ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തിനാല്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

 

 

 

നഴ്സ് സാറാമ്മക്കും അതൊരനുഗ്രഹമായി മാറി. ഉച്ചത്തെ ഭക്ഷണം കാന്റീനില്‍ നിന്നും വരുത്തുന്നുവെന്നതൊഴിച്ചാല്‍ , കാലത്തെ ബ്രേക്ക്ഫാസ്റ്റും കാപ്പിയും ഒരുക്കുന്നത് ശശികുമാര്‍ തന്നെയായിരിക്കും. അവിടെയാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് . രാത്രി ഭക്ഷണം അധികവും ചപ്പാത്തിയോ കഞ്ഞിയോ വയ്ക്കാന്‍ സാറാമ്മയും സഹായിക്കും. ആ സമയത്തെ സാറാമ്മയുടെ വേഷമാണു ശശികുമാറിനു സഹിക്കാനാകാതെ വരുന്നത് . പൊതുവെ ഒതുങ്ങിക്കഴിയാനിഷ്ടപ്പെടുന്ന ശശികുമാര്‍ പലപ്പോഴും രാത്രിയിലെ കീടപ്പ് തൊട്ടപ്പുറത്തുളള ലയിനിലെ വേറൊരു തൊഴിലാളിയുടെ കൂടെയാക്കി.

‘ അത് ശരിയാവില്ല താനങ്ങോട്ടു മാറിയാല്‍ അത്യാവശ്യം എന്തെങ്കിലും ഒരെമര്‍ജന്‍സി കേസ് വന്നാല്‍ അറ്റന്ഡ് ചെയ്യാന്‍ ഇവിടെയിരാളില്ലാതെ വരും ഞാനൊറ്റക്കല്ലേ ഉള്ളു ഇവിടെത്തന്നെ വേണം എപ്പോഴും ‘

രോഗികളായി വരുന്നവര്‍ അധികവും തൊഴിലാളികളായതിനാല്‍ ശശികുമാറിനും സാറാമ്മയുടെ നിര്‍ദ്ദേശത്തോടു എതിരു പറയാന്‍ പറ്റിയില്ല.

‘ ഇവിടെയുള്ള സ്റ്റാഫും ഡിവിഷനിലെ അസിസ്റ്റന്റ് മാനേജരും വെറും മണുക്കൂസുകള്‍’

സാറാമ്മ ശശികുമാറിനോട് ഒരിക്കലങ്ങനെ പറഞ്ഞപ്പോള്‍ എന്താ കാരണമെന്ന് ചോദിച്ചതിന് സാറാമ്മയുടെ മറുപടി.

‘ കണ്ടില്ലെ ഒരു ഫീല്‍ഡ് ഓഫീസര്‍ വന്നത് ഇഞക്ഷന്‍ എടുക്കാന്‍ നേരത്ത് ദേഹത്തെ ഷര്‍ട്ടൂരിയപ്പോള്‍ വിയര്‍ത്തു കുളിച്ച് നാറീട്ടടുക്കാന്‍ പോലും വയ്യാത്തെ അവസ്ഥ ഹോ’

ശശികുമാര്‍ ചിരിച്ചു പോയി എങ്കിലും പറഞ്ഞു.

‘ ഫീല്‍ഡില്‍ നിന്നും വരുന്നയാളോട് കുളിച്ചു വന്നാ മതീന്ന് പറയാന്‍ പറ്റ്വോ പിന്നെ കഷത്തിലെ വിയര്‍പ്പ്-” അയാളുടെ പേരെന്നാ ?’

‘ പത്രോസ് സാര്‍ അയാളെ സാറേന്നല്ല വിളിക്കേണ്ടേ….’

പിന്നെ പറഞ്ഞ വാക്കുകള്‍ ഒരു സ്ത്രീയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലാത്തത് കൊണ്ട് ശശികുമാര്‍ തലകുനിച്ചു.

