This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
”അതൊരു നീണ്ട കഥയാ സാറേ. ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഒരിക്കല്‍ നീലീശ്വരം കവലയില്‍ കല്ലാല ഫാക്ടറി വഴിയുള്ള ബസ്സ് കാത്ത് അന്നക്കുട്ടി മണിക്കൂറുകളോളം നിന്നു. അന്നെന്തോ ആ ബസ്സ് വന്നില്ല. അപ്പോഴാണ് തോമസിന്റെ വരവ്. കാലടി പമ്പില്‍ ഡീസലില്ലാത്തതിനാല്‍ നീലീശ്വരത്തെ പമ്പില്‍ നിന്ന് അടിക്കാനായിട്ടാണ് തോമസ് വന്നത്. അന്നക്കുട്ടിക്ക് കല്ലാല ഫാക്ടറിയില്‍ പലപ്പോഴും കണ്ടു പരിചയമുള്ളതിനാല്‍ കൈകാണിച്ചു. സന്ധ്യ കഴിഞ്ഞ നേരമായതിനാല്‍ വണ്ടിയൊന്നും ഇല്ലാത്ത അവസ്ഥയില്‍ അവള് തോമസിനോടൊപ്പം യാത്ര തുടര്‍ന്നു. അന്ന് തുടങ്ങിയ അടുപ്പമാ. പിന്നീട് അത് ഒരു വലിയ ചങ്ങാത്തമായി. അന്നക്കുട്ടിക്കാണെങ്കില് കൊച്ചു വര്‍ത്തമാനം പറയാനും കുറയൊക്കെ മുട്ടിയുരുമ്മി യാത്ര ചെയ്യാനും ഒരു മടിയുമില്ല. ചിലപ്പോള്‍ ഏതെങ്കിലും കുഴിയും വളവുമുള്ള ഭാഗത്ത് അവളുടെ തല തോമസിന്റെ ശരീരവുമായി മുട്ടിയുരുമിയായിരിക്കും യാത്ര. തോമസാണെങ്കില്‍ അതിനുള്ള അവസരം കാത്തിരിക്കുന്ന ഒരുവന്. തോമസ് കാലടിക്കു പോകുന്നുണ്ടെന്നറിഞ്ഞാല്‍ അന്നക്കുട്ടി അന്ന് ലീവെടുത്തിരിക്കും. അന്നക്കുട്ടിയുടെ വല്യമ്മയ്ക്കു അവിടെ പച്ചക്കറിക്കടയുണ്ട്. അവിടെ നിന്ന് പച്ചക്കറിയും മുട്ടയും വാങ്ങാനെന്ന പേരിലാണ് അവളുടെ യാത്ര. കാലടിയില്‍ ചെന്നാല്‍ തന്നെ അവളൊരിക്കലും ശങ്കരാകോളേജ് കവലക്കടുത്തുള്ള അന്തോണിയുടെ അടുക്കല്‍ പോകില്ല . പക്ഷെ അതിനൊരു ബ്രേക്ക് വന്നു ആ സംഭവമാണ് മതിലിലെ ചുവരെഴുത്ത്”
” ബ്രേക്ക് വന്നെന്നു വച്ചാല്‍?”
” അവര്‍ തമ്മില്‍ തെറ്റി. ഒരിക്കല്‍ എഞ്ചിനീയറിംഗ് വിംഗിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കഴിഞ്ഞ് ട്രാക്ടര്‍ പറമ്പിലിട്ട് അന്നക്കുട്ടിയുമൊരുമിച്ച് തോമസ് ഒരു സിനിമയ്ക്കു കയറി. സിനിമ കഴിഞ്ഞപ്പോള്‍ ആറുമണിയായി. അതോടെ അന്നക്കുട്ടിക്ക് ആധിയായി. കൊച്ചിനെ അടുത്തുള്ള ലയിനിലെ സൂസമ്മയുടെ മുറിയിലാക്കിയിട്ടാ പോന്നത്. തിരികെ ചെല്ലുമ്പോഴേക്കും നന്നെ ഇരുട്ടും. സൂസമ്മയുടെ കെട്ടിയോന് വരുന്നതിനു മുമ്പു ചെല്ലണം അത് സാധിക്കുമോ എന്ന ആധിയാണ്. ട്രാക്ടര്‍ നീലിശ്വരം കവലയിലെത്തിയപ്പോഴേക്കും നല്ല ഇരുട്ട്. നല്ല സ്പിഡില്‍ തന്നെയാണ് വണ്ടി ഓടിച്ചത്. എത്ര സ്പീഡില്‍ ഓടിച്ചാലും ട്രാക്ടറിന്റെ വേഗത എത്രത്തോളമുണ്ടെന്ന് അറിയാമല്ലോ. നടുവട്ടം ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും മഴ തുടങ്ങി. തോരാത്ത മഴ. പെട്ടന്നു തന്നെ റോഡിന്റെ സൈഡിലും കാനയിലും വെള്ളം നിറഞ്ഞൊഴുകി. നാട്ടുവെളിച്ചത്തില്‍ കൂടി വേണം കശുമാവിന് തോട്ടത്തിലുള്ള റോഡിലൂടെ പോകാന്‍. തോമസ് ജംഗ്ഷനിലുള്ള ഒരു കടയോടു ചേര്‍ന്ന് ട്രാക്ടര്‍ ഇട്ടിട്ട് നാളെ പോകാം എന്നു പറഞ്ഞു . അന്നക്കുട്ടി പോകാമെന്നു പറഞ്ഞ് കരച്ചിലും ബഹളവും തുടങ്ങിയപ്പോള്‍ തോമസ് വണ്ടിയെടുത്തു. പക്ഷെ റോഡില്‍ കുറുകെ ഒരു മരം വീണ് വണ്ടി പോകാനൊരു പഴുതുമില്ലാതായി. വണ്ടി തിരിച്ചുകൊണ്ടു വന്ന് ചെക്ക് പോസ്റ്റിനോടു ചേര്‍ന്നുള്ള ഒരു കടയുടെ പിന്നാമ്പുറത്തിട്ടു. കാലടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു സിനിമ കാണുന്ന കാര്യം അന്നക്കുട്ടി തന്നെയാണ് എടുത്തിട്ടത്.”
