ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയൊന്നു

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

രാത്രി വളരെ ഏറെ ചെന്നാണ് കുര്യന്‍ മുറിയിലെ സിമന്റു തറയില്‍ നിന്നും എഴുന്നേറ്റത്. തോട്ടത്തിലിറങ്ങിയ കാട്ടു മൃഗങ്ങളെ ഓടിക്കുന്ന നൈറ്റ് വാച്ചേഴ്സിന്റെ പാട്ടകൊട്ടും ആര്‍പ്പുവിളീയുമാണ് ഉണരാന്‍ കാരണം. താനൊരു വേട്ടമൃഗമാണെന്ന ബോധം കുര്യനുണ്ടായി. വേട്ടക്കാരായി വന്നവരാണ് തന്നെ എടുത്തമ്മാനമാടിയത്.

പിന്നീടോരോന്നായി കുര്യന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. നിലത്തു വീണു കിടക്കുന്ന കുപ്പി തപ്പിയെടുത്ത് ബാക്കി ഉണ്ടായിരുന്ന ചാരായം കുര്യന്‍ വായിലേക്കൊഴിച്ചു. അതോടെ ഉള്ളില്‍ ഒരു നീറ്റല്‍ തിളക്കുന്ന ചൂടുവെള്ളം കുഴലില്‍ കൂടി താഴോട്ടൊഴുകുന്നു.

ചാരിയിരുന്ന വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി. നേരം പുലരാന്‍ ഇനിയും ഏറെ സമയമുണ്ട്. എങ്കിലും പിള്ളപ്പടിയുടെ മുന്നിലൂടെ റോഡിലേക്കുള്ള വഴിത്താര നാട്ടു വെളീച്ചത്തില്‍ തെളിഞ്ഞു കാണാം.

അയാള്‍ മുറിക്കകത്തേക്കു വന്നു മുണ്ടു കുടഞ്ഞുടുത്തു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ രണ്ടെണ്ണം പൊട്ടിയിട്ടുണ്ട്. ഏറെ പാടുപെട്ടുരച്ച തീപ്പട്ടി വെളിച്ചത്തില്‍ മുറിക്കകത്തെ ചുമരില്‍ നിന്നും തന്റെ സഞ്ചി തപ്പിയെടുത്ത് കുര്യന്‍ തന്റെ മുണ്ടും ഷര്‍ട്ടും പുസ്തകങ്ങളും അതിലാക്കി. ചെറുച്ചിയുടെ ബാഗ് തറയില്‍ നിന്നെടുത്തു. വേണ്ട ഇതവളുടേ പണം. ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ കഴിയില്ല എന്നറിഞ്ഞ് പിന്നിവിടെ വരുമ്പോള്‍ ഉള്ള സമ്പാദ്യം കൂടി നഷ്ടപ്പെടുന്നുവെന്നറിയുമ്പോള്‍ വേണ്ട ഈ പണം ഇവിടെ തന്നെയിരിക്കട്ടെ.

ബാഗില്‍ നിന്നും ഒരു നൂറിന്റെ നോട്ടു മാത്രമെടുത്ത് അലമാരി തുറന്ന് ബാഗവിടെ വച്ച് തന്റെ സഞ്ചിയുമായി പുറത്തിറങ്ങി മുറി പൂട്ടി താക്കോല്‍ ജനലഴികളിലൂടെ അകത്തേക്കിട്ട് കുര്യന്‍ മുറ്റത്തേക്കിറങ്ങി.

നാട്ടു വെളീച്ചത്തില്‍ തെളിഞ്ഞു വന്ന വഴിത്താരയിലൂടെ കവലയിലേക്ക്. പിന്നെ അങ്കമാലിയിലേക്ക്.

ആ കുര്യനാണ് പിന്നെ മലയാറ്റൂരില്‍ മലമടക്കുകളിലൂടെ താഴോട്ടിറങ്ങി പാറപ്പുറത്തു നിന്ന് കക്ഷത്തില്‍ കെട്ടിയ കടലാസ് ചിറകുകളുമായി പുഴയിലേക്കു ചാടിയെന്നു പറയുന്നത്.

