ഒരു ദിനം കൂടി

 

orudinam

പുറത്ത് മഴ തകൃതിയായി പെയ്യുന്നു. ജനാലയിലൂടെ മഴയെ അങ്ങനെ നോക്കിനില്‍ക്കുകയാണ് ഞാന്‍. മഴയ്ക്ക് പല അര്‍ത്ഥതലങ്ങളുണ്ടെന്ന്‍ എനിക്കു തോന്നി. എത്ര ശ്രമിച്ചിട്ടും അമര്‍ത്തിവയ്ക്കാനാവാത്ത സങ്കടം ചാലുകളായി ഒഴുകുന്നതാണോ ഈ മഴ. അതോ സ്വപ്നസുരഭിലമായ മനസ്സുകളെ കൂടുതല്‍ കുളിരണിയിക്കുവാന്‍ ആകാശത്ത് നിന്നാരോ പൂക്കള്‍ വര്‍ഷിക്കുന്നതോ. എന്തുതന്നെയായാലും മതിയാവോളം കാണട്ടെ ഈ മഴ. ഒരുപക്ഷെ ഇതുപോലൊരു മഴ ഇനി ജീവിതത്തില്‍ കാണാന്‍ പറ്റിയില്ലെങ്കിലോ. മഴ കാണാന്‍ ഞാനുണ്ടാവുമോ ഞാനുണ്ടെങ്കിലും മഴയുണ്ടാവുമോ എന്നാര്‍ക്കറിയാം. വരണ്ടുണങ്ങി മരുഭൂമിയായി കിടക്കുന്ന എന്‍റെ മനസ്സിലും ഇതുപോലൊരു മഴ പെയ്തിരുന്നെങ്കില്‍. ആമഴയില്‍ എന്‍റെ മനോഭൂവൊന്ന്‍ നനഞ്ഞു കുതിര്‍ന്നിരുന്നെങ്കില്‍.

പുറത്ത് കാര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ടു. അദ്ദേഹം ഓഫീസിലേക്ക് പോകുകയാണ്. ഇനി ഈ വലിയ വീട്ടില്‍ ഞാനും എന്നോര്‍മ്മകളിലെ മധുരവും ഇന്നിന്‍റെ സത്യവും ഒരിക്കലും പൂക്കാനിടയില്ലാത്ത സ്വപ്നങ്ങളുടെ നേരിയ വെളിച്ചവും മാത്രം. മെയിന്‍ഡോര്‍ ലോക്ക്ചെയ്തിട്ടുണ്ടെന്ന്‍ ഉറപ്പുവരുത്തി.

തിരിഞ്ഞുനടക്കുന്നതിനിടയിലാണ് കാലത്തിന്‍റെ മൂകസാക്ഷിയായി ചുമരില്‍ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് ശ്രദ്ധ ചെന്നു പതിച്ചത്. കലണ്ടറില്‍ വെറുതെ നോക്കിനിന്നു. ഇന്ന്‍ ജൂണ്‍ 19, പൊടുന്നനെ ഓര്‍മ്മകളില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഇന്ന്‍ ജൂണ്‍ 19 എന്‍റെ പിറന്നാളാണ്.

എത്രയോ വര്‍ഷങ്ങളായിട്ട് പിറന്നാള്‍ ദിവസം ഓര്‍ക്കാറേയില്ല. ആരും ഓര്‍മ്മപ്പെടുത്താറുമില്ല. വര്‍ഷങ്ങളായിട്ട് ഒരു പിറന്നാള്‍ ആശംസയോ പിറന്നാള്‍ സമ്മാനമോ കിട്ടിയിട്ടുമില്ല. ഇന്ന്‍ എനിക്ക് 52 വയസ്സ് തികയുന്നു. പ്രായം കൂടിവരുന്നത് പൊതുവെ ആളുകളില്‍ അസ്വസ്ത്ഥത ഉണ്ടാക്കുമെങ്കിലും എനിക്കാശ്വാസമാണ് തോന്നിയത്. പൊട്ടിപൊളിഞ്ഞു നിലംപതിക്കാറായ ഒരു പാലം മുക്കാല്‍ഭാഗവും കടന്നുകഴിഞ്ഞതുപോലൊരാശ്വാസം. ഇത്രയുംകാലം നടന്ന വഴിയുടെ പാതിപോലും ഇനി നടക്കേണ്ടിവരില്ലല്ലോ എന്നോര്‍ത്തുള്ള ആശ്വാസം.

അങ്ങനെ ഓരോന്ന്‍ ആലോചിച്ചിരിക്കുന്നതിനിടെ ഒരു കാട്ടുപക്ഷി ചിലയ്ക്കുമ്പോലെ കോളിംഗ്ബെല്‍ ശബ്ദിച്ചു. ആരായിരിക്കും ഈ നേരത്ത്. വല്ല പിരിവുകാരുമായിരിക്കും. ജനലിലൂടെ പുറത്തേക്ക് നോക്കി. തറവാടിന്‍റെ അയല്‍പക്കത്തുള്ള ശകുന്തളയാണ്.

