ഒരു ദേശം കഥ പറയുന്നു – അധ്യായം – ഇരുപത്തിയെട്ട്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

കമ്പനിയിലെ പിരിച്ച് വിടപ്പെട്ടവരുടെ പട്ടികയില്‍ ഒരു സായിപ്പും വന്നു പെട്ടിട്ടുണ്ട്. ഏത് രാജ്യക്കാരനാണെന്നു അറിയില്ല. ഒരിംഗ്ലീഷുകാരനാണെന്നു മാത്രമറിയാം. ഇംഗ്ലണ്ടോ ഫ്രഞ്ചോ ജര്‍മ്മനോ ഈ രാജ്യങ്ങളിലേതെങ്കിലും ഒന്നില്‍ നിന്നും വന്നതാണെന്നാണ് അനുമാനം. വെളുത്ത് സുഭഗനായ ഒരാള്‍. രണ്ടു സുന്ദരികളായ കൗമാരക്കാരികളായ പെണ്മക്കള്‍ ഭാര്യ ഒരു മലയാളി മുണ്ടക്കയം സ്വദേശി. ടി ആര്‍ ടി കമ്പനിയിലെ ഒരു സ്ത്രീ തൊഴിലാളിയുടെ മകള്‍. സായിപ്പിനു അന്ന് കമ്പനിയില്‍ ജോലിയുണ്ടായിരുന്നപ്പോള്‍ വന്നു പെട്ട ഒരു ബന്ധം.

വില്യംസ് സ്കോഫീല്‍ഡ്. ഫ്രം ടി ആര്‍ ടി കമ്പനി മുണ്ടക്കയം ഈ ഒരു മുഖവുരയോടു കൂടി കയ്യിലെ നിയമന ഉത്തരവ് അടങ്ങിയ കവര്‍ നീട്ടുമ്പോള്‍ ഈ മനുഷ്യന്‍ എങ്ങനെ താരതമ്യേന അക്ഷരാഭ്യാസം പരിമിതമായ തോതില്‍ മാത്രം ലഭിച്ചിട്ടുള്ള തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന സന്ദേഹമൊക്കെ വെറുതെയായി. സായിപ്പ് തൊഴിലാളികളുടെ ഇടയില്‍ പ്രിയങ്കരനായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ഒരു കൗതുക വസ്തുവിനെ നോക്കുന്ന പോലെ അല്പ്പം ദൂരെ മാറി നിന്നു നോക്കുന്ന തൊഴിലാളികളൂടെ പ്രിയങ്കരനായ മേധാവിയായി മാറിയത് വളരെ പെട്ടന്നായിരുന്നു.
മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും തൊഴിലാളികളോടു ഇടപെടാനും ജോലിയില്‍ വേണ്ട നിര്‍ദ്ദേശം കൊടുക്കാനും വളരെ പെട്ടന്നായി. സാമാന്യം നല്ല രീതിയില്‍ മലയാളം സംസാരിക്കും. എങ്കിലും കീഴിലുള്ള ഫീല്‍ഡ് സൂപ്പര്‍ വൈസര്‍മാര്‍ വഴി അവര്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനായത് എസ്റ്റേറ്റ് സുഗമമായ രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. മുന്‍പ് ഇരുന്ന കമ്പനിയില്‍ ന്യൂപ്ലാന്റിംഗ് ഏരിയയിലായിരുന്നു ജോലിയെന്നതിനാല്‍ ഇവിടെയും ആ മേഖലയിലാണു നിയമനം കിട്ടിയത്. അതാണ് അദ്ദേഹത്തിന് പില്ക്കാലത്ത് വന്ന് പെട്ട നിര്ഭാഗ്യകരമായ അവസ്ഥക്കു കാരണവും.

