This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
കണ്ണടച്ച് എന്താ വേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു കുര്യന്‍.
‘അല്ല അപ്പോഴേക്കും കുര്യന്‍ ചേട്ടന്‍ ഉറങ്ങിപ്പോയോ ദാ കാപ്പി’
കാപ്പി അടുത്ത് കിടന്ന സ്റ്റൂളില്‍ വച്ചിട്ട്, ചെറുച്ചി തുടര്‍ന്നു.
‘ചേട്ടനു കൊറിക്കാനെന്താ വേണ്ടെ കപ്പ കൊണ്ടാട്ടം കുറച്ചുണ്ട് അതല്ലാതെ എല്ലാവരും കൊണ്ടു വയ്ക്കണപോലെ ബിസ്ക്കറ്റോ കേക്കോ അതൊന്നും വാങ്ങി വയ്ക്കാനുള്ള പാങ്ങെനിക്കില്ല ‘
‘എന്നാ ചെറുച്ചി ഈ പറേണേ? ചെല്ലുന്നിടത്തൊക്കെ ഇതൊക്കെ തിന്ന് വയറ് നിറഞ്ഞ് കേടു പിടിച്ചു. കപ്പക്കൊണ്ടാട്ടം എന്ന് കേട്ടപ്പം തന്നെ നാവില്‍ വെള്ളമൂറുന്നുണ്ട്’.
ചെറുച്ചിക്കതു ധാരാളം മതിയായിരുന്നു അവള്‍ കാപ്പി വച്ചിട്ട് മുറിയില്‍ കട്ടിലിനോടു ചേര്‍ന്നുള്ള അലമാരിയില്‍ നിന്ന് ടിന്നെടുത്ത് മൂടി തുറന്ന് ഒരു പഴയ പത്രത്താളില്‍ അപ്പാടെ ചെരിച്ച് കൊണ്ടാട്ടം നീക്കി വച്ചു.
ചെറുച്ചി അപ്പോഴും വാചാലയായിരുന്നു.
”ഇതു മുഴുവനും കുര്യന്‍ ചേട്ടനുള്ളതാ ആ കാലമാടന്‍ വന്നാല്‍ ഒറ്റക്കു വിഴുങ്ങും. അതിനേ ഉള്ളു അതോണ്ട് ഒന്നും ബാക്കി വയ്ക്കണ്ട”
കാപ്പി കുടിക്കുന്നതിനിടയിലാണ് ചെറുച്ചി വിഷയത്തിലേക്കു കടന്നത്.
”നേരത്തെ പറഞ്ഞല്ലോ ആ കാലമാടന്‍ വല്ലപ്പോഴുമേ വരൂ വന്ന പാടെ കയ്യിലുള്ള കാശ് മുഴുവനും കൊടുക്കണം. അല്ലേ തൊടങ്ങുകയായി പൂരപ്പാട്ടും തെറി വിളിയും പിന്നെ ഇടീം തൊഴീം”’
”അയാളെവിടുത്തുകാരനാ”
”അറിയില്ല എന്റെ ചെറുപ്പത്തില്‍ അമ്മച്ചിക്കും അപ്പച്ചനും പറ്റിയ ഒരബദ്ധം. അന്ന് ആള് തടിച്ചിട്ടാണെലും കാണാന്‍ വല്യ കൊഴപ്പമില്ലായിരുന്നു ചാലക്കുടിയില്‍ കച്ചവടമാണെന്നാ പറഞ്ഞേ. എന്തു കച്ചവടമാ എന്നു ചോദിച്ചപ്പോള്‍ ഒന്നും ശരിക്കും പറഞ്ഞില്ല. പച്ചക്കറീം പലചരക്കും ഒണ്ടന്നേ പറഞ്ഞുള്ളു. കല്യാണം കഴിഞ്ഞ് രണ്ട് മാസം തികഞ്ഞില്ല കച്ചവടത്തില്‍ കാശിറക്കാണാണെന്നു പറഞ്ഞ് എന്റെ വീതത്തില്‍ പെട്ട സ്ഥലം വിറ്റ് പാപ്പനു കൊടുത്ത്. അതു തൊലച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. എനിക്കൊരാങ്ങളയേ ഒള്ളു ആങ്ങളയോട് കാശിറക്കാന്‍ പറഞ്ഞ് ശല്യമായപ്പോള്‍ അവന്‍ ശരിക്കും പെരുമാറി. എന്തു വേണ്ടു അപ്പച്ചനും അമ്മച്ചീം പോയതോടെ എന്റാങ്ങളേം എനിക്കില്ലാണ്ടായി. അങ്ങേര് ഒള്ള വീടും സ്ഥലവും വിറ്റ് മലബാറിലേക്കു പോയി. അതോടെ പാപ്പന്റെ ദേഷ്യം എന്നോടായി. വരുമ്പോഴൊക്കെ എന്റെ തോട്ടത്തിലെ പണിക്കാശ് അങ്ങേര്‍ക്ക് കൊടുക്കണം. ചാലക്കുടിയിലെ കച്ചവടം എന്നു പറഞ്ഞ് വെറും തട്ടിപ്പായിരുന്നു. അതു വെറുതെ അങ്ങേരുടെ വീട്ടുകാരും അയാക്കെതിര്. ആ ദേഷ്യമൊക്കെ എന്നോട്-
ചെറുച്ചിയുടെ കുടുംബ പുരാണം കഴിഞ്ഞതോടെ കുര്യന്‍ ആലോചനയിലായി എന്താണിവളെ പറഞ്ഞു സമാധാനിപ്പിക്കുക.
”ആട്ടെ ആളെവിടയാ താമസം”
”അറിയില്ല ചേട്ടാ എന്നെ ഇന്നേവരെ അങ്ങോട്ട് കൊണ്ടു പോയിട്ടില്ല”
ചെറുച്ചിയുടെ ഈ വാക്കു കേട്ടതോടെ എന്തെങ്കിലും പോം വഴി പറഞ്ഞു കൊടുത്തേ ഒക്കൂന്നായി.
” ആളിനി എന്നു വരുമെന്നാ പറഞ്ഞെ? അങ്ങനെ വല്ലതും പറഞ്ഞോ”
”കാശിനു മുട്ടു വരുമ്പോള്‍ വരികയാ പതിവ്. പക്ഷെ അടുത്ത മാസം വരും. അക്കരെ അമ്പു പെരുന്നാളിനു കൂടാന്‍ പള്ളിയിലേക്കെന്നു പറഞ്ഞ് വരും. അന്ന് കച്ചവടത്തില്‍നിന്നിത്തിരി കാശ് കൂടുതല്‍ കിട്ടും എന്ന പറയുന്നെ”
ബാക്കിയുള്ള കാപ്പി ഒറ്റവലിക്ക് അകത്താക്കി കുര്യന്‍ വീണ്ടും കാലും നീട്ടിയിരുന്ന് നേരത്തെ കസേരയുടെ പടിയില്‍ വച്ചിരുന്ന പുസ്തകമെടുത്ത് മറിച്ചു നോക്കി. പിന്നെ ഒരു ബീഡിയെടുത്ത് കത്തിക്കാന്‍ നേരം തീപ്പട്ടി തപ്പി തീപ്പട്ടിയില്‍ കൊള്ളിയില്ലെന്നു മനസിലായപ്പോള്‍ ചെറുച്ചിയോട് ഇ ച്ചിരി തീ താ എന്നു പറഞ്ഞു.
പുണ്യാളന്റെ പടം വച്ചിരിക്കുന്നതിന്റെ താഴെയുള്ള തട്ടില്‍ നിന്നു തീപ്പട്ടിയെടുത്ത് നീട്ടിയപ്പോള്‍ കുര്യന്റെ മനസിലൊരാശയമുദിച്ചു.