പത്രോസിന്റെ ഫീല്‍ഡിലെ ചില വര്‍ക്കേഴ്സും ആ സമയം അവിടുണ്ടായിരുന്നതിനാല്‍ സാറാമ്മയുടെ വാക്കുകള്‍ ഡിവിഷനില്‍ പെട്ടന്ന് പരന്നു. പന്നെ പല തൊഴിലാളികളും അയാളെ കേള്‍ക്കാതെ പൂട സാര്‍ വന്നു തുടങ്ങി എന്ന് പറഞ്ഞു തുടങ്ങി.

അന്ന് രാത്രി കഞ്ഞി കുടിക്കുന്ന സമയം ശശികുമാര്‍ സാറാമ്മയോടു പറഞ്ഞു.

‘ആ സാറിനെ പറ്റി അന്നൊന്നും പറയരുതായിരുന്നു ഇനി ആ ഡിവിഷനിലെ തൊഴിലാളികള്‍ അങ്ങേരെ വകവയ്ക്കുമോ?’

‘ എടോ ശശികുമാറെ താനും ഒരു ചെറുപ്പക്കാരനല്ലേ താനെന്തിനാ ഈ ആശുപത്രിയില്‍ ജോലിക്ക് വരുമ്പോള്‍ കുളിച്ചൊരുങ്ങുന്നേ? മനുഷ്യനായാല്‍ വൃത്തിയും വെടിപ്പും വേണം. തൊഴിലാളികളിലോ അതില്ല ഇവിടുത്തെ സ്റ്റാഫിനോ അതില്ലെന്നു വന്നാല്‍?”

സാറാമ്മയുടെ പരാതികളൊഴിയുന്നില്ല.

‘ ഈ ഡിവിഷനിലെ അസിസ്റ്റന്റ് മാനേജര്‍, അയാളിങ്ങോട് തിരിഞ്ഞു നോക്കുന്നുണ്ടോ? അങ്ങേരല്ലേ ഇവിടേ കാര്യങ്ങളെങ്ങനെ നടക്കുന്നു എന്നന്വേഷിച്ച് എന്തെങ്കിലും പോരായമകളുണ്ടങ്കില്‍ നിര്‍ദ്ദേശങ്ങള്‍ നല്കേണ്ടത്? ഒരു തവണ ഞാനിവിടുത്തെ കസേരകളൊന്ന് മാറ്റണമെന്ന് പറയാനവിടെ ചെല്ലുമ്പോള്‍ ആ മനുഷ്യനവിടെത്തെ ജോലിക്കാരി പെണ്ണുങ്ങളുമായി സൊള്ളുന്നു. ആ പെണ്ണുങ്ങളില്‍ ഒരെണ്ണമെങ്കിലും വൃത്തിയും വെടിപ്പുമുള്ളതായിരുന്നെങ്കില്‍ വേണ്ടില്ല. അയാള്‍ വിചാരിച്ചാല്‍ അങ്ങനൊരുത്തിയെ കിട്ടാനാണോ പാട്?’

ഡിവിഷനിലെ അസി. മാനേജര്‍ സ്ത്രീ വിഷയത്തില്‍ അത്ര മോശക്കാരനല്ല എന്ന് കേട്ടിട്ടുണ്ടെങ്കിലും ആരെങ്കിലും ഒരു പരാതി അയാളെ പറ്റി പറഞ്ഞ് കേട്ടിട്ടില്ല. മാത്രമല്ല ജോലിക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണെന്നു കേള്‍ക്കുന്നുണ്ട് . നേരെ മറിച്ചാണ് തൊട്ടടുതുള്ള ന്യൂ പ്ലാന്റിംഗ് എക്സ്പേര്‍ട്ട് എന്നു പേരുള്ള സാമുവല്‍. പരാതികള്‍ പലതും ഹെഡ് ഓഫീസിലേക്കു പോയിട്ടുണ്ടെങ്കിലും ഒരോ വര്‍ഷവും പുതിയ കൃഷിയിടങ്ങളില്‍ തൈകള്‍ വച്ചു പിടിപ്പിക്കേണ്ടി വരുമ്പോള്‍ അതിനു പറ്റിയ ഒരേ ഒരാള്‍ എന്നതിനാല്‍ അധികാരികളെല്ലാം ആ പരാതികളുടെ നേരെ കണ്ണടയ്ക്കുകയാണു പതിവ്.

