This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
വര്‍ഷങ്ങളായി കാറ്റും കോളുമടങ്ങി ഏറേക്കുറെ ശാന്തമായിരുന്ന എസ്റ്റേറ്റ് അന്തരീക്ഷത്തിന് വീണ്ടും പ്രക്ഷുബ്ധമായ ഒരവസ്ഥ വന്നു ചേര്‍ന്നു. അസി. മാനേജരായ അഗസ്റ്റിന്‍ മാനേജര്‍ ലവലിലേക്കു പ്രമോഷനായി വീണ്ടും വന്നത് കാലടി ഗ്രൂപ്പിലെ അതിരപ്പള്ളീ എസ്റ്റേറ്റിലേക്ക്. അയാള്‍ മാനേജരായി ചാര്‍ജെടുത്ത് ഒരാഴ്ച പോലും വന്നില്ല അതിനു മുന്നേ പണ്ടു അഗസ്റ്റിനും അന്നമ്മയും താമസിച്ചിരുന്ന ഡിവിഷനിലേക്കു പോകേണ്ടി വന്നു. അവിടെ കവലയില്‍ കുറച്ചു ദൂരെ മാറി ആരോ ഒരു കുരിശു സ്ഥാപിച്ചിരിക്കുന്നു. രാത്രി സമയമാണ് കുരിശു പ്രത്യക്ഷപ്പെട്ടത്. രണ്ടു ദിവസം കഴിഞ്ഞതോടെ കുരിശിനു ചുറ്റുമുള്ള സ്ഥലം വളച്ച് കെട്ടി അവിടെ ഒരാരാധനാലയമാക്കാനുള്ള ശ്രമം തുടങ്ങി.
സര്‍ക്കാര്‍ ഭൂമി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തേക്ക് ലീസായി എടുത്ത സ്ഥലത്ത് എസ്റ്റേറ്റ് ആവശ്യത്തിനുള്ള റോഡ്, പാലം, കെട്ടിടങ്ങള്‍, ഫാക്ടറി ആശുപത്രി, ഇവ പണിയാമെന്നാല്ലാതെ ആരാധനാലയങ്ങളോ, പള്ളീകളോ മറ്റു സ്വകാര്യ സ്ഥാപനങ്ങളോ പണിയണമെങ്കില്‍ ഗവണ്മെന്റ് അനുവാദം ആവശ്യമെന്നിരിക്കെ അനധികൃതമായി സ്ഥാപിച്ച കുരിശും സ്ഥലം വളച്ചുകെട്ടലും നടത്തിയത് ഒരു തരത്തിലും ന്യായീകരിക്കുന്നതല്ല.
എസ്റ്റേറ്റ് മാനേജര്‍ അതിനെ പറ്റി ഒരു റിപ്പോര്‍ട്ടും മാനേജുമെന്റിനു അയക്കുകയോ കയ്യേറിയ സ്ഥലം തിരിച്ചു പിടിക്കാനുള്ള നടപടികളെടുക്കയോ ചെയ്യാതിരുന്നതിനെ ചൊല്ലി ആരോ പരാതി പ്പെട്ടതിനനുസരിച്ച് മാനേജര്‍ സ്ഥലത്തു വന്ന് പരിശോധന നടത്തി.
മാനേജുമെന്റിന്റെ മുമ്പില്‍ നല്ല പിള്ള ചമയാന്‍ വേണ്ടി കുറെ തൊഴിലാളികളെ ഉപയോഗിച്ച് കുരിശ് എടുത്ത് മാറ്റുകയും വളച്ചു വച്ച വേലി ഇളക്കിമാറ്റുകയും ചെയ്തതോടെ തൊഴിലാളികളില്‍ ഒരു വിഭാഗം ഇളകി മറിഞ്ഞു. പിന്നീടത് വര്‍ഗ്ഗീയത ഉണര്‍ത്തുന്ന നിലയിലേക്കു മാറി. ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടും അഗസ്റ്റിന്‍ എന്തിനിതു ചെയ്തു എന്നായിരുന്നു ആരോപണം.
