ഒരു ദേശം കഥ പറയുന്നു

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

yakshi(എം കെ ചന്ദ്രശേഖരന്‍ കര്‍ത്തായുടെ പുതിയ നോവല്‍ ആരംഭം )

മഴ മാറിയതേ ഉള്ളൂ. എങ്കിലും കാറ്റ് ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്നു. മലയോരപ്രദേശമായതിനാല്‍ കാറ്റ് കൂടെ കൂടെ ഉണ്ടാകുമെന്നത് നേരത്തെ തന്നെ അനുഭവമുള്ളതാണ്. എങ്കിലും ആ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് ഇങ്ങോട് വന്നത്.

ഇങ്ങോട്ടാണ് യാത്ര എന്നു കേട്ടപ്പോള്‍ സുമലത പറഞ്ഞിരുന്നു.

”പണ്ടത്തെ കൊടുങ്കാടുകളൊന്നും ഇല്ല എന്നാശ്വസിക്കാം. പ്രധാന റോഡൊക്കെ ഇപ്പോള്‍ ടാറ് ചെയ്തിട്ടുണ്ട്. എങ്കിലും കണ്ണീമംഗലം ജംഗ്ഷന്‍ മുതലുള്ള ഭാഗം സൂക്ഷിക്കണം. റോഡിനിരുവശവും കാട് തന്നെ. നമ്മുടെ ഭൂമാഫിയക്കാരെന്താണോ ഈ സ്ഥലം കാണാതെ പോയതെന്ന് പലപ്പോഴും വിചാരിക്കാറുമുണ്ട്”
സുമലത അങ്ങിനെയാണ്. ഒരു യാത്ര പോകണമെന്നു പറയുമ്പോള്‍ അവള്‍ക്കു വരാന്‍ പറ്റിയില്ലെങ്കില്‍ എന്തെങ്കിലും തടസവാദങ്ങള്‍ പറയും. യാത്ര പിന്നെയായിക്കൂടെ എന്ന് ചോദിക്കില്ല എന്ന് മാത്രം. ഒന്ന് നിശ്ചയിച്ചാല്‍ പിന്നെ പിന്‍തിരിയുന്നവനല്ല എന്നവള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടു മാത്രം ഇങ്ങനെയൊക്കെ പറയുമെന്നു മാത്രം.

രാത്രി സമയം കാട്ടാന ശല്യമുണ്ടെന്നോ തേക്കുതോട്ടം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ ഇപ്പോഴും കാട്ടു പന്നികളുണ്ടെന്നോ പറഞ്ഞില്ലെങ്കിലും അവളുടെ മുന്നറിയിപ്പിന്റെ സൂചന അതാണ്. ശരിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു മാത്രം.

പാണ്ടുപാറ ജംഗ്ഷന്‍ വരെയേ ലോറി കിട്ടിയുള്ളു. ജംഗ്ഷനില്‍ നിന്ന് പിന്നെ തോട്ടത്തിലേക്കുള്ള വഴി നടന്ന് തന്നെ പോവണം അതില്‍ തന്നെ രണ്ടു കിലോ മീറ്ററോളം ദൂരം നേരത്തെ പറഞ്ഞ കാട് നിറഞ്ഞ നിരത്തില്‍ കൂടി.

