This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
വീണ്ടും ഒരാഴ്ചക്കാലം ലാസറിന്റെ റൂമില്‍ കഴിഞ്ഞപ്പോഴേക്കും അയാളില്‍ ദുരഭിമാനം നുരകുത്തി. ഒരാളെ ആശ്രയിച്ച് കഴിയുക എന്നത് ഇത്രയോ വലിയ നാണക്കേടാണ്.
‘ ഞാന്‍ പോട്ടെ നാട്ടിലെനിക്കൊരു ചെറിയ കൂരയുണ്ട് ഇച്ചിരി പറമ്പും. വീടു പൂട്ടിയിട്ടിരിക്കുവാ”
” നിന്റെ പെണ്ണുമ്പിള്ളയോ?”
” ഓ അവളെന്നേ പോയി”
” എങ്ങനെ പോകാതിരിക്കും ? കൈനോട്ടവും വെളിപാടും തിരുവചനം വിളമ്പലുമായി നടക്കുന്നവന്റെ കൂടെ കുറെ നാളേങ്കിലും പൊടുത്തെങ്കില്‍ അതവളുടെ ഔദാര്യം. നെനക്ക് അത്യാവശ്യത്തിനു ആരോഗ്യമുണ്ട്. ഇതു പോലെ വല്ലേടത്തും മേടിച്ചു കിട്ടുന്ന ഹേമദണ്ഡങ്ങള്‍ ഒഴിവാക്കിയാല്‍ പണിയെടുത്ത് കഴിയാന്‍ പറ്റില്ലേ?”
ലാസറങ്ങനെ പറഞ്ഞതോടെ കുര്യനവിടെ നിന്നും എങ്ങനെയും രക്ഷപ്പെടണമെന്നായി.
” എന്തായാലും ഞാനിന്നുച്ചയോടെ ഇവിടം വിടുവാ ”
” എന്നിട്ട് -എന്താ നിന്റെ പ്ലാന്‍?”
അതിനു കുര്യനു ഉത്തരം ഇല്ലായിരുന്നു.
ലാസര്‍ ഉച്ചകഴിഞ്ഞു വന്നത് നേഴ്സറിയിലെ ബഡ്ഡിംഗ് മേസ്ത്രി ദാനിയലുമായിട്ടായിരുന്നു. അയാള്‍ക്കും കുര്യനെ ലാസറിന്റെ കൂടെ കണ്ടത് കൊണ്ട് നേരത്തെ തന്നെ അറിയാം.
ലാസറും ദാനിയേലും കുറെ നേരം എന്തോ ആലോചനയിലായിരുന്നു. ഇന്നത്തെ നിലയില്‍ കുര്യനു കൂലി വേലക്കുള്ള ആരോഗ്യമില്ല. ചുമടെടുക്കാനോ അങ്ങനെ ദേഹമനങ്ങിയുള്ള ഒരു പണിക്കും പറ്റില്ല. പിന്നെ അവരൊരു തീരുമാനത്തിലെത്തി.
”ഞങ്ങള്‍ തനിക്കൊരു മുന്നൂറു രൂപ തരാം. നീ അതു വാങ്ങി കുറെ ലോട്ടറി ടിക്കറ്റ് വാങ്ങി ചാലക്കുടിയിലോ മാളയിലോ എവിടെയെങ്കിലും വില്ക്കാനുള്ള ശ്രമം നോക്ക്. ബസ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്യുന്ന ഏതെങ്കിലും ബസില്‍ അന്തിയുറങ്ങാനായേക്കും.ടിക്കറ്റെല്ലാം വില്‍ക്കാന്‍ പറ്റിയില്ലെങ്കിലും ബാക്കി വരുന്ന ടിക്കറ്റില്‍ ഏതിനെങ്കിലും സമ്മാനം കിട്ടിയാല്‍ നിന്റെ ഭാഗ്യം പോലിരിക്കും. ചിലപ്പോള്‍ നീ രക്ഷപ്പെടും. നീയാ മാര്‍ഗം നോക്ക്”
ലാസറും ദാനിയേലും കൂടി ചാലക്കുടിയിലെ ഒരു ലോട്ടറി ഏജന്റിന്റെ കയ്യില്‍ നിന്നും മുന്നൂറു രൂപയുടെ ടിക്കറ്റ് വാങ്ങി കുര്യനെ ഏല്പ്പിച്ചു.
പിന്നെ ഒരാഴ്ചക്കാലം കുര്യന്‍ ചാലക്കുടിയിലായിരുന്നു.പക്ഷെ പിന്നെ അവിടെ നിന്നും മുങ്ങി.
