തീപിടുത്തമുണ്ടാകുന്ന കാലഘട്ടമാണ് ഫെബ്രുവരി മാര്‍ച്ച്, ഏപ്രില്‍, മാസങ്ങളില്‍. ഇതിപ്പോള്‍ സാധാരണയായി മാറിയിട്ടുണ്ട്. കാലടി പ്ലാന്റേഷനിലെ മൂന്നു എസ്റ്റേറ്റുകളിലും തീ വീഴുക ശക്തമാണെങ്കിലും കല്ലല അതിരപ്പിള്ളി എസ്റ്റേറ്റുകളിലാണ് ഇത് കൂടുതലായിട്ടുണ്ടാകുക. വനാതിര്‍ത്തിയോടു തൊട്ടു കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നാവും തുടക്കമിടുക. ഇത്തവണ അത് കല്ലല എസ്റ്റേറ്റില്‍ നിന്നായെന്നു മാത്രം. മലയാറ്റൂര്‍ ഫോറസ്റ്റ് ഏരിയയോടു തൊട്ടു കിടക്കുന്ന ഭാഗങ്ങളിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തീ പടര്‍ന്നു കയറാതിരിക്കാന്‍ വേണ്ടി പല മുന്നൊരുക്കങ്ങളും ചെയ്യാറുണ്ട്. എസ്റ്റേറ്റിന്റെ അതിര്‍ത്തിയോടു തൊട്ടു കിടക്കുന്ന പ്രദേശങ്ങളോട് ചേര്‍ന്നു ലോറിയോ വാനോ സഞ്ചരിക്കാന്‍ പാകത്തില്‍ ഉടനീളം ബൗണ്ടറിപ്പാത ഒരുക്കുക ബൗണ്ടറിപ്പാതയോടു ചേര്‍ന്നുള്ള എസ്റ്റേറ്റ് പ്രദേശത്തെ കരിയിലയും ചപ്പും ചവറും കാടുമൊക്കെ വെട്ടി മാറ്റി തീയിടുക, ഇവിടം പൊതുവെ റബ്ബര്‍ തൈകള്‍ അധികം വച്ചു പിടിപ്പിക്കാറില്ല. ഇങ്ങനെയുള്ള മുന്‍ കരുതലുകളെല്ലാമെടുത്തിട്ടും ഇത്തവണയും കല്ലല എസ്റ്റേറ്റിലെ മലയാറ്റൂര്‍ ഫോറസ്റ്റ് ഏരിയയോടു ചേര്‍ന്നു കിടക്കുന്ന ഭാഗത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന ഹെഡ്ഡ് ഓഫീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്റ്റേറ്റ് മാനേജര്‍ രാത്രി കാലങ്ങളില്‍ റോന്ത് ചുറ്റാറുണ്ട്.
അമ്പത് കഴിഞ്ഞ പ്രായം, തടിച്ച ശരീര പ്രകൃതി, കഷ്ടി അഞ്ചടി പൊക്കമേ ഉള്ളു. ട്രൗസറും ടീഷര്‍ട്ടും ധരിച്ച് കയ്യിലൊരു വടിയും തലയില്‍ തൊപ്പിയുമായി നടക്കുന്ന ഈ മനുഷ്യന്റെ നിറം കറുപ്പാല്ലായിരുന്നെങ്കില്‍ ദൂരെ നിന്നും കാണുന്ന ആരും സായിപ്പാണെന്നേ ധരിക്കുകയുള്ളു. ന്യൂ പ്ലാന്റേഷന്‍ എക്സ്പര്‍ട്ട് അങ്ങനെയാണ് മാനേജ്മെന്റ് തലത്തില്‍ ഈ മനുഷ്യനെ വിലയിരുത്തിയിട്ടുള്ളത്. കാലടി പ്ലാന്റേഷനില്‍ എവിടെയെങ്കിലും പുതിയ റബ്ബര്‍ പ്ലാന്റ് തുടങ്ങുന്ന അവസരത്തില്‍ ഈ മനുഷ്യന്റെ സേവനം മാറി മാറി പ്രയോജനപ്പെടുത്താറുണ്ട്. പക്ഷെ ആളെ വേറൊരു രീതിയിലാണ് തൊഴിലാളികളൂം ജീവനക്കാരും