രാത്രി സമയം പത്തു മണി കഴിഞ്ഞെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. നല്ല നിലാവുണ്ട്. ഇവിടെ നിന്നും അരകിലോ മീറ്ററോളം ദൂരം ആശ്രമം വക തോട്ടമാണ്. ആശ്രമംകാര്‍ വളച്ചു കെട്ടി എടുത്തുവെന്നല്ലാതെ അവിടെ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കൃഷി ചെയ്യാനെന്ന് ഗവണ്മെന്റിലേക്ക് അപേക്ഷ കൊടുത്ത് സാധിപ്പിച്ചെടുത്ത് ആശ്രമത്തിന്റെ ആവശ്യമായതുകൊണ്ടും സര്‍ക്കാരിനെതിരു പറയേണ്ട ഒരു ഘടകവും ഈ ഉദ്ദേശത്തിനു പിന്നിലില്ല എന്നതുകൊണ്ടും സ്ഥലം എം എല്ലെ എതിരൊന്നും പറയാത്തതുകൊണ്ടും കൈവശം വന്ന ഭൂമിയാണ്. ഈ അരകിലോമീറ്റര്‍ ദൂരവും സമാധനത്തോടെ നടക്കാം. ആശ്രമംകാര്‍ വളച്ചു കെട്ടിയ സ്ഥലം അവസാനിക്കുന്നിടം വരെ വൈദ്യുതി വിളക്കുകളുണ്ട്. മിന്നി മിന്നിയുള്ള പ്രകാശമേ ഉള്ളുവെങ്കിലും ഒരു സുരക്ഷാബോധം മനസിലേക്കു കടന്നു വരാന്‍ സഹായിക്കും. മാത്രമല്ല, ചിലപ്പോള്‍ തോട്ടത്തില്‍ കാവാല്ക്കാരനായിട്ടൊരാളെ ഈ വളപ്പില്‍ എവിടെയെങ്കിലും കണ്ടാലായി. പക്ഷെ അതൊക്കെ വെറുതെ ആയിരുന്നു. ഒരു മനുഷ്യ ജീവിയേപ്പോലും അവിടെയെങ്ങും കണ്ടില്ല. റോഡിനു കുറുകെ അണ്ണാനും കീരിയും ചിലയിടങ്ങളില്‍ കാട്ടുകോഴികളും വിഹരിക്കുന്നുണ്ട്. ആളൊച്ച കേള്‍ക്കുമ്പോള്‍ അവയൊക്കെ ഓടിയകന്നു പോകുന്നു.

ആശ്രമ വളപ്പ് കഴിഞ്ഞു. ഇനിയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുകാരുടെ യും കൂപ്പു കോണ്ട്രാക്ടര്‍മാരുടേയും ലോറികള്‍ കടന്നു പോകാനുള്ള സൗകര്യത്തിനു വേണ്ടി നിര്‍മിച്ച റോഡാണ്. ഒരു ഭാഗം അഗാധമായ കൊക്കയാണെന്ന് റോഡരുകിലെ ആ വശത്തെ വള്ളീപ്പടര്‍പ്പുകളൂം പുല്ലാഞ്ഞി, വട്ട പോലുള്ള പാഴ്മരങ്ങളും റോഡിലേക്ക് ചാഞ്ഞു നില്ക്കുന്നത് വഴിയില്‍ കാണാനാകും.

