞ കുരങ്ങനെ പോലെ ഒരു മൂളിപ്പാട്ട് ഓര്‍മ്മ വന്നു ” നഷ്ട സ്വര്‍ഗ്ഗങ്ങളെ …” വീണ്ടും അവരെ തിരഞ്ഞപ്പോള്‍ അകലെ ജംഗ്ഷനില്‍ നിന്നും നേര്‍വഴി വേഗത്തില്‍ പോകുന്ന രണ്ടു പേരുടെയും തലയുടെ പിന്‍ ഭാഗം കണ്ടു. നിമിഷങ്ങള്‍ക്കകം അവര്‍ അപ്രത്യക്ഷരായി.

തിരക്കിലൂടേ സാവധാനം മുകളിലെത്തി. ഞങ്ങളുടെ ഗ്രൂപ്പ് ദേവീക്ഷേത്രത്തത്തിലേക്ക് തിരിച്ചു. ക്ഷേത്രത്തില്‍ ദേവിയെ തൊഴുതു വണങ്ങി പ്രദക്ഷിണം ചെയ്യുമ്പോഴും ആ തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളൂം മസ്സില്‍ നിന്നും മായുന്നില്ല.

ഒരു കനവിലെന്നപോലെ ഒരു കന്യാകുമാരി കനവ്.

കടപ്പാട് – സായാഹ്ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English