ഒരു ദേശം കഥ പറയുന്നു – അധ്യായം- പതിനഞ്ച്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

സുകുവും അങ്ങോട്ടു തന്നെ നോക്കുന്നു തോട്ടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ച് ഓരോരുത്തരും അതണയ്ക്കാനായി പാടു പെടുമ്പോള്‍ തോട്ടം വച്ച് പിടിപ്പിക്കാന്‍ കാരണക്കാരനായ ആ മനുഷ്യനോട് ഇവളെന്തിനാണ് തട്ടിക്കയറുന്നത്? അയാളുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമാണ് ഉണ്ടായത്? അടുത്ത നിമിഷം അവള്‍ ദേഷ്യത്തില്‍ ചുവടു വച്ച് താഴോട്ടിറങ്ങുന്നതാണ് കണ്ടത്.

”ഇത് അങ്ങേരെ ഭാര്യയെ സഹായിക്കാനായി അടുത്ത കാലത്ത് വന്നതാ. അടുക്കളപ്പണിക്ക് ഒരാളെ വേണമെന്ന് ഒരിക്കല്‍ അങ്ങേര് പറഞ്ഞതോര്‍ക്കുന്നു”

പക്ഷെ സുകു പറഞ്ഞതിലല്ല ശ്രദ്ധിച്ചത്. അവളെ അണഞ്ഞു തുടങ്ങുന്ന കാട്ടുതീയുടെ മങ്ങിയ വെളിച്ചത്തില്‍ ആരെന്ന് മനസിലാക്കാന്‍ നോക്കുകയായിരുന്നു.

”സുകു ഇതവളല്ലെ? മുമ്പ് ഐബിയില്‍ ഗാര്‍ഡന്‍ പണിക്ക് വന്നവള്‍ ആ തെലുങ്കത്തിയാണെന്നു പറഞ്ഞവള്‍? പക്ഷെ ഇവള്‍ മലയാളത്തിലാണല്ലോ പറയുന്നത്”

” സാറെന്താണീ പറയുന്നത്? അവളെ കോണ്ട്രാക്ടര്‍ രാമന്‍കുട്ടി പറഞ്ഞു വിട്ടു.
ഇതവളൊന്നുമല്ല അയ്യമ്പുഴക്കു തൊട്ടടുത്തുള്ളവള്‍. പേര് സാറാമ്മയെന്നോ മറ്റോ ആണെന്നു തോന്നുന്നു. ഇവള്‍ സാമുവലിന്റെ ഭാര്യയെ സഹായിക്കാനായി വന്നതാണ്. അമ്പിനും തുമ്പിനും അടുക്കുന്നവളല്ല. അവളുടെ അടുക്കലാ ഇയാളുടെ കളി”

ദുരെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറി പോകാന്‍ തയാറെടുക്കുന്ന ആ സ്ത്രീ ആരാണെന്ന ചിന്തയായിരുന്നു പിന്നെ മനസില്‍. പാണ്ടുപാറയില്‍ കണ്ടവളും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ കണ്ടവളും ഇവളും ഇതെല്ലാം ഒരാളല്ലേ? പാണ്ടുപാറയില്‍ കണ്ടവള്‍ രാത്രി സമയത്ത് നിലാ വെളീച്ചത്തില്‍ വെള്ളസാരിയും ബ്ലൗസും വിടര്‍ത്തിയിട്ട മുടിയുമായി – ഒരു യക്ഷിയെന്ന് തോന്നിക്കുന്നവള്‍ പിന്നീട് കൈലിമുണ്ടും ബ്ലൗസും തോര്‍ത്തും ധരിച്ച് ഐബിയില്‍ കണ്ടവളൂമായി സാദൃശ്യം മാത്രമല്ലേ ഉള്ളു എന്ന് കരുതിയാലും ആ മുഖ സാദൃശ്യം ഇവിടെയും. ചട്ടയും മുണ്ടും തോര്‍ത്തുമാണെന്നു മാത്രം .

പക്ഷെ സുകു സമ്മതിച്ച് തരാന്‍ ഒരുക്കമല്ല.

” ഒരുത്തിയെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം… എന്താ അങ്ങിനെയൊരു പാട്ടില്ലേ അതു പോലാ സാറിന്റെ മനസ്. അത് കൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്”

മനസില്‍ നിന്നും മായാതെ കിടക്കുന്ന ചിത്രമായതിനാലാവാം അങ്ങിനെ സമാധാനിച്ചു.

ഈസ്റ്റര്‍, ഗുഡ് ഫ്രൈഡെ സമയത്ത് നടക്കുന്ന മലയാറ്റൂര്‍ പള്ളിപ്പെരുനാളാഘോഷത്തില്‍ പങ്കെടുക്കമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നു. മുമ്പൊരിക്കല്‍ പോയിട്ടുള്ളത് രാത്രി സമയത്താണ്. അന്ന് അടിവാരത്തില്‍ നിന്നും മുകളിലോട്ടെത്താന്‍ എടുത്തത് ഒരു മണിക്കുറിലേറെ സമയം. മെഴുകുതിരി വെളീച്ചത്തില്‍ കാലു നീട്ടിയിരിക്കുന്ന ഭിക്ഷക്കാരെ ചവിട്ടാതെ മലകയറാന്‍ ഏറെ പാടു പെടേണ്ടി വന്നു. വൈദ്യുതി പോസ്റ്റുകളില്‍ പലതിലും വെളിച്ചമില്ലായിരുന്നു. കൂര്‍ത്ത കല്ലുകളില്‍ തട്ടി വീഴാതിരിക്കാനുള്ള ശ്രമം വേറെ. മലമുകളില്‍ ചെന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് ഏറെ ആശ്വാസം കിട്ടിയത്. എങ്കിലും ജന ബാഹുല്യത്താല്‍ അവിടെയും പള്ളിക്കകത്ത് കയറാനും പ്രാര്‍ത്ഥിക്കാനും കഴിഞ്ഞില്ല എന്നത് ഒരു കുറ്റബോധം പോലെ മനസിലിപ്പോഴും കിടക്കുന്നു. അന്ന് കൂടെയുണ്ടായിരുന്നവരുടെ ധൃതിയും തിരക്കും മൂലം ശരിക്കും ഒരു പെരുന്നാളാഘോഷത്തില്‍ പങ്കെടുത്ത അനുഭവം ഇല്ലാതെയാണ് താഴോട്ടിറങ്ങിയത്. ഇറക്കത്തില്‍ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും കല്ലില്‍ തട്ടി വീഴാന്‍ പോയി. ഈ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ട് പകല്‍ സമയത്ത് കയറണമെന്ന് ആഗ്രഹിച്ചു. ഇപ്പോള്‍ കോണ്‍ക്രീറ്റ് സ്റ്റെപ്പുകള്‍ ചവുട്ടി പോകാമെന്നറിഞ്ഞതോടെ കഴിഞ്ഞ തവണത്തെപ്പോലെ ബുദ്ധിമുട്ടില്ലാതെ കയറാമെന്ന സമാധാനത്തോടെയാണു തയാറെടുത്തത് ഇത്തവണ പ്ലാന്റ്റേഷനിലേക്കു വന്നത് മലയാറ്റൂര്‍ മല ചവിട്ടണമെന്ന തീവ്രമായ ആഗ്രഹത്തിന്റെ പുറത്താണ്. വര്‍ഷവസാന കണക്കെടുപ്പും ക്ലോസിംഗും മെയ്മാസത്തിലേ തുടങ്ങു. ഇനിയത്തെ വരവ് ആ ജോലിക്കു വേണ്ടിയായിരിക്കും. അതിനു മൂന്നോടിയായി ഒറ്റക്കു വന്നെന്നു മാത്രം. എസ്റ്റേറ്റ് വക വാഹനങ്ങള്‍ ഈ സമയം വാടകക്കു പോലും കിട്ടുകയില്ല. കാലടി ഗ്രൂപ്പില്‍ ഫയര്‍ ഓപ്പറേഷന്‍ വര്‍ക്ക് ഏപ്രില്‍ അവസാനം വരെ നീണ്ടു നില്‍ക്കും. രണ്ടാഴ്ച മുമ്പുണ്ടായ കല്ലാല എസ്റ്റേറ്റ് ബൗണ്ടറിയോടു ചേര്‍ന്നുള്ള തീപിടുത്തത്തില്‍ ഉണ്ടായ നഷ്ടം കണക്കുകൂട്ടലിനേക്കാള്‍ ഏറെ കൂടുതലായിരുന്നു. അതിനാല്‍ മൂന്ന് എസ്റ്റേറ്റുകളിലെ ഫയര്‍ ഓപ്പറേഷന്‍ വര്‍ക്ക് ഏകോപിപ്പിച്ചുകൊണ്ടുള്ള കരുതല്‍ നടപടിയായതിനാല്‍ വാഹനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വേറൊന്നിനും ഉപയോഗിക്കരുതെന്നുള്ള നിര്‍ദ്ദേശമുണ്ട്. എങ്കിലും ഒരു ദിവസം കാലത്തെ വന്ന് ഐബിയില്‍ തങ്ങി ഉച്ചഭക്ഷണം കഴിഞ്ഞ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്ത് കാലടി വഴി മലയാറ്റൂര്‍ക്കു പോകാമെന്ന കണക്കു കൂട്ടലിലാണ് ഐബിയിലേക്കു വന്നത്. ഒരാള്‍ മാത്രമായി ചെല്ലുന്നത് കൊണ്ട് സുകുവിനു യാതൊരു ബുദ്ധിമുട്ടുമില്ല. തിരക്കൊഴിഞ്ഞ സമയമാണെങ്കില്‍ സുകുവും കൂടി വരാമെന്നു പറഞ്ഞിട്ടുണ്ട്. സുകു ഇതിനോടകം പല പ്രാവശ്യം മലയാറ്റൂര്‍ പള്ളിയില്‍ പോയിട്ടുള്ളതുകൊണ്ട് തിരക്കില്ലാത്ത ഉച്ച കഴിഞ്ഞ നേരം പോകുന്നതായിരിക്കും നല്ലതെന്ന അഭിപ്രായമാണ് ഇങ്ങനെ ഒരു തീരുമാനമത്തിലെത്തിയത്.