ഹൂ- ഹൂ- ഹൂയ് കൂകി വിളിച്ചു പറന്നു പോകുന്ന ഒരു കാട്ടു പക്ഷിയെ കണ്ടപ്പോള്‍ ശരിക്കും പേടിച്ചു പോയി. ധൈര്യം നടിച്ചാണ് മുന്നോട്ടു പോകുന്നതെങ്കിലും ഈ യാത്ര വേണ്ടെന്നു വയ്ക്കുന്നതായിരുന്നു നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നു. പക്ഷെ ഇനി വന്നിടത്തോളം ദൂരം പിന്നിട്ടാലും ആശ്രമം കെട്ടിടം വരെ പോകാം. പക്ഷെ അതും അടച്ചിട്ട നിലയിലാണ് കണ്ടത്. അപ്പോള്‍ പിന്നെങ്ങോട്ടു പോകും?വീണ്ടുമാ ചോദ്യം.
എന്തിനായിരുന്നു ഈ പാതിരയോടടുത്ത നേരത്ത് വരണമെന്ന് തീരുമാനിച്ചത്? തോട്ടത്തിലെ ഇന്‍സ്പക്ഷന്‍ ബംഗ്ലാവിലെത്താന്‍ ഏതെങ്കിലും വഹനം നീലീശ്വരം ജംഗ്ഷനില്‍ അവരെത്തിക്കുമായിരുന്നു. എന്തു കൊണ്ടോ ഇന്നത്തെ ദിവസം അതു വേണ്ടെന്നു വച്ചു. നിലാവുള്ള രാത്രിയിലൂടെ പുഴത്തീരത്തും വേനല്‍ക്കാലത്ത് നഗരത്തിലെ തണല്‍ വിരിച്ച വഴിയോരങ്ങളിലൂടെ നടന്ന അനുഭവം ഒരു ദിവസം കാട്ടിനുള്ളിലെ നിരത്തില്‍ കൂടി നടക്കുമ്പോഴും കിട്ടണമെന്നാഗ്രഹിച്ചു. നഗരത്തിലെ ചെവി തുളച്ചു കയറുന്ന വാഹനങ്ങളുടെ ഹോണടി ശബ്ദവും ഡീസല്‍ വാഹനങ്ങളില്‍ നിന്നു വരുന്ന പുകയും നിരത്തിനരികില്‍ കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നു വരുന്ന ദുര്‍ഗന്ധവും ഇതെല്ലാം സഹിച്ചുകൊണ്ടുള്ള യാത്രയില്‍നിന്ന് വിഭിന്നമായി ഈ അല്ലലൊന്നും ഇല്ലാത്ത യാത്ര അതേ ഉദ്ദേശിച്ചുള്ളു. പക്ഷെ പേടിപ്പെടുത്തുന്ന ഘടകങ്ങള്‍ ഇവിടെ ഏറെയുണ്ട്. കാട്ടാനകളുടെ ശല്യം തന്നെ പ്രധാനം.

മുമ്പൊരിക്കല്‍ ഇന്‍സ്പക്ഷന്‍ ബംഗ്ലാവിലേക്കുള്ള യാത്രയില്‍ കണ്ടതാണ്. ഒരു മയക്കത്തിലായിരുന്ന താന്‍ സഡന്‍ ബ്രേക്കിന്റെ കുലുക്കത്തില്‍ ആണ് കണ്ണു തുറന്നത്.

”സര്‍ വണ്ടി പുറകോട്ടെടുക്കുകയാണ്. കണ്ടില്ലെ വളവില്‍ ആനക്കൂട്ടം ”

ഉറക്കം ഞെട്ടിയെങ്കിലും മുന്നിലെ കാഴ്ച കൗതുകമായി തോന്നി.

” ആന- ഒന്നല്ലല്ലോ- ഇത് നല്ലൊരു കാഴ്ചയല്ലേ?”

” സാറെന്താണീ പറയുന്നത് ? ചെലപ്പം ഇങ്ങോട്ടോടി വന്ന് കുത്തി മറിച്ചിട്ടാല്‍ പിന്നെ പരലോകം കാണ്ടേണ്ടി വരും”

വണ്ടിയോടിക്കുന്ന ആളുടെ മനോഭാവം അംഗീകരിക്കുകയേ തരമൊള്ളു. നേരം സന്ധ്യയോടടുത്തിരിക്കുന്നു. ഇനി പുറകോട്ടെടുക്കുക എന്ന് പറഞ്ഞാല്‍……

