ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തി ഏഴ്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

 

 

 

 

 

അഗസ്റ്റിനു പെട്ടന്നു തന്നെ കാലടി പ്ലാന്റേഷനില്‍ നിന്നും ട്രാന്‍സഫര്‍ മേടിച്ച് കൊടുമണ്‍ ഗ്രൂപ്പിലേക്കു പോകേണ്ടി വന്നു. മാനേജിംഗ് ഡയറക്ടര്‍ ഫീല്‍ഡ് ഇന്‍സ്പക്ഷനായി വന്ന സമയം ഐബിയില്‍ ക്യാമ്പ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ ആരുമില്ലാത്ത സമയം ചെന്ന് കാല്‍ക്കല്‍ വീണ് ട്രാന്‍സ്ഫര്‍ മേടിച്ചാണ് എന്നാണു തോട്ടത്തില്‍ പരന്ന കഥ. അതിനുള്ള കാരണം ആര്‍ക്കും അറിഞ്ഞു കൂട.

അഗസ്റ്റിന്‍ കാലടി പ്ലാന്റേഷനില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി കൊടുമണ്‍ പ്ലാന്റേഷനിലേക്കു പോയതിനു ശേഷം ആറേഴു മാസം കഴിഞ്ഞ് നവോമിയുടെ അമ്മയുടെ ഒന്‍പതാമത്തെ പ്രസവം നടന്നു . ദോഷം പറയരുതല്ലോ ഇത്തവണത്തേത് ആണ്‍കുഞ്ഞായിരുന്നു.

കുഞ്ഞിനെ കണ്ടവര്‍ക്കെല്ലാം ആദ്യം സന്തോഷവും ആഹ്ലാദവുമായിരുന്നെങ്കിലും അന്നമ്മയുടേ ചേച്ചി – അച്ചാമ്മ- തുറവൂരില്‍ നിന്നും വന്ന് കുഞ്ഞിനെ കണ്ട ശേഷം മുറിക്കു പുറത്തു കടന്ന് പറഞ്ഞത് ഒരു വിശേഷ വാര്‍ത്തയാണ്.

‘ കണ്ടോ ഈ കുഞ്ഞ് ഇവരുടേ ഭാവി തന്നെ മാറ്റി മറിക്കും ഇപ്പോഴത്തെ ഈ ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതവും ഇല്ലാതാകും. കുഞ്ഞിന്റെ കവിളത്ത് മൂക്കിന്റെ വലതുവശത്ത് മറുക് കണ്ടൊ ഇപ്പോ പൊടിയേയുള്ളു. അത് തെളീഞ്ഞു വരുമ്പോള്‍ കുടുംബം പച്ച പിടിക്കും’

‘ ഓ ഇനി എന്നാ പച്ച പിടിക്കാനാ കെട്ടിയവന്റെ ജോലി തീരാന്‍ പോകുന്നു. കുശിനിപ്പണിക്കു പോണ രണ്ടെണ്ണത്തിന്റെയും കല്യാണം നടത്താനുള്ള വക കണ്ടെത്തണം. അവരിലൊരിത്തി അപ്പന്‍ തോട്ടത്തില്‍ നിന്നും പിരിഞ്ഞാ പണി കിട്ടുമോ എന്ന അന്വേഷണത്തിനായി വന്നിട്ടുണ്ട്. ഇനി അങ്ങോട്ട് പോണില്ലാ എന്നാ പറയുന്നത് ‘

ആണ്‍കുഞ്ഞു പിറന്നിട്ടും അന്നമ്മയുടെ മുഖത്ത് തെളിച്ചമില്ല. സ്വകാര്യത്തില്‍ മൂത്തമകളുടെ കെട്ടിയവന്‍ ചോദിച്ചു.

‘ എടീ നിന്റമ്മച്ചിക്കു നാണമില്ലേടി ഇപ്പോ ഈ വയസുകാലത്ത് പെറാന്‍’

ദേഷ്യത്തോടെ സൂസി പറഞ്ഞതിങ്ങനെ.

‘നിങ്ങളെ പോലെ കഴിവുകെട്ടവനൊന്നുമല്ല എന്റപ്പന്‍. ഇനിയും ചിലപ്പോള്‍ ഒരെണ്ണത്തിനെ കൂടി കൊടുത്തെന്നിരിക്കും’

‘ ഓ അപ്പന്‍ തോട്ടത്തീന്നു പിരിയണു. വയസ് അമ്പത്തഞ്ചു കഴിഞ്ഞു. അമ്മച്ചിക്കെത്രയാ പ്രായം? മധുരപ്പതിനേഴോ?’

അമ്മച്ചിയെ പിന്നെയും കളിയാക്കിയപ്പോള്‍ സൂസി ചൊടിച്ചു കൊണ്ട് പിന്നെ പറഞ്ഞത് കുറച്ചു ഉച്ചത്തില്‍.