”ഇപ്പോള്‍ കുര്യനെവിടുണ്ട്?”

”അറിയില്ല രണ്ടു ദിവസം കഴിഞ്ഞ് താഴെ നീലീശ്വരം കാടവില്‍ പുഴത്തീരത്ത് ഒരു മൃതദേഹം വന്നടിഞ്ഞപ്പോള്‍ അത് കുര്യന്റെയാണോന്ന് ശങ്കിച്ചവര്‍ ധാരാളമുണ്ടായിരുന്നു”

ചെറുച്ചി പ്ലാന്റേഷനിലെ ലേബര്‍ ലൈനില്‍ വിധിയെ പഴിച്ച് ഒറ്റക്കു കഴിയുന്നു. അവളുടെ സ്ഥിതി അറിയാവുന്ന തൊട്ടടുത്ത മുറിയിലെ ലക്ഷ്മി മാത്രമാണ് സഹായത്തിനുള്ളത്. കുര്യന്‍ ഒരിക്കല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ചെറുച്ചിയിപ്പോഴും. കുര്യന്‍ പാണ്ഡുപാറയിലും നടുവട്ടത്തും കശുമാവിന്‍ തോട്ടത്തിലുമൊക്കെയായി പാട്ടു പാടി നടക്കുന്നുണ്ടെന്ന് ചിലരൊക്കെ ശങ്കിക്കുന്നു. പക്ഷെ കണ്ടവരാരുമില്ല.

വിരഹത്തിന്റെയും വേദനയുടേയും നഷ്ടപ്രണയത്തിന്റെയും വേര്‍പിരിയലിന്റെയും അന്വേഷണത്തിന്റെയും കഥകള്‍ മാത്രം ഈ നാടിനു പറയാനുള്ളു എന്ന് ആര്‍ക്കും തോന്നി പോകുന്നു. അതോടൊപ്പം ചതിയുടെയും വഞ്ചയുടെയും കൂട്ടിക്കൊടുപ്പിന്റേയും കഥകളും കടന്നു വരാറുണ്ട്. അങ്കമാലിക്കു കിഴക്ക് തുറവൂര്‍ ആനപ്പാറ മഞ്ഞപ്ര അയ്യമ്പുഴക്കു ഇപ്പുറം കണ്ണിമംഗലം ഇവയൊക്കെ അതിര്ത്തികളായി വരുതിനിടക്കാണു കാലടി പ്ലാന്റേഷന്‍. കല്ലാല അതിരപ്പിള്ളീ വെറ്റിലപ്പാറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന തോട്ടങ്ങളിലെ ജീവനക്കാര്‍ക്ക് ഇനിയും ഏറെ കഥകള്‍ പറയാനുണ്ട്. അധികവും ദുരന്ത കഥകളാണ് എന്നു മാത്രം. അനുഭവിച്ചറിയുന്നതിനും കണ്ടറിയുന്നതിനുമപ്പുറം ഒരു കേള്വിക്കാരനായും ഇരുന്നു കൊടുക്കേണ്ടി വന്നിട്ടുണ്ട്.

ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ പാചകക്കാരന്‍ സുകുമാരന്‍ പറഞ്ഞ കഥകളാണധികവും. ഇപ്പോഴീ കഥയും സുകുമാരന്റെ നാവില്‍ നിന്നും വീണതാണ്. പാണ്ഡു പാറയില്‍ വച്ച് രാത്രി സമയം കണ്ട യുവതി ആരെന്നറിയാനുള്ള തത്രപ്പാടില്‍ പാതിരാ നേരത്ത് ജീപ്പുമെടുത്തു പോയി വിഫലമായ അന്വേഷണത്തിനൊടുവില്‍ മടങ്ങാന്‍ നേരത്താണ് കല്ലാല എസ്റ്റേറ്റിലെ എല്‍ദോയുടേയും ത്രേസ്യാമ്മയുടെയും ദുരന്ത പ്രണയത്തിന്റെ കഥ പറഞ്ഞത്. മടക്കത്തില്‍ കല്ലാല എസ്റ്റേറ്റ് ഓഫീസിനു മുന്നിലൂടേയുള്ള യാത്രയില്‍ – ഇടതു വശത്തേക്ക് കുന്നിന്‍ പുറത്തു കൂടിയുള്ള ഒരു നടപ്പാത കണ്ടപ്പോള്‍ സുകു പറഞ്ഞു.

