ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തിമൂന്ന്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

 

 

 

 

 

 

എന്റെ അഭാവത്തില്‍ പോലീസ് വീണ്ടും വന്ന് സ്റ്റേറ്റ്മെന്റ് തയാറാക്കിയ കൂട്ടത്തില്‍ ഞാന്‍ താമസിക്കുന്ന
ക്വേര്‍ട്ടേഴ്സിലെ ജോലിക്കാരുടെയും മൊഴിയെടുത്തിരുന്നു. പോലീസിനെ കണ്ടപ്പോഴേക്കും പേടിച്ചരണ്ട പയ്യന്‍ അന്നു തന്നെ രാത്രി തിരുവനന്തപുരത്തേക്കു വണ്ടി കയറി. അവന്റെ നാടെവിടെയാണ് സ്റ്റോറിന്റെ താക്കോല്‍ അവനെ ഏല്പ്പിച്ചതിന്റെ പേരിലാണ് അവനെ ചോദ്യം ചെയ്തത്. അവനാ താക്കോല്‍ ആര്‍ക്കെങ്കിലും കൊടുത്തോ? അതായിരുന്നു അവര്ക്കറിയേണ്ടത്.

ആ സംശയം അസ്ഥാനത്താണെന്നു സ്റ്റോര്‍ കെട്ടിടം പരിശോധിക്കുന്ന ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളു. കെട്ടിടം തുറന്നത് താഴ് തല്ലിപ്പൊളീച്ചതാണെന്നു കണ്ടിട്ടും ഈ ചോദ്യം എന്തിനു വേണ്ടി?

ഞാന്‍ തിരിച്ചു വരുമ്പോള്‍ പരന്ന കഥ വേറെ. സ്റ്റോറിലെ സാധങ്ങള്‍ എടുത്ത് വില്പ്പന നടത്താന്‍ ഒത്താശ ചെയ്തിട്ടു മുങ്ങിയതാണെത്രെ. പയ്യന്റെ തിരോധാനം സംശയത്തിനു ആക്കം കൂട്ടി.
ഇതിനിടയില്‍ ഫീല്‍ഡ് മാനേജര്‍ സാമുവലിന്റെ മൊഴിയും എനിക്കെതിരായിരുന്നു. താക്കോല്‍ വീട്ടില്‍ ജോലിക്കു നിന്നിരുന്ന പയ്യനെ ഏല്പ്പിച്ചതാണ് അങ്ങേര്ക്ക് ദഹിക്കാതെ പോയത്.

കാലടി ഗ്രൂപ്പില് നിന്നും റിട്ടയര്‍ ചെയ്യാറായ സമയത്ത് ഒരു പ്രമോഷന്‍ കൊടുത്ത് ഇങ്ങോട്ട് വിട്ടത് അയാള്‍ അവിടെ ‘ന്യൂ പ്ലാന്റേഷന്‍’ ഏരിയായില്‍ ചെയ്ത സേവനങ്ങളെ പ്രതിയാണ്. അവിടെ വച്ച് അങ്ങേരുടെ പല ചെയ്തികളെയും ചോദ്യം ചെയ്തതും തൊഴില്‍ സമരക്കാലത്ത് അങ്ങേരെ തൊഴിലാളി നേതാവാക്കി ജാഥ നടത്തിയ സമയത്ത് അതിനു ചുക്കാന്‍ പിടിച്ചത് ഞാനാണെന്ന് എങ്ങനെയോ ധരിച്ചു വശായതും ഇപ്പോഴീ സ്റ്റേറ്റ് മെന്റ് പോലീസിനു കൊടുക്കാന്‍ കാരണമായി. ‘ ഗ്രേവ് ക്രൈം’ ആയതിന്റെ‍ പേരില്‍ അടൂര്‍ ഡി.വൈ.എസ് പിയാണു എസ്റ്റേറ്റില്‍ വന്നത്. ആ സമയത്ത് ഞാന്‍ സ്ഥലത്തില്ലാതെ പോയതും ഇങ്ങനെയൊരു സംശയം എന്റെ പേരില്‍ ഉയരാന്‍ കാരണമായി.

