ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിമൂന്ന്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

” ഒരാഴ്ച റെസ്റ്റെടുക്ക് കഴിക്കണ മരുന്നുകൊണ്ട് മാറും”

ഡൊക്ടറുടെ വാക്കുകള്‍ ഫലിച്ചില്ല. ത്രേസ്യാക്കുട്ടിയുടെ ക്ഷീണവും തളര്‍ച്ചയും കൂടിയതേ ഉള്ളു. ഭക്ഷണത്തോട് വിമുഖത. അവസാനം അങ്കമാലി ലിറ്റില്‍ ഫ്ലവറില്‍ പോകാന്‍ തീരുമാനിച്ചു. എല്‍ദോ പ്ലാന്റേഷനില്‍ ആ ആഴ്ച രണ്ടു ദിവസമേ പോയൊള്ളു. ത്രേസ്യാമ്മ പത്തു ദിവസത്തെ അവധിക്കപേക്ഷിച്ച് വീട്ടില്‍ തന്നെ.

വിശദമായ ചെക്കപ്പ് നടത്തിയപ്പോഴാണറിഞ്ഞത് വന്ന് പെട്ടിരിക്കുന്നത് പ്രമേഹമാണ്. കുറെ നാളത്തെ ചികിത്സയും വിശ്രമവും വേണം.

ത്രേസ്യാക്കുട്ടിയേപ്പോലുള്ളവര്‍ പണിക്കു പോകാതെ ആശുപത്രി ചികിത്സയും വിശ്രമവും ആയി വീട്ടിലിരിക്കാന്‍ പറ്റുമോ?

അവസാനം നീണ്ട അവധിയായിരുന്നു ത്രേസ്യാമ്മക്ക്. മരുന്നും ഇഞ്ചക്ഷനും കുറെ നാളത്തെ ആശുപത്രി വാസവും ആയതോടെ ആളൊന്നു ചടച്ചതേയുള്ളു. പിന്നെ വീട്ടില്‍ കുത്തിയിരുപ്പ് തന്നെ. ലിറ്റില്‍ ഫ്ലവറിലെ ചിലവ് താങ്ങാനുള്ള കോപ്പൊന്നും ഇല്ലാത്തതുകൊണ്ട് മരുന്ന് കഴിക്കലൊക്കെ വല്ലപ്പോഴുമായി. ആറ് മാസം കഴിഞ്ഞതോടെ കല്ലലമോഹിനി എന്ന വിളീപ്പേരുള്ള ത്രേസ്യാമ്മ ഇപ്പോള്‍ ആ വിളിപ്പേരില്‍ മാത്രമൊതുങ്ങി. നെറ്റിയിലും കവിളത്തും ചുളിവു വീണു. ശരീരം മെലിഞ്ഞു, കണ്ണു കുഴിഞ്ഞു. മാസത്തിലൊന്നോ രണ്ടോ തവണമാത്രം എന്ന നിലയിലാണ് തോട്ടത്തില്‍ പണിക്ക് പോകുന്നത്. വീട്ടിലാണെങ്കില്‍ നിത്യ ദാരിദ്ര്യവും. അമ്മച്ചിക്കും അപ്പച്ചനും ഇപ്പോള്‍ ത്രേസ്യാമ്മയോട് പഴയ താത്പര്യമില്ല. കുടുംബത്തിലെ വരുമാനം നിലച്ചതോടെയുള്ള അവസ്ഥ ഏറെക്കുറെ നീങ്ങിയിരുന്നില്ലെന്നു മാത്രം.

ത്രേസ്യാമ്മയുടെ മകരത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മിന്നു കെട്ട് നടന്നില്ലെന്നു മാത്രമല്ല ഇനി ഈ അവസ്ഥയില്‍ ആ മോഹം അവള്‍ വച്ചു പുലര്‍ത്തുന്നുമില്ല. എല്‍ദോക്കും ഇപ്പോള്‍ ആ മോഹമില്ല. വീട്ടിലെ ഏറ്റവും പ്രായം കൂടിയ ആള്‍ ത്രേസ്യാമ്മയാണെന്നേ തോന്നു. മുടി നരച്ചിട്ടില്ല എന്നു മാത്രം.

ഒരു വര്‍ഷം തട്ടിയും മുട്ടിയും പോയി. ത്രേസ്യാമ്മയുടെ അപ്പച്ചന് ശ്വാസം മുട്ടും ചുമയും ഉണ്ടെങ്കിലും വല്ലപ്പോഴും കൂലിപ്പണിക്കു പോകും. വീട്ടിലെ നിത്യ ദാരിദ്ര്യം തന്നെ കാരണം. റോസിയുടെ വരുമാനം കൊണ്ട് അടുപ്പില്‍ തീ പുകയുന്നു. വല്ലപ്പോഴും എല്‍ദോയുടെ സഹായം കൊണ്ടും കൂടിയാണ്.