സ്കോഫീല്ഡിന്റെ ഫീല്‍ഡിന്റെ തൊട്ടടുത്ത ഡിവിഷന്‍ കൈകാര്യം ചെയ്തിരുന്നത് ‘ ന്യൂ പ്ലാന്റിംഗ് എക്സ്പര്‍ട്ട് ‘ എന്ന് പേരെടുത്ത സാമുവല്‍ . അദ്ദേഹം ഇപ്പോള്‍ ഏഴെട്ട് വര്‍ഷമായി കാലടി ഗ്രൂപ്പിലെ കല്ലാല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നു. വിടുവേല ചെയ്യാന്‍ തയാറാവുന്ന സ്ത്രീ തൊഴിലാളികളെ പറ്റി ആ തലത്തില്‍ വ്യാപകമായ പരാതികള്‍ മാനേജുമെന്റിനു ലഭിക്കുന്നുണ്ടെങ്കിലും പുതിയ തൈകള്‍ വച്ചു പിടിപ്പിച്ച് തോട്ടമൊരുക്കുന്ന കാര്യത്തിലുള്ള മികവ് കാരണം മാനേജിംഗ് ഡയറക്ടറും വിസിറ്റിംഗ് ഏജന്റും ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ നേരെ കണ്ണടക്കുകയാണ് പതിവ്. മാത്രമല്ല ഒരന്വേഷണം വന്നാല്‍ ഒരു തൊഴിലാളിയും സാമുവലിനെതിരെ ഒരു പരാതിയും പറയില്ലെന്നിരിക്കെ ഇവയൊക്കെ ആരോപണം മാത്രമായി അവശേഷിക്കുകയുള്ളു. ആ മനുഷ്യന്റെ തൊട്ടടുത്ത ഫീല്‍ഡിലാണ് സ്കോഫീല്‍ഡ് വന്നു പെട്ടതിനാല്‍ അയാളുടെ മേല്‍ ഒരു മേല്‍ക്കൈ ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് അയാള്‍ നോക്കിയത്. അതിനയാള്‍ കണ്ട മാര്‍ഗം സ്കോഫീല്ഡിന്റെ പിഴവുകളെന്തൊക്കെയാണ് നോക്കി മനസിലാക്കാനാണ് കുറെ സമയമെങ്കിലും ചിലവഴിച്ചത്.

സ്കോഫീല്‍ഡ് വന്ന് ചാര്‍ജ്ജെടുത്ത് രണ്ടാഴ്ച കഴിഞ്ഞില്ല അയാളെ പറ്റി ആദ്യമായി പരാതി എസ്റ്റേറ്റ് മാനേജരുടെ മുന്നിലെത്തി. തന്റെ ഡിവിഷന്റെ അതിര്ത്തിയോട് ചേര്‍ന്നു കിടക്കുന്ന അടുത്ത ഡിവിഷനിലെ ഫീല്‍ഡ് ഓപ്പറേഷന്‍സ് മുറക്കു നടപ്പാക്കാത്തതിനാല്‍ മുള്ളന്‍ പന്നി , എലി തുടങ്ങിയ യവയുടെ ശല്യം ഏറിയിരിക്കുന്നു. വച്ചു പിടിപ്പിച്ച മുഴുവന്‍ തൈകളും പിഴുതു മാറ്റപ്പെട്ട നിലയിലാണ്. പരാതി കിട്ടിയ ഉടനെ എസ്റ്റേറ്റ് മാനേജര്‍ ആ ഏരിയായില്‍ ഫീല്‍ഡ് ഇന്‍സ്പെക്ഷനു എത്തിയപ്പോള്‍ സ്കോഫീല്‍ഡ് ആ പ്രദേശത്തെ കാടു വെട്ടിത്തെളിച്ചു കഴിഞ്ഞിരുന്നു. അതിനു പ്രാപ്തരായ തൊഴിലാളികളെ കണ്ടെത്തി അവരെ അങ്ങോട്ടയക്കുക മാത്രമല്ല , സ്വയം നേരിട്ട് ജോലിക്കു നേതൃത്വം നല്കുകയും ചെയ്തു കഴിഞ്ഞിരുന്നു. സാമുവലിന് ഇച്ഛാഭംഗം ഉണ്ടാകാന്‍ വേറെയൊന്നും വേണ്ടി വന്നില്ല. എവിടെയും ഏത് ഡിവിഷനിലും ചാരന്മാരെ സൃഷ്ടിക്കാന്‍ സാമുവല്‍ പ്രാപ്തനാണ്. അവര്‍ വഴി കിട്ടിയ വിവരം വച്ചാണ് പരാതി എഴുതി അറിയിച്ചതെങ്കിലും ആ ചാരന്മാരിലൊരുവന്‍ തന്നെ സാമുവലിന്റെ പരാതി പോയ ഉടനെ വിവരം സ്കോഫീല്ഡിനെ അറിയിക്കുകയായിരുന്നു. തന്റെ ശ്രമം വിഫലമായതോടെ അയാളുടെ മുന്‍കാല ചരിത്രം അന്വേഷിക്കലായി പിന്നെ. എന്തു കൊണ്ട് സ്കോഫീല്‍ഡ് ടി ആര്‍ ടി കമ്പനിയില്‍ നിന്ന് പോന്നു? അവിടെന്തെങ്കിലും കുഴപ്പമുണ്ടാക്കി അവര്‍ നിര്‍ബന്ധമായി രാജി വയ്പ്പിച്ചു പിരിഞ്ഞതാണൊ? സ്കോഫീല്‍ഡിന്‍ അവിടെ കിട്ടിയിരുന്ന ശമ്പളം തന്നെയാണൊ ഇവിടെയും? ശമ്പളക്കൂടുതല്‍ പോലും കിട്ടാതെ എന്തിനിങ്ങോട് പോന്നു? അന്വേഷണം തുടങ്ങും മുമ്പേ തന്നെ സ്കോഫീല്ഡിനെ കുടുക്കിലാക്കാന്‍ പോന്ന വേറൊവസരം അയാള്‍ കണ്ടു പിടിച്ചു.

