ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

കേരളത്തിലെമ്പാടുമുള്ള തോട്ടം മേഖലയില്‍ ഇടത്പക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടക്കുന്നു. കോര്‍പ്പറേഷനിലെ കാലടി പ്ലാന്റേഷനില്‍ മാത്രം ഈ സമരത്തോട് സഹകരിക്കാതെ ഐ എന്‍ ടി യു സി വിഭാഗത്തില്‍ പെട്ട നല്ലൊരു ശതമാനം തൊഴിലാളികള്‍ കല്ലാല എസ്റ്റേറ്റില്‍ മാറി നില്ക്കുന്നുണ്ടായിരുന്നു. അതിരപ്പിള്ളി, വെറ്റിലപ്പാറ എന്നീ തോട്ടങ്ങളിലുള്ളവര്‍ ഇടതു പക്ഷ സംഘടനയില്‍ ആണെങ്കില്‍ കല്ലാല എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകള്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കാലടി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പോലീസുകാര്‍ എസ്റ്റേറ്റില്‍ റോന്തു ചുറ്റന്നുണ്ട്. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഐ എന്‍ ടി യു സി വിഭാഗത്തില്‍ പെട്ടവരും സമരത്തില്‍ പങ്കാളികളായി മാറുകയാണൂണ്ടായത്. കാലടി പ്ലാന്റേഷനില്‍ സമ്പൂര്‍ണമായ പണിമുടക്ക്.

എസ്റ്റേറ്റ് ഓഫീസിലും കാര്യമായ ജോലികളില്ല എന്നു പറയാം. ഫീല്ഡില്‍ പണിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ അറ്റന്‍ഡന്റ്സ് മാര്‍ക്ക് ചെയ്തു കിട്ടുന്ന ചെക്ക് റോളില്‍ നിന്നും ആഴ്ച തോറും വേതനം തയാറാക്കുന്ന ജോലി ഇല്ലാതായി എന്ന് പറയാം. പ്രായേണ ഓഫീസ് സ്റ്റാഫിലെ നല്ലൊരു പങ്കിനും ജോലിയില്ലാതായി. കാലവര്‍ഷം തുടങ്ങുന്ന ഘട്ടത്തിലാണ് തൊഴില്‍ സമരം വന്നെന്നതിനാല്‍ പ്ലാന്റിംഗ് ഓപ്പറേഷന്‍സ് നിലച്ചു. സാമുവലിന്റെയും സ്കോഫീല്ഡിന്റെയും ഡിവിഷനുകളില്‍ പുതിയ തൈകള്‍ പിടിപ്പിക്കേണ്ട ജോലിയും നിലച്ചു. ഇത് സമുവലിനു ഏറെ മനോ വിഷമമുണ്ടാക്കി. ഓഫീസില്‍ അഡ്മിനിസ്ട്രീവ് വിഭാഗത്തില്‍ മാത്രമേ കാര്യമായ ജോലികളുള്ളു. ഈ സമയം പാര്‍ലമെന്റ് മെമ്പര്‍ കൂടിയായ ഏ. കെ. ഗോപാലന്‍ സമരത്തിന്റെ ഭാഗമായ എസ്റ്റേറ്റില്‍ ഒരു ദിവസത്തെ സന്ദര്ശനം നടത്തുകയുണ്ടായി. പ്രതിപക്ഷ നേതാവ് കൂടിയായതിനാല്‍ പോലീസ് ഏ. കെ. ജി പോകുന്നിടത്തൊക്കെ റോന്തു ചുറ്റുന്ന ജോലിയും വന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ആ സമയം തോട്ടത്തില്‍ ഉണ്ടാവാതെ നോക്കുന്ന ജോലി മാനേജ്മെന്റിനും പോലീസിനുമുണ്ട്. തൊഴില്‍ സമരം നടക്കുന്നതിനാല്‍ എസ്റ്റേറ്റിനു പുറത്തു നിന്നുള്ള ധനസഹായം സ്വരൂപിച്ച് പണമായിട്ടും അരി, പലവ്യജ്ജനമായിട്ടും തൊഴിലാളികളുടെ ഇടയില്‍ വിതരണം ചെയ്യാനുള്ള ചുമതല തൊഴിലാളി നേതാക്കളെ ഏല്പ്പിക്കുക എന്ന ഉദ്ദേശവും ഈ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. പണപ്പിരിവു വരുമ്പോള്‍ സംഭാവന നല്കുക എന്നത് സ്റ്റാഫിനെ സംബന്ധിച്ചിടത്തോളം ആശയകുഴപ്പമുണ്ടാക്കി. എന്തെങ്കിലും സംഭാവന ചെയ്യുന്നത് , മാനേജ്മെന്റ് അറിയാതെ വേണമെന്ന താണ് അവരെ അലട്ടുന്ന പ്രശ്നം. എന്തെങ്കിലും കുറയൊക്കെ തുക കൊടുത്ത് അവരെ സഹായിക്കുന്ന നിലപാടാണ് ഭൂരിഭാഗം സ്റ്റാഫും നടത്തിയത്. തൊഴില്‍ സമരം തീര്‍ന്നാല്‍ പിന്നീട് ഈ തൊഴിലാളികളുടെയിടയില്‍ തന്നെയാണ് ഇവരും പ്രവര്ത്തിക്കേണ്ടത്. ആ സമയം ജോലി സുഗമമായി നടക്കണമെങ്കില്‍ ഈ സഹകരമൊക്കെ കുറെ വേണ്ടി വരും.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തൊഴിലാളികളുടെ സമരമുറയില്‍ മാറ്റമുണ്ടായി. ഓഫീസ് പിക്കറ്റിംഗും സത്യാഗ്രഹവും വന്നതോടെ ഓഫീസ് ജോലിയില്‍ കുറയൊക്കെ അഡ്മിനിസ്ടേറ്റീവ് ജോലി ചെയ്യുന്നയാള്‍ എന്നതിനാല്‍ ഞാന്‍ താമസിക്കുന്ന മുറിയിലേക്ക് മാറ്റി. അത് കുറയൊക്കെ ഗോപ്യമാക്കി വേണം താനും.

