ഒരു ദേശം കഥ പറയുന്നു- അധ്യായം- ഇരുപത്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

”ഞാനൊരമ്മയാകാന്‍ പോകുന്നു”

വിവരം കേട്ടതോടെ അയാളുടെ നെഞ്ചില്‍ തീയാളി. ഒരിക്കലും ഒരു കുഞ്ഞിന് താന്‍ ജന്മം കൊടുക്കില്ലെന്നയാള്‍ക്ക് നന്നായിട്ടറിയാം. ആലുവാ മണപ്പുറത്തു ശിവരാത്രിയോടനുബന്ധിച്ച് നടന്ന കുടുംബാസൂത്രണ മേളയില്‍ ബലമായി പോലീസും മുനിസിപ്പാലിറ്റിയിലെ രണ്ടു പേരും ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയപ്പോള്‍ ആദ്യം കരുതിയത് മുനിസിപ്പാലിറ്റിക്കാര്‍ക്ക് തറവാടക കൊടുക്കാതെ പാട്ടു പുസ്തകം വില്പ്പന നടത്തിയതു കൊണ്ടാകുമെന്നാണ്. ‘കുഞ്ഞേലിയാമ്മയുടെ കടുംകൈ’ അതായിരുന്നു പാടി വിറ്റു പോയിരുന്നത്. അരമണിക്കുര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ മുഴുവന്‍ പുസ്തകങ്ങളും വിറ്റു പോയേനെ. ഏതായാലും കിട്ടിയതില്‍ നല്ലൊരു പങ്ക് ഇവിടെ കൊടുക്കേണ്ടി വരും. രണ്ടു മൂന്ന് പുസ്തകം അവരെ കാണിച്ചേക്കാമെന്നു കരുതി കയ്യിലെടുത്തിരുന്നു.

പക്ഷെ തുണി കൊണ്ടു മറച്ച ഷെഡ്ഡിനു മുകളില്‍ കുടുംബക്ഷേമ മേള എന്ന ബോര്‍ഡ് കണ്ടതോടെ കുഞ്ഞേലിയാമ്മയുടെ കടുംകയ്യും കുടുംബക്ഷേമമേളയും തമ്മിലെന്തു ബന്ധമെന്ന് ചിന്തിച്ചത്.

എല്ലാം യാന്ത്രികം ഷഡ്ഡിനകത്ത് മേശയും രണ്ടു കസേരയും അവിടിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്ന രണ്ട് പേര്‍. മുഴുവന്‍ പേരും മേല്‍വിലാസവും ചോദിക്കുന്നു. പിന്നീടത് രജിസ്റ്ററിലേക്കു പകര്‍ത്തുന്നു. ഏതോ നിയോഗത്തിലെന്നപോലെ അനുസരിക്കുകയേ നിവൃത്തിയൊള്ളു. സ്ക്രീന്‍ കൊണ്ടു മറച്ച വേറൊരു ഭാഗത്തേക്കു നടത്തിക്കൊണ്ടു പോയി. അവിടുള്ള കട്ടിലില്‍ കിടത്തിയപ്പോള്‍ കയ്യിലുള്ള പാട്ടു പുസ്തകത്തിന്റെ ശീര്‍ഷകം വായിച്ച് ഒരുവള്‍ ശബ്ദമുണ്ടാക്കാതെ അമര്‍ത്തിയമര്‍ത്തി ചിരിക്കുകയായിരുന്നു. എല്ലാം ദാ എന്നു പറയുന്ന നേരം കൊണ്ട് കഴിഞ്ഞു. ഷെഡ്ഡിനു മുകളില്‍ വച്ച കുടുംബക്ഷേമ മേള എന്ന ബോര്‍ഡിനരുകില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്ന സൈന്‍ ബോര്‍ഡിന്റെ തന്റേതായ ഒന്നു കൂടീ ക്ഷേമ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയായതിനു നന്ദി പൂര്‍വം ഏതാനും കറന്‍സി നോട്ടുകളും ഒരു കയ്യില്‍ ബക്കറ്റും പിടിപ്പിച്ചതോടെ അയ്യടാന്ന് ആയിപ്പോയി. ഇനി ഒരിക്കലും ഒരു കുഞ്ഞിന്റെ തന്തയാകാന്‍ കഴിയില്ലല്ലോ എന്ന നിരാശാബോധം. അതോടെ തുടയിടുക്കില്‍ സൂചികൊണ്ട് കുത്തിയതു പോലുള്ള വേദന. ആയാസരഹിതമായി ചുവടു വയ്ക്കാന്‍ പറ്റിയില്ലെങ്കിലും അവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു. അല്ലെങ്കില്‍ സൈന്‍ ബോര്‍ഡിലെ എണ്ണം കൂട്ടാന്‍ ഇനിയും പിടിച്ചു കൊണ്ടു പോയെങ്കിലോ? ആ ഓര്മ്മ വന്നതോടെ ചെറുച്ചിയുടെ വാക്കുകള്‍ ഒരേ സമയം ദേഷ്യവും സങ്കടവും – എല്ലാം കൂടി മുഖത്തേക്കു ഇരച്ചു കയറി. ചെറിച്ചിയാണെങ്കില്‍ വയറിന്റെ മുഴുപ്പ് ചട്ട പൊക്കി കാണിച്ച് സംതൃപ്ത ഭാവത്തില്‍ നില്ക്കുന്നു.