ഓഫീസേഴ്സ് കോണ്ഫ്രന്‍സ് രണ്ടോ മൂന്നോ പ്രാവശ്യം കൂടുമ്പോള്‍ ഹെഡ് ഓഫീസില്‍ വച്ചു നടക്കാറുണ്ട്. വിസിറ്റിംഗ് ഏജന്റിന്റെ ഫീല്‍ഡ് ഇന്‍സ്പക്ഷനു ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനു മുന്നില്‍ വയ്ക്കുന്നതിനു മുന്നേയുള്ള ഒരവലോകന യോഗം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വിവിധ ഗ്ഗ്രൂപ്പുകളിലെ കൊടുമണ്‍ കാലടി പേരാമ്പ്ര എന്നീ എസ്റ്റേറ്റുകളിലെ മാനേജര്‍, അസി. മാനേജര്‍മാരുടേയും കോണ്‍ഫറന്‍ന്റ്സാണ്. വിസിറ്റിംഗ് ഏജന്റിനെ എല്ലാവരും പേടിക്കുന്നത് അദ്ദേഹം തയാറാകുന്ന റിപ്പോര്‍ട്ടില്‍ തങ്ങളുടെയൊക്കെ ജോലികളിലെ വീഴ്ചകളെ പറ്റി എന്തൊക്കെയാവും പറഞ്ഞിരിക്കുക എന്ന ആധിയാണ്.

അദ്ദേഹത്തിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാവും മാനേജര്‍മാരുടേയും അസി. മാനേജര്മാരുടേയും പ്രമോഷനുള്‍പ്പെടെയുള്ള ഭാവി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. ഇങ്ക്രിമെന്റ് കൊടുക്കാതെ വര്‍ഷങ്ങളോളം ഒരേ ശമ്പളത്തില്‍ നിലനിര്‍ത്തുക എന്നതും ശിക്ഷാവിധിയില്‍ പെടുന്നു. ഓരോ ഗ്രൂപ്പിലും ഓരോ ഫീല്‍ഡ് മാനേജര്മാരെ തീരുമാനിക്കുക എന്നതും ഇത്തവണത്തെ മീറ്റിംഗില്‍ ഉണ്ടാവും എന്നും കേള്‍ക്കുന്നു.