ലാസര്‍ രണ്ടു മൂന്നു തവണ ചാലക്കുടിയില്‍ പോയിട്ടും കണ്ടില്ല.പിന്നെ കേട്ടത് കുര്യന്‍ അയ്യമ്പുഴയില്‍ സ്കൂളിനോടു ചേര്‍ന്നുള്ള കവലയില്‍ മരുന്നു വില്ക്കുന്നുണ്ടെന്നായിരുന്നു.ഇനി അവനായി അവന്റെ പാടായി ലാസര്‍ പിന്നെ ആവശം ചിന്തിച്ചില്ല.
ഏതോ ഒരു കമ്പനിയുടെ സര്‍വരോഗനിവാരണി എന്നു പറഞ്ഞ് കുറെ കുപ്പികളും ഡപ്പികളും കയ്യിലൊരു ട്രങ്കു പെട്ടിയുമായി ഊരു ചുറ്റുകയായിരുന്നു. കുറെക്കാലം വലിയ ലാഭമൊന്നുമില്ല. ല്ല വാഗ്ധോരണി ഉള്ളതുകൊണ്ട് കുര്യന്റെ വലയില്‍ കുറെ പേരെങ്കിലും വീണൂ. രഹസ്യ സ്വഭാവമുള്ള രോഗങ്ങള്‍ക്കുള്ള മരുന്ന് അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടി.
കുര്യനെവിടെ അന്തിയുറങ്ങുന്നുവെന്ന് അന്വേഷിച്ച് അവിടെ രഹസ്യമായി ചെന്നായിരുന്നു മരുന്നുകള്‍ വാങ്ങിയിരുന്നത്. പൊതുജനമദ്ധ്യത്തില്‍ അത്തരം മരുന്നുകള്‍ വാങ്ങാന്‍ വിമുഖത കാട്ടുന്നവരായിരുന്നു അധികവും. ഈ മാതിരി മരുന്നന്നേഷിച്ചു വരുന്നവരില്‍ ചുരുക്കം സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ വിശ്വസ്തരായ കൊച്ചുകുട്ടികളെയാണു കുര്യന്റെ അടുക്കലേക്കു വിടുക.പക്ഷെ തന്റെ ഒരു തട്ടിപ്പു വേലയാണെന്നു അറിയാവുന്നതുകൊണ്ട് കുര്യന്‍ ഒരിടത്തും സ്ഥിരമായി അധികനാള്‍ തങ്ങുകയില്ല.
അധികനാള്‍ ഈ പരിപാടിയും കൊണ്ടു നടന്നില്ല. മരുന്ന് വില്പ്പനയുമായി ഊരുചുറ്റുന്ന കാലത്താണ് പാട്ടു പുസ്തകം വില്ക്കുന്നടിത്ത് ചെന്ന് പെട്ടത്. അങ്ങ് വടക്കേ മലബാറില്‍ അങ്കം വെട്ടുന്ന ചേകവരുടേയും ഒതേനന്റെയും കഥകള്‍ പാടുന്ന ഒരുവന്റെ ഈണത്തിലുള്ള അംഗവിക്ഷേപത്തിലൂടെയുള്ള ആലാപനത്തിലൂടെ വില്പ്പന തകൃതിയായി നടക്കുന്ന കണ്ടപ്പോള്‍ തനിക്കും ഈ മാര്ഗ്ഗം ഒന്നു പരീക്ഷിച്ചാലെന്താ എന്ന് തോന്നി. പണ്ട് സണ്ഡേസ്കൂളീല്‍ പഠിക്കുന്ന സമയം ഇതു പോലെ ക്ലാസ്സില്‍ പാട്ടു പാടി ആള്‍ക്കാരെ രസിപ്പിച്ച അനുഭവം ഓര്‍മ്മ വന്നതോടെ തനിക്കും അതൊക്കെ ചെയ്യാവുന്നതല്ലേ എന്ന് ആത്മവിശ്വാസം വന്നു. തനിക്കു പരിചയമുള്ള രണ്ടു കമിതാക്കള്‍ പ്രണയ നൈരാശ്യം മൂലം തൂങ്ങിച്ചത്ത കഥ അറിയാവുന്ന കുര്യനു ഒരാഴ്ച മെനക്കെട്ടിരുന്ന് ഇരുപതോളം പേജുവരുന്ന ഒരു രചന നിര്‍വഹിച്ചതോടെ കുര്യനു ഉറപ്പായി ഇനി തന്റെ വഴി ഇതാണ്.
