ഒരു ദേശം കഥ പറയുന്നു -അധ്യായം – ഇരുപത്തിയേഴ്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

പിന്നെ ഏറെ നാളത്തേക്ക് വാസുവിനെ പറ്റി ആരും അധികമൊന്നും കേട്ടില്ല. മലബാറിലാവുമ്പോള്‍ കൂടെ കൂടെ അയാള്‍ക്ക് വീട്ടില്‍ പോകാന്‍ സാധിക്കുന്നതുകൊണ്ടും പുതുതായി റീജീയണല്‍ ഓഫീസില്‍ കൃത്യമായ ജോലിയില്ല എന്നത് കൊണ്ടും ഈ മാറ്റം, വാസുവിനു വലിയൊരുനഗ്രഹമായിരുന്നു. പിന്നീടയാള്‍ സംസാര വിഷയമാകുന്നത് അയാളുടെ വിവാഹഹക്ഷണക്കത്ത് കിട്ടിയതോടെയാണ്.

‘എല്ലാവരും വരണം നിങ്ങളൊയൊക്കെ ഏറെ ഞാന്‍ ബുദ്ധി മുട്ടിച്ചിട്ടുണ്ട് അതൊന്നും കാര്യമാക്കരുത് നിങ്ങളുടെയൊക്കെ അനുഗ്രഹം വേണം’

തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വച്ചുള്ള വിവാഹച്ചടങ്ങുകളും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒന്നായിരുന്നു. വിവാഹമണ്ഡപത്തിലെ വാസുവിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. നാണം കുണുങ്ങിയും ചിലപ്പോള്‍ പരിഭ്രാന്തനായും കാണപ്പെട്ട വാസു വിവാഹ മണ്ഡപത്തിലെ നടത്തി പ്പുകാര്‍ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ പോലും നേരാവണ്ണം ചെയ്യാനായില്ല. പെണ്‍കുട്ടിക്കാകട്ടെ യാതൊരു കൂസലുമില്ല. വാസു പെണ്‍കുട്ടിയുടെ കഴുത്തില്‍ മാലയിടേണ്ട സന്ദര്‍ഭം വന്നപ്പോള്‍ മടിച്ചു നിന്ന അയാളുടെ കയ്യില്‍ നിന്നും മാല വാങ്ങി സ്വയം കഴുത്തിലണിയുകയാണു ചെയ്തത്. വിവാഹമണ്ഡപത്തില്‍ വലം വയ്ക്കേണ്ട സമയം ആ പെണ്കുട്ടിയാണു വാസുവിന്റെ കൈപിടിച്ച് മുന്നില്‍ നടന്നത്. വാസ്തവത്തില്‍ വധു വാസുവിനെ വിവാഹം കഴിക്കുകയാണുണ്ടായത്.