വിസിറ്റിംഗ് ഏജന്റിന്റെ ആമുഖ പ്രസംഗത്തിനു ശേഷം ഏരിയാ തിരിച്ചുള്ള എസ്റ്റേറ്റ് മാനേജര്‍മാര്‍ക്കും ഏരിയാ മാനേജര്‍മാര്‍ക്കും അസി. മാനേജര്‍മാര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവസരം വരും. അപ്പോള്‍ പറയേണ്ട കാര്യങ്ങളെ പറ്റി സാമുവല്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നായി പ്ലാന്റേഷന്‍ മാറിയിട്ടുണ്ട്. തുടര്‍ന്നും ആ സ്ഥിതി നില നിര്‍ത്തുക മാത്രമല്ല കൂടുതല്‍ ലാഭം നേടിയെടുക്കുക എന്ന ലക്ഷ്യം സാധിക്കണമെങ്കില്‍ പ്രത്യുദ്പാദന ശേഷിയുള്ള റബ്ബര്‍ തൈകള്‍ കണ്ടെത്തി പ്ലാന്റിംഗ് ഓപ്പറേഷന്‍സ് നടത്തുക എന്നതോടൊപ്പം തുടര്‍ന്നുള്ള പരിപാലനവും ഓരോരുത്തരും മത്സരബുദ്ധ്യാ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം വിസിറ്റിംഗ് ഏജന്റ് മുന്നോട്ടു വച്ചു. തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കാനായി ഓരോരുത്തരെയും ക്ഷണിച്ചു. തന്റെ കീഴിലുള്ള ഡിവിഷനില്‍ വന്നു പെട്ട ചില ബുദ്ധിമുട്ടുകളെ പറ്റിയാണ് സാമുവല്‍ പ്രദിപാദിച്ചത്. തൊട്ടടുത്തുള്ള സ്കോഫീല്ഡിന്റെ ചില പ്രവൃത്തികളെ നിഷ്ക്കരുണം ഇടിച്ചു താഴ്ത്തുന്ന ഒരു ആരോപണമാണ് ഉന്നയിച്ചത്. എല്ലാ അസി. മാനേജര്മാരും അവരവരുടെ ഡിവിഷനുകളിലെ തൊഴിലാളികളെകൊണ്ട് മൂന്നു മണി വരെ പണി ചെയ്യിക്കുമ്പോള്‍ സ്കോഫീല്‍ഡ് പലപ്പോഴും തൊഴിലാളികളുടെ ഇടയില്‍ നല്ല പിള്ള ചമയാന്‍ വേണ്ടി അവരെ രണ്ട് മണിയാകുമ്പോള്‍ കയറ്റി വിടുന്നു. ഈ ആരോപണം കേട്ടപ്പോള്‍ സ്കോഫീല്‍ഡിനേക്കാളൂം അന്തം വിട്ടു പോയത് എസ്റ്റേറ്റ് മാനേജരാണ് . താനറിയാത്ത കാര്യങ്ങളാണ് സാമുവല്‍ വിസിറ്റിംഗ് ഏജന്റിന്റെ മുന്നിലുന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു നടപടിയുമെടുക്കാത്തത് തന്റെ ഒരു വീഴ്ചയായി മാനേജുമെന്റ് കാണും. ഇങ്ങനെയൊരാപോണം തന്റെയടുക്കല്‍ സാമുവലെത്തിച്ചിട്ടില്ല. ആരോപണത്തിനു മറുപടി പറയേണ്ട ഘട്ടം വന്നപ്പോള്‍ ഇംഗ്ലീഷില്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ സ്കോഫീല്‍ഡ് ഉണ്ടായ യഥാര്ത്ഥ വസ്തുത വിവരിച്ചു. ശരിയാണ് ഒരു ദിവസം രണ്ടോ മൂന്നോ തൊഴിലാളികളെ ഞാന്‍ രണ്ടു മണിയാവുന്നതിനു മുന്നേ കയറ്റി വിട്ടിട്ടുണ്ട് ഫീല്‍ഡില്‍ കള പറിക്കുന്ന സമയം ഒരു സ്ത്രീ തൊഴിലാളിക്ക് വിഷം തീണ്ടിയതാണ് കാരണം. പെട്ടന്ന് തന്നെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് അവര്‍ക്കറിയാവുന്ന ചില പ്രാഥമിക നടപടികളെടുത്തതിനു ശേഷം ആ സമയം വരികയായിരുന്ന ഒരു കൂപ്പ് ലോറിയില്‍ ആ സ്ത്രീ തൊഴിലാളിയേയും അവര്‍ക്കു കൂട്ടിനായി വേറെ രണ്ടു പേരെയും അഞ്ച് മൈല്‍ ദൂരെയുള്ള മഞ്ഞപ്രയിലെ ഒരു വിഷ ചികിത്സാ കേന്ദത്തിലേക്ക് കയറ്റി വിട്ടിട്ടുണ്ട്. അത്യാവശ്യം വരുന്ന മരുന്ന് വാങ്ങാനും മറ്റുമായി എന്റെ കയ്യില്‍ നിന്നും കുറച്ച് രൂപയും കൊടുത്തു അങ്ങനെ ഞാനത് ചെയ്തില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കെന്തെങ്കിലും കുഴപ്പം വന്നാല്‍ അതാ ഡിവിഷനിലെ മൊത്തം തൊഴിലാളി പ്രശ്നമായി വളരും. അതൊഴിവാക്കാനാണ് അങ്ങനെയൊരു പ്രവൃത്തി ചെയ്തത്.

