This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, ആശുപത്രി, എഞ്ചിനീയറിംഗ് വിഭാഗം ഇവയൊക്കെ അതിരപ്പിള്ളി എസ്റ്റേറ്റിന്റെ ഭാഗമായി വരുന്നത് കൊണ്ട് ഇവയെല്ലാം മെയിന്‍ ഓഫീസുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരേകീകൃത സ്വഭാവം കണക്കുകകളില്‍ വന്നിട്ടില്ല. അതിന്റെ പേരില്‍ കുറെ വാഗ്വാദങ്ങളും പൊല്ലാപ്പുകളും ഉണ്ടായപ്പോള്‍ കല്ലല എസ്റ്റേറ്റ് തിരഞ്ഞെടുത്തത് നന്നായെന്ന് തോന്നി.
മൂന്നാഴ്ച കഴിഞ്ഞ് കോട്ടയത്തേക്ക് യാത്രയായത് വാസ്തവത്തില്‍ സമ്പൂര്‍ണ്ണമായ ഒരു കണക്കെടുപ്പില്ലാതെയാണ്. ഇനി രണ്ട് മാസക്കാലം അവിടെയായിരിക്കും എല്ലാവരും കൂടുക. മാര്‍ച്ച് വരെയുള്ള കണക്കുകളെല്ലാം കേന്ദ്രീകരിച്ച് കമ്പനിയുടെ വര്‍ഷാവസാനകണക്കും ബാലന്‍സ് ഷീറ്റും തയാറാക്കി ജൂണീല്‍ തന്നെ ചാര്‍ട്ടേഡ് അക്കൗണ്ട്സിനെ ഏല്പ്പിക്കണം. ഈ സമയത്തൊന്നും പാണ്ടു പാറയിലെ പെണ്‍കുട്ടിയും ബംഗ്ലാവില്‍ കണ്ട പണിക്കാരി സ്ത്രീയും ഒരിക്കലും മനസിലേക്കു കടന്നു വന്നില്ല. ജൂണ്‍ മാസം കഴിഞ്ഞതോടെ വീണ്ടും ഇന്റേണല്‍ ഓഡിറ്റിംഗിന്റെ ഭാഗമായി കാലടി ഗ്രൂപ്പിലേക്കു തന്നെ മടങ്ങി വന്നു. ഇത്തവണ കല്ലാല എസ്റ്റേറ്റിന്റെ കീഴില്‍ തുടങ്ങിയ പാണ്ടു പാറ – കണ്ണി മംഗലം ഭാഗത്തേക്കു തിരിയുന്ന ജംഗ്ഷനില്‍ പുതുതായി തുടങ്ങിയ ഫാക്ടറിയിലെ അക്കൗണ്ട്സും പരിശോധിക്കേണ്ട അധിക ബാധ്യതയും വന്നു പെട്ടു. ഇപ്പോഴേ ശ്രദ്ധ വച്ചു തുടങ്ങിയാല്‍ വലിയ ചീത്തപ്പേരില്ലാതെ ഫാക്ടറി നടത്തിക്കൊണ്ടു പോകാനാകും. താമസം നാലഞ്ച് മൈല്‍ ദൂരെ വരുന്ന ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് തന്നെ. പക്ഷെ ഇവിടുത്തെ കണക്ക് പരിശോധനക്കിടയില്‍ ഐബിയില്‍ പോകേണ്ടി വന്നത് മൂന്നോ നാലോ തവണ മാത്രം. മിക്കവാറും ദിവസങ്ങളില്‍ ഫാക്ടറീ പരിസരത്ത് വന്ന് മടങ്ങി പോകുന്ന പെരുമ്പാവൂര്‍ കാലടി ബസുകളീല്‍ വൈകീട്ട് അഞ്ച് മണിയോടെ ഇവിടെയെത്തുമ്പോള്‍ കയറിപ്പറ്റിയാല്‍ പെരുമ്പാവൂരിലോ കാലടിയിലോ ഇറങ്ങി ബസ് പിടിച്ചാല്‍ വീട്ടില്‍ കുറെ വൈകിയാണെങ്കിലും ചെന്നെത്താന്‍ പറ്റും. വീട്ടില്‍ കൂടെ കൂടേ ചെല്ലേണ്ട ആവശ്യം വന്നു പെട്ടതുകൊണ്ട് ഐബിയില്‍ തങ്ങല്‍ വളരെ കുറച്ചു ദിവസങ്ങളിലേ വേണ്ടി വന്നുള്ളു . ഒരു ശനിയാഴ്ച പതിവ് പോലെ എറണാക്കുളത്തേക്കു പോയി തിരിച്ചു ഫാക്ടറി പരിസരത്തേക്കു വന്നത് ഒരാഴ്ച കഴിഞ്ഞാണ്. അപ്പോഴാണ് ഫാട്റിയോടു ചേര്‍ന്നുള്ള മതില്‍ കെട്ടില്‍ പുതിയൊരു ചുവരെഴുത്ത് കണ്ണില്‍ പെട്ടത്. ”അന്നക്കുട്ടിയല്ലേടി കനകക്കട്ടയല്ലേടി നിന്നെക്കൊണ്ടല്ലേടി സ്വൈരക്കേട് ” നല്ല ഇനാമല്‍ പെയിന്റ് കൊണ്ടെഴുതിയ വാക്കുകള്‍ അടുത്ത കാലത്തൊന്നും മാഞ്ഞു പോകുകയില്ല. ഫാക്ടറി രജിസ്റ്ററുകള്‍ പരിശോധിക്കുന്ന വേളയില്‍ ഒന്നു രണ്ടു പ്രാവശ്യമെങ്കിലും ഈ കഥാപാത്രത്തെ കുറിച്ചും ചുവരിലെ എഴുത്തിനെ കുറിച്ചും അറിയണമെന്നാഗ്രഹിച്ചു. വൈകീട്ട് എറണാകുളത്തിന് പോവാതെ ഐബിയില്‍ തങ്ങി. ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ വേറാരുമില്ല .കോട്ടയത്ത് നിന്നു വരേണ്ട ര്‍ണ്ടു പേര്‍ ഒരാള്‍ ലീവിലാണ് മറ്റേയാള്‍ കോട്ടയത്തു തന്നെ തങ്ങി. ചുരുക്കത്തില്‍ വീണ്ടും പഴയ അവസ്ഥ ഒറ്റക്ക്. ഇന്നാരുമില്ലല്ലോ എന്നു കരുതി സുകു ഐബിയില്‍ നിന്നു മാറി ക്വോര്‍ട്ടേഴ്സിലായിരുന്നു. ഒരു ജീപ്പ് വരുന്നത് കണ്ട് കൊണ്ടാണ് സുകു ഐബിയിലേക്കു വന്നത്.