പത്തു വര്‍ഷത്തിനു ശേഷമാണു വാസുവിനെ പറ്റി കേള്‍ക്കുന്നത്. സസ്പന്‍ഷനിലായ വാസു കൈകാര്യം ചെയ്ത ഫയലുകളും രജിസ്റ്ററുകളും കാഷ് ബുക്കും പരിശോധിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് ഹെഡ് ഓഫീസില്‍ കൊടുക്കണം. റീജണല്‍ ഓഫീസില്‍ ഒരു ജൂനിയര്‍ സ്റ്റാഫായ വാസു റീജണല്‍ മാനേജരുടെ ചുമതല വഹിച്ച നാളുകളായിരുന്നു അധികവും. മാനേജര്‍ ഒരു തമിഴന്‍ കമ്പനിയുടെ ചെയര്‍മാനെ സ്വാധീനിച്ച് അധികവും ലീവിലായിരിക്കും. ഓഫീസില്‍ വന്നാലും രണ്ടൊ മൂന്നോ ദിവസത്തെ പണി മാത്രം. പിന്നെ പുതിയ പ്ലാന്റേഷന്‍ തുടങ്ങാന്‍ പോകുന്ന സ്ഥലത്തെ പ്ലാന്റിംഗ് നടത്തേണ്ട ഭാഗത്തേക്ക് പോകും. അവിടെ കാട് വെട്ടിത്തെളിക്കുന്നതേ ഉള്ളു. പാന്റിംഗ് തുടങ്ങുന്നതിനു ഇനിയും രണ്ട് വര്‍ഷം വേണ്ടി വരും. ഒരു സീനിയര്‍ ഫീല്‍ഡ് ഓഫീസറുടെ ജോലിയേ അവിടുള്ളു. ഓഫീസര്‍ ലീവിലായിരിക്കുന്ന സമയം എന്തെങ്കിലും ഒഫീഷ്യല്‍ ഡ്യൂട്ടിയുടെ കെയര്‍ ഓഫില്‍ വാസുവും എസ്റ്റേറ്റില്‍ പോകും. അവിടെ കെട്ടിയുണ്ടാക്കിയ താത്ക്കാലിക ഓഫീസില്‍ ക്യാമ്പ് ചെയ്യും. ആ സമയം അയാളൊരു ശ്രീകൃഷ്ണനായിരുന്നെത്രെ. ഓഫീസറുടെ ചാര്‍ജുള്ള ആളെന്ന നിലയില്‍ വര്ക്ക് സൂപ്രണ്ടുമാരും മേസ്ത്രിമാരും വാസുവിനു എന്തു സഹായമാണ് വേണ്ടതെന്നു വച്ചാല്‍ തയാര്‍. ആ അവസരം വാസു മുതലാക്കി. ഗോപികമാരായി ,അടുത്തു കൂടിയ സ്ത്രീ തൊഴിലാളികള്‍ ആവുന്നത്ര രൂപ വാസുവില്‍ നിന്നും ഈടാക്കും. പിന്നീട് ഓഫീസിലിരിക്കുമ്പോള്‍ പോലും ഫീല്‍ഡില്‍ നിന്നും തൊഴിലാളികള്‍ മൈലുകള്‍ താണ്ടി വരാന്‍ തുടങ്ങി. അധികവും സ്ത്രീ തൊഴിലാളികള്‍. ലഷ്യം ഒന്നു മാത്രം. ആവുന്നത്ര സഹായം വാസുവില്‍ നിന്ന് ഈടാക്കുക. അതിന്റെയൊക്കെ പരിണിത ഫലം ഇപ്പോള്‍ വാസുവിന്റെ സസ്പെന്‍ഷനില്‍ എത്തിയിരിക്കുന്നു.

റീജണല്‍ ഓഫീസിലെ ബുക്കുകളും കണക്കുകളും പരിശോധിക്കാന്‍ തുടങ്ങിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. തൊഴിലാളികളൂടെയും സ്റ്റാഫിന്റേയും ശമ്പളത്തിന്റെയും വേതനത്തിനു വേണ്ടുന്ന തുകയും അവിടെ വിതരണം ചെയ്യുന്ന തുകയും തമ്മില്‍ സാരമായ വ്യത്യാസം. മാത്രമല്ല അനാമത്ത് ചെലവ് എന്ന പേരില് ചിലവിടുന്നതായി എഴുതി പിടിപ്പിച്ച തുക അവിടെ വേണ്ടി വന്നിട്ടില്ല. റീജണല്‍ ഓഫീസ് തുടങ്ങിയതു മുതല്‍ ഇന്നേവരെ അവിടെ ഇന്റേണല്‍ ഓഡിറ്റിംഗ് നടന്നിട്ടില്ല. അതിന്റെ തകരാറാണ് അക്കൗണ്ട്സ് പരിശോധിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്. ഇപ്പോള്‍ തന്നെ ഇത് ഹെഡ് ഓഫീസില്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണം സ്റ്റേറ്റ് അക്കൗണ്ട് ജനറലിന്റെ വിജിലന്‍സ് വിംഗ് നടത്തിയ പരിശോധന മൂലമാണ്. വാസുവിനെ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്ത മാനേജിംഗ് ഡയറക്ടര്‍ നാരായണ സ്വാമി തിരിച്ച് ഗവണ്മെന്റ് സര്‍വീസിലേക്ക് മടങ്ങിപ്പോയതോടെ എന്തെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായതോടെ വാസുവിനു വ്യക്തമായ വിശദീകരണവും നല്കാനാവാതെ പോയി. കണക്കുകള്‍ പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ വാസു സ്ഥലത്തുണ്ട്. റീജണല്‍ ഓഫീസിന്റെ സമീപത്തുള്ള ക്വേര്‍ട്ടേഴ്സിലാണു താമസം. വാസു മൂന്നു കുഞ്ഞുങ്ങളുടെ അച്ഛനായ വിവരം പറഞ്ഞപ്പോള്‍ ഭാര്യയും മക്കളൂം ഇല്ലാതെ ഇവിടെ ഒറ്റയാന്‍ തടിയായി കഴിയേണ്ട കാര്യമെന്ത് എന്ന് ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും നല്കിയില്ല.