ഞാന്‍ വന്നന്നറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്സ്പക്ടറും ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരും ജീപ്പിലെത്തി. എന്റെയും നൈറ്റ് വാച്ചേഴ്സായി ജോലി ചെയ്ത രണ്ടു തൊഴിലാളികളുടേയും സാധനങ്ങള്‍ ഡിവിഷനുകളില്‍ സപ്ലേ ചെയ്ത ജീപ്പ് ഡ്രൈവറുടേയും മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം പിറ്റെ ദിവസം എന്നോട് പോലീസ് സ്റ്റേഷനില്‍ ചെല്ലണം എന്ന നിര്‍ദ്ദേശത്തോടെയാണവര്‍ മടങ്ങിപ്പോയത്.

പിറ്റേന്നു രാവിലെ എസ്റ്റേറ്റ് ജീപ്പില്‍ ഞാനും ഡിവിഷനിലെ വാച്ചറും സ്റ്റോറില്‍ സാധനങ്ങള്‍ള് സപ്ലെ ചെയ്യുന്ന ആളും ഉള്‍പ്പെടെ നാലുപേര്‍ കാലത്തെ പോലീസ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്. ഐ ഞാനിപ്പോള്‍ വരാമെന്നു പറഞ്ഞ് അടുത്തെവിടെയോ പോയതാണ്. എസ് ഐ അവിടെ ചെന്ന് ഉച്ചയോടെ മടങ്ങിയതാണ്. പക്ഷെ നാലുമണിയായിട്ടും വന്നില്ല. ഉച്ചക്കു മുമ്പ് എസ്റ്റേറ്റ് ഓഫീസില്‍ ചെല്ലാമെന്ന കണക്കുകൂട്ടലിലാണു പോയത്.പക്ഷെ വൈകുന്നേരം നാലു മണി കഴിഞ്ഞിട്ടിട്ടേ എസ് ഐ വന്നുള്ളു. എന്താണങ്ങേരുടെ ഉദ്ദേശം? ഇതൊരു ഹരാസ്മെന്റാണോ? മാനസികമായുള്ള ഒരു പീഡനം.

ഉച്ചത്തെ ഭക്ഷണവും ഇടസമയത്തെ കാപ്പി കുടിയും ഒക്കെ പോലീസുകാരുടെ സമ്മതത്തോടെ വേണമെന്നായപ്പോള്‍ ഈ പിടിച്ചിരുത്തല്‍ എന്തിനു വേണ്ടിയാണെന്ന തോന്നലായി. വൈകീട്ടത്തോടെ ഒരു കാര്യം വ്യക്തമായി. എന്നെ ഒരു കുറ്റവാളിയായിട്ടാണ് പോലീസ് കാണുന്നത്.

വാച്ചറും പ്യൂണൂം ഒക്കെ എന്നോടാണു ചോദിക്കുന്നത്. എന്തു വേണം? ഇനി എപ്പോള്‍ പോകാനാണ്?

അവരെ കൂടി സമാധാനപ്പെടുത്തേണ്ട അവസ്ഥ വന്നതോടെ ഒന്നു കൂടി വ്യക്തമായി, ആരോ പിന്നില്‍ നിന്നും കളിക്കുന്നുണ്ട്.

എസ് ഐ വന്ന് ഞങ്ങളെ ഓരോരുത്തരേയും മാറി മാറി ചോദ്യം ചെയ്തു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴേക്കും സമയം അഞ്ചുമണി കഴിഞ്ഞു.

എന്തിനു താക്കോല്‍ ഓഫീസില്‍ ഏല്പ്പിക്കാതെ ക്വേര്‍ട്ടേഴ്സിലെ ജോലിക്കാരനെ ഏല്പ്പിച്ചു അതായിരുന്നു എന്നോടുള്ള ചോദ്യം.

എനിക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു.