‘ ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം ‘ അച്ചടിച്ച് കൊടുക്കാന്‍ ഒരു പ്രസുടമ തയാറായതോടെ കുര്യന്റെ ശുക്രദശ ആരംഭിച്ചു. ആ പുസ്തകം വിറ്റു തീര്‍ന്നതോടെ തീവണ്ടിക്കു മുമ്പില്‍ ചാടിച്ചത്ത ഒരുവന്റെ കഥയായി. പീന്നെ മണിയറയിലെ കുഞ്ഞേലിയാമ്മയുടെ കടുംകൈ , കാലടിയിലെ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അടുപ്പം പരസ്പരം മാലയിട്ട് ഒരുമിച്ചു ജീവിക്കുവാനുള്ള തീരുമാനം ഇതൊക്കെ വേഗത്തില്‍ തന്നെ പാട്ടു പുസ്തകമാക്കി മാറ്റി. ആ പുസ്തകത്തിന്റെ കോപ്പി വേഗം തന്നെ വിറ്റു തീര്ന്നതോടെ വീണ്ടും പുതിയ പതിപ്പിറക്കേണ്ടി വന്നു. പുസ്തകത്തിന്റെ ടൈറ്റിലായിരുന്നു ഏറെ പേരെ ആകര്‍ഷിച്ച ഘടകം.
‘ മണിയറയിലെ ദമ്പതികള്‍ – സരസയും സാറയും ‘ പുസ്തകത്തിന്റെ ടൈറ്റിലിനു താഴെ ഇവരില്‍ കാമുകിയാര് കാമുകനാര് ? എന്നൊരു ചോദ്യവും. പുസ്തകം ചൂടപ്പം പോലെ വിറ്റു പോകാന്‍ അധിക ദിവസം വേണ്ടി വന്നില്ല. ഇപ്പോള്‍ നാട്ടിലെ പ്രസുടമക്കും കുര്യന്റെ രചനകള്‍ കിട്ടിയാല്‍ ഉടനെ തന്നെ അടിച്ചു കൊടുക്കാന്‍ ഏറെ താത്പര്യം കാട്ടുന്നുണ്ട്. രൊക്കം കാശ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതോടെ പ്രസുടമ അടുത്ത രചനക്കു വേണ്ടി കാത്തിരിക്കുകയായി. പക്ഷെ അധികം താമസിയാതെ തന്നെ കുര്യന് ഈ തൊഴിലുപേക്ഷിക്കേണ്ടി വന്നു. എന്തുകൊണ്ട് എന്നത് ഒരു നടുക്കം തരുന്ന ഓര്മ്മയാണ്.
മലബാറിലെ കുട വ്യാപാരിയായ മുസലിയാരും അവിടുത്തെ പയ്യനുമായുള്ള അവിഹിത ബന്ധം പാട്ടു പുസ്തകമാക്കിയതാണ് കുഴപ്പത്തില്‍ ചാടിച്ചത്. കുര്യനു വന്നു ചേര്‍ന്ന കൂനും ലേശം ചരിഞ്ഞുള്ള നടത്തയും അതിന്റെ ഭാഗമാണ്. വര്‍ഷാവനസാനത്തെ സ്റ്റോക്കെടുപ്പ് നടക്കുന്ന സമയം കുടക്കമ്പനിയുടെ ഓഫീസ് റൂമില്‍ പിന്നാമ്പുറത്തുത്തെ ഗോഡൗണില്‍ മുസലിയാര്‍ മരിച്ചു കിടക്കുന്ന വാര്ത്ത വന്നത്. പാട്ടു പുസ്തകമാക്കാന്‍ പറ്റിയ വിഷയമാണെന്നത് മുഖ്യ ധാരാ പത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഒരന്തിപത്രത്തില്‍ വന്ന വിശദമായ വാര്‍ത്തയാണ്. ഒരിരുമ്പ് പെട്ടിയുടെ ഭാരം തടിച്ച ശരീരപ്രകൃതി മുസലിയാരുടെ മൃതദേഹത്തിനടിയില്‍ കടയിലെ പയ്യന്‍ ബോധമറ്റ നിലയില്‍ കിടക്കുകയായിരുന്നത്രെ. ഹൃദയ സ്തംഭനം മൂലം മരണം. പ്രധാന പത്രങ്ങളിലെ വാര്‍ത്ത അതാണ്. സമൂഹത്തിലെ മാന്യനായ മുസലിയാരുടെ യഥാര്ത്ഥ മരണകാരണം പ്രധാനപ്പെട്ട പത്രങ്ങളിലൊന്നും വന്നില്ല അന്തിപത്രത്തില്‍ മാത്രം വന്ന വാര്ത്ത വച്ച് കുര്യനൊരു രചന നടത്താന്‍ അധിക സമയം വേണ്ടി വന്നില്ല. പാട്ടു പുസ്തകത്തിന്റെ വില്പ്പന പതിനായിരത്തില്‍ എത്തി നില്ക്കുന്ന സമയം കുര്യന്‍ പാട്ടു പാടാന്‍ കണ്ടെത്തിയ സ്ഥലം മുസലിയാരുടെ നിന്നു പോയ കുടക്കമ്പനിയുടെ സമീപത്തുള്ള ഒരു ജംഗ്ഷനായിരുന്നു. കയ്യിലുള്ള കോപ്പികള്‍ ആദ്യമണിക്കൂറിനുള്ളില്‍ തന്നെ ഏറെക്കുറെ വിറ്റു തീര്ന്നിരുന്നു. ബാക്കിയുള്ള കോപ്പികള്‍ തപ്പി കയ്യിലെ തോള്‍സഞ്ചിയില്‍ നിന്നെടുക്കാനായി തുനിഞ്ഞതേയുള്ളു, വലിയൊരടി – അതും ഇരുമ്പ് വടികൊണ്ടുള്ളത് – കുര്യന്റെ കഴുത്തിനു പിന്നാമ്പുറത്തു വീണൂ. തലക്കായിരുന്നു അടിയേറ്റതെങ്കില്‍ കുര്യന്റെ കഥ അവിടെ തീര്ന്നേനെ. നിലത്തു വീണ കുര്യന്‍ പിന്നെ പൊങ്ങി തറയില്‍ വീണത് സമീപത്തുള്ള കാനയില്‍.
മരിച്ചു പോയ മുസലിയാരുടെ ആള്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു ഗുണ്ടകളുടെ ആക്രമണമായിരുന്നു . ബോധം കെട്ട് കാനയില്‍ വീണ കുര്യന്‍ പിന്നെ ഉണര്‍ന്നത് സമീപത്തുള്ള ആശുപത്രിയിലെ ക്വാഷ്വാലിറ്റി വാര്‍ഡില്‍ ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ലേശം നടക്കാമെന്നായപ്പോള്‍ സ്ഥലം വിട്ടോളാന്‍ പറഞ്ഞത് പോലീസുകാര്‍ തന്നെ.
കേസൊന്നും ഇല്ല തന്റെ തടി ഇനിയും കേടാവാതിരിക്കണമെങ്കില്‍ വേഗം ഇവിടം വിട്ടോളണം. ഇതായിരുന്നു അവരുടെ ഉപദേശം.വീണ്ടും ഒരാഴ്ച കഴിഞ്ഞ് ലോഡ്ജ് മുറി വിട്ടൊഴിഞ്ഞ് കയ്യിലുള്ള പാട്ടു പുസ്തകവും പണവുമായി നാട്ടിലേക്കു മടങ്ങിയ കുര്യന്‍ പിന്നെ പുസ്തക വില്പ്പനയുമായി നടന്നത് വര്‍ഷങ്ങള്‍ക്കു ശേഷം. അതിനിടയില്‍ കയ്യില്‍ വന്നു പെട്ട ഒരു വെളീപാടിന്റെ കൊച്ചു പുസ്തകം പ്രയോജനപ്പെടുത്തിയാണ് കുര്യന്‍ തിരുവചനവും ഫലപ്രവചനവുമായി നാടു ചുറ്റാനിറങ്ങിയത്. കയ്യില്‍ കിട്ടിയ പുസ്തകത്തിന്റെ ഉള്ളടക്കം കാണാതെ പഠിച്ചു. അത് വച്ചാണ് അടുത്തു വരുന്ന ആളുടെ അടുത്ത് ചില നിമിത്തങ്ങള്‍ നോക്കിയുള്ള ലക്ഷണം പറച്ചില്‍. ഉപദേശം ഇതൊക്കെ കേള്വിക്കാര്‍ക്ക് അവര്‍ക്കിഷ്ടം തോന്നുന്ന വിധം പറഞ്ഞു കൊടുക്കുകയേ വേണ്ടു. ഈ വിദ്യ ഫലിക്കുമെന്ന തോന്നല്‍ കുര്യനു വന്നതോടേ പാട്ടു പുസ്തക വില്പ്പന പാടേ നിര്‍ത്തി.