കാണുന്നത്. രാത്രീഞ്ചരന്‍ സാമുവല്‍ എന്നു പേരുള്ള ഇദ്ദേഹത്തെ കാണുമ്പോള്‍ സ്ത്രീ തൊഴിലാളികള്‍ അധികവും അകന്നു നില്‍ക്കാനാണ് ശ്രമിക്കുക. പ്രായം ഇത്രയേറെ ചെന്നെങ്കിലും സൈനിക കോലളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഒരാള്‍ മകനായിട്ടുണ്ടെങ്കിലും, ഒരു സ്ത്രീ തൊഴിലാളിയെ തനിച്ച് കിട്ടിയാല്‍ അവളെ വശത്താക്കാനുള്ള സകല ചെപ്പടി വിദ്യകളും ഈ മനുഷ്യനുണ്ട്. മദ്യം അതും, വാറ്റു ചാരായം അത് കിട്ടിയാല്‍ എത്ര വേണമെങ്കിലും അകത്താക്കും. കൂട്ടത്തില്‍ നല്ല കാട്ടിറിച്ചി വേവിച്ചതും വേണമെന്ന് മാത്രം. എസ്റ്റേറ്റിലെ ഫോറസ്റ്റ് ഏരിയായോടു ചേര്‍ന്നു കിടക്കുന്ന ഭാഗത്തെ ബൗണ്ടറി ഓപ്പറേഷന്‍ ചെക്ക് ചെയ്യാനായിട്ടാണ് രാത്രി ഭക്ഷണം കഴിഞ്ഞ് തന്റെ സ്വസിദ്ധമായ നാടന്‍ ധ്വര വേഷത്തില്‍ ക്വോര്‍ട്ടേഴ്സില്‍ നിന്നിറങ്ങിയത്.
” ഇപ്പെന്തിനാ അങ്ങോട്ട് പോന്നെ ? എന്തെങ്കിലും വിവരം ഒണ്ടെ അന്തോണിയോ ചെല്ലപ്പനോ വന്നറിയിക്കില്ലേ? അവര്‍ക്കാണേ ബൈക്കും സൈക്കിളും ഉണ്ട്”
സാമുവലിന്റെ ഭാര്യ അങ്ങനെ വിലക്കിയിട്ടും അയാള്‍ വക വച്ചില്ല.
” എടീ പുതിയ തൈകള്‍ വച്ച് പിടിപ്പിച്ചിട്ട് രണ്ട് വര്‍ഷം തികഞ്ഞിട്ടില്ല. എന്തെങ്കിലും ഒരു തീപ്പൊരി കാട്ടില്‍ നിന്ന് വീണാ മതി ഈയുള്ളവന്റെ രണ്ട് വര്‍ഷംത്തെ കഷ്ടപ്പാട് വെറുതെയാകാന്‍”
ആലീസിന്റെ വാക്കുകളെ വകവയ്ക്കാതെ തന്നെ സാമുവല്‍ ബൗണ്ടറി ചെക്കിംഗിനായി അരമണിക്കൂര്‍ സമയമെടുത്തു തീ വീഴും എന്നു സംശയമുള്ള ഭാഗത്തെത്താന്‍ . രാത്രി പണിക്കാരെല്ലാം പണിയായുധങ്ങളൂമായി എത്തിയിട്ടുണ്ട്. കൂടുതല്‍ കുടവും മമ്മട്ടിയും അരിവാളും ആയി എസ്റ്റേറ്റിലെ സ്റ്റോര്‍ റൂമിലുള്ള പണീയായുധങ്ങള്‍ എല്ലാം കരുതിയിട്ടുണ്ട്. വെള്ളമെടുക്കണമെങ്കില്‍ കുറച്ചു ദൂരെ മാറിയൊഴുകുന്ന തോടിനെ ആശ്രയിക്കണം. വര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടില്‍ ഇപ്പോള്‍ പാറയിടുക്കിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തേ വെള്ളമുള്ളു. എങ്കിലും എസ്റ്റേറ്റ് വക ജീപ്പില്‍ വെള്ളം നിറക്കാന്‍ പറ്റിയ വീപ്പക്കുറ്റികള്‍ നാലെണ്ണമുള്ളത് കരുതിയിട്ടുണ്ട്. വലിയൊരു തീ വീഴ്ചയാണെങ്കില്‍ ഈ കരുതലുകളെല്ലാം വെറുതെ.