” അത്യാവശ്യമായിട്ടു എനിക്കു നാട്ടില്‍ പോകണമായിരുന്നു. ഞാന്‍ നാട്ടില്‍ ഒരു ജോലിക്കുള്ള ഇന്റെര്‍വ്യൂ ഉണ്ട്. അതാകുമ്പോള്‍ വീടെടുത്താണ്. ശമ്പളക്കൂടുതല്‍ അല്ല നോക്കിയത്. അതിനു നാട്ടിലേക്കുള്ള ബസ് കിട്ടണമെങ്കില്‍ ഈ മലമൂട്ടില്‍ നിന്നും വേഗം തന്നെ താഴോട്ടിറങ്ങണം. അഞ്ചരക്കുള്ള ബസില്‍ പോകാന്‍ പറ്റിയാലേ രാത്രിയാകുമ്പോഴെങ്കിലും വീട്ടിലെത്താന്‍ പറ്റുകയുള്ളു. താക്കോല്‍ ഓഫീസില്‍ ഏല്പ്പിച്ചു പോകാന്‍ സമയമില്ല ”

”ശരി ഇന്റര്‍വ്യൂ കിട്ടിയ ലെറ്റര്‍ കയ്യിലുണ്ടോ”

ആകെ കുഴങ്ങി. വീട്ടിലിട്ടിട്ടാണോ പോന്നത് അതോ ക്വേര്‍ട്ടേഴ്സിലോ? ജോലി കിട്ടില്ല എന്നുറപ്പായപ്പോള്‍ ചിലപ്പോള്‍ അതുപേക്ഷിക്കാനും മതി.

”ക്വേര്‍ട്ടേഴ്സിലുണ്ടോ എന്നു നോക്കണം അല്ലെങ്കില്‍ വീട്ടിലൊന്നു കൂടി പോകേണ്ടി വരും”

”ശരി മറ്റന്നാള്‍ ആ ഇന്റെര്‍വ്യൂ കിട്ടിയ ലറ്ററുമായി വരണം”

ഇപ്പോള്‍ ഉള്ളത് ആശങ്കയാണ്. ലറ്റര്‍ കളഞ്ഞു പോയോ? അതോ വീട്ടിലുണ്ടാകുമോ?

എസ്റ്റേറ്റ് ജീപ്പ് വന്നു കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറിലേറെയായി. തിരിച്ച് എസ്റ്റേറ്റ് ഓഫീസിലെത്തി മാനേജരോട് വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.

”ഒന്നും ഉണ്ടാകില്ല ധൈര്യമായിട്ടിരി ഫീല്‍ഡ് മാനേജര്‍ സാമുവലിന്റെ മൊഴിയാണിതിനെല്ലാം കാരണം. അങ്ങേര്‍ക്ക് എസ്റ്റേറ്റ് മാനേജരുടേ പദവിയിലേക്ക് കേറാന്‍ പറ്റാത്തതിന്റെ ചൊരുക്ക് തീര്‍ക്കുന്നെന്നു മാത്രം. സാധാരഗതിയില്‍ റിട്ടേര്‍ഡ് ചെയ്യാന്‍ തയാറെടുത്തിരിക്കുന്ന ആള്‍ എല്ലാവരോടും സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിയേണ്ടതാണ്.”

അധികം കഴിഞ്ഞില്ല കൊടുമണ്‍ എസ്റ്റേറ്റില്‍ നിന്ന് ഒരു ജീപ്പിലും പിന്നീട് ബൈക്കിലുമായി കുറെ പേര്‍ വന്നിരിക്കുന്നു.
വന്നപാടെ എസ്റ്റേറ്റ് മാനേജരോട് തട്ടിക്കയറുകയാണുണ്ടായത്.

” എന്താ ഒരാളെ പോലീസിനെകൊണ്ട് പിടിപ്പിച്ചിട്ട് ഇവിടെയിങ്ങനെ കുത്തിയിരിക്കുകയാണൊ? മോഷണം പോയ വിവരം റിപ്പോര്ട്ട് ചെയ്തതിന്റെ പേരിലാണോ അങ്ങേരെ പ്രതിയാക്കിയത്?”

എസ്റ്റേറ്റ് മാനേജര്‍ ഈ അധിക്ഷേപ വാക്കുകള്‍ കേട്ടിട്ട് ക്ഷോഭിച്ചില്ല.