”ചെറുച്ചി അതില്‍ നിന്നും കുറെ കൊള്ളീയെടുത്ത് കൂട്ടിപ്പിടിക്ക് എന്നിട്ട് എന്റെ കയ്യിലെ തീപ്പെട്ടിടെ വശത്തൊന്നമര്‍ത്തിയുരസ്”
ഇതെന്തു സൂത്ര വിദ്യയാണെന്നു മനസിലാക്കാതെ തീപ്പെട്ടിയുടെ സൈഡിലുരസിയപ്പോള്‍ പെട്ടന്നുണ്ടായ ഒരാളിക്കത്തലില്‍ കുര്യന്റെ കൈ പൊള്ളി. തീപ്പട്ടി തറയില്‍ വീണൂ. അത് നോക്കാതെ കത്തിയ കൊള്ളീ എത്രയെന്നു എണ്ണി നോക്കി എട്ടെണ്ണം. കത്താത്തത് രണ്ടെണ്ണം മാത്രം.
ഉള്ളം കൈ പൊള്ളിയെങ്കിലും അതു സാരമാക്കാതെ പറഞ്ഞു.
”പാപ്പിയിനി വരോന്ന് തോന്നണില്ല ഇന്നേക്കു എട്ടാം പക്കം അയാക്കൊരു വീഴ്ച പറ്റും. അതോടെ കെടപ്പിലായ പാപ്പന്‍ വരാന്‍ സാദ്ധ്യത കുറവാണ് ചെറുച്ചി സമാധാനമായിട്ടിരി”
” കുര്യന്‍ ചേട്ടനെന്നെ സമാധാനിപ്പിക്കാന്‍ പറയുന്നതാണോ?”
‘അല്ല നോക്കിക്കോ ഇരുപത്തിരണ്ടാം തീയതി പള്ളിപ്പെരുന്നാളിന്റെയന്നു ഞാന്‍ വരുന്നുണ്ട് ”
”
ചെറുച്ചിയെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാണെങ്കിലും ആ കെയറോഫില്‍ ഒന്നൂടെ വരാമല്ലോ എന്നായിരുന്നു കുര്യന്റെ കണക്കു കൂട്ടല്‍ ചെറുച്ചിയുടെ ഇളകിയാട്ടവും നടത്തവും വാചകമടിയും സല്ക്കാരവും കുര്യനെ മത്തു പിടിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.
പള്ളിപ്പെരുന്നാളിന്റെയന്നു വൈകീട്ടോടെ കുര്യന്‍ വന്നു. വണ്ടിയിറങ്ങി വര്‍ക്കേഴ്സ് ക്ലബ്ബിന്റെ പിന്നിലുള്ള അംഗന്‍വാടിയുടെ സൈഡിലൂടെ ലേബര്‍ ലയിനുകളുടെ മുറ്റത്തിനു പുറത്തുള്ള നാട്ടുവഴിയിലൂടെ ഒരു കള്ളനേപ്പോലെ പതുങ്ങി വന്ന് മുറ്റത്തേക്കു കാലെടുത്തു വച്ചതേയുള്ളു നെഞ്ചിടിച്ചു പോയി. കണക്കു കൂട്ടലുകളൊക്കെ തെറ്റിയിരിക്കുന്നു. ചെറുച്ചിയുടെ ലൈനിന്റെ വരാന്തയിലെ ഒരു ബഞ്ചില്‍ ചാരിയിരുന്ന് പുറം ഒരു കത്തികൊണ്ട് ചൊറിയുന്നു ഒരു ആജാന ബാഹുവായ ഒരാള്‍ ഇത് പാപ്പന്‍ തന്നെ. ആളെ കണ്ടതോടെ മുറ്റത്തോട്ടു വച്ച കാള്‍ പിന്നോട്ടെടുക്കാണ്‍ തുടങ്ങുകയായിരുന്നു.
പാപ്പന്‍ മുറ്റത്ത് ഒരാള്‍ പരുങ്ങുന്നതു കണ്ടതോടെ പുറം ചൊറിച്ചില്‍ നിര്‍ത്തി എഴുന്നേറ്റു.
