This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
”ഫാക്ടറിയെ പറ്റി എന്തു പറയാനാ? ഏത് സമയത്തും യന്ത്രങ്ങളുടേ മൂളിച്ച ഓഫീസ് റൂമില്‍ വാതിലടച്ച് കുറ്റിയിട്ടാല്‍ പോലും ചെവി തുളച്ചു കയറുന്ന കറു കറാ ശബ്ദം”
പെട്ടന്നാണ് ഫാക്ടറിയുടെ മതിലിലെ ചുവരെഴുത്ത് ഓര്‍മ്മയില്‍ വന്നത്. സുകു ഫാക്ടറിയില്‍
നിന്ന് ദൂരെ അഞ്ച് ആറ് മൈല്‍ ദൂരെ അതിരപ്പിള്ളി എസ്റ്റേറ്റിലായതിനാല്‍ കല്ലേല ഫാക്ടറിയിലെ വിവരങ്ങള്‍ അറിയണമെന്നില്ല. എങ്കിലും ചോദിച്ചു.
” അവിടൊരു അന്നക്കുട്ടീടെ വിളയാട്ടത്തെ പറ്റി ചുവരെഴുത്ത് കണ്ടു. ആരാണീ അന്നക്കുട്ടി? അറിയോ?”
” അറിയോന്ന് ഞാന്‍ പലപ്പോഴും സാധങ്ങള്‍ വാങ്ങാന്‍ പോണത് ആ വഴിക്കല്ലെ. അന്ന് അവിടുന്ന് കയറിയ വണ്ടിയില്‍ ആരെങ്കിലും ഫാക്ടറിയില്‍ നിന്നു കയറിയാല്‍ അവരുടെയൊക്കെ വിശേഷം പറച്ചിലുകള്‍ അധികവും അന്നക്കുട്ടിയെ പറ്റിയായിരിക്കും. ഇവിടെ എഞ്ചിനീയറിംഗ് വിംഗില്‍ ട്രാക്ടറോടിക്കുന്ന തോമസിന്റെ ആളായിട്ടാണ് അന്നക്കുട്ടിയെ പറ്റി ഓരോരുത്തരും പറയുന്നത് ”
” അവള്‍ക്കവിടെ ജോലിയുണ്ടോ?”
” ഉണ്ട് അധികവും ദേഹമനങ്ങാത്ത പണിയാ. ഫാക്ടറി ഓഫീസില്‍ നിന്നും മെയിലുമായി മെയിന്‍ ഓഫീസലേക്ക് പോവുക. അവിടെ നിന്നും ഇങ്ങോട്ടും. പിന്നെ ഫാക്ടറി സ്റ്റോറില്‍ സാധങ്ങള്‍ അടുക്കിപ്പറുക്കി വയ്ക്കുക, അവിടുത്തെ സ്റ്റാഫിന് കാന്റീനില്‍ നിന്നും ചായേം കാപ്പീം കൊണ്ടുവന്നു കൊടുക്കുക”
” കെട്ടിയവനും മക്കളുമില്ലേ?”
” കെട്ടിയോന്‍ അന്തോണി കാലടിക്കടുത്ത് ഒരു വര്‍ക്ക് ഷോപ്പിലാണ്. കാലത്തെ ആ ദ്യ വണ്ടിക്ക് പോയാ വൈകീട്ട് ചിലപ്പം വന്നെങ്കിലായി. പണി കൂടുതലുള്ളപ്പം അവിടെത്തന്നെ തങ്ങും. പിന്നെ രണ്ടും മൂന്നും ദിവസം കൂടുമ്പോഴേ വരികയുള്ളു. ഒരു മോളുണ്ട് അഞ്ചോ ആറോ വയസു പ്രായം വരും അടുത്തുള്ള അംഗണവാടീയില്‍ പോണു. ദൂരെയെവിടെയെങ്കിലും പോവുമ്പം അടുത്ത ലൈനല് താമസിക്കണവരുടെ വീട്ടിലാക്കും. പിന്നെ ആളെ പറ്റി അത്ര നല്ല അഭിപ്രായമല്ല കേക്കണത്. നേരത്തെ പറഞ്ഞല്ലോ അതിരപ്പിള്ളീ എഞ്ചിനീയറിംഗ് വിംഗിലെ ഡ്രൈവര്‍ തോമസ്. അയാള്‍ ട്രാക്ടറുമായി എസ്റ്റേറ്റിനു വെളിയില്‍ പോവുമ്പം അന്നക്കുട്ടിം എന്തെങ്കിലും കാരണം പറഞ്ഞ് അവധിയെടുത്ത് കൂടെ പോകും. കാലടിയില്‍ പെട്രോള്‍ പമ്പില്‍ വണ്ടിയിട്ട് അന്നക്കുട്ടി അവിടെ പച്ചക്കറിക്കട നടത്തുന്ന വല്യമ്മയുടെ കടയിലേക്കു പോകും. തോമസ് ട്രാക്ടറിനു പെട്രോളൊഴിച്ചു കഴിഞ്ഞ് എഞ്ചിനീയറിംഗ് വിംഗിലേക്ക് വേണ്ട സാധങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഉച്ചയൂണ് അന്നക്കുട്ടിയുമൊരുമിച്ച് അവളുടെ വല്യമ്മയുടെ വീട്ടില്‍. പോകുമ്പോള്‍ പലപ്പോഴും മാര്‍ക്കറ്റില്‍ നിന്ന് പെടക്കണ രണ്ട് മീനും വാങ്ങിയിരിക്കും. വൈകീട്ടാണ് മടക്കം. അങ്ങനെ കൂടെ കൂടെയുള്ള ട്രാക്ടറിലെ യാത്ര – ആ കഥയാ – ചുവരെഴുത്ത്”