”അതെന്താ വാസു വല്ലപോഴും അവരെയിവിടെ കൊണ്ടു വന്നു കൂടെ? ഇവിടെ കുട്ടികളാകുമ്പോള്‍ പാര്‍ക്കിലും ബീച്ചിലും പോവാനും വല്ലപ്പോഴുമൊരിക്കല്‍ ഒരു സിനിമക്കോ ഹോട്ടലിലോ പോവാനും അവര്‍ക്ക് താല്‍പര്യം കാണില്ലേ”

ആ മാതിരി വിഷയങ്ങള്‍ പറയുമ്പോള്‍ വാസു വേഗം വേറെന്തെങ്കിലും വിഷയത്തിലേക്കു കടക്കും.

കണക്ക് പരിശോധനയുടെ അവസാനഘട്ടത്തില്‍ ഭീമമായ തുകയുടെ തട്ടിപ്പ് കണ്ടെത്തിയ നിമിഷത്തില്‍ വാസുവിനെ വിളീച്ച് വിവരം പറഞ്ഞപ്പോള്‍

”വാസു എന്താണിതൊക്കെ? ഇതൊക്കെ വിശ്വസിക്കാമോ”

”വിശ്വസിക്കണം സാര്‍ മനുഷ്യന് കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തണം. കമ്പനിയില്‍ വന്ന ആദ്യത്തെ എട്ടു പത്തു കൊല്ലം എന്നെ എല്ലാവരും പൊട്ടനാക്കുകയായിരുന്നു. അങ്ങനെയാക്കിയവരെല്ലാം ഞെളിഞ്ഞു നടക്കുന്നു. അവരുടെ മുന്നില്‍ എനിക്കൊന്നു നേരെ നിവര്‍ന്ന് നില്ക്കണമായിരുന്നു. അതേ ഞാന്‍ ചെയ്തൊള്ളു”

പിന്നെ വാസു ഇങ്ങോട്ടായി ചോദ്യങ്ങള്‍.

‘എന്തൊക്കെയാ സാറിന്റെ വിശേഷങ്ങള്‍? സാറിനും കുടുംബത്തിനും സുഖമല്ലേ?”

വാസു പഴയ പടി തോളത്ത് കൈവയ്ക്കുമോ എന്ന് സംശയിച്ചെങ്കിലും അതുണ്ടായില്ല.

”വാസുവിന്റെ കുട്ടികളൊക്കെ എവിടം വരെ ആയി?”

”ഭാര്യ പ്രസവിച്ചു മൂന്നും പെണ്‍കുട്ടികള്‍ അവരൊക്കെ പഠിക്കുന്നു”

”ഏത് ക്ലാസിലെത്തി?”

”ആരന്വേഷിക്കുന്നു സാര്‍ അതൊക്കെ അന്വേഷിക്കണ്ടയാള്‍ അന്വേഷിച്ചോളും ഞാനവിടെ പോകാറില്ല”

ഒരു ഷോക്ക് അതാണനുഭവപ്പെട്ടത് എന്തൊക്കെയാണിയാള്‍ പറയുന്നത്.