” സുകു ഇത്രയും വളച്ച് കെട്ടാതെ കാര്യം പറ”
” സാറിനാണിപ്പോള് ക്ലൈമാക്സ് എത്താന്‍ ധൃതി. എന്നാ ചുരുക്കിപ്പറയാം. മഴയും ഇടിവെട്ടും വന്നപ്പോള്‍ രണ്ടു പേരും കടയുടെ വരാന്തയില്‍ കിടന്നു. തോമസിന്റെ കയ്യിലുണ്ടായിരുന്ന വാറ്റു ചാരായം വെള്ളം പോലുമില്ലാതെ രണ്ടു പേരും അകത്താക്കി. രാത്രിയിലെ ഇടിവെട്ടൊന്നും അവര്‍ അറിഞ്ഞില്ല. നേരം വെളൂക്കാറായപ്പോള് ചായക്കടയിലെ ആള്ക്കാര് കടക്കെന്തെങ്കിലും പറ്റിയോ എന്നറിയാന്‍ വന്നതാ അന്നേരമാണ് ചെക്ക് പോസ്റ്റിനോട് ചേര്‍ന്നു രണ്ടു പേര് കിടക്കുന്നത് കണ്ടത്. അയാളൊച്ച വച്ചതോടെ അവര്‍ പിടഞ്ഞെണീറ്റു.”
അന്നക്കുട്ടി തോമസിനെ പ്രാകികൊണ്ട് കവലയിലേക്കോടി. മലയാറ്റൂരില്‍ നിന്നും കാലടിയിലേക്കുള്ള ബസില്‍ പോകാന്‍. നമുക്ക് ട്രാക്ടറില്‍ പോകാമെന്നു പറഞ്ഞപ്പോഴാണ് അന്നക്കുട്ടിയുടെ പുളിച്ച വര്‍ത്തമാനം.
” നിന്റമ്മേടെ ട്രാക്ടര്‍ നീ കാരണം എന്റെ പുണ്യാളാ എന്റെ കൊച്ചൊറ്റക്കവിടെ…”
” അന്ന് തെറ്റിയതാ അവര്‍”
ഇത് ഫാക്ടറിയിലും ലേബര്‍ ലൈനിലും പാട്ടായി. സാധാരണ അന്നക്കുട്ടി എന്തും നേരിടാന്‍ തയാറുള്ളവള്. ഒന്നിനേയും കൂസാത്തവള്‍. പക്ഷെ അവള്‍ക്ക് മിണ്ടാട്ടമില്ലാതെയായി.
സൂസനോടു മാത്രമേ സിനിമക്കു പോയതും നടുവട്ടത്ത് വന്ന് പെട്ടു പോയതും പറഞ്ഞുള്ളു. പക്ഷെ അവള് കൊച്ചിനെ തന്നെ ഏല്‍പ്പിച്ചു പോയ കാര്യം ഓര്‍ത്തപ്പോള്‍ ഒന്നിനു പത്തു വച്ച് പെരുപ്പിച്ച് എല്ലാവരോടും പറഞ്ഞു.
” അല്ലാ, ഇതൊന്നും അവളുടെ കെട്ടിയോന് അറിഞ്ഞില്ലേ?”