ഈ സമയത്താണ് സ്കോഫീല്ഡിനെതിരെ പ്രമാദമായ ഒരാരോപണം വരുന്നത്. അയാള്‍ കുറെ നാള്‍ സുഖമില്ലാതിരുന്നപ്പോള്‍ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചിലവഴിക്കുകയുണ്ടായി. ആ സമയം ചിലവായ തുക കമ്പനി പിന്നീട് ഒന്നൊഴിയാതെ സ്കോഫീല്ഡിന് റീ ഇമ്പേഴ്മെന്റ് ചെയ്തിരുന്നു. എസ്റ്റേറ്റ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ ആശുപത്രിയില്‍ പോയതെന്നതിനാല്‍ ആശുപത്രി ചിലവ് കമ്പനി വഹിച്ചേ പറ്റു. പക്ഷെ ഇങ്ങനെ സ്കോഫീല്‍‍ഡിനു കിട്ടിയ തുക ആശുപത്രിയില്‍ കൊടുക്കാതെ പകരം സ്വന്തം ആവശ്യത്തിനു വേണ്ടി ചിലവഴിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം. കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഹോസ്റ്റല്‍ ഫീസ് കോട്ടയത്തെ ഗുഡ് ഷെപ്പേര്‍ഡ് പ്രസുടമയില്‍ നിന്നും ആശുപത്രി ചിലവിനായി മേടിച്ച തുക ഇവയൊക്കെ കൊടുത്തതിനു പുറമെ സ്കോഫീല്ഡിന്റെ ഭാര്യയുടെ ധാരാളിത്തതിനു വേണ്ടിയും ഏറെ തുക ചിലവഴിക്കേണ്ടി വന്നു . ഇതൊക്കെ കാരണം
ഹോസ്പിറ്റലിലെ ബില്‍ കൊടുക്കാതെ വന്നത് വലിയൊരു വീഴ്ചയാണ്. അവര്‍ കോട്ടയം ഓഫീസിലേക്കാണ് കത്തയച്ചത്. ആ കത്താണ് സ്കോഫീല്ഡിന്റെ കയ്യില്‍ നിന്ന് തുക മേടിക്കാനായിട്ടാണ് എസ്റ്റേറ്റ് മാനേജര്‍ക്കയച്ചത്. മാത്രമല്ല കമ്പനിക്ക് ചീത്ത പേരുണ്ടാക്കിയതിന് വിശദീകരണവും കൊടുക്കണം .