”വാസു ഇങ്ങനെയൊന്നും പറയരുത് ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണങ്ങിയെന്ന് വരും. അതൊക്കെ എല്ലായിടത്തുമുള്ളതാണ് അതിന്?”

”സാര്‍ സാറിനൊന്നും അറിയില്ല അവളെന്റെ ഭാര്യയല്ല. ആ കുട്ടികളും എന്റെയല്ല. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി കല്യാണം കഴിച്ചെന്നേയുള്ളു. അമ്മ മരിച്ചതില്‍ പിന്നെ ഞാനവിടെ പോകാറില്ല എപ്പോഴവിടെ എനിക്കാരുമില്ല”

ഇതു പറഞ്ഞതും വാസു പൊട്ടിക്കരഞ്ഞതും ഒപ്പമായിരുന്നു.

വാസു ആദ്യമായി പൊട്ടിക്കരയുന്നത് കാണുകയാണ്. പണ്ട് കാലടിയില്‍ കിണറ്റിറങ്ങിയപ്പോള്‍ വീണ് കൈക്കും കാലിനും മുറിവേറ്റപ്പോള്‍ വലിയ വായില്‍ ഒച്ച വെച്ചുവെന്നല്ലാതെ വാസു ഇങ്ങനെ കരഞ്ഞു കണ്ടിട്ടില്ല. ഇപ്പോഴിതാ ഓഫീസില്‍ ഉച്ച കഴിഞ്ഞ സമയം വാസുവല്ലാതെ ഇവിടുള്ളത് പ്യൂണ്‍ മാത്രം. വിഷയം മാറ്റാനായി വാസുവിന്റെ അഭ്യുദയകാംഷിയായ പഴയ എം ഡിയേയും അദേഹത്തിന്റെ ഭാര്യയേയും പറ്റിയും തിരക്കിയപ്പോള്‍ വാസുവിന്റെ വേറൊരു മുഖം കണ്ടു. അയാളാകെ ക്രുദ്ധനായി. മുഖം ചുവന്നു തുടുത്തു. കണ്ണൂകള്‍ ക്രോധം കൊണ്ട് കലങ്ങി മറിഞ്ഞു.

”എന്നെ ഈ നിലയില്‍ എത്തിച്ചത് ആ സ്ത്രീയാണ്. അവര്‍ സ്ത്രീയല്ല സാര്‍ ശരിക്കുമൊരു മൃഗം. ഇപ്പോഴെങ്ങാനുമായിരിക്കണം എന്റെ കയ്യില്‍ കിട്ടിയാല്‍ അവരെ ഞാന്‍”

പിന്നെ വാസു അവിടെ നിന്നില്ല. പോകാന്‍ നേരം ക്വേര്‍ട്ടേഴ്സിന്റെ താക്കോല്‍ പ്യൂണീനെ ഏല്പ്പിച്ചിട്ട് സാര്‍ നാട്ടിലേക്കൊന്നു പോണം എന്നു പറഞ്ഞു പോയ വാസുവിനെ ഇന്നേവരെ കണ്ടിട്ടില്ല. ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടൂ പിടിച്ചെങ്കിലും ഫൈനല്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുന്നേ ചില വിവരങ്ങള്‍ ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല. പണാപഹരണത്തിനും വഞ്ചനക്കും വാസുവിനെതിരെ പോലീസ് നടപടികളുണ്ടായി. പക്ഷെ അന്വേഷണം മുന്നോട്ട് കൊണ്ടു പോക്കാനായില്ല. എതിര്‍ഭാഗത്തുള്ള വാസുവിനെ കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസുവിനെ കണ്ടവരാരുമില്ല.

പണ്ട് കാലടി ഗ്രൂപ്പില്‍ ആദ്യമായി കണ്ടപ്പോഴുള്ള വാസുവിന്റെ മുഖമാണു മനസില്‍.
എന്തായിരുന്നു വാസുവിന്റെ പ്രശ്നം? ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അങ്ങനെ തന്നെ അവശേഷിക്കുന്നു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here