ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനാല്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

desamറീജീയണല്‍ ഓഫീസിലേക്ക് തദ്ദേശിയായ ഒരാളെ കിട്ടാന്‍ താമസിച്ചതാണ് അവിടുത്തെ വാസം നീണ്ടു പോയത്. തിരുവതാംകൂര്‍ കൊച്ചി ഏരിയായില്‍ നിന്നും മലബാര്‍ ഭാഗത്തേക്ക് വരാന്‍ ആരുമില്ലാത്ത അവസ്ഥ വന്നതും അവിടെത്തന്നെ ഇത്രനാളും കഴിയേണ്ടി വന്നു.

പുതിയ പുതിയ സംഭവ വികാസങ്ങള്‍ പുതുമയും കൗതുകവും കലര്‍ന്ന നേര്‍ക്കാഴ്ചകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നു പെട്ടവയാണിതെല്ലാം. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ മറവിയുടെ കൂടാരത്തിലേക്കു കയറിപ്പറ്റുക എന്നത് സ്വഭാവികമായ ഒരു പ്രക്രിയ, അയ്യമ്പുഴ റോഡിലെ ബസ് റൂട്ടും അവയ്ക്കൊക്കെയുള്ള വിചിത്രമായ പേരുകളും ആള്‍ക്കാരും മറന്നു പോകേണ്ടതാണ്. പക്ഷെ പലപ്പോഴും നഗരത്തിലെ പൈപ്പുകള്‍ നിനച്ചിരിക്കാത്ത നേരത്ത് നിശ്ചലമാകുമ്പോള്‍ അവിടെയാ കണ്ടു കുളിക്കടവിലെ കുളി മനസില്‍ കുളിര്‍ കോരിയിടാറുണ്ട്. ഒരഭിനിവേശം പോലെ മനസിലേക്ക് ഊളിയിട്ടു വരുന്ന ആ ഓര്‍മ്മകള്‍ തരുന്ന കുളിര്‍ മഴയില്‍ അവിടെ പോയി ഒന്നു കൂടി കുളിച്ചാലെന്താ എന്ന് തോന്നാറുണ്ട്. വല്ലപ്പോഴുമൊരിക്കല്‍ അങ്കമാലി വഴി കോട്ടയത്തെ ഹെഡ് ഓഫീസിലേക്ക് പോകുമ്പോള്‍ കണ്ടു കുളിക്കടവ് ഒരോര്‍മ്മത്തെറ്റ് പോലെ കടന്നു വരികയായി. പയ്യെ പയ്യെ കണ്ടുകുളീക്കടവും അവിടെയാ കാവല്‍ മാടത്തിലെ മധ്യവയസ്ക്കയും ബസ് യാത്രയും വിദൂരമായ ഓര്‍മ്മകളില്‍ പോലും കടന്നു വരാത്ത വിധം അകന്നു നിന്നു.

നീണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രമോഷനോടു കൂടി ഇതാ വീണ്ടൂം ഈ പഴയ സ്ഥലത്തേക്കു തന്നെ വന്നിരിക്കുന്നു. ഇവിടുള്ള വിവിധ എസ്റ്റേറ്റുകളിലെ ഓഫീസുകളിലേയും ഫാക്ടറികളിലേയും കണക്കുകള്‍ പരിശോധിക്കാനുള്ള നിയോഗം ഈ ഗ്രൂപ്പിലെ ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ കുറെ നാളത്തേക്കെങ്കിലും തമ്പടിച്ചേ പറ്റു.
പ്ലാന്റേഷനിലേക്കുള്ള ബസില്‍ കയറിയതോടെ മഞ്ഞപ്രക്ക് ശേഷമുള്ള ഓരോ ബസ്റ്റോപ്പിന്റേയും പേരുകള്‍ കിളി പറയുന്നത് കേള്‍ക്കുവാനായി കാത്തിരുന്നു. പുല്ലത്താന്‍ കവല , ദൈവത്തിന്റെ പടി, കോടാലി , പിശാചിന്റെ പടി – പിന്നെ അതാ കണ്ടു കുളീക്കടവ്.

വളരെ പ്രതീക്ഷയോടെയാണ് കടവിലേക്കു നോക്കിയത്. ഓര്‍മ്മകള്‍ കെട്ടിപ്പടുത്ത കോട്ടയില്‍ ഒരു വിള്ളല്‍. കടവ് ശൂന്യമല്ല ശോഷിച്ച് ഒരരുകില്‍ കൂടി ഒഴുകുന്ന കലക്കവെള്ളം. കുളീക്കടവില്‍ ആരും തന്നെയില്ല. ഒരു കന്നുകുട്ടിയെ ഒരാള്‍ കുളീപ്പിക്കുന്നു അത്രമാത്രം.