പിറ്റെക്കൊല്ലം മകരമാസത്തില്‍ റോസിയും എല്‍ദോയും തമ്മിലുള്ള കല്യാണമാണ് നടന്നത്. ത്രേസ്യാമ്മയുടെ മൗനാനുവാദത്തോടെ. അങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടട്ടെയെന്നായിരുന്നു അവളുടെ കണക്കുകൂട്ടല്‍. പക്ഷെ അത് വെറുതെയായി. ഇപ്പോള്‍ എല്‍ദോ റോസിയേയും കൂട്ടി ത്രേസ്യാമ്മയുടെ അടുക്കല്‍ പോവുന്നത് വല്ലപ്പോഴും എന്ന മട്ടിലായി. അവസാനം വല്ലപ്പോഴും പോകുന്നത് എല്‍ദോ മാത്രമായി. ഒരു തവണ റോസി വന്നപ്പോള്‍ പറഞ്ഞെന്നാണു കേള്‍വി മരുന്നൊന്നും വാങ്ങിത്തരാന്‍ ഞങ്ങളെക്കൊണ്ടാകില്ല ഞങ്ങടെ ചിലവ് കൂടിക്കൂടി വരുന്നു. ഇനി വേറെന്തെങ്കിലും മാര്‍ഗമുണ്ടോ എന്നു നോക്കിക്കോ റോസിയുടെ പ്രസവം അടുത്തതോടെ എല്‍ദോ അവിടെ പോകുന്നതു പോലും വിലക്കി. ഇപ്പോള്‍ അപ്പച്ചനും അമ്മച്ചിയും കുറ്റം പറയുന്നത് ത്രേസ്യാമ്മയെ ആണ്. ഉള്ള പണിയും കളഞ്ഞ് ഇവിടെ കുത്തിയിരുന്നിട്ട് എന്തു ചെയ്യാനാണ്.

ഇടിവെട്ടും മഴയും ഉണ്ടായ ഒരു രാത്രിയില്‍ അപ്പച്ചനും വിട്ടു പോയതോടെ അമ്മച്ചിയെ മാത്രം റോസിയും എല്‍ദോയും അവരുടെ വീട്ടിലേക്കു കൊണ്ടു പോയി. വീട്ടില്‍ ത്രേസ്യാമ്മ മാത്രം എന്ന സ്ഥിതി – പക്ഷെ ഇപ്പോള്‍ അവളും പോയിരിക്കുന്നു എവിടെ? ആര്‍ക്കും അറിയില്ല.

ഹെഡ് ഓഫീസില്‍ കാഷ് ബുക്ക് കൈകാര്യം ചെയ്യുന്ന അക്കൗണ്ടന്റ് വെങ്കിടേശ്വരായ്യര്‍ നടത്തിയ ഭീമമായ വെട്ടിപ്പിന്റെ കഥ പുറത്തു വന്നതോടെ ഓഡിറ്റേഴ്സിനു രണ്ടാഴ്ചക്കാലം കോട്ടയത്ത് തങ്ങേണ്ടതായി വന്നു. പ്രിലിമിനറി എന്‍ക്വയറിയില്‍ രണ്ടു ലക്ഷത്തിലേറെ തുകയാണ് അടിച്ചു മാറ്റിയത്. വെങ്കിടിയെന്നും സ്വാമിയെന്നും വിളിക്കുന്ന അയാളെ ഇപ്പോള്‍ എല്ലാവരും കള്ളപ്പട്ടര് എന്നായി വിളി.

ഹെഡ് ഓഫീസില്‍ ചീഫ് അക്കൗണ്ടന്റ് ഓഫീസറുടെ നിയന്ത്രണത്തിലാണ് കാഷ് ഇടപാടുകളെന്നതിനാല്‍ കാഷ് വൗച്ചറുകളും കാഷ് വെരിഫിക്കേഷനും ഒരിക്കലും ഇന്റേണല്‍ ഓഡിറ്റേഴ്സിന്റെ പരിശോധനയില്‍ പെടുന്നതല്ല. ഹെഡ് ഓഫീസ് ഒഴിച്ച് തോട്ടങ്ങളിലെ അക്കൗണ്ട്സ് മാത്രം പരിശോധിക്കുന്ന അവസ്ഥയേ ഇന്റേണല്‍ ഓഡിറ്റേഴ്സിനുള്ളു എന്നതുകൊണ്ട് കാഷ് കൈകാര്യം ചെയ്യുന്ന വെങ്കിടിക്ക് തട്ടിപ്പ് നടത്താനുള്ള സൗകര്യവും വീണൂ കിട്ടി.