അവളൊരു പരാതി കുടുക്കയാണ്. വന്നുകയറിയാല്‍ പിന്നെ പരാതിയുടെകെട്ടങ്ങഴിച്ചുവിടും. പറഞ്ഞുതുടങ്ങാന്‍ അവള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഞാനൊരു വഴിയിട്ട് കൊടുത്തു. “എന്താ ശകുന്തളേ, വിശേഷം” “എന്ത് പറയാനാ ന്‍റെയേച്ചി, അതിയാനെക്കൊണ്ട് ഞാന്‍ തോറ്റ്. ഒരു പണിക്കും പോവ്വൂലാന്ന്‍. ഒരീസം പോയാപിന്നെ പത്ത് ദെവസം വീട്ടിതന്നെയിരിപ്പാ. മൂത്ത രണ്ടാണ്‍മക്കളുള്ളത് അത്ങ്ങളെ കൊണ്ടാ ഒരുപകാരം. പ്ലസ്ടു തോറ്റേപിന്നെ രണ്ടിനെയും തെക്കേലെ കണാരേട്ടന്‍റെ കൂടെ പെയിന്‍റ്പണിക്ക് ആക്കികൊട്ത്തതാ ഞാന്‍. മര്യാദക്ക്‌ പോയാലല്ലേ ഗൊണണ്ടാവു. രണ്ടും വീട്ടിന്‍റുള്ളീന്ന്‍ ഇങ്ങനെ തിരിഞ്ഞു കളിക്കും. ചുരുക്കിപ്പറഞ്ഞാ ഇല്ലേയേച്ചി ഈ ചെറ്പ്രാണികള് പൂവിന് ചുറ്റും കറങ്ങുംപോലെ എന്നെ ചുറ്റിപറ്റി നിക്കും ന്‍റെ കെട്ടിയോനും മക്കളും ഒരീടത്തും പോവാതെ”.

ആ പൂവ് ആകാനും ഒരു ഭാഗ്യം വേണം ശകുന്തളേ എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.

മേശപ്പുറത്തിരിക്കുന്ന ജഗ്ഗില്‍ നിന്നും വെള്ളം വായിലേക്ക് കമഴ്ത്തി പിന്നെയും ശകുന്തള തുടര്‍ന്നു.

“സത്യം പറഞ്ഞാല് ഇല്ലേയേച്ചി ഇങ്ങള് ഭയങ്കരഭാഗ്യവതിയാ, രണ്ടാണ്‍മക്കളുള്ളത് രണ്ടും വിദേശത്ത് നല്ല നിലയില്‍. കെട്ടിയോനാണേല് ഓഫീസും ബിസിനസ്സുമൊക്കെയായി തെരക്കോട്തെരക്ക്‌. എനിക്കിപ്പോ ഇങ്ങളോട് അസൂയയാതോന്ന്‍ന്നെ.

എന്‍റെയീ ഏകാന്തതയിലാണോ ശകുന്തളയ്ക്ക്‌ അസൂയ തോന്നുന്നത്. ഒരര്‍ത്ഥത്തില്‍ ഏകാന്തത തന്നെയാണ് നല്ലത്. കാന്തങ്ങളുടെ വിപരീതധ്രുവങ്ങള്‍ പോലെയാണ് മനുഷ്യഹൃദയങ്ങള്‍. അടുത്തുനില്‍ക്കുന്തോറും വികര്‍ഷണം കൂടത്തേയുള്ളൂ. ശകുന്തള പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ പോകാന്‍ നേരത്ത് അവള്‍ ചോദിച്ചു. “ഏച്ചിയെ ഇപ്പം അങ്ങോട്ടൊന്നും കാണാറില്ലല്ലോ, ഏച്ചി തറവാട്ടിലേക്കൊന്നും പോകാറില്ലേ”.

ശരിയാ അമ്മയെ കണ്ടിട്ട് ഒത്തിരി നാളായി ഓ കെ ഇന്നു തന്നെ പൊയ്ക്കളയാം.