”ആരാടാ നീ, എന്തു വേണം”
”ഞാന്‍….. ഞാന്‍” വാക്കുകള്‍ കിട്ടാതെ കുര്യന്‍ പരുങ്ങി.
” എന്താടാ ഒരു കള്ള ലക്ഷണം? നീയിങ്ങനെ പാത്തും പതുങ്ങീം എന്താ നിനക്കു വേണ്ടെ?”
”ഞാന്‍ ചെറുച്ചി പറഞ്ഞിട്ട്”
”എന്തടാ ഇപ്പോഴത്തെയീ വരവിന്റെ കാരണം? ചുറ്റുപാടുമുള്ളവര്‍ പളിളിയില്‍ പോയെന്നറിഞ്ഞു കൊണ്ടുള്ള വരവാണൊ? എന്താ നിന്റെ പേര്?”
”കുര്യന്‍”
”കുര്യനോ ഏത് കുര്യന്‍?”
”കൊണ്ടൂര്‍ കുര്യന്‍… ചെറുച്ചി പറഞ്ഞിട്ട്”
”ഓ അപ്പം നീയാ ആ കക്ഷി അല്ലെ? നിന്നെ പറ്റി എമ്പത് കേട്ടിരിക്കുന്നു. എന്താടാ നിന്റെ തിരുവചനം?”
കുര്യന്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലായി. മുന്നോട്ടു കാല്‍ വയ്ക്കുന്നതിനും പറ്റില്ല പിന്നോട്ടു പോകാനും പറ്റില്ല.
”പറയടാ നായിന്റെ മോനേ എന്താടാ നിന്റെ തിരുവചനം?”
”കൊണ്ടൂര്‍ കുര്യന്‍ കണ്ടതു പറയും…..”
”എന്താപ്പം നീ കണ്ടെ? ഞാനിവിടെയിരുന്ന് പുറം ചൊറിയുന്നതോ? അതോ ബാക്കീ കൂടെ പറയടാ”
കുര്യന്‍ മിണ്ടുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെയും ചൂടായി പാപ്പന്‍.
”
”ന്താടാ നിന്റെ വായില് നാക്കില്ലെ? കൊണ്ടൂര്‍ കുര്യന്‍ കണ്ടതു പറയും പിന്നെ?”
”കണ്ടതു പറഞ്ഞാ കേട്ടതു ഫലിക്കും ”
നിവര്‍ത്തി കേടുകൊണ്ട് പറഞ്ഞു പോയതായിരുന്നു. ചെറുച്ചി പറയണതു പോലെ ആളൊരു പിത്തക്കാടിയൊന്നുമല്ല എന്തിനും ഏതിനും പോന്നവനാണെന്നു കാഴ്ചയില്‍ തന്നെ അറിയാം.
”എടാ കുര്യാ നീയിപ്പം എന്നാ കണ്ടെ? പറേടാ പന്നീ എന്താ കണ്ടേ?”
കുര്യന്റെ നാവില്‍ നിന്നൊന്നും വരുന്നില്ല ആരോ തൊണ്ടയില്‍ ബലമായി പിടിച്ച പോലെ.