പക്ഷെ സ്കോഫീല്‍ഡിന്റെ കാര്യത്തില്‍ അയാള്‍ കാണിച്ച പല നടപടികളും അതിരു കടന്നതും അനാവശ്യവുമായിരുന്നെന്ന് എസ്റ്റേറ്റ് മനേജരും വിസിറ്റിംഗ് ഏജന്റും ചൂണ്ടിക്കാണിച്ചതിന് പുറമെ താക്കീതും കിട്ടിയ അയാളാകെ തളര്ന്നു പോയിരുന്നു. പക്ഷെ സ്കോഫീല്‍ഡിനു കമ്പനിയില്‍ നിന്നും പുറത്താകേണ്ടി വന്നപ്പോഴേ സാമുവലിനു ഒന്ന് നിവര്‍ന്നു നില്ക്കാനായുള്ളു. ഹെല്‍ത്ത് സെന്റെറില്‍ വല്ലപ്പോഴു സാമുവല്‍ വരുമ്പോള്‍ സാറാമ്മയോടുള്ള അയാളുടെ സംസാരവും പെരുമാറ്റവും പലപ്പോഴും മര്യാദയുടെ സീമ ലംഘിക്കുന്നതാണെങ്കിലും സാറാമ്മക്കും അതിനോടു വിമുഖത ഇല്ലാത്തതിനാല്‍ വിവാദമുണ്ടാകാറില്ല. എങ്കിലും ഒരു കിളവന്റെ നോട്ടപ്പുള്ളിയാകാന്‍ അവള്‍ക്ക് താത്പര്യമില്ല. സാറാമ്മ എപ്പോഴും ചെറുപ്പക്കാരെ, അത് പ്രായം കൊണ്ട് കുറെ ഇളപ്പമുള്ളതാണെങ്കില്‍ പോലും അവരെയാണു നോട്ടമിടാറ്. പക്ഷെ എന്തുകൊണ്ടോ ഇളക്കക്കാരിയായ സാറാമ്മയോട് കുറച്ചകന്ന് നില്ക്കാനാണ് അവര്‍ ശ്രമിക്കാറ്. ആ ദേഷ്യമാണ് സാറാമ്മ ശശികുമാറിനോടു പറഞ്ഞത് .

ഇതൊക്കെ കാണൂമ്പോള്‍ ശശികുമാറിനു ഇപ്പോഴവളൊടു പെരുമാറുന്നത് ഒരു ചങ്കിടിപ്പോടെയാണ്. എങ്ങനെയാണു ഈ ഹെല്‍ത്ത് സെന്ററില്‍ സാറാമ്മയോടൊത്തു കഴിയുക? രാത്രി സമയത്തെ സാറാമ്മയുടെ വേഷവും സംസാരവും അയാളെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് എത്തിച്ചത്. കുറെ നാള്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നാല്‍ സ്റ്റാഫ് കേഡറിലേക്ക് ചിലപ്പോള്‍ നിയമനം കിട്ടാന്‍ സാദ്ധ്യതയുണ്ടെന്ന അറിവാണ് ശശികുമാറിനെ ഇവിടെ കഴിയാന്‍ പ്രേരകമാകുന്നത്.