എതിര്‍ദിശയിലുള്ള രണ്ടു കടവുകളും പൊട്ടിത്തകര്‍ന്ന നിലയില്‍ സ്ത്രീകളുടെ കടവിനു പിന്നാമ്പുറത്തുള്ള മലയടിവാരത്തോടു ചേര്‍ന്നുള്ള കാവല്‍ മാടം നിലം പൊത്തിക്കിടക്കുന്നു. തോടിനിരുവശവും മണ്ണീടിച്ചില്‍ മൂലം ഏറെ മൂടപ്പെട്ടു കിടക്കുന്നു. കുളിക്കടവു മുതല്‍ റോഡിനു സമാന്തരമായി നിറവെള്ളം കൊണ്ട് ഏറെ സമൃദ്ധമായിരുന്ന തോട് ഭൂതകാലത്തിന്റെ ഓര്‍മ്മ മാത്രം അയവിറക്കിക്കൊണ്ട് വരണ്ടു കിടക്കുന്നു.

ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ എത്തി ലഗേജെല്ലാം മുറിയില്‍ വച്ച് കുളിക്കാനുള്ള തയാറെടുപ്പില്‍ കണ്ടൂ കുളീക്കടവിന്റെ ശോചനീയമായ അവസ്ഥ വീണ്ടും മനസിലേക്ക് കടന്നു വന്നു. കുളീക്കുന്നതിനു മുമ്പ് തന്നെ സുകുവിനെ വിളിച്ച് കടവിനെക്കുറിച്ച് ചോദിച്ചു.

”അയ്യോ അതെല്ലാം കാട്ടില്‍ കൃഷിയിറക്കാന്‍ വന്ന കോണ്ട്രാക്ടറും അയാളുടെ സംഘവും കാരണം മുടിഞ്ഞു പോയി. ദൂരെ മാറിയുള്ള കാട് വെട്ടിത്തെളിച്ചതു മൂലം തോട്ടിലേക്ക് മലയടി വാരത്തില്‍ നിന്ന് മണ്ണെല്ലാം ഒലിച്ചിറങ്ങി നീരുറവകളെല്ലാം ഇല്ലാതായി. മലയടിവാരം വെട്ടിയിറക്കി അവിടെ കോണ്ട്രാക്ടറുടെ പിന്നണിയാളൂകളായി വന്നവരും നാട്ടുകാരില്‍ ചിലരും ചേര്ന്ന് കൃഷിയിറക്കി. അതിനിടയില്‍ മൂന്നാലു വര്‍ഷം മുമ്പുള്ള ഉരുള്‍പൊട്ല് കൂടിയായപ്പോള്‍ എല്ലാം നശിച്ചു. തോട് ഇല്ലായെന്നു തന്നെ പറയാം. വനം കയ്യേറ്റവും മരം വെട്ടലും മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ആ പ്രദേശമാകെ നശിച്ചു സാറെ”
ഒറ്റ ശ്വാസത്തില്‍ സുകു ഇതൊക്കെ പറഞ്ഞെങ്കിലും കുളിക്കടവിനു പിന്നിലെ കാന്താരിയായിരുന്ന പെണ്ണമ്മയെ പറ്റി ഒന്നും പറഞ്ഞില്ല. ആകാംഷ അടക്കി നിര്ത്താനാവാതെ വന്നപ്പോള്‍ അവളെ പറ്റി ചോദിച്ചു.

” ഓ അവളോ അവളിപ്പൊ ജയിലിലാ. അവളുടെ പഴയ കെട്ടിയവനെന്നു അവള് പറയുമായിരുന്ന ആ ചേലക്കരക്കാരനെ നാലഞ്ചു വര്‍ഷം മുന്‍പ് ഒരിരുമ്പു വടിക്ക് അടിച്ചു കൊന്നു”

”അപ്പോള്‍ അയാള്‍ പിന്നേം വന്നോ? രണ്ടാമത് വന്നയാളെ ഉപേക്ഷിച്ചോ?”