” അറിഞ്ഞോന്ന് ഒരു ദിവസം ഒരു പെട്ടി ഓട്ടോറിക്ഷയുമായിട്ടാ വീട്ടില്‍ വന്നത്. വന്നപാടെ അന്നക്കുട്ടീടെ മുടിക്കു പിടിച്ച് ആരാടീ നിന്റെ കെട്ടിയോന് ഞാനോ ആ തുകലനോ നീയപ്പം ചാരായോം മോന്തും എന്നിട്ട് നടുവട്ടത്ത് നടുറോഡിലാ വിളയാട്ടം അല്ലേടീ എന്ന് അലര്‍ച്ചയായിരുന്നു. പിന്നവളെ വിട്ടേച്ച് അകത്ത് കയറി പായും അയാളുടെ തുണിയും എല്ലാം വാരി ഓട്ടോയില്‍ വച്ചു. തിരിച്ചു വന്ന് കൊച്ചിനെയെടുത്ത് കയ്യിലും കാലിലും ഉമ്മ വച്ച് പോക്കറ്റില്‍ നിന്ന് ഒരു കവറെടുത്ത് അവളുടെ കയ്യില്‍ പിടിപ്പിച്ചു യാത്ര പറഞ്ഞു.”
” ഇപ്പോ വരാറില്ലേ”
” രണ്ടു മൂന്നു തവണ കൂടി വന്നെന്നാ പറയണെ. എന്തെങ്കിലും, ബിസ്ക്കറ്റോ ചോക്ലെറ്റോ കൊണ്ടുവന്ന് കുട്ടിക്കു കൊടുക്കും. നീ മാത്രേ കഴിക്കാവൂ നിന്റെ തള്ളയെന്നു പറയുന്നവള്ക്കു കൊടുക്കരുത് എന്നു പറഞ്ഞ്. ഒരോ തവണ വരുമ്പോഴും ഒരു കവര്‍ കൊച്ചിനു വേണ്ടി അയല്പക്കത്തുള്ള സൂസമ്മയെ ഏല്‍പ്പിക്കും രൂപയാണ്”
” ഇപ്പോ വരാറില്ലേ?”
” ഇല്ല സാറേ അതും ഒരു കഥയാ അവിടെ സാറിന്റെ പാണ്ടുപാറയിലെ പെണ്ണിനേപ്പോലൊരു കഥയാ വരുന്നത്. ഒരിക്കല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നൊരു ബൈക്കും എടുത്ത് വന്നതാ. കണ്ണിമംഗലത്തെ കുരിശുപള്ളി കഴിഞ്ഞ് കുറച്ചിങ്ങോട്ട് വരുമ്പം മറിഞ്ഞു കിടക്കുന്ന കാഴ്ചയാ കണ്ടത്. അന്തോണീയെ കാണാഞ്ഞപ്പോള്‍ വര്‍ക്ഷോപ്പില്‍ നിന്ന് ആള് വന്നപ്പോഴാ അറിയണെ അന്തോണീ അവിടെ ചെന്നിട്ട് മൂന്നാലു ദിവസങ്ങളായെന്ന്. പിന്നെ പോലീസ് അന്വേഷണമായി. ബൈക്കിന്റെ അടുത്തു നിന്നും കുറച്ചു മാറി ചെരുപ്പും ഷര്‍ട്ടും കിടക്കുന്നു. അവിടെയെല്ലാം തപ്പി കുറച്ചിങ്ങോട്ടു മാറി പാണ്ടു പാറയിലും തപ്പി. ഇപ്പോ ആറ് മാസമായി ആളേപ്പറ്റി ഒരു വിവരവുമില്ല. ഒരിക്കല്‍ കണ്ണിമംഗലത്തുള്ള കുടിയേറ്റക്കാരുടെ നേതൃത്വത്തില്‍ നടുവട്ടം ജംഗ്ഷന് മുതല്‍ തോട്ടത്തിലേക്കുള്ള വഴിയിലും കാനയിലും കൊക്കയിലും ഒക്കെ അന്വേഷിച്ചു ഒരു ഫലവും കണ്ടില്ല. അതിനു ശേഷം രാത്രി സമയം കണ്ണിമംഗലം പാണ്ടു പാറ വഴി ആരും പോകാറില്ല. സാറ് വാശി പിടിക്കുന്ന കാണുമ്പം എനിക്ക് അത്ഭുത തോന്നുന്നു. സാറിനാണെങ്കില്‍ രാത്രിയില്‍ വരുന്നതിനാ കൂടുതലിഷ്ടം. ഇതൊക്കെ ഓര്‍ത്തപ്പോ സാറേ, ഇനി എന്നെ വിളീക്കരുത്. രാത്രിയുള്ള സഞ്ചാരം ജീപ്പ് പിടിച്ചായാലും എനിക്കു വയ്യ ”
”അതിനു സുകു ഞാന്‍ പറയുന്നത് രാത്രി കണ്ട ആ പെണ്ണിനെ പറ്റിയല്ലെ? അന്തോണിയെ പറ്റിയല്ലല്ലോ ”
” വേണ്ട സാറേ ഞാനില്ല. ഇപ്പോ ഞാനും അതിശയപ്പെടാറുണ്ട് അന്നങ്ങനെ ആ പാതിരാത്രിക്ക് ആ വഴിയെ ഞാനും സാറിന്റെ കൂടെ ജീപ്പില്‍ വന്നത് ഓര്‍ക്കുമ്പം തന്നെ പേടിയാകുന്നു”
തുടരും
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം പന്ത്രണ്ട്