ഈ സമയത്താണ് അഞ്ചു വര്‍ഷം മുമ്പേറ്റെടുത്ത്, ഒരു കമ്പനിയായി രൂപം കൊണ്ട് ഗവണ്മെന്റ് റബ്ബര്‍ പ്ലാന്റേഷനിലെ വളര്‍ച്ചയെത്തിയ ടാപ്പിംഗ് തുടങ്ങാനുള്ള ചടങ്ങ് , ഒരാഘോഷമാക്കി മാറ്റാന്‍ മാനേജുമെന്റ് തീരുമാനിച്ചത്. പരിശീലനം സിദ്ധിച്ച ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ടാപ്പിംഗ് കത്തികള്‍ കമ്പനിയുടെ ചെയര്‍മാന്‍ നല്കുന്ന ചടങ്ങ് ഗ്രൂപ്പിലെ ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ വച്ചാണു നടത്തുക . കമ്പനിയുടെ ചെയര്‍മാനു പുറമെ മാനേജിംഗ് ഡയറക്ടറു വിസിറ്റിംഗ് ഏജന്റും ഗ്രൂപ്പിലെ എല്ലാ എസ്റ്റേറ്റു മാനേജര്‍മാരും സ്റ്റാഫും പങ്കെടുത്തുകൊണ്ടുള്ള ചടങ്ങ് .സ്റ്റാഫുകളുടെ കൂട്ടത്തില്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്സുമാര്‍ക്കും പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയിരുന്നു. സ്റ്റാഫംഗങ്ങളില്‍ സ്ത്രീയായി സാറാമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.

സാറാമ്മയുടെ അന്നത്തെ ആ വേഷം തൊഴിലാളികള്‍ ഏറെ പങ്കെടുക്കുന്ന ആ ചടങ്ങനിനു അനുയോജ്യമായിരുന്നില്ല. ചടങ്ങു കഴിഞ്ഞുള്ള ചായ സല്ക്കാരത്തിന് ശേഷം ചെയര്‍മാന്‍ എസ്റ്റേറ്റ് മാനേജര്മാരേയും അസി. മാനേജര്മാരേയും കുശലപ്രശ്നങ്ങള്‍ നടത്തുന്ന വേളയില്‍ ചടങ്ങിലെ ഏക സ്ത്രീ എന്ന നിലയില്‍ സാറാമ്മയേയും പരിചയപ്പെടുകയുണ്ടായി.

‘ എന്തു കൊണ്ട് മിലറ്ററി സര്‍വീസില്‍ നിന്നും പോന്നു?’

‘മിലറ്ററി സര്‍വീസാകുമ്പോള്‍ മുരട്ട് സ്വഭാവക്കാരായ പട്ടാളക്കാരുമായാണു ഇടപഴകുന്നത്. പുറം ലോകവുമായി ഒരിടപാടും സാദ്ധ്യമല്ല. ഒരു കുടുംബ ജീവിതം അവിടെയായിരുന്നാല്‍ കിട്ടില്ല എന്നുറപ്പുണ്ടായിരുന്നു അതുകൊണ്ടു പോന്നു’

തലമുതിര്‍ന്ന ഒരു രാഷ്ടീയ നേതാവു കൂടിയായ ചെയര്‍മാന്റെ പുഞ്ചിരിയോടു കൂടിയുള്ള അന്വേഷണം. .

‘ എന്നിട്ട് ഇവിടെ വന്നിട്ട് വല്ല പ്രപ്പോസലും വന്നോ?’

മുഖം കുനിച്ച് എന്നാല്‍ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള മറുപടിയാണു സാറാമ്മ പറഞ്ഞത്.

‘ ഇല്ല സാര്‍ നട്ടെല്ലുള്ള ഒരുത്തനേയും ഇവിടെ കണ്ടില്ല ‘

അതുവരെ ചെയര്‍മാന്റെ കൂടെ നര്‍മ്മരസത്തോടെ നടക്കുകയായിരുന്ന മാനേജിംഗ് ഡയറക്ടര്‍ സാറാമ്മയെ മാറ്റി നിര്‍ത്തി അല്പ്പം ഗൗരവത്തോടെ പറഞ്ഞു.

‘ നിങ്ങളാരോടാ സംസാരിക്കുന്നതെന്നറിയാമോ സ്വാതന്ത്ര്യ സമരത്തില്‍ വരെ പങ്കാളിയായിരുന്ന ഒരു മുതിര്‍ന്ന എല്ലാവരും ബഹുമാനിക്കുന്ന ഒരാളോടാണ് ഈ കൊച്ചു വര്‍ത്തമാനം ‘

അല്പ്പം മാറി നിന്ന ചെയര്‍മാന്‍ തിരിച്ചു വന്ന് എം ഡി യോടായി പറഞ്ഞു.

‘ലിവ് ഇറ്റ് സര്‍.’