എതിര്‍ ഗ്രൂപ്പും വെറുതെയിരുന്നില്ല. അവര്‍ക്കും ആരാധനാലയം വേണമെന്ന് ഹിന്ദുക്കളും മുസ്ലിംകളും ബഹളം വച്ചു തുടങ്ങിയിരുന്നു. അവരുടെ ബഹളം ഒതുക്കുകയെന്ന ലക്ഷ്യവും കുരിശു പറിച്ചു മാറ്റിയതിന്റെ പിന്നിലുണ്ട്.
ബഹളം നിയന്ത്രണാതീതമാകുകയാണെങ്കില്‍ പോലീസിനെ കൊണ്ടുവരാനും മടിക്കില്ല എന്ന് അഗസ്റ്റിന്‍ പറഞ്ഞതോടെ ബഹളം ഒന്ന് കെട്ടടങ്ങി.
കുരിശു പൊളിക്കുന്നതിനെതിരെ ബഹളം വച്ചവരുടേ കൂട്ടത്തില്‍ പാപ്പച്ചന്‍ എന്ന പയ്യനുമുണ്ടായിരുന്നു. മുഖത്ത് മൂക്കിനു വലതു വശത്ത് ചെറിയ മറുകുള്ള ഒരു ശോഷിച്ച പയ്യന്‍.
മാനേജരോടുള്ള വൈരാഗ്യം പയ്യനെ മുന്നില്‍ നിറുത്തി അവരാസൂത്രണം ചെയ്തു.
‘ എടാ നിന്റെ അപ്പനാ ഇത് അങ്ങേരോട് ചെലവിനുള്ള കാശുതരാന്‍ പറ ‘
കുരിശു പറിച്ചതിന്റെ പേരില്‍ ചൊരുക്കുണ്ടായിരുന്ന ചിലര്‍ പാപ്പച്ചനെ മുന്നില്‍ നിര്‍ത്താനായി അടുത്ത പരിപാടി. സത്യത്തില്‍ അപ്പോഴാണു അഗസ്റ്റിന്‍ പയ്യനെ ശ്രദ്ധിക്കുന്നത്. ഉദ്ദേശം പത്ത് വയസു പ്രായമുള്ള പയ്യന്‍ . അഗസ്റ്റിന്റെ കൂടെയുണ്ടായിരുന്ന ഫീല്‍ഡ് സ്റ്റാഫും കാര്യങ്ങള്‍ സമാധാനപരമായി നീങ്ങണമെന്നു താത്പര്യമുള്ള ചില തൊഴിലാളികളും എസ്റ്റേറ്റ് മാനേജരോട് ബഹളം തുടങ്ങുന്നതിനു മുന്‍പ് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടു.
ഇവരുടെ മുന്നില്‍ തോറ്റുകൊടുക്കേണ്ടി വരുമല്ലോ എന്ന ജാള്യത എസ്റ്റേറ്റു മാനേജരുടെ മുഖത്ത്. എങ്കിലും പോയേ ഒക്കു. എന്തുകൊണ്ടോ പാപ്പച്ചനെ മുന്നില്‍ നിര്‍ത്തി ഒരു ബഹളത്തിനൊരുങ്ങാന്‍ തൊഴിലാളികള്‍ തയാറായില്ല. തൊഴിലാളി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ നായരുടെ സമയോചിതമായ ഇടപെടലാണ് അഗസ്റ്റിനെ സഹായിച്ചത്.
ബഹളം ഉണ്ടാക്കാന്‍ വന്നവരോട് അയാള്‍ പറഞ്ഞു.