എന്തു കൊണ്ട് ഹെഡ് ഓഫീസ് അക്കൗണ്ട്സും എഞ്ചിനീയറിംഗ് അക്കൗണ്റ്റ്സും ഓഡിറ്റിംഗിനു വിധേയമാക്കുന്നില്ല? ചീഫ് അക്കൗണ്ട് ഓഫീസറോട് ചോദിച്ചിട്ടുള്ളതാണ്. മറുപടി വന്നത് ഇങ്ങനെ.
ഇവിടെ ഞങ്ങളുടെ തൊട്ട് മുമ്പില്‍ നടക്കുന്ന കാഷ് ഇടപാടുകള്‍ ഞങ്ങള്‍ തന്നെ പരിശോധിക്കുന്നുണ്ട്. പിന്നിവിടെ വേറൊരു ഓഡിറ്റിംഗ് നടത്തേണ്ടതില്ല. ഇങ്ങനെയുള്ള ചീഫ് അക്കൗണ്റ്റ് ഓഫീസറുടെ വിലയിരുത്തല്‍ വെങ്കിടിക്ക് വെട്ടിപ്പ് നടത്താന്‍ സൗകര്യമായി. പലിശക്കു പണം കൊടുക്കുന്ന പരിപാടിക്കു വേണ്ടുന്ന മൂലധനമൊരുക്കലിനാണ് ഈ വഴി വിട്ട മാര്ഗം സ്വീകരിച്ചത്.

ദൈനം ദിന ചിലവുകള്‍ക്ക് ഒരാഴ്ച നാലോ അഞ്ചോ ലക്ഷം രൂപ വേണ്ടിടത്ത് വെങ്കിടേശ്വരയ്യര്‍ ചാര്‍ജെടുത്തതോടെ എട്ടും പത്തും ലക്ഷമായി മാറി. ദിവസേന കാഷ് ബുക്ക് എഴുതി ക്ലോസ് ചെയ്ത് ചീഫ് അക്കൗണ്ടന്റ് ഓഫീസറുടെ ഒപ്പു വയ്ക്കണമെന്നത് വെങ്കിടേശ്വരയ്യര്‍ ചാര്‍ജെടുത്തതോടെ ആഴ്ച്ചയില്‍ ഒരിക്കല്‍ എന്ന നിലയിലായി. ഇത്രമാത്രം വ്യത്യാസം വന്നപ്പോഴെങ്കിലും ഈ കാല താമസത്തിന്റെ കാരണമെന്തെന്ന് അന്വേഷിക്കാവുന്നതേ ഉള്ളു. പക്ഷെ സ്വന്തം വര്‍ഗത്തില്‍ പെട്ടവനായതുകൊണ്ട് കൊണ്ടു വന്നു വയ്ക്കുന്ന വൗച്ചറുകള്‍ യാതൊരു പരിശോധനയും കൂടാതെ പാസാക്കി കാഷ് ബുക്ക് ഒപ്പിടുന്ന രീതിയായിരുന്നു. ഫലത്തില്‍ വെങ്കിടിയുടെ കച്ചവടത്തിനു കാരണമായത് അറിയാതെയാണെങ്കിലും വെങ്കിടിയും ചേര്‍ന്നുള്ള ഒരു കൂട്ടു കച്ചവടം എന്നാരെങ്കിലും വ്യാഖ്യാനിച്ചാല്‍ അതിനെ തെറ്റു പറയാന്‍ പറ്റില്ല.