” ഏതു കെട്ടിയവന്‍? ആരു കെട്ടി? കെട്ടിയവനെന്ന് അവളു പറയുമാരുന്നതല്ലേ? അയാള്‍ക്ക് നാട്ടിലും വേറെ ഭാര്യയും കുട്ടികളുമുണ്ട്. അയാളിവിടെ ഉദ്ദേശം പതിനഞ്ചു കൊല്ലം മുമ്പിവിടെ വന്നതാ അന്ന് മലയടിവാരത്തിലെ കൂപ്പു ലേലത്തിനു പിടിച്ചപ്പോ ഒരിടത്താവളത്തിനു വേണ്ടി കെട്ടിപ്പൊക്കിയതാ ആ കാവല്‍മാടം. അതു കഴിഞ്ഞ് പോയപ്പോഴാണ് മറ്റെയാളുടെ വരവ്. ഇപ്പോ ആ ചേലക്കരക്കാരന്‍ ഇവിടെ വരേണ്ട കാര്യമില്ല. ഇത്തവണ അയാള് പിടിച്ചത് പുഴക്കക്കരെയുള്ള കാടായിരുന്നു. അവിടെ വന്നപ്പോ പഴയ ഓര്‍മ്മയില്‍ ആണു പെണ്ണമ്മയെ തേടി വന്നത്. അയാള്‍ കാശ് വിതറി ചുറ്റുമുള്ളവരെയെല്ലാം വിലക്കെടുത്തു. അയാള്‍ വരണ ദിവസം അവിടെ നല്ല മേളമായിരിക്കും. വയ്പ്പും തീറ്റയും കുടിയും പിന്നെ ഓരോരുത്തരും മത്സരിച്ചെന്നവണ്ണം ഓരോരുത്തരെ അന്തികൂട്ടിനു കൊണ്ടു വരും. ഓരോ വരവിനും ആറേഴു ദിവസം എല്ലാവര്‍ക്കും കുശാലായിരിക്കും. പിന്നൊരു പോക്കു പോയാ വീണ്ടൂം ഒരു മാസം കഴിയുമ്പം വരും. സത്യം പറഞ്ഞാ ഇവിടെ ടൊങ്കിയാ കൃഷിക്കാരനും ചേലക്കരക്കാരനും കൂട്ടു കൃഷിയാണൂ നടത്തിയത്. പെണ്ണമ്മ രണ്ടു പേര്‍ക്കും വേണ്ടപ്പെട്ടവളായി. പണിയില്ലാതെ ഗതികെട്ട് വഴികെട്ടു നടന്നവര്‍ – കൂപ്പു ലേലക്കാരനും ടൊങ്കിയോ കൃഷിക്കാരനും വഴി കിട്ടിയ വാറ്റ് ചാരായയവും ഇറച്ചിയും ചോറും കഴിച്ച് കയ്യില്‍ വന്ന് വീഴുന്ന പണത്തിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ എന്തെല്ലാം വൃത്തികേടുകളാണെന്നോ അവിടെ നടത്തിയിരുന്നത്. മദ്യത്തിന്റെയും പണത്തിന്റെയും ലഹരിയില്‍ ആരെയും കിട്ടാതെ വരുമ്പോള്‍ സ്വന്തം വീട്ടിലെ ആള്‍ക്കാരെ വരെ കൂട്ടിക്കൊടുത്തെന്നാണ് കേള്‍വി. ഇവര്‍ക്കൊക്കെ ഒത്താശ ചെയ്യാന്‍ എന്തിനും ഒരുമ്പെട്ട കുറെ പെണ്ണുങ്ങളും. ഇതൊക്കെ കൂടിയായപ്പോള്‍ കണ്ടു കുളീക്കടവ് മാത്രമല്ല ആ പ്രദേശം മുഴുവന്‍ നശിച്ചു.”

പിന്നെ സുകു പറഞ്ഞ സംഭവങ്ങള്‍ പ്രകൃതി ഒരുക്കിക്കൊടുത്ത ശിക്ഷയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