ഒരെക്സിക്യൂട്ടിവ് സ്റ്റാഫ് എന്ന നിലയില്‍ അയാളുടെ പ്രവൃത്തി കമ്പനിയെ സംബന്ധിച്ചിടത്തോളം അപകീര്‍ത്തി വരുത്തുന്ന പ്രവൃത്തിയാണ്. സ്കോഫീല്ഡ് തന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ വിവരിച്ചു കൊണ്ടും തുക ആശുപത്രിക്കു കൊടുക്കാന്‍ സാവകാശം ചോദിച്ചുകൊണ്ടുമുള്ള വിശദീകരണം കൊടുത്തെങ്കിലും ആ ന്യായാന്യായങ്ങള്‍ മാനേജുമെന്റിനു ദഹിക്കാതെ പോയി. പണമിടപാടുകളിലെ സത്യസന്ധതയില്ലായ്മ , കമ്പനിയുടെ യസസിനു വന്നു പെട്ട അപകീര്ത്തി ഒരെക്സിക്യൂട്ടീവ് സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടി – അവസാനം അയാള്‍ക്കു ലഭിച്ചത് സസ്പെന്‍ഷന്‍.

ഫീല്‍ഡില്‍ പ്ലാന്റിംഗ് രംഗത്ത് മാത്രമല്ല അവ നന്നായി പരിപാലിക്കുന്നതിലും തൊഴിലാളികളോട് ഇടപെടുന്ന രംഗത്തും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരുദ്യോഗസ്ഥന്‍ – ആ മനുഷ്യനില്‍ നിന്ന് ഇങ്ങൊനൊരു വീഴ്ചയുണ്ടായത് അപ്രതീക്ഷിതമായീരുന്നു.

സസ്പെന്ഷന്‍ പിരീഡ് നീണ്ടു പോകുന്നു. ആ പിരീഡില്‍ ലഭിക്കുന്ന സബ്സ്റ്റയിന്സ് അലവന്സ് കൊണ്ട് എങ്ങനെ കുടുംബജീവിതം മുന്നോട്ടു കൊണ്ടു പോകാനാവുക? കുട്ടികളുടെ പഠിത്തച്ചിലവും ഹോസ്റ്റല്‍ ഫീസും എല്ലാം പിന്നെയും മുടങ്ങിയിരിക്കുന്നു. നാട്ടില്‍ ബന്ധുക്കളാരുമില്ലാത്ത അയാള്‍ക്ക് വിവാഹം കഴിച്ച സ്ത്രീയുടെ കുടുംബത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ് എന്നു വരുമ്പോള്‍ പക്ഷെ ഭരണനിര്‍വഹണം നടത്തുന്നവര്‍ക്ക് അതൊന്നും അന്വേഷിക്കേണ്ട ബാദ്ധ്യതയില്ലാത്തതിനാല്‍ സ്കോഫീല്ഡ് പ്രതിസ്ഥാനത്ത് നില്ക്കുന്ന ഒരു കുറ്റവാളി മാത്രം.

എസ്റ്റേറ്റിലെ തൊഴിലാളി സമരവും രൂക്ഷമായ അവസ്ഥയിലേക്കു നീങ്ങുന്നു. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലെന്ന് വരുമ്പോള്‍ അവരുടെയിടയിലെ സമരമുറകള്‍ക്ക് തീക്ഷണതയേറും. അവരക്രമത്തിലേക്കു നീങ്ങുമോ എന്ന ഭയം മാനേജര്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും വന്നു പെട്ടിട്ടുണ്ട്.

സമരഫണ്ടിലേക്ക് സഹായാഭ്യര്‍ഥനയുമായി നേതാക്കളുടെ ഒരു സംഘം ക്വേര്‍ട്ടേഴ്സുകളില്‍ ചെല്ലുന്നത് വേറൊരു ബുദ്ധിമുട്ടായി മാറി. സംഭാവന കൊടുത്തില്ലെങ്കില്‍ വഴിയില്‍ തടയുമോ എന്ന ഭയമാണ് മിക്കവര്‍ക്കും. പോലീസ് സംഘം റോന്തു ചുറ്റുന്നുണ്ടെങ്കിലും അവര്‍ക്കെല്ലായിടത്തും ചെന്നെത്തുക സാദ്ധ്യമല്ല.