”എടാ പന്നീ നീയിനി കാണാന്‍ പോണേ ഉള്ളു കണ്ടോ”
പിന്നെ പാപ്പന്‍ ചെയ്തത് അയാളുടെ പ്രതീക്ഷക്കും അപ്പുറത്തായിരുന്നു. ഉടുതുണി അഴിച്ച് നേരെ മുറ്റത്തോട്ടിറങ്ങി കുര്യന്റെ നേരെ ഉള്ള വരവ് ധാരാളം മതിയായിരുന്നു കുര്യനു നിന്നേടത്തു തന്നെ നിന്നു പോകാന്‍. മനസില്‍ സകല പുണ്യവാളന്‍മാരെയും വിളിക്കാന്‍. പക്ഷെ ഒന്നിനും പറ്റുന്നില്ല. മുന്‍വശത്തെ ഒച്ചയും ബഹളവും കേട്ടുകൊണ്ടാണ് ചെറുച്ചി വാതിക്കല്‍ വന്നത്. ചെറുച്ചിയുമായുള്ള നോട്ടമിടഞ്ഞതോടെ അവള്‍ കുര്യനോട് പാപ്പന്‍ കാണാതെ ആംഗ്യത്തില്‍ ഒച്ചയില്ലാതെ പാപ്പാനാ, പാപ്പന്‍ എന്ന് പറഞ്ഞതേയുള്ളു പാപ്പന്‍ തിരിഞ്ഞു നോക്കി. പിന്നെ പാപ്പന്‍ വരാന്തയിലേക്കു ചാടിക്കയറി ചെറുച്ചിയുടെ തലമുടിക്കു പിടിച്ച് മുറ്റത്തേക്കിറക്കി കുര്യന്റെ മുമ്പില്‍ നിര്‍ത്തി വലതു കൈ അവളുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദനം തുടങ്ങി. വേദനകൊണ്ട് പുളഞ്ഞ ചെറുച്ചി വിട് വിട് എന്നു പറഞ്ഞ് കുതറി പിടുവിടുവിച്ച് വരാന്തയിലേക്ക് ഓടിക്കയറി. അതിനിടയില്‍ അവളുടേ ഉടുമുണ്ടഴിഞ്ഞു പോയി. കുര്യന്‍ ഈ വെപ്രാളത്തിനിടയിലും അവളുടെ ശരീരവടിവ് നോക്കുകയായിരുന്നു. കുര്യന്റെ നോട്ടം അവളിലാണെന്നു കണ്ടു പാപ്പന്‍ ചോദിച്ചു.
”ഈ കണ്ടതിനുമില്ലേ തിരുവചനം? എന്താടാ?”
കുര്യന്‍ കൈ രണ്ടും കൂപ്പിയത് ഓര്‍മ്മയുണ്ട് എങ്കിലും പറഞ്ഞതു പോയി ”കേട്ടത് ഫലിക്കും”
പിന്നെന്തു സംഭവിച്ചെന്നു കുര്യനു പോലും അറിവില്ല. മുറ്റത്തിനു വെളിയില്‍ വാഴച്ചുവട്ടില്‍ കാല്‍ രണ്ടും നീട്ടി ഇരിക്കുന്ന അവസ്ഥയിലായിരുന്നു. രണ്ടൂ ദണ്ഡുകള്‍ മാറി മാറി തന്റെ ദേഹത്ത് പതിക്കുന്നു. ഇടക്ക് കാലുകൊണ്ടുള്ള തൊഴിയും ആദ്യമൊക്കെ നല്ലവണ്ണം വേദനിക്കുന്നുണ്ടായിരുന്നു പിന്നെ പിന്നെ ഒന്നും അറിഞ്ഞില്ല. കണ്ണുകളടഞ്ഞു പോയി ഈ ലോകത്തോട് തന്നെ യാത്ര പറയുകയാണോ എന്നു തോന്നി.
കൊണ്ടൂര്‍ കുര്യന്റെ കഥ പിന്നീടിങ്ങനെ, അന്ന് തപ്പിത്തടഞ്ഞ് ചെറുച്ചിയുടെ ലേബര്‍ ലൈനില്‍ നിന്നും കുര്യന്‍ പോയത് പുഴക്കക്കരെ വെറ്റിലപ്പാറ തോട്ടത്തിലെ നേഴ്സറിയിലേക്കാണ്. അവിടുത്തെ വാച്ചര്‍ ലാസര്‍ കുര്യന്റെ നാട്ടുകാരനാണ്. ഒക്കിക്കുത്തിയെന്നവണ്ണമാണ് ഇത്രയും ദൂരം നടന്ന് ലാസറിന്റെ അടുത്ത് എത്തിയത്. കുര്യന്റെ അവസ്ഥ കണ്ട് അയാളെ താങ്ങി അവിടെയുള്ള തിരുമ്മു വൈദ്യന്റെ അടുക്കലെത്തിച്ചത് പാടുപെട്ടാണ്.