”വൈകി വന്ന ഗര്‍ഭമാ സൂക്ഷിക്കണം”

തൊട്ടയല്പക്കത്തെ ലക്ഷ്മി അങ്ങനെ പറഞ്ഞപ്പോള്‍ ചെറുച്ചി അടുത്ത ദിവസം തന്നെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പോവാന്‍ തീരുമാനിച്ചു. മനസില്ലാ മനസോടെ കുര്യനും ആശുപത്രിയിലേക്കു യാത്രക്കു തയാറായി. ചിലപ്പോള്‍ സംശയം അന്നത്തെ കുടുംബ മേളയിലെ ശസ്ത്രക്രീയ ഫലപ്രദമായില്ലെന്നോ. ഇവിടിപ്പോള്‍ കൂടിയിട്ട് ഒരു വര്‍ഷം പോലും തികഞ്ഞില്ല. അതിനു മുന്നേ ചെറുച്ചി അമ്മയാവുമെന്നോ? അതോ ആഗസ്തിക്കുട്ടിയെ അടുക്കലേക്കയച്ചത് വല്ലവന്റെയും ഗര്‍ഭം ചുമക്കാനൊരാളെ കിട്ടാന്‍ വേണ്ടിയാണോ?

ആശുപത്രിയിലെത്തി പരിശോധന കഴിഞ്ഞ് മുറിക്കു പുറത്തേക്കു വന്ന ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒന്നു പരുങ്ങിയെങ്കിലും പിന്നെ അമ്പരപ്പാണുണ്ടായത്. പിന്നെ മനസ് ശാന്തമായി.

തലേ ദിവസം ചെറുച്ചി മഞ്ഞപ്രയിലുള്ള ഫെഡല്‍ ബാങ്കില്‍ പോയി സമ്പാദ്യത്തില്‍ ഏറിയ പങ്കും കയ്യിലുള്ള ബാഗിലാക്കിയാണു വന്നത്. ഡോക്ടറുടെ പരിശോധനക്കു മുന്നേ കൗണ്ടറിലിരിക്കുന്നയാള്‍ക്ക് ചോദിക്കുന്ന പൈസ കൊടുത്തതോടെ പണത്തിന്റെ കാര്യമോര്ത്ത് വിഷമിക്കേണ്ട എന്നുറപ്പായി. വീണ്ടും ഏറെ നേരത്തെ പരിശോധന കഴിഞ്ഞാണ് ഡോക്ടര്‍ മുറിക്കു പുറത്തു വന്നത്.