ആള്‍ക്കാരുടെ എണ്ണം ഏറിയതോടേ പ്രതിവിധിയുമായി ഉപദേശിക്കുന്നത് എണ്ണയും കുഴമ്പുമൊന്നുമല്ല ചില ഉപദേശങ്ങള്‍ പലരോടും പറയുന്നത് ഇത്രമാത്രം ഒരു ദിവസം ഉപവസിക്കുക പിന്നെ ചൂടുവെള്ളം കുടിക്കുക പിന്നെ കുറേശേയായി ചൂടുകഞ്ഞി കുടിക്കുക ഒരു വിധപ്പെട്ട ഉദരരോഗങ്ങളൊക്കെ പമ്പകടക്കും. പിന്നെ ദാമ്പത്യ ജീവിതത്തില്‍ വന്ന് ചേരുന്ന പൊരുത്തക്കേടുകളെ കുറിച്ചാണ് വന്നവര്‍ പറയുന്നതെങ്കില്‍ അവര്‍ക്ക് രഹസ്യ സ്വഭാവമുള്ള ചില വശീകരണ വിദ്യകളാണ് പറഞ്ഞു കൊടുക്കുക. ഇണയെ എങ്ങിനെ സ്വീകരിക്കണം എന്നിങ്ങനെ…
രാത്രി സമയം കുര്യന്‍ കഴിയുക ഏതെങ്കിലും പീടികത്തിണ്ണയില്‍ ഇട്ടിരിക്കുന്ന ബെഞ്ചിലോ ഡസ്ക്കിലോ ആയിരിക്കും. വെളുപ്പിനെ കടയുടമ വരുന്നതിന് മുമ്പേ സമീപത്തുള്ള തുറസായ സ്ഥലത്തെവിടെയെങ്കിലും പ്രാഥമികകൃത്യങ്ങള്‍ നടത്തി പിന്നെ അടുത്തുള്ള ചിറയിലോ തോട്ടിലോ ഉപായത്തിലൊരു കുളീ.പിന്നെ ജംഗ്ഷനിലുള്ള ഹോട്ടലില്‍ കാപ്പി കുടീ.വീണ്ടും വെളീപാടുകള്‍ നല്കുന്ന വിജ്ഞാനം പകര്‍ന്ന് കവല തോറുമുള്ള മരുന്ന് വില്പ്പനയും ചെറു പ്രസംഗങ്ങളും.പക്ഷെ പാട്ടു പുസ്തകം വില്ക്കുന്നതു പോലെ ഈ പരിപാടി ഉദ്ദേശിച്ചത്ര ഏല്ക്കുന്നില്ലെന്ന് കുര്യനു നന്നായി അറിയാം. അതിനുള്ള മാര്‍ഗമാണ് അനായസേന എന്നവണ്ണം തെളീഞ്ഞു വന്നത്.
കാളച്ചന്തയിലെ ഇറച്ചി വെട്ടുകാരനായ ആഗസ്റ്റിക്കുട്ടി ഒരു രാത്രി സമയം തൊട്ടടുത്തുള്ള ചാരായക്കടയില്‍ വച്ച് നൂറു മില്ലിയില്‍ തുടങ്ങിയ പരിചയം. ആഗസ്തിക്കുട്ടി ചെറുച്ചിയുടെ വല്യപ്പന്റെ മകനാണ്. എന്നാലും ചെറുച്ചിയെ ചേച്ചി എന്നാണ് വിളീക്കുന്നത്.
”ചേച്ചി എപ്പോഴും ചേട്ടനെ പറ്റി അന്വേഷിക്കാറുണ്ട്. എന്നെങ്കിലും കാണുമ്പോള്‍ കൂട്ടിക്കൊണ്ടു ചെല്ലാനും പറഞ്ഞിട്ടുണ്ട്”
” എന്താ കാര്യം ഇനിയും ആ കാലമാടനെക്കൊണ്ട് എന്നെ തല്ലിക്കാനാണോ?”
ആഗസ്തിക്കുട്ടി വിട്ടു കൊടുക്കുന്നില്ല . കുര്യന്റെ പ്ലേറ്റിലേക്ക് ഒരു താറാവു മൊട്ട തൊണ്ടു പൊളിച്ചത് നീക്കി വച്ചിട്ടു പറഞ്ഞു.