ഇപ്പോഴീ വെട്ടിപ്പ് പുറത്തു വരാന്‍ കാരണം വെങ്കിടേശ്വരയ്യര്‍ മൂന്നു ദിവസത്തെ അവധി യെടുത്ത് നാട്ടില്‍ പോയതു മൂലമാണ്. ഭാര്യയേയും കുട്ടിയേയും കൂട്ടി വീട്ടില്‍ നടക്കുന്ന മതപരമായ ഒരു ചടങ്ങ്. ഭീമമായ ഒരു തുക ഹെഡ് ഓഫീസ് സ്റ്റാഫിനു അത്യാവശ്യമായി വിതരണം ചെയ്യേണ്ട ആവശ്യം വന്നപ്പോള്‍ കാഷ് ബാലന്‍സ് ഏറെക്കുറെ ഏതാനും ആയിരം രൂപ മാത്രം. വെങ്കിടി പോകുന്നതിനു മുന്നേ രണ്ട് ലക്ഷം രൂപയുടെ ഒരു ചെക്ക് ഒപ്പിട്ടത് ചീഫ് അക്കുണ്ടന്റ് ഓഫീസര്‍ക്ക് ഓര്മ്മ വന്നതോടെ വളരെ ഗോപ്യമായെന്നവണ്ണം അദ്ദേഹം വിശ്വസ്തനായ അക്കൗണ്ട് ഓഫീസര്‍ ഒരാളേയും കൂട്ടി വെരിഫിക്കേഷന്‍ നടത്തി കാഷ് ചെസ്റ്റിലെ കാഷ് ബാലന്‍സ് പരിശോധന നടത്തുന്ന വേളയിലാണ് തിരുവനന്തപ്പുരത്തു നിന്ന് അക്കൗണ്റ്റന്റ് ജനറല്‍ പാര്‍ട്ടിയുടെ ഫ്ലയിംഗ് സ്വാഡ് വിഭാഗത്തിന്റെ വരവ്. അവര്‍ വന്നതോടെ കുറെ നേരത്തേക്ക് കാഷ് ബുക്കും വൗച്ചറുകളും അവരുടെ കസ്റ്റഡിയില്‍ ആയി.

ഏതാനും മണിക്കുര്‍ നേരത്തെ പരിശൊധനയില്‍ പല ക്രമക്കേടുകളും കണ്ടു പിടിച്ചു. പല ക്യാഷ് രശീതുകളും കാഷ് ബുക്കില്‍ വരവ് വന്നിട്ടില്ല. എഞ്ചിനീയറിംഗ് വിഭാഗം ഒരു ലോക്കല്‍ മെയിന്റെനന്സ് വേണ്ടിയുള്ള ടെണ്ഡര്‍ നടപടികള്‍ക്ക് കോണ്ട്രാക്ടര്‍മാരില്‍ നിന്ന് ഒരാഴ്ച മുമ്പ് പിരിച്ച് തുകയൊന്നും കാഷ് ബുക്കില് വന്നിട്ടില്ല. എല്ലാം കൊണ്ടും അരക്ഷിതാവസ്ഥ. ചീഫ് അക്കൗണ്റ്റന്റ് ഓഫീസര്‍ നിന്ന നില്പ്പില്‍ വിയര്‍ത്തു കുളിച്ചു. ഫ്ലയിംഗ് സ്കോഡിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കൊടുക്കാനാകാതെ കൃഷ്ണമൂര്‍ത്തി കുഴങ്ങി. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സാധാരണ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന പ്രക്രിയ യാണ്.

കഴിഞ്ഞ തവണ പരിശോധന കഴിഞ്ഞ് പോയിട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് വീണ്ടും വന്നു പെട്ടത്. ഇതെങ്ങനെ സംഭവിച്ചു ആരോ ഊമക്കത്തയച്ചതിന്റെ പേരിലാകുമോ?

കൃഷ്ണമൂര്‍ത്തി വെങ്കിടിക്ക് ഒരു സഹായം ചെയ്തു. ഓഫീസിലെ പ്യൂണിനെ രഹസ്യമായി അയാളുടെ വീട്ടിലെത്തിച്ച് വന്നു പെട്ട വിപത്തിനെ കുറിച്ച് വിവരമറിയിച്ചു. ക്രിമിനല്‍ കേസില്‍ പെടുമെന്നും ചിലപ്പോള്‍ അഴിയെണ്ണേണ്ടി വരുമെന്നുമായപ്പോള്‍ അയാള്‍ ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചും കുറെയൊക്കെ വിറ്റും പിന്നെ കുറെ തുക നാട്ടിലെ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയും അക്കൗണ്ടസ് സ്ക്വാഡ് കണ്ടെത്തിയ തുക അടച്ച് കേസില്‍ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ജോലി നഷ്ടപ്പെടുകയും ചെയ്തു. ഈ പ്രക്രിയയുടെ പിന്നാലെ വെങ്കിടി കൈകാര്യം ചെയ്ത പേപ്പറുകളെല്ലാം പരിശൊധിച്ച് ഒരു നിഗമനത്തിലെത്താന്‍ രണ്ടാഴ്ച വേണ്ടി വന്നു. വീണ്ടും രണ്ടാഴ്ച കഴിഞ്ഞേ കാലടി ഗ്രൂപ്പിലേക്കു മടങ്ങാനായുള്ളു.

സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട വെങ്കിടിയെ പിന്നീടൊരിക്കലേ കണ്ടിട്ടുള്ളു. കോട്ടയം റെയി വേ സ്റ്റേഷനില്‍ വച്ച് യാദൃശ്ചികമായുള്ള ഒരു കണ്ടു മുട്ടല്‍ മുന്നിലേക്കു വരാന്‍ സ്വാമി മടിച്ചു എങ്കിലും വന്നു വന്നപാടെ പറയുന്നത് ഇത്രമാത്രം.

” സാറെ ഞാന്‍ നിരപരാധിയാ ആ കേസ് എന്നെ കുടുക്കാന്‍ വേണ്ടി ആരോ കെട്ടിച്ചമച്ചതാ”

തിരിച്ചൊന്നും പറഞ്ഞില്ല. ചോദിച്ചതിത്രമാത്രം.

”സ്വാമിയിപ്പോഴെവിടെയാ? എന്താ ജോലി?”

” ജീവിക്കേണ്ടേ? പ്രാരാബ്ധങ്ങളായി അതിനുള്ള ഓടി നടക്കലാ”

ആ സംഭാഷണം മുന്നോട്ടു പോയില്ല. അപ്പോഴേക്കും ട്രയിന്‍ വന്നതാണു കാരണം. അതിനു ശേഷം സ്വാമിയെ ആരും കണ്ടില്ല. മനസിലപ്പോള്‍ കയറി വന്നത് ഇപ്പോള്‍ സാറെയെന്നു വിളീച്ച ഈ മനുഷ്യന് കുറച്ചഹമ്മദിയോടെ പെരുമാറിയ ഒരു സന്ദര്‍ഭം ഓഡിറ്റിംഗിനു വേണ്ടി യാത്ര പുറപ്പെടുന്നതിനു മുന്‍പ് അഡ്വാന്‍സ് ചോദിച്ച് ചെന്നപ്പോഴാണ്. അതും ഓഡിറ്റ് വിഭാഗത്തിന്റെ തലവന്റെ ഒപ്പോടു കൂടിയ പേപ്പറോടു കൂടി ചെന്ന നേരം .

”കഴിഞ്ഞയാഴ്ചയല്ലേ അഞ്ഞൂറ് രൂപ തന്നത് എസ്റ്റേറ്റിലാണെങ്കില്‍ ഐബിയില്‍ താമസിക്കാന്‍ കഴിയും. ഭക്ഷണവും കിട്ടും. പിന്നെന്തിനാണ് ഇത്രയും രൂപ?”

ഒരു സാദാക്ലാര്‍ക്ക് ഓഫീസര്‍ വിഭാഗത്തിലുള്ള ഒരാളോടു സംഭാഷണം. അതും അക്കൗണ്ടന്റ് വിംഗിലെ മറ്റുള്ള സ്റ്റാഫിന്റെ മുന്നില്‍ വച്ച്. ചീഫ് അക്കൗണ്ടന്റ് ഓഫീസറുടെ അനുഗ്രഹാശിരസുണ്ടെന്നുള്ള ഊറ്റം കൊണ്ട്. ആരേയും കൂസാതെ എന്തും പറയാമെന്നുള്ള തോന്നല്‍”

അഡ്വാന്‍സ് വാങ്ങാതെ തന്നെ സ്ഥലം വിട്ടു. പോകാന്‍ നേരം ഇത്രമാത്രം പറഞ്ഞു.

”വയ്ക്കത്തഷ്ടമി നാളില്‍ ഉച്ചസമയത്തെ അന്നദാന സമയത്ത് ആദ്യപന്തിക്കിരിക്കാന്‍ പറ്റാത്ത സങ്കടത്താല്‍ കായലില്‍ ചാടിച്ചത്ത പട്ടരുടെ മോനല്ലേ താന്‍? ഇപ്പോള്‍ ഒന്നു നിവര്‍ന്നു നില്ക്കാമെന്നായപ്പോള്‍ ആരോടും എന്തും പറയാമെന്ന തോന്നല്‍ തന്നെ വെറുതെ വിടില്ല.”

വയ്ക്കത്തഷ്ടമി നാളില്‍ ഊണ് കഴിക്കാന്‍ പറ്റാതെ കായലില്‍ ചാടിയ പട്ടരുടെ കഥ കേള്‍ക്കാന്‍ റയില്‍വേ സ്റ്റേഷനിലേക്ക് ഓഡിറ്റ് സ്റ്റാഫിനെ കൊണ്ടു വിടനായി കാറില്‍ പോകുന്ന നേരം ഡ്രൈവര്‍ ജേക്കബ്ബാഗ്രഹം പറഞ്ഞപ്പോള്‍ പറയേണ്ടി വന്നു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English