സന്ധ്യയ്ക്കു മുന്നേ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെത്തണമെന്നുണ്ടായിരുന്നു. അവിടെ തോട്ടം ഓഫീസുകളില്‍ നിന്നുള്ള സ്റ്റാഫംഗങ്ങള്‍ എത്തണെന്ന് നേരത്തെ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഓഫീസ് സമയം കഴിഞ്ഞിട്ടുള്ള നേരങ്ങളില്‍ അവരോട് വരാന്‍ എഴുതി അയച്ചത് അവരില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു കാണില്ല. അവര്‍ എത്ര നേരം അവിടെ കാത്തിരിക്കും? ആനക്കൂട്ടത്തേക്കാള്‍ ആ ചിന്തകളാണ് മനസിലൂടെ കടന്നു പോയത്. പക്ഷെ അപ്രതീക്ഷിതമെന്നോണം കാട്ടാനകൂട്ടം വീണ്ടും കാട്ടിനകത്തേക്കു പോയി. അപ്പോഴേ സമാധാനമായുള്ളു അന്നേരം ഡ്രൈവര്‍ പറഞ്ഞു.

”ആന കൂട്ടമായി വരുമ്പോള്‍ പേടിക്കേണ്ട. കൂട്ടമായി വന്ന് ആക്രമിക്കുന്ന സ്വഭാവമവയ്ക്കില്ല. പക്ഷെ ഏതെങ്കിലും ഒരൊറ്റയാന്‍, അവനാണ് മുന്നിലെങ്കില്‍ നോക്കണ്ട”

അന്നത്തെ ആ അനുഭവം ഇന്നുണ്ടാവില്ലെന്നു കരുതാം. മാത്രമല്ല അപ്പുറവും ഇപ്പുറവുമുണ്ടായിരുന്ന കാടുകള്‍ കൂപ്പുകള്‍ ലേലത്തിനു പിടിച്ച് വെട്ടി മാറ്റിയതുകൊണ്ട് പഴയ പോലെ ആന ശല്യം ആരും പറഞ്ഞു കേള്‍ക്കുന്നില്ല.

നിലാവുള്ളതുകൊണ്ട് മുന്നോട്ട് സുഗമമായ യാത്ര തുടരാം. പക്ഷെ ചില ഭാഗങ്ങളില്‍ ഇരുട്ട് കട്ട പിടിച്ചു കിടക്കുന്നതു പോലെ.

ഒരു കിലോമീറ്ററിലധികം ദൂരം നടന്നു കാണും. ചിലപ്പോള്‍ തോന്നും ഇതൊരു സാഹസയാത്രയാണെന്ന്. ചിലപ്പോള്‍ ഏതെങ്കിലും നേരിയ അനക്കം കേട്ടാല്‍ മനസ് തുടിക്കും. എങ്കിലും പറയത്തക്ക വിഷമതകളനുഭവപ്പെട്ടില്ല. ഇല്ലെന്നു പറഞ്ഞു കൂടാ തൊണ്ട് വരളുന്നുണ്ട്. ഇത്തിരി വെള്ളം കിട്ടാന്‍ ഒരു മാര്‍ഗവും ഇല്ലന്നറിഞ്ഞു കൊണ്ട് തന്നെ വെള്ളത്തിനു വേണ്ടി ദാഹിച്ചു. നീലീശ്വരം കവലയില്‍ വച്ച് സന്ധ്യകഴിഞ്ഞ നേരം ഒരു ചായ കഴിച്ചതു മാത്രമാണ് വൈകുന്നേരത്തെ ദാഹശമനി.

പക്ഷെ എല്ലാം അസ്തപ്രഭമാക്കിക്കൊണ്ട് പെട്ടന്നതാ ഒരു രൂപം. റോഡ് ഒരു വളവിലേക്ക് തിരിയുന്ന ഭാഗത്താണ് വെള്ള സാരിയും ബ്ലൗസും. ഒരു സ്ത്രീയാണെന്ന നിഗമനത്തിലെത്താന്‍ അതേ സഹായിച്ചുള്ളു.

അറിയാതെയെന്നവണ്ണം നിന്നു പോയി. ഇപോഴാണ് ശരിക്കും തൊണ്ട വരണ്ടതായി അനുഭവപ്പെട്ടത്.

ആരാണിവള്‍? ഈ അര്‍ദ്ധരാത്രി സമയത്ത്?

തുടരും…..

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here