” ചേട്ടാ ആ കാലമാടന്‍ പാപ്പന്‍ ഇനി വരില്ല അവനെ ആ ലൈനില്‍ താമസിക്കണ എല്ലാവരും കൂടി ഓടിച്ചു ”
കുര്യനു ദേഷ്യം തോന്നാന്‍ ഇത് ധാരാളം മതിയായിരുന്നു.
”അന്നും അവളങ്ങനെയാ പറഞ്ഞത്. പിത്തക്കാടി,ഒന്നിനും കൊള്ളാത്തവന്‍ കുടിച്ച് നാലു കാലേല്‍ നടക്കണവന്‍ എന്നൊക്കെ.അയാളെ കാണുന്നതു വരെ ഞാനും അങ്ങനെയാ കരുതിയത് ഒറ്റക്കൈക്കല്ലിയോ എന്നെയെടുത്ത് മുറ്റത്തിനു വെളീയിലോട്ടെറിഞ്ഞെ”
വളരെ പാടു പെടേണ്ടി വന്നു ആഗസ്തിക്കുട്ടിക്ക് കുര്യനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കാന്‍.
കഴിഞ്ഞതവണ പാതിരയോടടുത്ത നേരത്ത് വന്ന് ചെറുച്ചിയോടു കാശു ചോദിച്ചിട്ട് കൊടുക്കാത്തതിനു പൂരപ്പാട്ടും തെറി വിളീയും ചെറുച്ചിയുടെ മുടിക്കു പിടിച്ച് വലിച്ചു തൊഴിയും ഇടിയും വലിയ ബഹളത്തിനു ഇടയായപ്പോള്‍ അയല്‍ മുറികളില്‍ താമസിക്കുന്നവരും തൊട്ടപ്പുറം രാത്രി സമയം ചീട്ടുകളിക്കുന്നവരും എല്ലാവരും കൂടി എടുത്തിട്ടു നല്ലവണ്ണം പെരുമാറി. ഇനി വരില്ലെന്നു സത്യം ചെയ്യിച്ചിട്ടാ വിട്ടെ. പിന്നെ ഇതേവരെ വന്നിട്ടില്ല. ആ ഒരു ധൈര്യത്തിലാ ചേച്ചി ചേട്ടനെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ പറയണെ.
എന്നിട്ടും കുര്യന്‍ ഒരു സന്ധ്യ കഴിഞ്ഞ നേരത്താണ് ആളും അനക്കവുമില്ലാത്ത സമയം നോക്കി ഒരു കള്ളനേപ്പോലെ പതുങ്ങി പതുങ്ങി ചെന്നത്. വാതില്ക്കല്‍ മുട്ടു കേട്ട് തുറന്ന ചെറുച്ചി കുര്യനെ കണ്ടതോടെ കരഞ്ഞും പിഴിഞ്ഞും അയാളുടെ മനസു മാറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.പിന്നെ കുറെ നാള്‍ കുര്യന്‍ എങ്ങും പോകാതെ അവിടെ തന്നെ കൂടി. അതോടെ അവര്‍ കെട്ടിയവനും കെട്ടിയവളുമായി മാറി. പാപ്പന്റെ സ്ഥാനത്ത് കുര്യനാണ് എന്ന് വന്നതില്‍ ചുറ്റുപാടുമുള്ളവര്ക്ക് വിഷമമില്ലായിരുന്നു. കാരണം ഇയാളെക്കൊണ്ട് പാപ്പനേപ്പോലെ ശല്യമുണ്ടാകില്ലല്ലോ എന്ന വിചാരമായിരുന്നു. ഇതിനിടയില്‍ കുര്യന്‍ ചിലപ്പോഴെല്ലാം അത്യാവശ്യം മരുന്ന് വില്പ്പനയും വെളിപാടു പറച്ചിലുമായി ചുറ്റുപാടുനിന്നും മാറി ദൂരയുള്ള സ്ഥലങ്ങളില്‍ ചിലവഴിക്കാന്‍ സമയം കണ്ടെത്തി. എങ്ങനെ പോയാലും ഒന്നോ രണ്ടൊ ദിവസം കഴിയുമ്പോള്‍ മടങ്ങി വരും. പക്ഷെ കുര്യന്റെ മന:സമാധനം കൊടുത്തുന്ന വര്ത്തമാനമാണ് ഒരു ദിവസം ചെറുച്ചി അയാളോടു പറഞ്ഞത്. അതു കേട്ടതോടെ അയാള്‍ പാടെ തകര്‍ന്നു പോയി.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു- അധ്യായം- ഇരുപത്