‘കുരിശിന്റെ പേരില്‍ ബഹളം വയ്ക്കാന്‍ പാടില്ല. ഇതൊരു തൊഴില്‍ പ്രശ്നമല്ല. നിങ്ങളൊക്കെ തല്ക്കാലം പിരിയണം. പയ്യന്റെ കാര്യം, അതവരുടെ കുടുംബകാര്യം. അവന്റെ ആള്‍ക്കാര്‍ നോക്കിക്കൊള്ളും. നമ്മളിടപെടേണ്ട കാര്യമില്ല’
തണ്ടും തടിയുമുള്ള അത്യാവശ്യം അടിപിടിയും നടത്താന്‍ മടിക്കാത്ത രാമചന്ദ്രന്‍ നായരുടെ വാക്കുകള്‍ അവര്‍ക്ക് തള്ളീക്കളയാനാകില്ല. മാത്രമല്ല രാമചന്ദ്രന്‍ നായര്‍ ഒന്നുകൂടി പറഞ്ഞു.
‘ ഇത് തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന പ്രശ്നമൊന്നുമല്ലല്ലോ. ഇന്നീ കുരിശിന്റെ പേരിലാണെങ്കില്‍ അപ്പുറത്തൊരു കൂട്ടര്‍ ഒരു കരിങ്കല്ലും പിടിച്ചോണ്ടാണ് നില്പ്പ്. അവരാ കല്ല് കുന്നിഞ്ചരിവില്‍ കുഴിച്ചിട്ട് ശിവക്ഷേത്രത്തിനാ പരിപാടി. ഇതൊക്കെയാകുമ്പോള്‍ മുസ്ലീംങ്ങള്‍ വെറുതെ ഇരിക്കുമോ? അവരും ഒരു ഷെഡ്ഡ് വച്ചു കെട്ടി മുമ്പിലൊരു കാണിക്കപ്പെട്ടീം വച്ച് ബാങ്കു വിളിയും നിസ്ക്കാരോം തുടങ്ങും. വേണ്ട അതൊന്നും വേണ്ട. പിന്നെ നമ്മുടെ അവകാശ സമരം വരുമ്പോള്‍ തൊഴിലാളികളും ചേരിതിരിയാന്‍ കാരണം അതുമതി.’
തങ്ങള്‍ ഒറ്റപ്പെടുന്നു എന്ന് കണ്ടപ്പോള്‍ കുരിശു സമരം നിന്നു. അഗസ്റ്റിനും കൂടെ വന്നവരും സ്ഥലം വിട്ടു.
പക്ഷെ അഗസ്റ്റിന്റെ മനസില് തീ കോരിയിടാന്‍ അത് ധാരാളം മതിയായിരുന്നു. ഇന്നേക്ക് പത്തു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ അസി.മാനേജര്‍ ആയിരുന്ന കാലഘട്ടം അയാളെ ഇപ്പോള്‍ കുത്തിനോവിക്കുന്നു. മാനേജരുടെ ക്വേര്‍ട്ടേഴ്സില്‍ ഇപ്പോള്‍ തന്റെ ഭാര്യയും എട്ടു വയസുള്ള മകളുമുണ്ട്. നാട്ടില്‍ നിന്നും വന്ന ഒരു ജോലിക്കാരിയുമുണ്ട്. അവരെങ്ങാനും ഈ പ്രശ്നം അറിഞ്ഞാല്‍
കൃത്യം പതിനൊന്നു വര്‍ഷം മുന്‍പ് കിഴവന്‍ പത്രോസിന്റെ ഭാര്യ ഒരുക്കിയ ഒരു കെണിയായിരുന്നോ അത്? കുറ്റാകൂരിരുട്ടത്ത് ലൈനിലെ തൊഴിലാളികളെല്ലാം വെറ്റിലപ്പാറയി പെരുന്നാളിനു പോയ സമയം,
‘ ഇവിടാരുമുണ്ടാകില്ല സാറിങ്ങോട്ടു പോരെ ‘ കയില്‍ കിട്ടിയ നൂറിന്റെ നോട്ട് എളിയില്‍ തിരുകി അന്നാമ്മ അങ്ങോട്ടു ക്ഷണിച്ചപ്പോള്‍ അതൊരു കെണിയായിരുന്നോ?
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്