ഐബിയില്‍ ഓഡിറ്റിംഗ് സ്റ്റാഫിനെ എസ്റ്റേറ്റിലേക്കു കൊണ്ടുവരാനോ അവിടെ നിന്ന് തിരിച്ചു കൊണ്ടൂ വിടാനോ ഇപ്പോള്‍ വാഹനങ്ങളോന്നും കിട്ടില്ല. മാത്രമല്ല എസ്റ്റേറ്റ് സ്റ്റാഫില്‍ പലരും തീപിടുത്തമുണ്ടായാല്‍ ബൗണ്ടറിയിലെത്തിയിരിക്കും. ഓഫീസ് സ്റ്റാഫെന്നോ ഫീല്‍ഡ് സ്റ്റാഫെന്നോ നോക്കാതെ അവരും തീപിടുത്തമുണ്ടായാല്‍ പോകും. അങ്ങനെ വരുമ്പോള്‍ ഐബിയില്‍ ഹെഡ് ഓഫീസ് സ്റ്റാഫ് തങ്ങുന്നതില്‍ അര്‍ത്ഥമില്ല. തിരിച്ചു പോയാലോ പക്ഷെ പോകാന്‍ വാഹനം?
ആ സമയം സുകുവാണ് നിര്‍ദ്ദേശം വച്ചത് ‘ സാറന്മാര്‍ക്ക് ബൗണ്ടറിയിലേക്ക് പോണമെന്നുണ്ടോ? അതിനു വഴിയുണ്ട്. ഇപ്പം കളക്ക്ഷന്‍ സെന്റെറില്‍ നിന്നും പാലെടുക്കുന്ന ലോറി വരും. മൂന്നാലു പേര്‍ക്ക് അതില്‍ കയറി പോകാന്‍ പറ്റും’
”നമുക്കും ഒന്നു പോയാലെന്താ?” അതിരപ്പിള്ളി എസ്റ്റേറ്റിന്റെ ചാര്‍ജുള്ള മാത്യുവാണാ നിര്‍ദ്ദേശം വച്ചത്.
എല്ലാവരും അതംഗീകരിച്ചു. ഇവിടെ വെറുതെ കുത്തിയിരുന്നിട്ടെന്തു കാര്യം. മാത്രമല്ല ഓഡിറ്റ് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ ഫയര്‍ ഓപ്പറേഷന്‍സ് എന്താണെന്നു മനസിലാക്കി അതില്‍ പങ്കെടുത്തവരുടെ എണ്ണവും അതിനു വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കണക്കെടുക്കുമ്പോള്‍ വ്യക്തമായ ഒരു സൂചന ലഭിക്കാന്‍ ഒരു പക്ഷെ ഈ യാത്ര കൊണ്ടു സാധിക്കും.
” സാറന്മാരൊരു കാര്യം ചെയ്യണം നല്ല ഡ്രസ്സൊന്നും ധരിച്ചു പോകാതിരിക്കുന്നതാണ് നല്ലത്. കരിയും മണ്ണും വീഴും. പിന്നെ കുടിക്കാന്‍ വെള്ളം കുപ്പിയിലാക്കി കൊണ്ടു പോകുന്നതും നന്നായിരിക്കും. നിങ്ങളിപ്പം നാലുപേരല്ലേ ഉള്ളു. ഓരോ കുപ്പി വെള്ളം കയ്യിലെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
മാത്യുവും അഗസ്റ്റിനും റാഫിയും തയാറായി വന്നപ്പോഴും പോകാന്‍ മടിച്ചു നില്ക്കുകയാണൂണ്ടായത്. അവിടെ പോയാള്‍ എപ്പോള്‍ മടങ്ങി വരാന്‍ പറ്റും എന്നതിനെ പറ്റി ഒരു നിശ്ചയവുമില്ല. ഉച്ചകഴിഞ്ഞു പോയാല്‍ എറണാകുളത്തേക്ക് പോവാന്‍ മാര്‍ഗ്ഗമുണ്ടോ എന്നു നോക്കണം. ഈ വിവരങ്ങളൊക്കെ അറിയാവുന്ന സുകു പറഞ്ഞു
‘സാറിനു നല്ല സുഖമില്ലെങ്കില്‍ പോകണ്ട അവര്‍ പോട്ടെ ”
ഭാഗ്യത്തിന് വന്നു ചേര്‍ന്ന ലോറിയില്‍ കഷ്ടിച്ച് മൂന്നു പേര്‍ക്ക് പോവാനേ പറ്റു. പോകാന്‍ പറ്റില്ല എന്ന തീരുമാനമെടുത്തതു കൊണ്ടാകണം മാത്യു ഒരു നിര്‍ദ്ദേശം വച്ചു.