കുര്യനെ കണ്ടതോടേ ഡോക്ടര്‍ കൂട്ടിക്കൊണ്ടു പോയി ആദ്യം പറഞ്ഞത് ഇംഗ്ഗീഷിലായിരുന്നു.

” ഷീ നീഡ്സ് ആന്‍ ഓപ്പറേഷന്‍” കുര്യന്‍ മിഴിച്ചു നില്ക്കുന്നതു കണ്ട് ഒന്നു കൂടി അടുത്ത് വന്ന് സ്വകാര്യത്തിലെന്നോണം പറഞ്ഞു.

”താങ്കളുടെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ ഒരു മുഴ വളരുന്നുണ്ട്. വേഗം ഓപ്പറേഷന്‍ വേണം. പിന്നെ കുറെ പണച്ചിലവുള്ള കാര്യമാണ്. പക്ഷെ താമസിപ്പിക്കേണ്ട”

ഡോക്ടറുടെ വാക്കു കേട്ട് യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ കുര്യന്‍ നില്ക്കുന്നതു കണ്ടപ്പോള്‍ ഒന്നു കൂടി പറഞ്ഞു.

” ഇനിയും വച്ചു താമസിപ്പിക്കണ്ട ബുദ്ധിമുട്ടാകും. പിന്നെ തത്ക്കാലം ഈ വിവരം ഭാര്യയോടു പറയണ്ട. ഓപ്പറേഷനു സമയമാകുമ്പോള്‍ ഞാന്‍ പറഞ്ഞു കൊള്ളാം”

ഡോക്ടര്‍ സഥലം വിട്ടതോടെ കുര്യന്‍ ചെറുച്ചിയുടെ മുറിയിലെത്തി. അവള്‍ വലിയ സന്തോഷത്തിലാണ്. ഡോക്ടര്‍ കുറിച്ച ചീട്ട് കുര്യനെ ഏല്പ്പിച്ചു. മുറിയില്‍ നിന്ന് നഴ്സ് പോയപ്പോള്‍ ചെറുച്ചി തലയിണയുടെ അടിയില്‍ നിന്നും ബാഗെടുത്ത് കുര്യന്റെ നേരെ നീട്ടി പറഞ്ഞു.

”പണത്തിന്റെ കാര്യമോര്‍ത്ത് ചേട്ടന്‍ വിഷമിക്കണ്ട. ആവശ്യത്തിനുള്ളതില്‍ കൂടുതല്‍ പണം ബാഗിലുണ്ട്. ഇനി ഞാനെന്തിനാ ഇത് കെട്ടിപ്പിടിച്ച് കെടക്കണെ? എല്ലാം ചേട്ടന്റെ കയ്യിലിരിക്കട്ടെ”

ബാഗു വാങ്ങാന്‍ നേരം കുര്യന്റെ കൈവിറച്ചു. ഒരു കുറ്റബോധം മനസില്‍. അവളറിയുന്നോ വാസ്തവം പിന്നീടതറിയുമ്പോള്‍?