കോണ്‍ഫ്രന്‍സ് ഹാള്‍ പ്രായേണ നിശബ്ദമാണ്. എല്ലാവരുടേയും നോട്ടം വിസിറ്റ്ംഗ് ഏജന്റിന്റെ മുഖത്തേക്കാണ്. പക്ഷെ എല്ലാവരുടേയും പ്രതീക്ഷക്കു വിപരീതമായി അദ്ദേഹം തന്റെ സീറ്റില്‍ നിന്നെഴുന്നേറ്റ് സ്കോഫീല്‍ഡിന്റെ അടുത്ത് ചെന്ന് അയാള്‍ക്ക് കൈ കൊടുക്കുകയാണുണ്ടായത്.

‘ യു ഹാവ് ഡണ്‍ എ വെല്‍ ജോബ് താങ്ക്യു’

ആ വാക്കുകള്‍ സാമുവലിനു ഒരു പ്രഹരമായിരുന്നു. ഇനി അയാളെ ഏതു രീതിയിലാണു കൈകാര്യം ചെയ്യേണ്ടതെന്ന് സാമുവലപ്പോള്‍ ചിന്തിച്ചത്.

കോണ്‍ഫ്റന്‍സ് ഫീല്‍ഡ് ഓപ്പറേഷന്‍സിനെ പറ്റി ചില ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നെങ്കിലും അതൊന്നും സാമുവല്‍ ശ്രദ്ധിച്ചില്ല. അയാളുടെ മനസ് വികാര വിചാരങ്ങളാല്‍ കലുഷിതമായിരുന്നു. കോണ്‍ഫറന്സിന്റെ അവസാനം ആരും പ്രതീക്ഷിക്കാത്ത വാക്കുകളാണ് വിസിറ്റിംഗ് ഏജന്റ്ന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

‘ മിസ്റ്റര്‍ സാമുവലും മാനേജരും എന്നെ കണ്ടിട്ടേ മടങ്ങാവൂ’

തന്റെ മുറിയിലെത്തിയപ്പോള്‍ ആദ്യ ചോദ്യം മാനേജരോടായിരുന്നു.

‘ എന്തുകൊണ്ട് താങ്കളി കാര്യത്തില്‍ വേണ്ട നടപടിയെടുത്തില്ല ‘

മാനേജരുടെ മറുപടി സാമുവലിനേറ്റ മറ്റൊരു തിരിച്ചടിയായിരുന്നു.

‘ ഈ മനുഷ്യന്‍ ഇങ്ങനെയൊരാപോണം എന്റെടുക്കല്‍ പറഞ്ഞിട്ടില്ല. ഇപ്പോഴാണ് ഞാനിക്കാര്യം അറിയുന്നത്’

വിസിറ്റിംഗ് ഏജന്റിന്റെ അടുത്ത ചോദ്യം സാമുവലിനോടാണ്.

‘ താങ്കളിക്കാര്യം മാനേജരോട് റിപ്പോര്ട്ട് ചെയ്തോ?’

‘ഇല്ല’ എന്ന് പറഞ്ഞ് സാമുവല്‍ കുമ്പിട്ടിരുന്നതേയുള്ളു.

‘ താങ്കള്‍ക്കറിയാമോ ആ തൊഴിലാളിക്ക് എന്തെങ്കിലും അത്യാഹിതം വന്നു പെട്ടാല്‍ ഉത്തരം പറയേണ്ടി വരിക കമ്പനിയായിരിക്കും. ചിലപ്പോള്‍ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകും. അതൊക്കെ ഒഴിവാക്കി കിട്ടാനുള്ള പ്രായോഗിക ബുദ്ധി സ്കോഫീല്‍ഡ് കാണിച്ചു. പ്ലാനിംഗ് ഓപ്പറേഷനെ പറ്റിയുള്ള ചര്‍ച്ചക്കിടയില്‍ ഇങ്ങനൊരാരോപണം ഉന്നയിച്ച് വിലപ്പെട്ട സമയം കളഞ്ഞതിന് താങ്കള്‍ മറുപടി പറയണം’

തിരിഞ്ഞ് മാനേജരോടായി പറഞ്ഞു.

‘ എസ്റ്റേറ്റില്‍ ചെന്ന് ഇയാളൊരു വിശദീകരണം മേടിച്ചേക്കണം. ഈ മാതിരി പ്രവണത വച്ചു പൊറുപ്പിക്കാനാവില്ല’

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English