” ഇന്ന് താനിവിടെ നില്‍ക്ക് നാളത്തെ ഊഴം തനിക്കാണ്”
ലോറിയില്‍ കയറി അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ സുകു അടുത്തു വന്നു പറഞ്ഞു.
”സാറിനി ഉച്ച കഴിഞ്ഞ് പോയാ മതി ഉച്ചയൂണൂ കഴിഞ്ഞു വേണേ ഞാനെന്റെ ബൈക്കില്‍ കൊണ്ട് വിടാം തീ എസ്റ്റേറ്റിലേക്കു കേറാന്‍ ചാന്‍സുണ്ടെന്നാ കേട്ടെ. തീപിടുത്തമുണ്ടായാല്‍ രാത്രിയിലിപ്പം ഹെഡ്ഡ് ഓഫീസില്‍ നിന്നു വിസിറ്റിംഗ് ഏജന്റും ജനറല്‍ മാനേജരും വരാനിടയുണ്ട് അങ്ങനെയാവുമ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ഒറ്റ മുറിയില്‍ തങ്ങേണ്ടി വരും”
”അപ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനുള്ളത് നോക്കണ്ട്?”
” ഒരു ദിവസത്തേക്കുള്ള വക ഇപ്പോഴുണ്ട്. പിന്നെ വേണ്ടീ വരികയാണെങ്കില്‍ അതപ്പോഴത്തെ കാര്യമല്ലേ?”
സുകുവിന്റെ ബൈക്കില്‍ കയറി എസ്റ്റേറ്റ് ബൗണ്ടറിയിലെത്തിയപ്പോഴേക്കും കാറ്റത്ത് തീപ്പൊരി പറന്നു വന്ന് പന്തലിച്ചത് എസ്റ്റേറ്റിന്റെ ഉള്ളിലേക്ക് കയറിയിരുന്നു. പണിക്കാര്‍ ബൗണ്ടറിയോടു തൊട്ടടുത്തായതിനാല്‍ അവരോടി വന്നപ്പോഴേക്കും വൈകിയിരുന്നു. എസ്റ്റേറ്റിനുള്ളിലേക്കു തീ പടര്‍ന്നിരുന്നു. എസ്റ്റേറ്റ് ബൗണ്ടറിയില്‍ നിന്ന് താഴോട്ട് ഇന്‍സ്പെക്ഷന്‍ പാത മാത്രമേ ഉള്ളു. അതിലൂടെ വാഹനങ്ങള്‍ക്കു കടന്നു വരാന്‍ കഴിയില്ല. വണ്ടി പോകാന്‍ സൗകര്യമുള്ളത് ഓരോ ബ്ലോക്കായി തിരിച്ചിടത്തു മാത്രം.
അരമണിക്കൂര്‍ നേരത്തെ ഉഗ്രതാണ്ഡവം കഴിഞ്ഞ് കാറ്റിനു കുറയൊക്കെ ശമനം വന്നു. തൊഴിലാളികളില്‍ കുറെ പേര്‍ സ്ത്രീ തൊഴിലാളികളാണ്. മഞ്ഞപ്രയിലും തുറവൂരും ആനപ്പാറയിലുമുള്ളവര്‍ അവരൊയൊക്കെ ലോറികളിലും വാനിലും ജീപ്പിലുമായി കയറ്റി വിടാന്‍ നേരത്താണ് തടിച്ചു കുള്ളനായ ഒരാള്‍ അവരുടെ ഇടയില്‍ വിരാജിക്കുന്നത് കാണുന്നത്
ലോടിയില്‍ കയറുന്ന പലരോടും പറയുന്നുണ്ട്,
”നാളെ കുറെ നേരത്തെ വരാന്‍ നോക്കണം ഡിവിഷന്‍ ഓഫീസിലൊന്നും പോവണ്ട ഹാജറിന്റെ കാര്യമോര്‍ത്ത് വിഷമിക്കണ്ട”
”ഇതാണ് ഞാന്‍ പറഞ്ഞ കക്ഷി സാമുവല്‍ സാര്‍, നാടന്‍ സായിപ്പ് കഴിഞ്ഞ ദിവസം ഇയാളുടെ രാത്രി നായാട്ടിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്”
പുതിയ തോട്ടം വച്ചു പിടിപ്പിക്കുന്ന കാര്യത്തില്‍ മിടുക്കു കാണിക്കുന്ന കഠിനാധ്വാനി. പക്ഷെ പെണ്ണുങ്ങളോടുള്ള അയാളൂടെ ഇടപെടല്‍ ആരെങ്കിലും സമീപത്തു വന്നാല്‍ അവരെ വളച്ചെടുക്കാന്‍ കാണിക്കുന്ന വിരുത്, പ്രായവ്യത്യാസം പോലും മറന്ന് അവരോടിടപഴകാന്‍ അയാള്‍ കാണിക്കുന്ന ശുഷ്ക്കാന്തി ഓരോരുത്തരോടും ഏതു സമയത്ത് എങ്ങിനെ ഇടപെടണമെന്ന് അയാള്‍ മനസില്‍ കണിട്ടുണ്ട്. അതാ ഇപ്പോള്‍ മറ്റുള്ളവരുടെ സഹതാപം പറ്റുന്ന തരത്തിലുള്ള സംസാരമാണ്.