പക്ഷെ അടുത്ത നിമിഷം കുര്യന്‍ സന്തോഷത്തിലായി. ഇതിപ്പോള്‍ വീണൂ കിട്ടിയ അവസരം ആഘോഷിക്കാന്‍ പറ്റിയ സമയം. വല്ലവന്റെയും കൊച്ചിന്റെ തന്തയാകേണ്ടി വരുമല്ലോ എന്ന നാണക്കേടാണ് തലയില്‍ നിന്നൊഴിഞ്ഞു പോയത്. മരുന്നിന്റെ ചീട്ടും ബാഗുമായി കുര്യന്‍ നേരെ പോയത് മാര്‍ക്കറ്റിനടുത്തുള്ള പട്ടക്കടയില്‍. കുര്യന് നേരത്തെ തന്നെ പരിചയമുള്ള പയ്യന്‍ കണ്ടപാടെ കുപ്പിയും ഗ്ലാസും പിന്നെ ഒരു പ്ലേറ്റില്‍ രണ്ടു താറാവ് മുട്ട പുഴുങ്ങിയതും എടുത്തു വച്ചു കഴിഞ്ഞു. ഗ്ലാസിലെ ദ്രാവകം തീരുമ്പോള്‍ വീണ്ടും നിറക്കുന്നു. ഊരു ചുറ്റലിനിടയില്‍ മനസില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞ മലയാറ്റൂര്‍ പുണ്യാളന്‍, കൊരട്ടി മുത്തി, അര്‍ത്തുങ്കല്‍ പുണ്യാളച്ചന്‍ എല്ലാവര്‍ക്കും ഓരോ ഗ്ലാസ് കാലിയാക്കുന്നതിനു മുന്നേ നന്ദി പറഞ്ഞു. ഇടയ്ക്കെപ്പോഴോ ചെറുച്ചിയെ ഓര്‍ത്തപ്പോള്‍ അവള്‍ക്കു വേണ്ടി പുണ്യാളന്മാരോട് നന്ദി പറഞ്ഞു.

”വയസാന്‍ കാലത്ത് പെറ്റുവെന്ന നാണക്കേട് അവളില്‍ നിന്നും ഒഴിയുവാണല്ലോ. അതിനും കൂടിയാ ഈ ഗ്ലാസ്”

വീണ്ടും ഒരു കുപ്പി വാങ്ങി കൂടെ പൊറോട്ടയും ഇറച്ചിക്കറിയുമായി കുര്യന്‍ നേരെ റോഡിലേക്കിറങ്ങി. കടന്നു പോകുന്ന ഒരു ടാക്സിക്കാറിനു കൈ കാണിച്ച് നിര്‍ത്തി നേരെ കാലടി പ്ലാന്റേഷനിലേക്കെന്നു പറഞ്ഞ് പിന്‍സീറ്റില്‍ കയറി.

കുര്യന്റെ അവസ്ഥ കണ്ട് ഡ്രൈവര്‍ക്ക് ആശങ്കയുണ്ടായി. ഇപ്പോഴേ തല നേരെ നില്ക്കുന്നില്ല. ഇനി കാറില്‍ നിന്നിറങ്ങാന്‍ നേരം എന്തെങ്കിലും പുകിലുണ്ടാക്കുമോ എന്ന പേടിയായിരുന്നു. പക്ഷെ കയ്യിലെ ബാഗ് കണ്ടപ്പോഴേ തീരുമാനിച്ചു കാറു കൂലിക്കു പേടിക്കേണ്ട കാര്യമില്ല. പോരാത്തതിനു ആള് നല്ല ഗമയില്‍ സിഗരറ്റും പുകച്ചാണ് കയറിയിരിക്കുന്നത്.

പ്ലാന്റേഷനില്‍ കല്ലാല എസ്റ്റേറ്റിലെ പിള്ളപ്പടിക്കടുത്തുള്ള വര്‍ക്കേഴ്സ് ക്ലബ്ബിന്റെ മുറ്റത്ത് ഒരാള്‍ക്കൂട്ടം ദൂരെ മാറി ഒരു കാര്‍ കിടക്കുന്നുണ്ട്. അവിടെ കാറിനടുത്ത് നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നു.

കാറ് കൂലി ഡ്രൈവര്‍ പറഞ്ഞ തുകക്കുള്ള നോട്ടിനു കൂടുതലായി കൊടുത്തത് ബാക്കി പോലും വാങ്ങിക്കാതെ കുര്യന്‍ കയ്യിലെ ബാഗും പൊറോട്ടയും കുപ്പിയും കടലാസില്‍ പൊതിഞ്ഞതുമായി ആള്‍ക്കൂട്ടത്തിനരുകിലേക്കു നീങ്ങി.

‘ഇവിടെയെന്താ ആള്‍ക്കൂട്ടം’

നേരെ മുന്നില്‍ വന്ന് പെട്ട ഒരാളോട് ചോദിച്ചു.