പക്ഷെ ഐബിയില്‍ ചെന്നപ്പോള്‍ സുകു പറഞ്ഞത് മനസ്സ് മടുപ്പിക്കുന്നതായിരുന്നു.

” സാറിനു പള്ളിപ്പെരുന്നാള്‍ കഴിഞ്ഞിട്ടൊരു സമയം പോകുന്നതായിരുന്നു നല്ലത്. നിങ്ങളെപ്പോലുള്ളവര്‍ക്ക് എല്ലാം കണ്ട് മനസിലാക്കുന്നതിനും വേണ്ടി വന്നാല്‍ പള്ളിയില്‍ മാത്രമല്ല പരിസരത്തും കുറെ സമയം തിക്കും തിരക്കുമില്ലാതെ ചുറ്റിക്കറങ്ങുന്നതിനും സാധിക്കും. ഇപ്പോഴത്തെ യാത്ര എന്നു പറയുന്നത് ആള്‍ക്കൂട്ടത്തില്‍ ഒരുവനായിട്ടുള്ള ഒന്നു മാത്രം”

ഏതായാലും യാത്ര ഉച്ച കഴിഞ്ഞുള്ള സമയം ഒറ്റക്കു വേണ്ടി വന്നു. ഫയര്‍ ഓപ്പറേഷന്‍സ് വര്‍ക്കുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍മാരും വിസിറ്റിംഗ് ഏജന്‍റുമാരും വന്നിട്ടുള്ളതുകൊണ്ട് നാലഞ്ചു ദിവസത്തേക്ക് അനങ്ങാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍ ഏതായാലും വന്നതല്ലേ യാത്ര മുടക്കേണ്ട എന്ന തീരുമാനത്തിലെത്തി.

സുകു പറഞ്ഞത് ശരിയായിരുന്നെന്നു ഈ യാത്രകൊണ്ട് ബോദ്ധ്യപ്പെട്ടു. വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് നീലീശ്വരത്ത് നിന്നു മലയാറ്റൂര്‍ എത്തുന്നതിനു ഒരു മണിക്കൂറിലധികമെടുത്തു. ഉച്ചയൂണു കഴിഞ്ഞ് ഉടനെ തന്നെ പുറപ്പെട്ടതാണെങ്കിലും അടിവാരത്തെത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞു. സന്ധ്യ കഴിഞ്ഞുള്ള കയറ്റം വളരെ ദുസഹമായിരിക്കുമെന്ന് നേരത്തെ അനുഭവപ്പെട്ടിട്ടുള്ളതാണ്. എന്നാലും കയറാന്‍ തന്നെ തീരുമാനിച്ചു.

വൈദ്യുതി വെളിച്ചം ഇത്തവണയും പലയിടത്തും കിട്ടുന്നില്ല. ചിലയിടത്ത് മിന്നി മിന്നിയുള്ള പ്രകാശം മാത്രം. കയറുന്നതിന് സ്റ്റെപ്പുകള്‍ ഒരുക്കിയിട്ടുള്ളതു കൊണ്ട് കല്ലിലും കുഴിയിലും പെടാതെ പോകാമെന്ന ഗുണമുണ്ട്. പക്ഷെ കുറെ കയറുമ്പോഴേക്കും ആയാസപ്പേടേണ്ടി വരുന്നു. ഭിക്ഷക്കാരുടെ കാലുകളില്‍ ചവിട്ടാതെ പോകാമെന്നാണെങ്കിലും അവരുടെ ബാഹുല്യം പലപ്പോഴും ശല്യമായി മാറുകയാണ്. ഇത്രയും ഭിക്ഷക്കാരെ വഴിയിലിരിക്കാന്‍ സമ്മതിക്കുന്നത് തെറ്റാണെന്ന് പെരുന്നാള്‍ കമ്മറ്റിക്കാരെയാരെയെങ്കിലും കണ്ട് പറയണമെന്ന് മനസില്‍ കണക്കു കൂട്ടിയതാണ്. പക്ഷെ മലമുകളിലെത്തിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞിരുന്നു. ഇപ്പോഴെങ്ങിനെയെങ്കിലും പള്ളിക്കു മുന്നിലെത്തി സ്തൂപക്കൂടില്‍ മെഴുതിരി കത്തിച്ച് പിന്നീടു പറ്റുമെങ്കില്‍ അകത്തുകയറി പ്രാര്‍ത്ഥിച്ചിട്ടു മടങ്ങുക എന്നതു മാത്രമായി ലഷ്യം. മലമുകളില്‍ വൈദ്യുതി പ്രകാശത്തില്‍ പള്ളിയും ചുറ്റുപാടും വെട്ടിത്തിളങ്ങുന്നതു മനോഹരമായ കാഴ്ചയാണ്. ഒരു കവിക്കു കവിതയെഴുതാന്‍ ഈ കാഴ്ച പ്രചോദനമായേക്കാം. പക്ഷെ ചുറ്റിനും മലയാറ്റൂര്‍ മുത്തപ്പോ പൊന്മല കയറ്റം പൊന്നിന്‍ കുരിശു മുത്തപ്പോ പൊന്മലകയറ്റം വിളിയുയരുമ്പോള്‍ പ്രതീക്ഷിക്കുന്ന ഏകാഗ്രത കിട്ടിയെന്നു വരില്ല