”എന്റെ എല്ലാം പേയെടീ രണ്ടു വര്‍ഷം രാപകലില്ലാത്ത എന്റെ അദ്ധ്വാനം. എങ്ങിനെ ഞാനിതു സഹിക്കും”
അയാളീ പറയുന്നത് ഒരുത്തിയുടെ തോളത്ത് കൈവച്ചാണ്. പണിക്കാരില്‍ കുറെ പേരെ വണ്ടി കയി വിട്ട് ബാക്കിയുള്ള പണിക്കാരുടെ സമീപത്ത് നിന്നും തീ കത്തിയ ഭാഗത്തേക്ക് നടന്ന് കയറിക്കൊണ്ടാണ് ഈ പറച്ചില്‍. കൂടെ നടക്കുന്നവള്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
”സാറിനേപ്പോലുള്ളവര്‍ക്ക് ഇനിയും സാധിക്കാവുന്നതേയുള്ളു. തീ കത്തിപ്പോയതെല്ലാം പുതിയ തൈകള്‍ വച്ചു പിടിപ്പിക്കാന്‍ ഞങ്ങളേപ്പോലുള്ളവര്‍ സാറിനെ സഹായിക്കില്ലേ?”
ആ സമയം ഒരു സ്ത്രീ ഒരു കുപ്പി വെള്ളവുമായി മുന്നോട്ടു വന്നു.
”സാറെ സാറിന്നുച്ച മുതല്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടുണ്ടാകില്ല ഈ വെള്ളം കുടിക്ക്”
കൂടെയുള്ള സ്ത്രീയെ വിട്ട് പെട്ടന്നയാള്‍ അവളുടെ നേരെ തിരിഞ്ഞ് കുപ്പി വാങ്ങി വെള്ളം മുഴുവനും കുടിച്ചു തീര്‍ത്തു.
”എനിക്കു കുറച്ചു ദൂരെ മാറി കൊറെ നേരം ഇരിക്കണം കാല് വേദനിക്കുന്നു. നീയൊരു കൈത്താങ്ങ് താ കുറച്ചപ്പുറം അധികം ചൂടടിക്കാത്ത ഭാഗത്ത് ഞാനൊന്നിരിക്കട്ടെ”
വെള്ളവുമായി വന്നവളുടെ മുഖം കണ്ടതോടെ ആ മുഖം പരിചയമുള്ളതു പോലെ തോന്നി. ഇവളാര്? ഇപ്പോള്‍ ഇരുളുള്ള ഭാഗത്തേക്കു സാമുവലിനെ പിടിച്ച് കൊണ്ടു പോകാന്‍ സഹായിക്കുന്ന ത് കൊണ്ട് പുറം തിരിഞ്ഞാണ് നടത്തം. ഇതവള്‍ തന്നെ. അവളെ വ്യക്തമായി ഒന്നു കാണാന്‍ പറ്റിയെങ്കില്‍.
പെട്ടന്നവളുടെ ഒച്ച വച്ചുള്ള വര്‍ത്തമാനം.
”ദേ എല്ലാവരോടും കളിക്കുന്നപോലെ എന്നോടു കളിച്ചാലുണ്ടല്ലോ കെളവനാണെന്നൊന്നും നോക്കില്ല”
ഈ ഒച്ച കേട്ടതോടെ വീണ്ടും അങ്ങോട്ടായി ശ്രദ്ധ.