”ഒരിക്കല്‍ ഷെഡ്ഡില്‍ ചേലക്കരക്കാരന്‍ വന്നപ്പോള്‍ അയാളുടെ അടുക്കല്‍ പിന്നണിയാളുകളായി വന്നവര്‍ എത്തിച്ചത് പെണ്ണമ്മയുടെ മകളെയായിരുന്നു. ടൗണീല്‍ ടൈപ്പ് റൈറ്റിംഗിനു പോയി മടങ്ങി വന്ന മകളെ, അമ്മ ഷെഡ്ഡില്‍ ഒരു വീഴ്ച മൂലം കിടപ്പുണ്ടെന്നും വേഗം ചെല്ലണം എന്നും പറഞ്ഞാണ് കോണ്ട്രാക്ടറുടെ ആള്‍ക്കാര്‍ ഷെഡില്‍ എത്തിച്ചത്. മകള്‍ വരേണ്ട സമയമായിട്ടും കാണഞ്ഞപ്പോള്‍ പെണ്ണമ്മ അവളെ തേടി കുളിക്കടവിനടുത്തുള്ള ബസ്റ്റോപ്പില്‍ എത്തുമ്പോഴാണ് ഷെഡ്ഡില്‍ നിന്നും മകളുടെ നിലവിളി കേട്ടത്. ചെന്നപ്പോള്‍ കണ്ട കാഴ്ച മോള്‍ ചേലക്കരക്കാരന്റെ കയ്യില്‍ കിടന്നു പിടയുന്നു. പിന്നെ നടന്നത് പറയാതിരിക്കുകയാണു ഭേദം. ഷെഡ്ഡിനു പുറത്ത് കിടന്ന പണിയായുധങ്ങളിലൊന്നു കൈക്കലാക്കി ” സ്വന്തം ചോരയാടാ ദുഷ്ടാ” എന്നൊരലര്‍ച്ചയോടെ അയാളുടെ തലക്കൊരടി. അതോടെ അയാള്‍ ചോരയില്‍ കുളിച്ച് നിലത്തു വീണു. പിന്നറിയാല്ലോ പോലീസ് അറസ്റ്റ്, കേസ്, കോടതി അവസാനം പെണ്ണമ്മയെ ജീവപര്യന്തം ശിക്ഷിച്ചു. ഇപ്പം ജയിലിലാ. ഇപ്പം അവിടെ കടവുമില്ല കൃഷിയുമില്ല എല്ലാം നശിച്ചു.”

”അപ്പം പെണ്ണമ്മയുടെ മകളോ?”

” ഒന്നു മറിയില്ല ഒരിക്കലവള്‍ കോടതിയില്‍ ചെന്നെന്നാ കേള്‍വി. പക്ഷെ കണ്ടവരാരുമില്ല. ചിലരു പറയുന്നുണ്ട് രാത്രികാലങ്ങളില്‍ അവളീ കടവിനടുത്തു കൂടെയുള്ള കാട്ടിലൂടെ പ്രേതമായി നടക്കുന്നുണ്ടെന്ന് സത്യമെന്താണെന്നാര്‍ക്കറിയാം”

സുകു അവസാനം പറഞ്ഞ വാക്ക് മതിയായിരുന്നു മനസിനു പിരിമുറുക്കം കൂടാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി കാട്ടിലൂടെ അനാഥ പ്രേതം പോലെ അലഞ്ഞു തിരിയുക.
സുകുവിനോടൊ ചോദിക്കേണ്ടി വന്ന, സുകു പറഞ്ഞ കഥകളിലെല്ലാം കാടും കൊക്കയും പുഴയും തോടും എവിടെയും ദുര്‍മരണങ്ങള്‍ അല്ലെങ്കില്‍ കാട്ടിലൂടെയും പുഴത്തീരത്തു കൂടെയും അലഞ്ഞു തിരിയുന്നവര്‍.

”എന്താ സുകു ഇനിയും ഇതു പോലത്തെ സംഭവങ്ങളാണോ പറയാനുള്ളത്?”

”സാറെ അന്വേഷിച്ചിട്ടും കണ്ടെത്താത്തവര്‍ എവിടെയുമുണ്ട്. കോടതിയിലെ കേസുകള്‍ പലപ്പോഴും കാലം ചെല്ലുമ്പോള്‍ തീര്‍പ്പാകും. ഏതായാലും ഓരോ സംഭവത്തിനും തുടക്കമിടുന്നത് സാറാണ് ഞാനല്ല. ചോദിക്കുമ്പം ഉള്ള കാര്യങ്ങള്‍ അറിഞ്ഞ കാര്യങ്ങള്‍ പറയുന്നെന്നേ ഉള്ളു.”

സുകു പറഞ്ഞത് ശരിയായിരിക്കാം. ഓരോ നാടിനും ഇതു പോലെ ചില കഥകളെങ്കിലും പറയാനുണ്ടാകും. പലതും കാലത്തിന്റെ കൊഴിഞ്ഞു പോക്കില്‍ കാലാഹരണപ്പെട്ട് വിസ്മൃതിയടയുകയോ ചെയ്യും. അങ്ങനെ സമാധാനിക്കാനാണു ശ്രമിച്ചത്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here