ഈ എട്ടു മണികഴിഞ്ഞ സമയത്തും ഇവിടെ ഇത്രയും ആള്‍ക്കാര്‍ തടിച്ചു കൂടുന്നത് വെറും വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല ഓരോ കാര്യ സാദ്ധ്യത്തിനും ഓരോരുത്തരും നേര്‍ച്ചയായി വരുന്നതുകൊണ്ടുമാണ്. പള്ളിക്ക് മുന്‍വശത്ത് തന്നെ തിരി കത്തിക്കുന്ന സ്തൂപത്തിനു സമീപം വലിയൊരു കാല്പാദം. ഭീമാകാരനായ ഒരു രാക്ഷസന്റെ കാല്പ്പാദത്തിനേക്കാളും വലുത് കരിങ്കല്ലില്‍ കൊത്തിയെടുത്തതു പോലെ കാണാമെങ്കിലും അവിടം മുഴുവനും ഓരോരുത്തരായി മെഴുതിരി കത്തിച്ച് വയ്ക്കുന്നതു മൂലം പാദത്തിന്റെ ആകൃതി മാത്രമേ തെളിഞ്ഞു കാണുന്നുള്ളു. അതിലേക്കും ഓരോരുത്തരും നേച്ചപ്പണം എറിയുന്നുണ്ട്.

താഴ്വാരത്തേക്കു നോക്കുമ്പോള്‍ നേരിയ പ്രകാശത്തില്‍ കാലടിപ്പുഴയും ആശ്രമവും അമ്പലവും തെളിഞ്ഞു കാണുന്നത് മനോഹരമായ കാഴ്യാണ്. മലമുകളില്‍ നിന്നു വരുന്ന കുളിര്‍ക്കാറ്റ് വലിയൊരാശ്വാസം അതോടെ മല ചവുട്ടി വന്ന ക്ഷീണം അകന്നു പോകുന്നു.

പള്ളിയില്‍ നിന്നും താഴോട്ട് ഇറക്കമാണ് ഏറെ സൂക്ഷിക്കേണ്ടത്. അധികം താമസിയാതെ തന്നെ താഴോട്ടിറങ്ങി. പകല്‍ സമയത്താണെങ്കില്‍ മലഞ്ചരിവിലൂടെയുള്ള നാട്ടുപാതകള്‍ പലരും ഉപയോഗപ്പെടുത്താറുണ്ട്. രാത്രി സമയം ആ വഴിയെ വൈദ്യുതി വെളിച്ചം അധികം കിട്ടില്ല എന്നതിനാല്‍ ആ വശം ചിന്തിച്ചതേയില്ല. താഴോട്ടിറങ്ങുമ്പോഴും ഭിക്ഷക്കാര്‍ നടപ്പാതയുടെ പകുതി വശം വരെ കയ്യടക്കി വയ്ക്കുന്നത് കൊണ്ട് ഏറെ സൂക്ഷിച്ച് വേണം മുന്നോട്ടു പോകാന്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെവിടെയും കാണുന്ന ഭിക്ഷക്കാരുടെ ശല്യം ഒരു നിയമം മൂലം നിരോധിച്ചാലെ ഈ അവസ്ഥക്കൊരു ശമനമുണ്ടാകു.

അടിവാരത്തെത്തി കാപ്പി കുടിക്കാനായി ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ അവിടെ ഏതോ ഒരു കുര്യന്‍ പുഴയില്‍ ചാടിഒയ കഥയാണു പറയുന്നത്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here