”സാറെ സാറ് എല്‍ദോയുടേയും ത്രേസ്യാമ്മയുടെയും കഥ കേട്ടിട്ടുണ്ടോ? ഇക്കഥ പറയാന്‍ കാരണം നേരത്തെ അതിരപ്പിള്ളി ഐബിയില്‍ കോണ്ട്രാക്ടടിസ്ഥാനത്തില്‍ ജോലി ചെയ്ത തെലുങ്കത്തിയുടെ പണി സാറിന്റെ റിപ്പോര്ട്ടടിസ്ഥാനത്തില്‍ ഇല്ലാതാക്കിയ കാര്യം അറിയാല്ലോ? അത് പോലെ തന്നെയുള്ള പണിയായിരുന്നു തോട്ടം തൊഴിലാളികളായ എല്‍ദോയുടെയും ത്രേസ്യാമ്മയുടെയും. ഇവര്‍ തോട്ടത്തില്‍ പണിയെടുക്കുന്നവരാണ്. പക്ഷെ, പലപ്പോഴും ഉച്ച കഴിഞ്ഞ് വൗച്ചര്‍ പേയ്മെന്റില്‍ കൂടിയും ഇവരീ എസ്റ്റേറ്റ് ഓഫീസില്‍ പണിക്കാശ് വാങ്ങിയിട്ടുണ്ട്. സാറീ അധികച്ചിലവ് എങ്ങിനെ വന്നുവെന്ന് അന്വേഷിച്ചിട്ടുണ്ടോ? കോണ്ട്രാക്ടര്‍ രാമന്‍കുട്ടിയുടെ പണിക്കാര്‍ എസ്റ്റേറ്റ് തൊഴിലാളികളല്ലാത്തതു കൊണ്ട് എളുപ്പം കണ്ടു പിടിക്കാന്‍ കഴിഞ്ഞു. ഇവിരിവിടുത്തെ പണിക്കാരായതു കൊണ്ട് അറിഞ്ഞില്ലെന്നു മാത്രം. എന്നാലും ചെക്ക് റോളില്‍ രണ്ടു പേര്‍ക്ക് എങ്ങിനെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പണികാശ് കൊടുക്കുന്നുവെന്ന് സാററിഞ്ഞിരിക്കേണ്ടതാണ്.”

ശരിയാണ് എന്റെ ശ്രദ്ധയില്‍ പെട്ടില്ല അധിക വേതനം ഓവര്‍ടൈം പേയ്മെന്റായി കൊടുക്കാവുന്നതല്ലേ അതിന് വിലക്കൊന്നുമില്ലല്ലോ?”

” അതിനു വിലക്കൊന്നുമില്ല പക്ഷെ ഇനി കണ്ടു പിടിച്ചാലും കുഴപ്പമില്ല. ഇപ്പോ അത് താനേ നിന്നു പോയി”

”താനേ നിന്നു പോയെന്നോ അതെങ്ങനെ?”

”സാറെ അതും ഒരു ദുരന്ത കഥ. കല്ലാല മോഹിനിയെന്നറിയപ്പെട്ടിരുന്ന ത്രേസ്യാമ്മയുടെ ദുരന്തകഥ. അത് ഞാന്‍ ഐബിയിലെത്തുമ്പോള്‍ പറയാം.”

അന്ന് സുകുമാരന്‍ പറഞ്ഞ കഥ കേള്‍ക്കാനവസരം കിട്ടുന്നത് ഇപ്പോഴാണ്. ഏകദേശം നാലഞ്ച് മാസങ്ങള്‍ ശേഷം.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here