തിരിച്ചുള്ള യാത്രയില്‍ വാനിലെ മുന്‍വശത്തെ സീറ്റില്‍ സാറാമ്മയുടെ അടുത്തിരുന്നത് അസി,മാനേജര്‍ സാമുവല്‍.

‘ സാറാമ്മേ താനെപ്പോഴും ചെറുപ്പക്കാരെ തപ്പി നടക്കുന്നതാണ് കൊഴപ്പം. അമ്പത് കഴിഞ്ഞെങ്കിലും എന്നെപ്പോലെയുള്ളവരുടെ അടുത്ത് നില്‍ക്കാന്‍ ഈ ചെറൂപ്പക്കാര്‍ക്കു കഴിയില്ല. താന്‍ വല്ലപ്പോഴും ഞങ്ങളുടെ ക്വേര്‍ട്ടേഴ്സിലേക്കു വാ. ഇന്നത്തെ രാത്രി ഭക്ഷണം അവിടെയാകാം നല്ല മൂരിയിറച്ചി മിസിസ്സ് തയാറാക്കുന്നുണ്ട് ‘

വാനിന്റെ മുന്‍വശത്തെ ഗിയര്‍ ബോക്സിനടുത്താണ് സാറാമ്മയുടെ ഇരിപ്പിടം. ഗിയര്‍ മാറുന്ന വേളകളിലെല്ലാം ഡ്രൈവറുടെ കൈ സാറാമ്മയുടെ ദേഹത്തായിരുന്നു. ആദ്യമൊക്കെ സാറാമ്മ അതാസ്വദിച്ചെന്നു വേണം കരുതാന്‍ ഒരു പ്രതിഷേധമ്വും അവളുടെ ഭാഗത്ത് നിന്നുണ്ടായില്ല . പക്ഷെ ഒരു തവണ ഡ്രൈവരുടെ കൈ നീണ്ടു വന്നപ്പോള്‍ ത്ട്ടിമാറ്റിയത് സാമുവലാണ്.

‘ എന്താടോ തന്റെ പെണ്ണുമ്പിള്ളയുടെ അടുത്ത് പോരെ ഈ പോക്കിരിത്തരം താനിങ്ങോട്ട് ചേര്‍ന്നിരിക്കടോ സാറാമ്മേ’

അയാള്‍ ബലമെന്നോണം സാറാമ്മയെ തന്റെ ദേഹത്തോട് ചേര്ത്തിരുത്തി.

സാറാമ്മ അന്ന് അവൈകീട്ട് സാമുവലിന്റെ ക്വേര്‍ട്ടേഴ്സില്‍ ചെന്നോ എന്ന് ആര്‍ക്കും അറിയില്ല. അറ്റന്‍ഡര്‍ ശശികുമാര്‍ തന്റെ അമ്മ ജോലി ചെയ്യുന്ന അതിരപ്പിള്ളി എസ്റ്റേറ്റില്‍ തങ്ങുകയായിരുന്നതുകൊണ്ട് അയാള്‍ക്കും അതിനെ പറ്റി അറിയില്ല.

ഏതായാലും ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ വച്ചുള്ള ചെയര്‍മാനുമായുള്ള ആ സംഭാഷണത്തോടെ സാറാമ്മക്ക് ഒരു വിളിപ്പേരു വീണു ‘ പട്ടാളം സാറാമ്മ’.

സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന സിനിമാ പേരിനെ അനുസ്മരിപ്പിക്കുന്ന ആ പേര് വ്യാപകമായതോടെ സാറാമ്മയെ കാണുമ്പോള്‍ തൊഴിലാളികള്‍ പ്രത്യേകിച്ചും, സ്ത്രീ തൊഴിലാളികള്‍ ഒളിഞ്ഞും തെളിഞ്ഞും ആ പേര് ഉപയോഗിക്കാന്‍ തുടങ്ങി. ‘ ദേ വരുന്നെടി പട്ടാളം സാറാമ്മ. നട്ടെല്ലുള്ള ആണുങ്ങളെ തപ്പിയുള്ള വരവാ’

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here