തറവാടിന്‍റെ പടിപ്പുര വാതില്‍ക്കല്‍ ടാക്സിയില്‍ ചെന്നിറങ്ങിയപ്പോള്‍ മനസ്സിനു വല്ലാത്തൊരു കുളിര്‍മ തോന്നി. എന്‍റെ വരവ് അറിഞ്ഞിട്ടെന്നോണം എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ഒഴുകിയെത്തി. ആ കാറ്റെന്‍റെ കൈയ്യില്‍ പിടിച്ചുവലിച്ച് എന്നെ ഉള്ളിലേക്ക് ആനയിച്ചു. മുറ്റത്തെ പൂന്തോട്ടത്തിലെ പൂക്കള്‍ക്കെല്ലാം എന്നെ കണ്ടപ്പോള്‍ ഒരു പുതുജീവന്‍ കിട്ടിയതു പോലെ. ആ പൂക്കള്‍ക്കു ചുറ്റിലും വര്‍ണ്ണച്ചിറകു വിടര്‍ത്തി ഒരു പൂമ്പാറ്റ പാറിനടക്കുന്നു. ഞാനൊരു നിമിഷം ആ പൂമ്പാറ്റയെതന്നെ നോക്കിനിന്നു. എന്‍റെ മനസ്സ് പൊടുന്നനെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഇന്നലെകളിലേക്ക് ഓടിപ്പോയി.

ഞാന്‍ തന്നെയല്ലേ ആ പൂമ്പാറ്റ.

വീടിനകത്തേക്കു കയറിയപ്പോള്‍ നടുത്തളത്തിലെ പൊടിപിടിച്ച ചില്ലലമാരയിലിരുന്നു എന്‍റെ നേരെ കൊഞ്ഞനം കാട്ടുകയാണ് പഠനക്കാലത്ത് എനിക്കു കിട്ടിയ ട്രോഫികള്‍. പ്രസംഗം,പാട്ട്, ചിത്രരചന അങ്ങനെ പലതിനും കിട്ടിയതുണ്ട് അക്കൂട്ടത്തില്‍. ഈ പുരാവസ്തുക്കളെയെല്ലാം കളയാതെ, സൂക്ഷിച്ച് എടുത്തു വെച്ചതില്‍ എനിക്കമ്മയോട് അതിയായ മതിപ്പ് തോന്നി. എത്ര വീറും വാശിയുമോടുകൂടിയാണ് നീ ഞങ്ങളെയൊക്കെ സ്വന്തമാക്കിയത്. എന്നിട്ടതുകൊണ്ട് ഇന്ന്‍ നീ എന്തു നേടി എന്ന്‍ ആ ട്രോഫികള്‍ എന്നോട് പറയുന്ന പോലെ.

മൊത്തം പൊടിയും മാറാലയും പിടിച്ചു കിടക്കുകയാണെങ്കിലും ഈ വീട്ടില്‍ ഒരു പോസറ്റീവ്‌ എനര്‍ജി ഉണ്ട്. വീട്ടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന വായുവിന്‍റെ സ്പര്‍ശനത്തിനും ഒരു സ്നേഹമന്ത്രം. ജനലിലൂടെ ഒഴുകിയെത്തുന്ന ഇളം കാറ്റിനു താരാട്ടിന്‍റെ ഈണം.

അമ്മയോട് ഏറെനേരം സംസാരിച്ചിരുന്നു. കാര്യങ്ങളൊക്കെ നോക്കാന്‍ ഒരു പരിചാരിക ഏതുസമയവും കൂടെതന്നെയുണ്ടെങ്കിലും അമ്മയുടെമുഖത്ത് ഒരതൃപ്തി നിഴലിക്കുന്നുണ്ടായിരുന്നു. അമ്മയെ കൂടെ കൊണ്ടുപോയി എന്‍റൊപ്പം താമസിപ്പിക്കണമെന്നാഗ്രഹമുണ്ട്. അതൊരു പക്ഷേ അമ്മയുടെ ഇന്നത്തെ സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും കൂടി ഇല്ലാതാക്കിയാലോ. സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. സമയം ഒരുപാട് ആയിക്കാണും. കുറച്ചുനേരം കൂടി ഇവിടെയിരുന്നാല്‍ പിന്നെ എനിക്ക് ഇന്നത്തെ ഞാനുമായി പൊരുത്തപ്പെടാന്‍ പറ്റിയില്ലെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു. ഒരുപാട് നാളത്തെ കഠിനപ്രയത്നം കൊണ്ടു ഉണ്ടാക്കിയെടുത്തതാണ് ആ പൊരുത്തപ്പെടല്‍. വേഗമെണീറ്റ് അമ്മയോട് യാത്രപറഞ്ഞ് തിരിഞ്ഞുനടന്നു.

തറവാട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നു. തൊട്ടടുത്തുള്ള വീടുകളില്‍ ചിലതില്‍ സന്ധ്യാദീപം കൊളുത്തിയിട്ടുണ്ട്. ചുവന്ന സൂര്യന്‍ കടലിനെ മുത്തമിട്ടുകൊണ്ട് കടലിന്‍റെ മാറിലേക്ക് ചാഞ്ഞുകഴിഞ്ഞു.

ഒരു ദിനം കൂടി അവസാനിക്കുന്നു. എണ്ണിതീര്‍ക്കപ്പെടേണ്ട ദിവസങ്ങളില്‍ ഒന്നു കൂടി കൊഴിയുന്നു. അത്രമാത്രം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English