അയാള്‍ പറഞ്ഞ മറുപടി കുര്യന്റെ ചോദ്യത്തിനായിരുന്നില്ല.

”ചെറുച്ചിക്കെങ്ങനെയുണ്ട്”?

ചോദ്യം കേള്‍ക്കാന്‍ നില്‍ക്കാതെ വീണ്ടും കുര്യന്‍

” ഇവിടെയെന്താ ആള്‍ക്കൂട്ടമെന്നാ ചോദിച്ചെ”

അയാളിലെ പന്തികേട് മനസിലാക്കിയ മുന്നില്‍ വന്നു പെട്ട ആള്‍ തെന്നി മാറി അപ്പോഴാണ് ആഗസ്തിക്കുട്ടി വന്നത്.

”ചേട്ടാ അവിടെ യൂണിയന്റെ ജനറല്‍ ബോഡി കൂടുവാ”

”എന്തു ബോഡി? ആരുടെ ബോഡി?”

ആഗസ്തിക്കുട്ടി വളരെ അടക്കത്തില്‍ പറഞ്ഞൂ.

”ചേട്ടനിപ്പം അങ്ങോടു പോകണ്ട അവടെ കുര്യന്‍ ചേട്ടനൊക്കെ വന്നിട്ടുണ്ട്”

കുര്യന് ചേട്ടനെന്നു കേട്ടതോടെ അയാള്‍ ശാന്തനായി.

”ഓ, അപ്പം ഞാന്‍ വരണേനു മുമ്പ് തന്നെ തൊടങ്ങി അല്ലെ. ശരി തൊടങ്ങുവാ ഞാന്‍ വരവായി”

ഇനി ഇപ്പോള്‍ ഇവിടെ നില്ക്കുന്നതും അപകടമാണെന്നു ആഗസ്തിക്കുട്ടിക്കും തോന്നിക്കാണണം അയാളും തെന്നി മാറി.

”ന്നാ തൊടങ്ങുവാല്ലെ? നമുക്കെന്നാ വേണ്ടുവാന്നു വച്ചാ നോക്കാം”

കാല്‍ ശരിക്കും നിലത്ത് നില്ക്കാതെ നടക്കുന്ന കുര്യനെ കണ്ടൊരാള്‍ ചോദിച്ചു.

” ആരാ കക്ഷി ഇവിടത്തെ വര്‍ക്കറാണോ?”

”അല്ല ഭര്‍ത്താവുദ്യോഗസ്ഥനാ കുരിശാവൂന്നാ തോന്നണെ”

”ദാ എമ്മെല്ലെ വന്നല്ലോ ഇയാളെ പിടിച്ച് മാറ്റ്”

വര്‍ക്കേഴ്സ് യൂണീയന്‍ പ്രസിഡന്റും സ്ഥലം എമ്മെല്ലെയുമായ ഏ. പി. കുര്യന്‍ വന്നതോടെ ആള്‍ക്കൂട്ടം ക്ലബ്ബിന്റെ മുറ്റത്തേക്കു നീങ്ങി.

”ചേട്ടാ ചേട്ടനിവിടെ നിന്ന് മാറണം കുര്യന്‍ ചേട്ടന്‍ വന്നിട്ടുണ്ട്”

”ഏതു കുര്യന്‍ ഇവിടെ കുര്യന്‍ ഒരാളേയുള്ളു കൊണ്ടൂര്‍ കുര്യന്‍”

യൂണീയന്റെ ഭാരവാഹികളിലൊരാള്‍ വന്ന് അടക്കം പറഞ്ഞു.

” വേഗം പൊക്കോണം ഇവിടുന്ന് എടങ്ങേറൊണ്ടാക്കിയാ ഒണ്ടല്ലോ ഏ. പി. ഒണ്ടെന്നൊന്നും നോക്കില്ല”

അതോടെ കൊണ്ടൂര്‍ കുര്യന്റെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലായി.