‘ സാറിന്നൊറ്റക്കാണല്ലോ? ആരും ഇല്ലെന്നു കരുതി കഴിക്കാന്‍ ഇന്നൊന്നും വച്ചിട്ടില്ല. സാറാണെങ്കില്‍ കല്ലാല ഫാക്ടറിയില്‍ നിന്നും എന്നു വീട്ടില്‍ പോവുകയാണെന്നാ അറിഞ്ഞത്. ഇനിയിപ്പോള്‍ കാലടിക്കു പോയി എന്തെങ്കിലും വാങ്ങികൊണ്ടു വന്നാലേ നാളെ മുതല്‍ ഭക്ഷണം തയാറാക്കാന്‍ പറ്റു”
” അതിനെന്താ ഒരാഴ്ചയെങ്കിലും കിട്ടില്ലേ? വൈകിട്ടത്തെ ഭക്ഷണം പോസ്റ്റാഫീസിനടുത്തുള്ള ഹോട്ടലീന്നാക്കാം”
” ശരി നാളെ കാലത്തും അവിടെ നിന്നു കഴിക്കുന്നതാ നല്ലത് അല്ലെങ്കില്‍ കല്ലാല ഫാക്ടറിക്കടുത്തുള്ള കാന്റീനില്‍ നിന്നാവാം ”
ചായയുണ്ടാക്കാന്‍ സുകു അടുക്കളയിലേക്കു കയറിയതേ ഉള്ളു. എസ്റ്റേറ്റ് ഓഫീസില്‍ നിന്ന് മാനേജര്‍ ജീപ്പില്‍ വന്നു. കാലടിക്ക് പോകുന്ന വഴിയാണ്. കോട്ടയത്ത് മാനേജര്‍മാരുടെ കോണ്‍ഫ്രന്‍സ് വിളിച്ചിട്ടുണ്ട് അതിനുള്ള യാത്രയാണ്. ഐബിയില്‍ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളൊന്നും ഇല്ലെന്ന കാര്യത്തില്‍ ഞാനും, കാലടിവരെ സാധങ്ങള്‍ വാങ്ങാന്‍ വരുന്നു എന്നു പറഞ്ഞ് സുകുവും കൂടെ ജീപ്പില്‍ കയറി.
കാലടിയില്‍ വച്ച് മാനേജര്‍ യാത്ര പറഞ്ഞു പിരിഞ്ഞു പോയതോടെ സുകു എന്റെ നേരെ തിരിഞ്ഞു.
” ഞാന്‍ പച്ചക്കറി മുതല്‍ എല്ലാം വാങ്ങാന്‍ പോകുന്നു സാറ് കുറെ സമയം നില്‍ക്കേണ്ടി വരും ”
മടക്കത്തിനു മുന്നേ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ നേരത്താണ് സുകുവിന്റെ അന്വേഷണം.
”സാറ് പോയേപ്പിന്നെ ശരിക്കും മിണ്ടിപ്പറയാന്‍ പറ്റിയ ആരും വന്നില്ല. പിന്നെ വന്നവരൊക്കെ പറയുന്നത് ഒന്നുകില്‍ രാഷ്ട്രീയം. അല്ലെങ്കില്‍ അവരുടെ വീര പരാക്രമങ്ങള്‍. അതൊക്കെ കേട്ട് നിന്നാല്‍ ആര്‍ക്കും കലി വരും”
” അതെന്താ അങ്ങനെ”
” ഓ അവരില്ലേല്‍ നാട്ടിലെ കാര്യമൊന്നും ശരിയാവില്ലെന്ന രീതിയിലാ സംസാരം. അതോണ്ട് ഞാനവരുടെയടുക്കല്‍ പോവാറേയില്ല. സാറിന്റെ വര്‍ക്കിപ്പോ പുതിയ ഫാക്ടറിയിലല്ലേ അവിടെയെങ്ങനെ?”
തുടരും……
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം – പത്ത്
Click this button or press Ctrl+G to toggle between Malayalam and English