ക്രിമിനല്‍ വാസനയുള്ള ചില തൊഴിലാളികള്‍ എസ്റ്റേറ്റ് സ്റ്റോറിനടുത്ത് അട്ടി വച്ചിരിക്കുന്ന ഫയര്‍ ഓപ്പറേഷന്‍ കാലത്ത് ഉപയോഗിച്ച് മാറ്റി വച്ചിരുന്ന വീപ്പകളും പണിയായുധങ്ങളും മോഷണം എന്നതിലുപരി ബലമായെന്നോണം പട്ടാപ്പകല്‍ തന്നെ കടത്തി അങ്കമാലി, കാലടി ഭാഗത്തെ ആക്രിക്കച്ചവടക്കാര്‍ക്ക് വിറ്റുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഈ ബഹളങ്ങള്‍ക്കിടയിലും സ്കോഫീല്‍ഡ് കൂടെക്കൂടെ ഓഫീസില്‍ വരുമായിരുന്നു. പക്ഷെ ഓഫീസ് പരിസരം സമരം ചെയ്യുന്ന തൊഴിലാളികള്‍ കയ്യടക്കിയതോടെ അയാള്‍ പിന്നെപ്പോകുക സ്റ്റാഫ് ക്വേര്‍ട്ടേഴ്സുകളിലാണ്. അത് വേറൊരു അപകടം വിളീച്ചു വരുത്തുന്നു.

ഓഫീസ് വര്‍ക്ക് കുറയൊക്കെ ഗോപ്യമായി ചെയ്യുന്ന എന്റെ മുറിയിലാണ്. കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന സബ്സിസ്റ്റന്സ് അലവന്സല്ലാതെ വേറൊരു വരുമാനമില്ലാതെ കഴിയുന്ന ഈ മനുഷ്യന്‍ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു? അയാളുടെ ദയനീയ സ്ഥിതി അറിയാവുന്ന തൊഴിലാളികള്‍ പലരും അല്ലറ ചില്ലറ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുവെന്ന് വെളിയില്‍ വന്നപ്പോള്‍ അയാളെ അപകീര്‍ത്തി പെടുത്താന്‍ നോക്കുന്ന സാമുവലിനു അതൊരു നല്ല ആയുധമായിരുന്നു. സ്കോഫീല്ഡ് സമരക്കാര്‍ക്കൊപ്പമാണ് എന്ന ആരോപണമാണ് പറഞ്ഞു പരത്തുന്നത്. പക്ഷെ പണ്ടത്തേപ്പോലെ അയാളുടെ വാക്കുകള്‍ക്ക് ആരും ചെവി കൊടുത്തില്ല. ഹെഡ് ഓഫീസില്‍ നിന്നു കിട്ടിയ താക്കീതും എസ്റ്റേറ്റ് മാനേജരുമായി സ്വരച്ചേര്‍ച്ചയില്ലാതെ കഴിയുന്നതും മൂലം അയാളുടെ വാക്കുകള്‍ വെറും ജല്പ്പനങ്ങളായി മാത്രം മാറുന്നു . തൊഴിലാളി സമരം തീഷ്ണസ്വഭാവം കൈക്കൊണ്ടതോടെ എസ്റ്റേറ്റ് മാനേജര്‍മാരുടെ ഫീല്‍ഡില്‍ പോക്ക് നിലച്ചുവെന്നു പറയാം ദിവസേനയെന്നോണം ജാഥയും പിക്കറ്റിംഗും മീറ്റിംഗുമൊക്കെയായതിനാല്‍ ഓഫീസ് സംബന്ധിയായ ജോലികളധികവും എന്റെ മുറിയിലായി. സ്കോഫീല്ഡ് ചിലപ്പോഴൊക്കെ ഞാന്‍ താമസിക്കുന്നയിടത്ത് വരുന്നത് വേറെയും ബുദ്ധിമുണ്ടുണ്ടാക്കുന്നുണ്ട്. ഹെഡ് ഓഫീസില്‍ നിന്നും വന്ന കത്തിന് ദീര്‍ഘമായ മറുപടി തയാറാക്കിയത് ടൈപ്പ് ചെയ്ത് കിട്ടാന്‍ വേണ്ടിയാണ് വരുന്നത്. ടൈപ്പ് റൈറ്റര്‍ എന്റെ മുറിയിലേക്ക് മാറ്റിയത്ക്കൊണ്ട് വന്നു പെട്ട പാട് എനിക്കേ അറിയു. ഓഫീസ് വര്‍ക്ക് കുറയൊക്കെ നടത്തുന്നത് ഇവിടെയാണെന്ന് വരുമ്പോള്‍ സമരക്കാരുടെ പിക്കറ്റിംഗും സത്യാഗ്രഹവും ഇങ്ങോട്ടേക്കു മാറാനും സാദ്ധ്യതയുണ്ട്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here