‘ അപ്പന്‍ വേറെങ്ങും പോയില്ലല്ലോ നിങ്ങളെ പോലെ വഴിക്കൂടെ കമ്പില്‍ തുണീ ചുറ്റി ആരെങ്കിലും പോയാല്‍ പോലും വെറുതെ വിടില്ലല്ലോ ‘

പക്ഷെ ആ സംഭാഷണം വേറൊരു പുകിലിനാണു തിരി കൊളുത്തിയത്.

കൊച്ചിന്റെ മാമ്മോദീസാ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞതിനു ശേഷം അന്നു രാത്രി പത്രോസിന്റെ വീട്ടില്‍ ഒരു അടികലശല്‍ നടന്നു.

‘എടീ നീ സത്യം പറ ഈ കൊച്ചെന്റെയാണോ?’

‘ അതിങ്ങേര് പള്ളിപ്പോയി ചോദിക്ക്. നിങ്ങടേ ആദ്യത്തെ കെട്യോള് മരിച്ച് ഏറെക്കൊല്ലം കഴിഞ്ഞല്ലേ എന്റെ കഴുത്തില് മിന്നു കെട്ടിയത്. നിങ്ങളു നേരത്തേ പിരിഞ്ഞെന്നു വച്ച് എന്റെ പ്രായം കൂടാനൊന്നും പോണില്ല. എന്റെ ഇരൂപതാമത്തെ വയസില്‍ എന്നെ മിന്നു കെട്ടിയതാ. ഇപ്പോള്‍ നാല്പ്പതായി. കുറെക്കാലം എന്റെ ജോലി നിങ്ങടെ സന്തതികളെ പെറാനല്ലായിരുന്നോ. കഴിയുമെങ്കില്‍ ഇനിയും ഞാന്‍ പെറും’

പത്രോസ് ഒരെലുമ്പന്‍ ശരീര പുഷ്ടിയില്ല. എന്നാലും ഇപ്പോഴും പെണ്ണുങ്ങളെ കാണുമ്പോള്‍ ഒരു ഹാലിളക്കം ഉണ്ട്. ഇനിയിപ്പം എങ്ങിനാ നാട്ടുകാരുടെ മുഖത്തു നോക്കുന്നത്.

പക്ഷെ പത്രോസിനെ ആകെ വിഷമത്തിലാക്കിയത് അതല്ല മൂത്ത മകളുടെ കെട്ടിയോന്‍ തങ്കച്ചന്‍ പറഞ്ഞ വാക്കുകളാണ്.

‘എടീ ഈ കൊച്ച് നിന്റെ അപ്പന്റേതാണെന്ന് ഒറപ്പിച്ചു പറയാമോ? നല്ല ശരീര പുഷ്ടീം നെറോം’

സൂസി കുറച്ചുച്ചത്തില്‍ തങ്കച്ചനോട് പറഞ്ഞിതിത്രമാത്രം.

‘ എന്റെ അപ്പന്‍ നിങ്ങളെ കൂട്ടല്ല … എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട’

ഈ ബഹളങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായി നവോമി പരിസരത്തുണ്ടായിരുന്നു. നവോമിക്ക് വേറെയും വിഷമിക്കാന്‍ കാരണമുണ്ട്. ലേബര്‍ ലൈനിന്റെ അറ്റത്തുള്ള ‘സി’ ക്ലാസ് കടയില്‍ ബീഡിയും സിഗരറ്റും വാങ്ങാന്‍ വരുന്നവര്‍ പറയുന്ന വാക്കുകള്‍ ചിലതൊക്കെ കേള്‍ക്കാനിടയായതാണ്.

‘ കൊച്ച് എലുമ്പന്‍ പത്രോസിന്റെയല്ല. ഇവിടെ നിന്നും സ്ഥലം മാറിപ്പോയ അഗസ്റ്റിന്‍ സാറിന്റെയാ ‘

നവോമി അതിനുള്ള സാദ്ധ്യത കാണുന്നുണ്ട്. അക്കരെ സെബസ്റ്റ്യാനോസ് പള്ളിയിലെ അമ്പു പെരുന്നാളിന്റെ അന്ന് അമ്മച്ചി തന്നോടു പറഞ്ഞ വാക്കുകള്‍.

അമ്മച്ചിയോടു കുറച്ചുറക്കെ തന്നെ പറയേണ്ടി വന്നു.

‘ നിങ്ങളെന്റെ അമ്മച്ചിയാണൊ? കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനമല്ലേ പറയണത്. ആ ദുഷ്ടന്‍ വരുമെത്രെ. വന്നോട്ടെ ഞാനുണ്ടാവില്ല. ഞാനപ്പുറത്തെ ശോശച്ചേടത്തീടെ കൂടെ പെരുന്നാളിനു പോവാ’

‘എടീ ഒന്നു പതുക്കെ അപ്പുറത്താളുകള്‍ കേള്‍ക്കും’

‘ ഓ ഇനിയെന്തു കേള്‍ക്കാനാ മൂക്കി പല്ലുവന്ന് മുളച്ചിട്ടും എന്റപ്പന്ന് പറയണ ആളെ നോക്കണം അയാളെന്റെ അപ്പനാണൊ ? ‘

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here