” ശരിയാണ് ഞാനും കൂടി പോകേണ്ടതായിരുന്നു സ്റ്റേറ്റ്മെന്റ് എടുത്തിട്ടു വേഗം വിടുമെന്നായിരുന്നു എന്റെ ധാരണ. ഏതായാലും ഇനിയങ്ങനെ ഉണ്ടാകില്ല”

ഇതിനിടയില്‍ നാട്ടില്‍ പോയ പയ്യനെ കൊണ്ടു വരാമെന്ന് പറഞ്ഞ് കൂട്ടത്തില്‍ വന്ന ആള്‍ തിരുവനന്തപുരത്തേക്കു പോയി. പയ്യന്റെ തിരോധാനവും പോലീസിനു എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കാരണമായി.

ഇന്റെര്‍വ്യൂവിനു വേണ്ടി വന്ന കത്ത് ക്വേര്‍ട്ടേഴ്സില്‍ കാണാത്തപ്പോള്‍ ആകെ ആശങ്കയിലായി. ആ കത്ത് വീട്ടിലും ഇല്ലാതെ പോയാല്‍….

പിറ്റേന്നു രാവിലെ തന്നെ എറണാകുളത്തേക്കു തിരിച്ചു. വീട്ടില്‍ ചെന്ന് ആ കത്ത് കണ്ടപ്പോഴേ സമാധാനമായുള്ളു. യാത്രയുടനീളം ആശങ്കയിലായിരുന്നു. വീട്ടില്‍ വന്നതിന്റെ പിറ്റേന്നു തന്നെ മടങ്ങാന്‍ തീരുമാനിച്ചതിന് അമ്മയുടെ അന്വേഷണം. ‘എന്താ വന്നിട്ട് ഒരു ദിവസം പോലും നില്ക്കാതെ പോണെ? എന്തുണ്ടായി?

കള്ളം പറയേണ്ടി വന്നു. കാലടി ഗ്രൂപ്പില്‍ അത്യാവശ്യം ആയിട്ട് വന്നതാണ് ഉടനെ മടങ്ങണം.

പിറ്റേന്നു രാവിലെ എസ്റ്റേറ്റില്‍ ചെന്നപ്പോള്‍ കേട്ടത് മനസ് തണുപ്പിക്കുന്ന വാര്‍ത്ത. യഥാര്ത്ഥ പ്രതിയെ പിടി കിട്ടിയിരിക്കുന്നു.

വേറാരുമല്ല, മോഷണ വിവരം പോലീസില്‍ റിപ്പോര്ട്ട് ചെയ്താല്‍ പുലിവാലു പിടിക്കുമെന്നു പറഞ്ഞ ഫീല്‍ഡ് എക്സിക്യൂട്ടീവ് സുകുമാരന്‍.

അയാളാണു രാത്രി മഴയുടെ മറവില്‍ കോന്നിയില്‍ തന്നെയുള്ള ഒന്നു രണ്ട് ചെറുകിട കച്ചവടക്കാരുടെ ഒത്താശയോടെ ഒരു ജീപ്പ് കൊണ്ടു വന്ന് താഴറുത്ത് കോപ്പര്‍ സള്‍ഫേറ്റ് ഏഴു ചാക്ക് കടത്തിയത്.

എന്തുകൊണ്ട് ഏഴെണ്ണത്തില്‍ നിര്‍ത്തിയെന്ന പോലീസ് അന്വേഷണത്തില്‍ അയാളുടെ മറുപടി ഇങ്ങനെ.

‘ അതില് കൂടുതല്‍ ജീപ്പില്‍ വയ്ക്കാന്‍ പറ്റാതെ പോയി. ജീപ്പിനകത്ത് വേറെയും പല സാധനങ്ങളും കിടപ്പുണ്ടായിരുന്നു.’

വലിയൊരു കേസില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസം എന്നതിനേക്കാളുപരി മോഷണം നടന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തയാറായ എന്നെ അഭിനന്ദിക്കുന്നവരുടെ എണ്ണം എസ്റ്റേറ്റിനകത്ത് മാത്രമല്ല കോട്ടയത്ത് നിന്നുള്ളവരും തയാറായി എന്നതിലാണ്.

 

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here