” ഇയാളെങ്ങനെ ഇവിടെ വരെ വന്നു ” വൈദ്യനു തന്നെ അത്ഭുതമായി.
”ഇപ്പോ തന്നെ നടക്കാന്‍ വയ്യ എന്റെ വൈദ്യരു ചേട്ടാ, ആ തടിമാടന്റെ കൈപ്രയോഗം ഓര്‍ക്കുമ്പോള്‍ ചട്ടി ചട്ടിയാണെങ്കിലും ഓടാന്‍ തോന്നും. വേദന ഇനി സഹിക്കാന്‍ പറ്റില്ല വൈദ്യരെ എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം”
ഒരാഴ്ചക്കാലം തിരുമ്മു വൈദ്യന്റെ അടുക്കലായിരുന്നു. നഴ്സറിയിലേക്കു പോകുന്നതിനു മുന്നേ ലാസര്‍ ചൂട് പൊടിയരിക്കഞ്ഞി കൊണ്ടെത്തിക്കും വിശേഷം തിരക്കും.
”എനിക്കിവിടെ നില്ക്കണമെന്നുണ്ട് പക്ഷെ തോട്ടത്തിലെ പണി കളയാന്‍ പറ്റോ? പറ്റുവാണേല്‍ ഉച്ച കഴിഞ്ഞു വരാം”
”ലാസറു ചേട്ടന്‍ പോ ഇവിടുത്തെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം”
ഒരാഴ്ച കഴിഞ്ഞതോടെ കുര്യനു ലാസറിന്റെ ലൈന്‍ മുറിയിലേക്കു പോവാമെന്നായി.
മൂന്നു നേരം ശരിക്കാഹാരവും തിരുമ്മു വൈദ്യന്റെ ചികിത്സയും ആയതോടെ കുര്യനു പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ പറ്റി. എങ്കിലും കാലുറപ്പിച്ച് നടക്കാനിപ്പോഴും ആവുന്നില്ല.
”എന്തു പറ്റീടോ തനിക്ക് താനിവിടെ വന്നപ്പോ വളരെ അവശനിലയിലായിരുന്നു പിന്നീട് ചോദിച്ചിട്ടൊന്നും പറഞ്ഞില്ല. ഏതായാലും ഇപ്പം തനിക്ക് നടക്കാന്‍ പറ്റും എന്താ പറ്റിയെ?
പിന്നീട് കുര്യന്‍ പറഞ്ഞ കഥ കേട്ടതോടെ ലാസര്‍ പൊട്ടിച്ചിരിച്ചു. മതി മറന്നുള്ള ചിരി പിന്നെ പറഞ്ഞു.
”എടോ തനിക്കിത്രയും കിട്ടിയാ പോരാ ആ പെണ്ണുമ്പിള്ളേടെ വാക്കു കേട്ട് അവിടെ ചെന്നത് തെറ്റ്. പാപ്പന്‍ തടിമാടനാണേലും പിത്തക്കാടിയാന്ന് പറഞ്ഞിട്ട് തനിക്കൊന്നു തിരിഞ്ഞു നില്ക്കാന്‍ പോലും പറ്റിയോ? ഒരു തൈക്കെളവീടെ വാക്കു കേട്ട് ഇളകിച്ചാടിയ നെനക്ക് ഇത്രയും കിട്ടിയാ പോരാ”
കുര്യനു ഒന്നും മിണ്ടാന്‍ ഇല്ലായിരുന്നു. പാപ്പനു വെറും തണ്ടും തടിം മാത്രമേ ഉള്ളു മറ്റൊന്നിനും കൊള്ളില്ല എന്നൊക്കെ പറഞ്ഞതു വെറുതെ. ഈ വേദന സഹിക്കുമ്പോഴും കുര്യനു പാപ്പനെ പറ്റി മതിപ്പാണു ഉണ്ടായത്. ഒറ്റക്കൈകൊണ്ടു എടുത്തല്ലെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്. കുഴപ്പം പാപ്പനല്ല ചെറുച്ചിക്കാ.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം പത്തൊന്‍പത്