”ഇതെന്താ അയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണൊ? ഇവിടുത്തെ കുര്യന്‍ ഞാനാ”

അല്പ്പ നേരത്തെ നിശബ്ദത. അത് തനിക്കു കിട്ടിയ അംഗീകാരമായി കരുതി കുര്യന്‍ ഉച്ചത്തില്‍ വിളിച്ചു കൂവി.

”അങ്ങ് പറഞ്ഞേരെ ഏ. പി. കുര്യന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയതല്ല ഈ പ്ലാന്റേഷനെന്ന്”

അവസാനത്ത് രണ്ട് വാക്ക് അല്പ്പം ശബ്ദമുയര്‍ത്തിയാണു പറഞ്ഞത്. വീണ്ടും അല്പ്പ നേരത്തെ നിശബ്ദത. ഒരാരവം ചുറ്റിനും. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ദൂരെ മാറിനിന്ന് ഭാരവാഹികളുമായി സംസാരിക്കുകയായിരുന്ന എമ്മെല്ലെ തലയുയര്‍ത്തി വീണ്ടും ആ വാക്കുകള്‍

”ഏ. പി കുര്യന്റെനാമ്മേടെ ….”

മുഴുവനാക്കാന്‍ പറ്റുന്നതിനു മുന്നേ തന്നെ കുര്യന്‍ തറയില്‍ നിന്നും പൊങ്ങി കഴിഞ്ഞിരുന്നു. അല്പ്പ നേരം ആകാശത്തു വട്ടം ചുറ്റുകയായിരുന്നു അയാള്‍. പിന്നെ തറയിലോട്ട് വളരെ പാടു പെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അയാളെ പിടിച്ചെഴുന്നേല്പ്പിച്ച് കരണക്കുറ്റിക്കു മാറി മാറിയടിച്ചു. പിന്നെയും അയാളെ പിടിച്ച് പൊക്കാന്‍ നേരത്താണ് അപ്പുറത്ത് നിന്നൊരലര്‍ച്ച.

”നിര്‍ത്തെടാ”

അതോടെ സമ്പൂര്‍ണ്ണ നിശബ്ദത. ഏ. പി. കുര്യന്റെ ഒച്ച വീണ്ടും മുഴങ്ങി.

”അയാള്‍ക്കു വല്ലതും സംഭവിച്ചാല്‍ ആര് സമാധാനം പറയും? നമ്മള്‍ തൊടങ്ങാന്‍ പോണ സമരം പൊളിയാന്‍ വേറെ വല്ലതും വേണോ?”

” സഖാവേ”

എസ്റ്റേറ്റ് സെക്രട്ടറി എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു.

”വേണ്ട ഒന്നും കേള്‍ക്കെണ്ട അയാളെ പിടിച്ചെഴുന്നേല്പ്പിച്ച് മുറിയിലാക്ക്. ഒരു പോറല്‍ പോലും ദേഹത്തേല്പ്പിക്കരുത്”

കണ്ണില്‍ പൊന്നീച്ച പറന്നെന്നും ചെവിയില്‍ വണ്ടുകള്‍ മൂളുകയായിരുന്നുമൊക്കെ പണ്ടൊരിരട്ടക്കൊലപാതകത്തിന്റെ പാട്ട് പുസ്തകം വില്ക്കുമ്പോള്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ കുര്യനനുഭവപ്പെട്ടത് ഇപ്പോഴാണ്. നിലത്ത് വീണ ബാഗും കുപ്പിയും പൊറോട്ടയുടെ പൊതിയും തപ്പിയെടുത്തപ്പോഴേക്കും രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് അയാളെ താങ്ങി മുറിയിലെത്തിച്ചു.

എന്തിനു വേണ്ടിയായിരുന്നു ഈ പുകിലൊക്കെ? കുര്യന്റെ മനസില്‍ ആ ചോദ്യം അപ്പോഴാണ് ഉയര്‍ന്നത്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here