തോമസിനെ അറിയാവുന്നതാണ്. ഒരു തവണ കാലടിയില്‍ നേരം പോയ നേരത്താണ് വന്ന് പെട്ടത്. ഐബിയിലെ ആവശ്യത്തിന് വേണ്ടി വരണമെന്നും കാലടിയിലെ പെട്രോള്‍ പമ്പിന് അടുത്ത് നിന്നാല്‍ മതിയെന്നും അറിയിച്ചിരുന്നു. പക്ഷെ എറണാകുളത്തു നിന്ന് കാലടി പമ്പിലെത്തിയപ്പോഴേക്കും കാത്തിരിക്കാമെന്നു പറഞ്ഞ സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. ഇനി വരില്ലായിരിക്കുമെന്ന് പറഞ്ഞ് ജീപ്പ് പോയി എന്ന വിവരം പമ്പിലെ ജോലിക്കാര്‍ അറിയിച്ചതിന്റെ പിന്നാലെയാണ് അവിടെ എത്താന്‍ പറ്റിയത്. അന്ന് ഭാഗ്യത്തിന് എഞ്ചിനീയറിംഗ് വിംഗിലെ ട്രാക്ടര്‍ ഡീസല്‍ അടിക്കാനായി പമ്പില്‍ വന്നത്. ഇനിയിപ്പം അല്പ്പം കുടുക്കമൊക്കെ ഉണ്ടാവുമെങ്കിലും ട്രാക്ടറിന്റെ മുന്‍വശത്ത് ഇരുന്നാല്‍ മതി ഐ ബിയില്‍ കൊണ്ടു വിടാം. അന്ന് തോമസിനെ അറിയില്ലായിരുന്നു. പക്ഷെ ഇങ്ങനെയൊരാള്‍ എഞ്ചിനീയറിംഗ് വിംഗിലുള്ളതറിയാം. ഓഡിറ്റിംഗിന്റെ ഭാഗമായി എഞ്ചിനീയറിംഗ് വിംഗിന്റെ ‘ പേ റോള്‍ ‘ പരിശോധിക്കേണ്ടി വന്നപ്പോള്‍ ഈ പേരുണ്ടായിരുന്നു. ആ തോമസിനെ നേരില്‍ കാണൂന്നത് ആദ്യമാണ്. അന്ന് തോമസുമൊരുമിച്ചുള്ള കാലടിയില്‍ നിന്നും നീലീശ്വരം വഴിയുള്ള യാത്ര ഓര്‍ക്കുന്നു. നടുവട്ടം ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ കശുമാവിന്‍ തോട്ടത്തിനു നടുവിലൂടെയുള്ള യാത്ര കുറെ ദുര്‍ഘടം പിടിച്ചതാണ്. കുണ്ടും കുഴിയും ചരിവുമൊക്കെയുള്ള യാത്ര എന്തുകൊണ്ട് തോമസ് ഇത് വഴിയാക്കുന്നു. ഇതിലെ വരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ് പോലും പോവുന്നത് വളരെ സാവകാശത്തില്‍ ആണ്. പക്ഷെ കണ്ണിമംഗലം കല്ലാല ഫാക്ടറി തൊഴിലാളികള്‍ക്ക് വേണ്ടി കാലത്തും വൈകീട്ടും സര്‍ വീസുണ്ടെന്നു മാത്രം. അന്നേയുള്ള സംശയമാണ് തോമസ് പാണ്ഡുപാറ വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നതിനെ പറ്റി . എങ്കിലും ആദ്യമായി പരിചയപ്പെട്ടയാളോട് കൂടുതലൊന്നും ചോദിച്ചില്ല.
ആ തോമസുമായിട്ടാണ് അന്നക്കുട്ടിയുടെ അടുപ്പം. ഇത് ഫാക്ടറിയിലുള്ളവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഭര്‍ത്താവ് അന്തോണി ഇതേപറ്റി അറിഞ്ഞിട്ടുണ്ടാവില്ല.
തോമസും അന്നക്കുട്ടിയുമായിട്ടെങ്ങനെയാണു പരിചയപ്പെട്ടത്?
തുടരും
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം – പതിനൊന്ന്