(audio by mozhi.me)
‘സൗമിനി നമ്മള്‍ തമ്മില്‍ ഒരു ദിവസം കൂടിയേ കണ്ടെന്നിരിക്കു പിന്നെ ഞാനിങ്ങോട്ട് വരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സൗമിനി നല്ലൊരു പുരുഷനെ കണ്ടെത്തി വിവാഹിതയാകണം. ഒരു കുടുംബിനിയായി കഴിയാനുള്ള പ്രാര്ത്ഥന എന്റെ മനസിലുണ്ടാകും’
ആ വാക്കുകള്‍ മുഴുവനാക്കിയില്ല അവളെന്റെ ദേഹത്തേക്കു ചാഞ്ഞു. ഞങ്ങള്‍ പരസ്പരം മറന്ന നിമിഷങ്ങളായിരുന്നു അത്. ദൂരെ നിന്ന് കുളിക്കടവിലേക്കു ചിലര്‍ വരുന്നതു കണ്ട് അവള്‍ അകന്നു മാറി.
വഴിയരികിലേക്കു പറന്നു പോയ കുട കയ്യിലെടുത്ത് അവള്‍ പറഞ്ഞു.
”ഉച്ചയൂണ് എന്റെ വീട്ടിലാകാം അച്ഛന്‍ രാവിലെ ടൗണീലേക്കു പോയാല്‍ മൂന്നു മണിയോടെയേ വരു. അതുവരെ വീട്ടില്‍ ഞാനൊറ്റക്കാണ്. ഗോപിയേട്ടന്‍ വരണം. ഇന്നെന്റെ കൈകൊണ്ടു വിളമ്പിത്തരാം എന്റെ ഒരാഗ്രഹമാണ്”
വരാമെന്നോ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല. എന്തായാലും ഉച്ചയായപ്പോള്‍ സൗമിനിയുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു.
അച്ഛന്റെ കൈപ്പുണ്യം സൗമിനിക്കു കിട്ടിയിട്ടുണ്ട് എന്നതിന്റെ തെളിവായിരുന്നു അവളൂണ്ടാക്കിയ ഭക്ഷണം. സത്യം പറയാമല്ലോ രണ്ടാമതും ചോറു വാങ്ങിക്കഴിച്ചു.
അവളുടെ കൈപുണ്യത്തെ പറ്റിപ്പറഞ്ഞപ്പോള്‍ ആ മുഖത്തു മിന്നി മറഞ്ഞ സന്തോഷം അവളുടെ കണ്ണുകളില്‍ കണ്ടു.
‘ ഗോപിയേട്ടനു പോവാന്‍ തിടുക്കമൊന്നുമില്ലല്ലോ. അവിടെ ചാരു കസേരയിലിരുന്നു കൊള്ളൂ. ഞാനാനേരം കൊണ്ട് ഈ പാത്രങ്ങളെല്ലാം എടുത്തു വയ്ക്കട്ടെ’
ചാരുകസേരയിലിരുന്ന് ഒന്നു മയങ്ങി. ഭക്ഷണം അല്പ്പം കൂടിപ്പോയോ എന്നു സംശയം. പക്ഷെ പെട്ടന്ന് തന്നെ ഉറക്കം ഞെട്ടി.
‘ ആരാദ് ?’ ആ ചോദ്യം കേട്ടാണ് ഞാനുണര്‍ന്നത്. പ്രായം ചെന്ന സ്ത്രീ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് സൗമിനിയുടെ അടുത്തേക്കു ചെല്ലുന്നു. അപ്പോഴും അവരുടെ നോട്ടം എന്നില്‍ നിന്നും മാറുന്നില്ല.
‘ ആശ്രമം സ്കൂളീലെ മാഷാ രാവിലെ കുളീക്കാന്‍ പോകുമ്പം കണ്ടു പരിചയമുണ്ട് മാഷിതിലെ പോയപ്പോള്‍ കേറീന്നു മാത്രം ‘
സൗമിനി ഇങ്ങനെ പറഞ്ഞിട്ടും അവരുടെ നോട്ടം എന്നില്‍ തന്നെ തറച്ചു നില്ക്കുന്നു. ആ നോട്ടവും ഭാവവും ഏതോ കള്ളത്തരം കണ്ടു പിടിച്ച മട്ടില്‍ ആണ്. സൗമിനിയോട് എന്തോ അടക്കത്തില്‍ പറഞ്ഞ് മടങ്ങുന്ന സമയവും എന്നെ കൂടെക്കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പുഴക്കടവില്‍ വച്ച് തമ്മില്‍ കാണാന്‍ പറ്റിയില്ല. അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്കു പോകേണ്ടി വന്നു.
പിന്നൊരു മാസം കഴിഞ്ഞ് എനിക്കു കാലടിയില്‍ വരേണ്ടി വന്നു. സൗമിനിയുടെ പുഴയില്‍ വീണുള്ള മരണമാണ് കാരണം . ഒരു പോലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണു വന്നത്. എന്തൊക്കെ കഥകളാണ് നാട്ടില്‍ പരന്നത്. ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നും അവള്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നെന്നും ഞാന്‍ കാലു മാറിയതുകൊണ്ടാണ് അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും അതാണു പോലീസ് എന്നെ അറസ്റ്റ് ചെയ്ത് ആത്മഹത്യയുടെ പേരില്‍ പ്രേരണാകുറ്റത്തിനു കേസെടുത്തെന്നുമൊക്കെയാണു പത്രത്തില്‍ വന്ന വാര്‍ത്ത.
ഞാന്‍ പോയിക്കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് അവളുടെ മരണമെന്നതിനാല്‍ പോലീസിന് എന്നെ സംശയിക്കേണ്ടി വന്നില്ല. മാത്രമല്ല ആശ്രമം അധികൃതരും മറ്റദ്ധ്യാപകരും എന്നെ പറ്റി നല്ല അഭിപ്രായം മാത്രമാണ് പറഞ്ഞത്. അത്കൊണ്ട് വിളീക്കുമ്പോള്‍ വരണമെന്നും പറഞ്ഞാണ് പോലീസ് മൊഴി രേഖപ്പെടുത്തി എന്നെ പറഞ്ഞു വിട്ടത്.
വീണ്ടൂം ഒരാഴ്ച കഴിഞ്ഞാണ് അവളുടെ മൃതദേഹം കണ്ടു കിട്ടിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ വൈകി ഒരു മാസം കഴിഞ്ഞുള്ള റിപ്പോര്‍ട്ടില്‍ അവള്‍ ഗര്‍ഭിണിയായിരുന്നുവെന്നതിന്റെ ഒരു തെളിവും ലഭിച്ചില്ല. അതോടെ ആ കേസ് അവസാനിച്ചു. പിന്നേറെ നാള്‍ വീര്‍പ്പടക്കിയ ഒരു മനസുമായാണ് ഞാന്‍ കഴിഞ്ഞത്. എന്റെ പഠനത്തില്‍ എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായത് ഏറെ ദിവസങ്ങക്കു ശേഷമാണ്. അവളെന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നുവെന്ന് അവളുടെ വിരഹത്തോടെയേ മനസിലായുള്ളൂ. പിന്നൊരിക്കലേ ഞാന്‍ കാലടിയില്‍ വന്നുള്ളു. സൗമിനിയില്ലാത്ത കാലടിയെ പറ്റി എനിക്കു ചിന്തിക്കാന്‍ പോലുമാകില്ല.
ദീര്‍ഘമായ അയാളുടെ വിവരണം കേട്ടതോടെ ഒരു ഭഗ്നഹൃദയത്തിന്റെ ഉടമയാണ് എനിക്കു മുന്നിലിരിക്കുന്നതെന്നു ബോധ്യപ്പെട്ടു. കയ്യിലെ പുസ്തകം മറിച്ചു നോക്കാനായി തുനിഞ്ഞപ്പോഴാണ് മൂന്നാലു മാസം മുന്‍പ് ആലുവാ പുഴയിലേക്കു രാത്രികാല ട്രെയിനില്‍ നിന്നു ഒരു യുവതി വീണ കഥ മാധ്യമങ്ങളില്‍ കൂടി വാര്‍ത്തയായത് എന്റെ മനസിലേക്ക് കയറി വന്നത്. അതിലും വില്ലന്‍ കഥാപാത്രമായി ഒരു ഗോപിനാഥനുണ്ടായിരുന്നു. അപ്പോള്‍ ഈ ഗോപിനാഥന്‍ തന്നെയാണോ ആ കഥാപാത്രം ?
Click this button or press Ctrl+G to toggle between Malayalam and English